Saturday, May 28, 2022

എന്താണ് ബലാത്സംഗം

ബലാത്സംഗം എന്നു കേട്ടാൽ എന്റെ മനസ്സിൽ ഓടി വന്നിരുന്ന ചിത്രം ഒരു സ്ത്രീയെ ഒരു പുരുഷൻ  ബലം പ്രയോഗിച്ചു ലൈംഗിക ബന്ധത്തിന്  ശ്രമിക്കുന്നതാണ്. നാം കണ്ട സിനിമകളിൽ ബാലൻ കെ നായരും, ജോസ് പ്രകാശും ഉമ്മറുമൊക്കെ ചെയ്തിരുന്നത് അതായിരുന്നു. ഒട്ടുമിക്ക ആൾക്കാരുടെയും മനസ്സിൽ ഇപ്പോഴും അതിനെക്കുറിച്ചു ഇതുപോലെ ഒരു ചിത്രം തന്നെയായിരിക്കുമെന്ന് തോന്നുന്നു. അതുകൊണ്ടാണ് വിജയ് ബാബുമാരെ വെള്ള പൂശാൻ ഇത്ര ആവേശം കാണിക്കുന്നത്.   

എന്നാൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചു ബലാൽസംഗത്തിന് മേൽപ്പറഞ്ഞത് മാത്രമല്ല നിർവചനം. ഒരു സ്ത്രീ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേധാവി/ മേൽ ഉദ്യോഗസ്ഥൻ ആ സ്ത്രീക്ക് സ്ഥാനക്കയറ്റം നൽകാം എന്നു വാഗ്ദാനം നൽകി അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, അവളെ ജോലിയിൽ നിന്ന് പിരിച്ചുവിടും എന്നു ഭീക്ഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, മാനസിക രോഗിയായ പെണ്കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതും, 18 വയസ്സു തികയാത്ത പെണ്കുട്ടിയുമായി  ഒരു പുരുഷൻ/ ആണ്കുട്ടി അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും, വിവാഹം കഴിക്കാം എന്നു വാഗ്ദാനം നൽകി വർഷങ്ങളോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഒടുവിൽ അതിൽ നിന്ന് പിന്മാറുന്നതും എന്നു വേണ്ട സ്ത്രീയുടെ സമ്മത്തോടെ ആണെങ്കിൽ കൂടിയും അവളെ തെറ്റിദ്ധരിപ്പിച്ചാണ് ആ സമ്മതം നേടിയിട്ടുള്ളതെങ്കിൽ അതും ബലാത്സംഗത്തിന്റെ നിർവചനത്തിൽ വരും.

നമ്മുടെ സദാചാര ബോധത്തിന് ബലാൽസംഗം എന്നു തോന്നാത്ത പലതും ബലാൽസംഗം ആണെന്ന് സാരം. അഞ്ചു വർഷമായി തന്നെ ശാരീരികമായി പീഡിപ്പിക്കുന്ന പുരുഷനെതിരെ സ്ത്രീ പരാതി നൽകി എന്നൊക്കെ വാർത്ത വായിക്കുമ്പോൾ ഇതെങ്ങനെ പീഡനമാകും? അഞ്ചു വർഷം ആയിട്ടും പരാതി നൽകാത്തത് എന്ത്? എന്നൊക്കെ മനസ്സിൽ തോന്നുന്നെങ്കിൽ മേൽപ്പറഞ്ഞതൊക്കെ ഒന്ന് പരിഗണിക്കുക. നിയമത്തിന് മുൻപിൽ അതും ബലാൽസംഗമാണ്. ഇതിനെപ്പറ്റി അറിവില്ലാത്തത് കൊണ്ട്  പരാതി കൊടുക്കാത്തവരുമുണ്ട് ഇത് ദുരുപയോഗം ചെയ്ത് കുടുക്കുന്നവരുമുണ്ട്. 

പിന്നെ ബലാൽസംഗം ചെയ്യപ്പെട്ടിട്ടില്ലാത്ത നമ്മൾ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുക സ്ത്രീകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.  കയ്യിലെ പേഴ്‌സ് ഒരാൾ മോഷ്ടിച്ചാൽ പോലീസിൽ പരാതി കൊടുക്കുന്ന ലാഘവത്തോടെ ലൈംഗിക അതിക്രമത്തിന് കേസ് കൊടുക്കാൻ തക്ക മനോബലമൊന്നും നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടാകുന്ന നൂറ് അതിക്രമങ്ങളിൽ ഇരുപതിൽ താഴെ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. കാരണം എന്തെന്ന് പറയണ്ടല്ലോ റിപ്പോർട്ട് ചെയ്തവരെ സമൂഹം എടുത്തിട്ട് പെരുമാറുന്നത് നമ്മൾ കാണുന്നതല്ലേ. അത് തന്നെയാണ് പ്രതികൾക്ക് ഇതിനുള്ള ധൈര്യം കൊടുക്കുന്നതും. 

Wednesday, May 18, 2022

കാണാ വഴികൾ

 

രാത്രി എട്ടുമണിയോടെയാണ് ബാലൻ മാഷ് അടിമാലിയിൽ എത്തിയത്. ഇനി ഇവിടുന്ന് ഇരുട്ടു കാനത്തെക്കുള്ള ബസ് പിടിക്കണം. ലാസ്റ്റ് ബസ് പോയി കാണുമോ എന്നോർത്ത്  നടക്കവേ ബസ് കണ്ടു. ചാടിക്കയറി സീറ്റ് ഉറപ്പിച്ചു. 
രാത്രിയേറെ ചെന്നതിനാൽ യാത്രക്കാർ വളരെ കുറവ്. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. പുതിയ വാടക വീട്ടിലേക്കുള്ള ആദ്യ യാത്രയാണ്. സ്കൂളിനടുത്തു ഒരു വീട് കിട്ടാൻ നന്നേ ബുദ്ധിമുട്ടി. സ്ഥലമാറ്റം കിട്ടി വന്ന നാൾ മുതൽ കുറെ ദിവസം സ്കൂളിലെ മറ്റ് രണ്ട് അധ്യാപകരോടൊപ്പമായിരുന്നു താമസം. ഒടുവിൽ സ്‌കൂളിൽ നിന്ന് ഏതാണ്ട് രണ്ടു മൂന്ന് കിലോമീറ്റർ മാറി ഈ വീട് കിട്ടിയപ്പോൾ മാഷ് മറ്റൊന്നും ആലോചിച്ചില്ല അതങ്ങു ഉറപ്പിച്ചു. അൽപ്പം ഒറ്റപ്പെട്ട സ്ഥലമാണ് ഇരുട്ടു കാനം. ഇടുക്കിയിലെ മിക്കവാറും എല്ലാ സ്ഥല നാമങ്ങളും മറ്റു ജില്ലക്കാർക്ക് വിചിത്രമായി തോന്നാം. തോക്ക് പാറ, ആനച്ചാൽ, കമ്പിളി കണ്ടം, പൂപ്പാറ അങ്ങിനെ പോകുന്നു സ്ഥലപ്പേരുകൾ. ഇരുട്ട് മൂടിയ കാട് എന്ന അർത്ഥത്തിൽ 'ഇരുട്ടു കാനനം എന്ന പേര് ലോപിച്ചാണോ ഇരുട്ടു കാനം ആയത് അതോ കൈത്തോട് എന്നർത്ഥമുള്ള കാന എന്ന പദം ചേർന്നാണോ ഇരുട്ട് കാനം എന്ന സ്ഥലപ്പേര് വന്നതെന്ന് വന്നതെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ മറ്റ് പല ജില്ലകളിലും ജനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചപ്പോഴും ഇടുക്കി ഇരുണ്ട കാടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കാപ്പിക്കും ഏലത്തിനും തേയിലേക്കുമെല്ലാം വളക്കൂറുള്ള മണ്ണായത് കൊണ്ട് ബ്രിട്ടീഷുകാർ മുൻകൈ എടുത്തു ഇടുക്കിയിലേക്കുള്ള പാതകൾ തെളിയിക്കും വരെ ഇവിടെ കാര്യമായ മനുഷ്യ സ്പര്ശമേറ്റിട്ടില്ല. 

ഇരുട്ട് കാനത്തെ വീട് അൽപ്പം പഴക്കമുള്ള ഓടിട്ട കെട്ടിടമായിരുന്നുവെങ്കിലും വൈദ്യുതിയും അറ്റാച്ച് ബാത്റൂമുകളും എല്ലാമുണ്ട്. ഭാവിയിൽ കുടുംബത്തെക്കൂടി കൊണ്ടു വരാമെന്നുദ്ദേശിച്ചാണ് ബാലൻ മാഷ് അൽപ്പം വലിയ ഒരു വീട് തന്നെ എടുത്തത്. എന്നാൽ കഴിഞ്ഞ പെരുമഴക്കാലത്തോടെ മാഷ് ആ തീരുമാനം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ബസ് സാമാന്യം നല്ല വേഗതയിൽത്തന്നെ പോകുകയാണ് യാത്രക്കാർ മിക്കവരും വഴിയിൽ അവിടവിടെയായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. പുറത്തേക്ക് നോക്കിയാൽ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല. 
ഈ സമയത്താണല്ലോ വാടക വീട്ടിലേക്ക് ആദ്യമായി ചെന്നു കയറേണ്ടത് എന്നോർത്ത് ബാലൻ മാഷ് അൽപ്പം ദുഃഖിതനായി. ട്രയിൻ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ എത്തേണ്ടതായിരുന്നു. അങ്ങിനെയെങ്കിൽ ഒരു അഞ്ചു മണിയോടെ അടിമാലിയിലും എത്താമായിരുന്നു. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഈ രാത്രിയിൽ ചെന്നു കയറുക ബുദ്ധിമുട്ട് തന്നെ. താക്കോൽ നേരത്തെ വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴി അത്ര നിശ്ചയം പോരാ. ഒരു ദിവസമാണ് ആകെ പോയിട്ടുള്ളത്. മെയിൻ റോഡിൽ ഇറങ്ങി അൽപ്പം ഉള്ളിലേക്ക് നടന്നിരുന്നു. ഒരു ഓട്ടോ പോകുന്ന വീതി വഴിക്ക് ഉണ്ടായിരുന്നതായി ഓർക്കുന്നു.

ചിന്തിച്ചിരിക്കെ മാഷിന് ഇറങ്ങാനുള്ള സ്ഥലമെത്തി. സ്റ്റോപ്പിൽ ഇറങ്ങി മാഷ് ചുറ്റുപാടും നോക്കി. എങ്ങും കുറ്റാ കുറ്റിരുട്ടാണ്. പ്രളയവും മണ്ണിടിച്ചിലും കാരണം വൈദ്യുതി ബന്ധങ്ങളൊക്കെ താറുമാറായിരുന്നു. അവ ഇനിയും പുനഃസ്ഥാപിചിട്ടില്ലെന്നു തോന്നുന്നു. ദൂരെയായി ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. ചെറിയൊരു കടയാണ്. വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല.
 
പെട്ടെന്ന് കടയുടെ പുറകിൽ നിന്ന് നീണ്ട താടിയുള്ള ഷർട്ട് ഇടാതെ ലുങ്കി മാത്രം ധരിച്ച ഒരു വൃദ്ധൻ മുന്നിലേക്ക് വന്നു.

"ആരാണ്? എന്ത് വേണം?"

"തങ്കപ്പൻ മുതലാളിയുടെ ഒരു ഓടിട്ട വീടില്ലേ ഇവിടെ അടുത്ത്. അങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?"

"അവിടെ ആരുമില്ലല്ലോ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോണെ? "

"ഞാൻ ഇവിടെ കുഞ്ചിത്തണ്ണി സ്കൂളിൽ പുതുതായി വന്ന മാഷ് ആണ്. ആ വീട് ഞാൻ വാടകയ്ക്ക് എടുത്തു. ഇന്നാണ് ആദ്യമായി താമസിക്കാൻ വരുന്നത്. വഴി അത്ര ഓർമ്മ കിട്ടുന്നില്ല."

"ഓഹോ.. മാഷ് ഒറ്റയ്ക്കാണോ അങ്ങോട്ടുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്. ഒന്നാമത് കറന്റ് ഇല്ല. ഒരു കാര്യം ചെയ്യാം കട ഞാൻ ഇപ്പോൾ അടയ്ക്കും നമുക്ക് ഒരുമിച്ച് പോകാം ഞാനും ആ വഴിക്കാണ്."

"ഓ .. വളരെ ഉപകാരം"
മാഷിന് ആശ്വാസമായി. 
ഈ ഇരുട്ടത്ത് വഴി തെറ്റി അലയേണ്ടി വരില്ലല്ലോ.

"ഇവിടെ അത്ര നല്ല സ്ഥലമൊന്നുമല്ല മാഷേ. ആൾക്കാരൊക്കെ കുറവാണ്. ആരും അങ്ങിനെ അധികനാൾ ഇവിടെ താമസിക്കില്ല. പിന്നെ മെയിൻ റോഡിന്റെ സൈഡിൽ തന്നെ ഒരു കട ഉള്ളത് കൊണ്ട് എനിക്ക് എങ്ങും പോകാനും വയ്യ."
 
"ദേ .. ആ കാണുന്ന വളവില്ലേ അവിടെ എത്ര അപകടങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് അറിയാമോ? കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 18 പേരാണ് അവിടെ മരിച്ചത്. എല്ലാം മൂന്നാർ കാണാൻ വരുന്നവരാ. നാട്ടുകാർക്ക് അറിയാം. അവർ ഇരുട്ടുകാനം എത്തുമ്പോൾ പതുക്കെയെ പോകൂ. "
 
വൃദ്ധൻ കട അടയ്ക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു.
 
മരണം രാത്രി ഇരുട്ട് .. കൂടുതൽ അറിയാൻ ബാലൻ മാഷിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷയം മാറ്റാനായി മാഷ് ഒരു ചോദ്യമെറിഞ്ഞു. 
"ഇവിടുന്ന് സ്കൂളിലേക്ക് എപ്പോഴാ ബസ്?"
 
"സ്കൂളിലേക്ക് ബസോ? 
ഹാ.. രാവിലെ 8 മണിക്ക് ഒരെണ്ണമുണ്ട് അത് കഴിഞ്ഞാൽ പിന്നെ 8.45ന് അതിൽ 8.45ന് പോയ ബസ് ഇടിച്ചായിരുന്നു 6 മാസം മുൻപ് ഡ്യൂക്കിൽ വന്ന ഒരു പയ്യനും പെണ്കുട്ടിയും മരിച്ചത്. കല്യാണം കഴിഞ്ഞു പുതുമോടി ആയിരുന്നെന്ന് ആരോ പറയണ കേട്ടു."

വൃദ്ധൻ വീണ്ടും അതിലേക്കു തന്നെ തിരിച്ചെത്തുന്നത് കണ്ടു ബാലൻ മാഷ് പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും കട കുറ്റിയിട്ടു ടോർച്ചുമെടുത്തു അയാൾ ഇറങ്ങിയിരുന്നു. 
 
"വരൂ മാഷേ നമുക്ക് പോകാം."
 
വൃദ്ധൻ മുന്നിലും മാഷ് പുറകെയുമായി നടന്നു.

ചെമ്മണ്ണ് നിറഞ്ഞ ഒരു പാതയാണിത്. ടാർ ഇട്ടിട്ടില്ല. രണ്ടു വശങ്ങളിലും വേലി പടർപ്പുകൾ. അതിൽ നിന്ന് ചെടികളും ശിഖരങ്ങളും വഴിയിലേക്ക് നീണ്ടുകിടക്കുന്നു. കുറെ ദൂരം നടന്ന ശേഷമാണ് രണ്ടു വീടുകൾ കണ്ടത്. ചിമ്മിനി വിളക്കുകൾ കത്തിച്ച് മുൻവശത്ത് വച്ചിരിക്കുന്നു. മൂന്നാമതൊരു വീടെത്തിയപ്പോൾ വൃദ്ധൻ നിന്നു. 
 
"മാഷേ ഇതാണ് എൻറെ വീട് ഈ വഴി നേരെ ഒരു 50 മീറ്റർ കൂടി നടന്നാൽ വലത്തേക്ക് ഒരു ഇടവഴി കാണാം അത് ചെന്ന് കയറുന്നത് നിങ്ങളുടെ വാടക വീട്ടിലേക്കാണ് നേരെ പൊയ്ക്കോ. വെളിച്ചത്തിന് ചൂട്ട് വല്ലതും കത്തിച്ചു തരണോ?" 
 
"വേണ്ട ചേട്ടാ. വളരെ നന്ദി. എന്റെ മൊബൈലിൽ ടോർച്ചുണ്ട്."
 അതും പറഞ്ഞു മാഷ് നടന്നു. 
 
നല്ല തണുപ്പുണ്ട്. ചെറിയ കാറ്റും വീശുന്നുണ്ട്. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.അങ്ങകലെയായി പുക മഞ്ഞിൽ കുളിച്ചു മലകൾ അവ്യക്തമായി കാണാം. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ ഇതെല്ലം ആസ്വദിച്ചേനെ പക്ഷെ യാത്രയുടെ ക്ഷീണവും തോളിലെ അത്യാവശ്യം കനമുള്ള ബാഗും വീട് കണ്ടെത്താനുള്ള തന്ത്രപ്പാടുമൊക്കെ മാഷിന്റെ കണ്ണിൽ നിന്ന് ആ പ്രകൃതി സൗന്ദര്യത്തെ മറച്ചു പിടിച്ചു.

വലത്തേക്കുള്ള ഇടവഴി കേറി നടക്കുകയാണ് ഇപ്പോൾ. 
അത്ര വെളിച്ചമില്ലാത്ത വഴിയാണ്. അന്ന് വീട് നോക്കാൻ വന്നപ്പോൾ ഹൌസ് ഓണറിനോട് പറഞ്ഞതാണ് വഴിയൊന്ന് വൃത്തിയാക്കി തരണമെന്ന് അയാൾ ചെയ്ത കോളില്ല. 
കുറെ നടന്നു എന്നിട്ടും വീട് എത്തിയില്ല. വഴി തെറ്റിയോ ? 
ഏയ് അതിന് സാധ്യതയില്ലല്ലോ ഈ വഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. 
മൊബൈൽ ടോർച്ചു കത്തിച്ചു മാഷ് ചുറ്റുപാടും നോക്കി. പട്ടികളുടെ ഓലിയിടൽ കേൾക്കുന്നു ദൂരെയായി. 
തിരിച്ചുപോയി ആ വൃദ്ധനെയും കൂട്ടി വന്നാലോ? 
മാഷ് ചിന്തിച്ചു .

നാശം പിടിക്കാൻ അടിമാലിയിൽ ഒരു റൂം എടുത്തു കിടന്നിട്ട് നാളെ രാവിലെ വന്നാൽ മതിയായിരുന്നു . മാഷ് വീണ്ടും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി. ഏതോ പറമ്പിലാണ് നിൽക്കുന്നത്. വീട് അടുത്തെങ്ങും ഉള്ള ലക്ഷണമില്ല. കാൽ എന്തിലോ തട്ടി. ടോർച്ചു തിരിച്ചു താഴേക്ക് നോക്കി. ഒരു ചെറിയ മരക്കുരിശ്.

"ദൈവമേ ആരുടെയോ കല്ലറയാണല്ലോ."
 
മാഷ് ഞെട്ടി പുറകിലേക്ക് മാറി. അവിടെ വേറെയും കുരിശുകൾ നാട്ടിയിരിക്കുന്നത് കണ്ടു. 
മാഷ് വേഗം തിരിഞ്ഞു നടന്നു. എന്നാൽ നടക്കവേ മാഷ് ഒരു കാര്യം തിരിച്ചറിഞ്ഞു. താൻ വന്ന വഴിക്കല്ല തിരിഞ്ഞു നടക്കുന്നത്.വേറെ വഴിയൊന്നും കാണാനുമില്ല. എന്തും വരട്ടെയെന്ന മട്ടിൽ മാഷ് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു വേലി കണ്ടു. അതിനപ്പുറം ടാർ ചെയ്ത റോഡാണ്. താൻ ബസ് ഇറങ്ങിയ റോഡാണോ അത് എന്ന് മാഷിന് സംശയം തോന്നി. അങ്ങിനെ ആണെങ്കിൽ  ഇവിടെ നിന്നാൽ തിരിച്ചു അടിമാലിക്ക് ബസ് കിട്ടിയേക്കും. അല്ലെങ്കിൽ മൂന്നാറിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. 
 
വേലി ചാടിക്കടന്നു മാഷ് റോഡിലേക്കിറങ്ങി.
ഇതൊരു വളവാണ്. താൻ ബസ് ഇറങ്ങിയ സ്ഥലമല്ല അതെന്ന് നിലാ വെളിച്ചത്തിൽ മാഷിന് മനസ്സിലായി.
ഇനി ആ വൃദ്ധൻ ചൂണ്ടിക്കാണിച്ച വളവാണോ ഇത് ? 
ചെറിയൊരു വിറയൽ മാഷിന്റെ നട്ടെല്ലിലൂടെ കടന്നു പോയി. 
 
ബൈക്കപകടത്തിൽ മരണമടഞ്ഞ യുവമിഥുനങ്ങൾ. പെട്ടെന്ന് ഒരു വർഷം മുൻപുള്ള ഒരു സായാഹ്നം മാഷിന്റെ മനസ്സിലേക്കോടിയെത്തി അന്നാണ് രാജേഷും രഞ്ജിനിയും അവരുടെ വിവാഹ ക്ഷണക്കത്തുമായി തന്നെ കാണാൻ വന്നത്. തന്റെ ക്ലാസ്സിൽ സഹപാഠികൾ ആയിരുന്ന അവർ ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കരായ രാജേഷും ഇപ്പോഴും നല്ല പ്രസരിപ്പോടെ എല്ലാരേയും ചിരിപ്പിക്കുന്ന തമാശകൾ പറയുന്ന രഞ്ജിനിയും. വളരെ പക്വതയാർന്ന പ്രണയമായിരുന്നു അവർ തമ്മിൽ, രാജേഷ് നല്ലൊരു ഉദ്യോഗം നേടിയശേഷം രഞ്ജിനിയുടെ വീട്ടുകാരെ സമീപിച്ചു അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. 
അവർ വിവാഹം ക്ഷണിക്കാൻ വന്നതും ഒരു ഡ്യുക്ക് ബൈക്കിൽ ആയിരുന്നല്ലോ. ഛെ വെറുതെ ചിന്തകൾ കാട് കയറുകയാണ് അവർക്ക് മാത്രമാണോ ഡ്യുക്ക് ഉള്ളത്. 

ഒരു വണ്ടിയും കാണുന്നില്ലല്ലോ വാച്ചിൽ സമയം 11 മണിയോട് അടുക്കുന്നു. റോഡിന്റെ ഒരു വശത്തു കൊക്കയാണ് അങ്ങ് താഴെ ദേവിയാർ കളകള ശബ്ദത്തോടെ പതഞ്ഞൊഴുകുന്നത് നിലാവിൽ തെളിഞ്ഞു കാണാം.പുറകിൽ കൂമ്പൻ മല തലയുയർത്തി നിൽക്കുന്നു. മാഷ് നടന്നു. ബസ് ഇറങ്ങിയ സ്റ്റോപ്പ് കണ്ടെത്തിയാൽ പഴയ വഴിയേ ഒന്നുകൂടി പോയി നോക്കാം. തണുപ്പ് കൂടിക്കൂടി വരുന്നു.
വൈകാതെ വീട് പിടിക്കാനായില്ലെങ്കിൽ താൻ ഈ രാത്രിയിൽ   തണുത്തു വിറച്ചു ചത്ത് പോയേക്കുമെന്ന് അയാൾക്ക് തോന്നി.
കുറച്ചു ചെന്നപ്പോൾ റോഡരുകിൽ ഒരു വെളിച്ചം കണ്ടു. ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചം. അല്ല  ഇത് നേരത്തെ കണ്ട ആ കട തന്നെയല്ലേ ? 
തന്റെ മുന്നിൽ വച്ചാണല്ലോ വൃദ്ധൻ കടയിലെ വിളക്ക് കെടുത്തി കട അടച്ചു തന്നോടൊപ്പം വന്നത്.
മാഷ് അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"അല്ല മാഷ് ഇതുവരെ വീട് പിടിച്ചില്ലേ ?"
വൃദ്ധൻ അവിടെത്തന്നെയുണ്ട് നേരത്തെ കണ്ട അതേ വേഷം

അല്ല ഞാൻ മാഷ് ഒന്ന് പരുങ്ങി . എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു.
 അതെന്താ വഴി തെറ്റാൻ. ഞാൻ വീടിന്റെ തൊട്ടപ്പുറം വരെ കൊണ്ടാക്കിയതാണല്ലോ ? മാഷേ ഞാൻ പറഞ്ഞില്ലേ ഈ സ്ഥലം അത്ര ശെരിയല്ല.
അയാളുടെ സ്വരത്തിൽ വന്ന കടുപ്പം മാഷ് ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെ കടയടച്ചു വീട്ടിലേക്ക് പോയ അയാൾ എന്തിന് തിരിച്ചു വന്നു എന്ന് ചോദിയ്ക്കാൻ തോന്നിയില്ല.

"ഹാ വരൂ ഏതായാലും ഞാൻ ഒന്നൂടി കൊണ്ടാക്കാം."

"വേണ്ട താങ്കൾ ബുദ്ധിമുട്ടേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം "
 
മാഷ് അങ്ങിനെ പറഞ്ഞെങ്കിലും വൃദ്ധൻ മുൻപേ ഇറങ്ങി നടന്നിരുന്നു.
ഇത്തവണ വീടിന്റെ മുറ്റം വരെ വൃദ്ധൻ കൊണ്ട് വിട്ടു. വീട് കണ്ടപ്പോൾ മാഷിന് ആശ്വാസമായി. 

"മാഷ് ഇനി  രാത്രി പുറത്തിറങ്ങേണ്ട കേട്ടോ. താക്കോൽ ഒക്കെ ഉണ്ടല്ലോ കയ്യിൽ"

ഉണ്ട്. 

വളരെ ഉപകാരം. വൃദ്ധന്റെ കൈ പിടിച്ചു മാഷ് നന്ദി പറഞ്ഞു. മഞ്ഞുപോലെ തണുത്ത വിരലുകൾ. മാഷ് വേഗം കൈ പിൻവലിച്ചു.
വൃദ്ധൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
മാഷ് കതക് തുറന്ന് അകത്തേക്ക് കയറി. ബാഗ് ഒരു വശത്തു വച്ച് മാഷ് ബാത്റൂമിൽ കയറി ചെറുതായി ഒന്ന് കുളിച്ചു. വസ്ത്രം മാറി ലൈറ്റണച്ചു കട്ടിലിൽ കയറി കിടന്നു.
നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. പരിചിതമല്ലാത്ത സ്ഥലം. വല്ലാത്ത അനുഭവങ്ങൾ , പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ആദ്യം പതുക്കെയും പിന്നെ ഉച്ചത്തിലും.

ആരാണത് ?

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു . വൃദ്ധൻ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. വാതിലിലെ മുട്ട് തുടരുന്നത് കണ്ടു മാഷ് എണീറ്റു വാതിൽ തുറന്നു.
ഇരുട്ടിൽ നിന്ന് ഒരു യുവാവ മാഷിന്റെ മുന്നിലേക്ക് വന്നു .

"സാറെ ഈ മൊബൈൽ ഒന്ന് ചാർജിന് വയ്ക്കാമോ ?
ഇവിടെ ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. സാറിന്റെ വീട്ടിൽ വേറെ ലൈനാണ്."

ഓഹ് അപ്പോൾ അതാണ് കാര്യം.
ഞാൻ എന്തൊരു പേടിത്തൊണ്ടനാണ്. വെറുതെ ഓരോന്ന് ആലോചിച്ചു.

"അതിനെന്താ തന്നോളൂ. നാളെ രാവിലെ തിരിച്ചു എടുത്താൽ മതിയല്ലോ അല്ലേ ?"

"ഓ മതി സാറെ. ഞാൻ രാവിലെ വന്ന് എടുത്തോളാം."

അയാൾ പോയി.
മാഷ് വീണ്ടും കതകടച്ചു കിടന്നു. രാത്രി പിന്നെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുഖമായി ഉറങ്ങി. പിറ്റേന്ന് 8.45 ആയപ്പോഴാണ് മാഷ് സ്‌കൂളിൽ പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയത്.
മാഷ് വൃദ്ധന്റെ കടയിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും ആരെയും കണ്ടില്ല .

സ്‌കൂളിൽ എത്തി ഹാജർ ഒപ്പിട്ടു. കസേരയിൽ ചാരി കിടക്കുകയായിരുന്നു മാഷ് . അആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ്സില്ല. നാട്ടുകാരനായ വിനയൻ മാഷ് അപ്പോഴാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. 
"ആഹാ ബാലൻ മാഷ് നേരത്തെ എത്തിയോ ? എങ്ങിനെയുണ്ട് പുതിയ താമസമൊക്കെ?"

"ഹൊ ഒന്നും പറയണ്ട എന്റെ മാഷേ ഞാൻ ഇന്നലെ രാത്രി ഒന്ന് വട്ടം കറങ്ങി". തുടർന്ന് നടന്ന കാര്യങ്ങളൊക്കെ മാഷ് വിനയൻ മാഷിനോട് പറഞ്ഞു.
 
എല്ലാം കേട്ട് കഴിഞ്ഞു തനിക്ക് പറ്റിയ അമളികൾ ഓർത്തു വിനയൻ മാഷ് ചിരിക്കുമെന്നാണ് കരുതിയത് എന്നാൽ അതുണ്ടായില്ല. അൽപനേരം എന്തോ ആലോചിച്ചിരുന്ന ശേഷം വിനയൻ മാഷ് ചോദിച്ചു. 

"അല്ല മാഷേ താങ്കൾക്ക് വഴി കാണിച്ചുതന്ന  വൃദ്ധൻ ആ കടയിൽ നിന്ന് തന്നെയാണോ ഇറങ്ങി വന്നത് ?"

"അതേന്നെ. അയാൾ കടയിൽ ഒരു ചിമ്മിനി വിളക്കും കത്തിച്ചു വച്ച് ഇരിക്കുകയായിരുന്നു"

"ഓഹോ പക്ഷെ എന്റെ അറിവിൽ ആ കട ഇട്ടിരുന്ന സ്വാമിയണ്ണൻ മരിച്ചിട്ട് ആറുമാസമായി . അന്നവിടെ നടന്ന ബൈക്ക് അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി കടയുടെ മുന്നിൽ നിന്ന സ്വാമിയണ്ണനും കൊല്ലപ്പെട്ടിരുന്നു."

ഇതും പറഞ്ഞു വിനയൻ മാഷ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയി.ബാലൻ മാഷ് അത് കേട്ട് തരിച്ചിരുന്നുപോയി.

പുറത്തിറങ്ങിയ വിനയൻ മാഷ്  ഫോൺ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു.

"ഹലോ . കണാരൻ ചേട്ടാ ഒരു കാര്യം പറയാനുണ്ട്. ഒന്നുകിൽ നിങ്ങൾ പാതിരാത്രി സാമിയണ്ണന്റെ കടയിൽ ഇരുന്നുള്ള കഞ്ചാവ് ഡീൽ നിർത്തണം . അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നവരെ സഹായിക്കുന്ന പരിപാടി നിർത്തുക. നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതാണ്"

ഇത്രയും പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.


Sunday, July 19, 2020

സോഷ്യൽ ലേണിംഗ്

അച്ഛൻ പിണങ്ങിപ്പോയി അമ്മ ഗൾഫിലാണ്, അച്ഛനും അമ്മയും വേർപിരിഞ്ഞു വേറെ വിവാഹം കഴിച്ചു, അച്ഛനും അമ്മയും ചെറുതിലെ മരിച്ചു പോയി.
21 -23 വയസ്സിൽ താഴെയുള്ള ഒരു ജയിൽ അന്തേവാസിയോട് വീട്ടിൽ ആരൊക്കെയുണ്ടെന്നു ചോദിച്ചാൽ മിക്കപ്പോഴും ഇങ്ങിനെ ഒരു ഉത്തരമാണ് കിട്ടുക. ഇവരെപ്പോലുള്ളവർ കുറ്റം എത്ര ചെറുതായാലും പിടിക്കപ്പെട്ടു ജയിലിൽ ആകുമെന്ന് മാത്രമല്ല ജാമ്യം വാങ്ങി ഇറക്കിക്കൊണ്ട് പോകാനും ആരും വരാറില്ല.

മാതാപിതാക്കളിൽ നിന്നുള്ള സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾ ഭാവിയിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണ്.  അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യുന്ന പ്രവർത്തികളാണ് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്.  ഒന്നോർത്തു നോക്കൂ.. ജനിച്ച നാൾ മുതൽ അവർ നമ്മളോടൊപ്പമുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഒരിക്കലും അവർ നമ്മെ വിട്ടു പോകില്ല. നമ്മുടെ തിരക്കുകൾ കാരണം നമ്മളാകും മിക്കപ്പോഴും അവരെ മറ്റാരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചിട്ടു പോകുക. അവർക്കത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണത്.

ആദ്യമായി നഴ്സ്റി സ്‌കൂളിൽ എന്നെ ചേർത്തിട്ട് അമ്മ തിരികെ പോയപ്പോൾ ഞാൻ പിന്നാലെ ഓടിയതും പിടിച്ചു നിർത്തിയ ടീച്ചറിന്റെ കയ്യിൽ കടിച്ചതും ഇന്നും ഞാൻ ഓർമ്മിക്കുന്നു. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണത് നടന്നത്. അതുവരെ ഞാൻ അമ്മയെ പിരിഞ്ഞു ഇരുന്നിട്ടില്ല. അമ്മയ്ക്ക് ജോലിയൊന്നും ഇല്ലാതിരുന്നത് കൊണ്ട് അന്ന് അത് നടന്നു. എന്നാൽ ഇന്ന് ഒരു വയസ്സാകുന്നതിന് മുൻപേ തന്നെ മക്കളെ ആരുടെയെങ്കിലും കയ്യിൽ ഏല്പിച്ചിട്ട് അമ്മയും അച്ഛനും അവരുടെ തിരക്കുകളിലേക്ക് പോകുന്നു. മിക്കപ്പോഴും ഒഴിവാക്കാൻ കഴിയാത്തതാണ് അത്. എന്നാൽ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ എങ്കിലും അവരെ ലാളിക്കാനും അവരോടൊപ്പം കളിക്കാനും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന്  ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കാനായി ആൽബർട്ട് ബണ്ടുര എന്ന അമേരിക്കൻ സൈക്കോളജിസ്റ്റ് 1961 - 63 കാലഘട്ടത്തിൽ കുറെ പരീക്ഷണങ്ങൾ നടത്തി. ബോബോ ഡോൾ എക്സ്‌പെരിമെന്റ് എന്നാണ് അവ അറിയപ്പെടുന്നത്. അതിൽ ഒന്ന് ഇങ്ങിനെയായിരുന്നു. മൂന്ന് വയസ്സിന് മുകളിലും അഞ്ചു വയസ്സിൽ താഴെയും പ്രായമുള്ള കുറെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ചു.എന്നിട്ട് ഓരോ ഗ്രൂപ്പിനെയും ഓരോ വീഡിയോ കാണിച്ചു. ഒരു കുട്ടിയുടെ അത്രയും വലിപ്പമുള്ള ഒരു പാവയെ (ബോബോ ഡോൾ) ഒരു മുതിർന്നയാൾ തല്ലുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നതായിരുന്നു അതിലെ പ്രധാന സംഗതി. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികളെ കാണിച്ചത് ഇത്തരത്തിൽ പാവയെ ആക്രമിച്ചയാളിന് ഒരു പാരിതോഷികം നൽകുന്നതായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനെ കാണിച്ചത് ആക്രമിച്ച ആളിനെ ശിക്ഷിക്കുന്നതായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പിൽ കാണിച്ച വീഡിയോവിലെ ആൾ പാവയെ ആക്രമിച്ചതേയില്ല. അതിനു  ശേഷം ഈ  ഗ്രൂപ്പുകളിലെ കുട്ടികളെ പല മുറികളിലേക്ക് വിട്ടു. അവിടെ വീഡിയോവിൽ കണ്ട അതേ പാവയുമുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികൾ പാവയെ കണ്ടയുടനെ അതിനെ ആക്രമിച്ചു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർ അങ്ങിനെ ചെയ്തില്ല. പക്ഷെ പാവയെ ആക്രമിക്കുന്നത് എങ്ങനെയാണെന്ന് ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ അവർ അത് ചെയ്തു. മൂന്നാമത്തെ ഗ്രൂപ്പിൽ ഉള്ളവർക്ക് പാവയെ ആക്രമിക്കുന്നത് എങ്ങനെയെന്നുപോലും അറിയില്ലായിരുന്നു. മുതിർന്നവർ ചെയ്യുന്നത് അതേപടി അനുകരിക്കാനുള്ള പ്രവണതയാണ് കുട്ടികൾക്ക് ഉള്ളതെന്നും സിനിമകളിലെ വയലൻസും അക്രമസ്വഭാവമുള്ള വീഡിയോ ഗെയിമുകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പങ്കു വഹിക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യൽ ലേണിങ് തിയറി എന്നൊരു തിയറി അദ്ദേഹം മുന്നോട്ട് വെയ്ക്കുകയും ചെയ്തു.

നമ്മുടെ ജോലിത്തിരക്കുകൾക്കിടയിൽ കുട്ടികളെ അടക്കിയിരുത്താൻ മൊബൈൽ ഗെയിമോ, ടിവിയിൽ സിനിമയോ ഒക്കെ വെച്ചു കൊടുക്കുമ്പോൾ ഇതൊക്കെ മനസ്സിൽ ഉണ്ടാകണം.
 

Tuesday, July 14, 2020

ഇഷ്ടങ്ങൾ

എന്റെ ജീവിതം എന്റെ മാത്രം ജീവിതമാണ്. അതിലെ ഓരോ നിമിഷവും എന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടിയാണ് ചിലവഴിക്കേണ്ടത്. അങ്ങിനെയല്ലാത്ത സമയങ്ങൾ ഉണ്ടെങ്കിൽ അത് ഭാവിയിൽ അങ്ങിനെയുള്ള സമയങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാകണം ഉപയോഗിക്കേണ്ടത്.

ഇങ്ങിനെ ജീവിക്കുന്നതിൽ ഒരു ത്രിൽ ഇല്ല .. എനിക്ക് കാട്ടിൽ പോകണം രാത്രിയിൽ മഴയത്തു ഏറു മാടത്തിൽ കിടന്നു കാടിന്റെ ശബ്ദവും കേട്ട് ഉറങ്ങണം.. കാലത്തു സൂര്യരശ്മികൾ മുഖത്ത് വീഴുമ്പോൾ എണീക്കണം. അടുത്തുള്ള അരുവിയിൽ പോയി നീന്തിക്കുളിക്കണം. പുഴയുടെ തീരത്തു വെളുത്ത മണലിൽ  വെയിൽ കാഞ്ഞു അല്പനേരം വിശ്രമിക്കണം.

ഹാ സൂപ്പർ ആയിരിക്കും. കേട്ടവരൊക്കെ പറഞ്ഞു.

ഞാൻ ആലോചിച്ചു. ഇത്രയുമൊന്നും എത്തിയില്ലെങ്കിലും കുറെയൊക്കെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അത്  അഗസ്ത്യാർകൂടം പോയപ്പോഴാണ്. മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. ഒരിക്കൽ മഴ സമയം ആയിരുന്നു. മഴയത്തു കാട് ‌ കേറിയാൽ കാലിലും കയ്യിലും ചിലപ്പോൾ  മുഖത്തുവരെ കുളയട്ടകൾ പാഞ്ഞു കേറും. രക്തം കുടിക്കുന്നത് പോട്ടെന്ന് വെയ്ക്കാം കൊതുകും രക്തം കുടിക്കുന്നുണ്ടല്ലോ പക്ഷെ അവ ഉണ്ടാക്കുന്ന ഒരു അറപ്പ് അത് യാത്രയുടെ സൗന്ദര്യം കളയും. അത് ആലോചിച്ചു ടെൻഷൻ അടിക്കാനേ പിന്നെ സമയം കാണുകയുള്ളൂ . പിന്നെ ഏറു മാടത്തിൽ ഒന്നും അല്ലെങ്കിലും നാല് വശവും ഓലയും ടാർപോളിനും ഒക്കെ കൊണ്ട് മൂടിയ ഒരു ചെറിയ മാടത്തിൽ രാത്രി കഴിഞ്ഞിട്ടുണ്ട്. 

വീശിയടിക്കുന്ന കാറ്റും തുളച്ചു കേറുന്ന തണുപ്പും ആദ്യം രസമാണ് കൗതുകമാണ് പക്ഷെ പിന്നീട് അത് നമ്മുടെ ഉറക്കം നശിപ്പിക്കുമ്പോൾ ശല്യമാകും. എങ്ങിനെയെങ്കിലും രാത്രി തീർന്നു കിട്ടിയിരുന്നെങ്കിലെന്നു തോന്നിപ്പോകും. കാട്ടിലെ അരുവിയിലെ കണ്ണീരു പോലുള്ള തണുത്ത വെള്ളത്തിൽ കുളിച്ചിട്ടുണ്ട്. കുളിക്കുന്ന സമയത്തു മൂർഖനെക്കണ്ടു ഇടയ്ക്കു വെച്ച് നിർത്തി കേറിപ്പോന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ പലതിനോടും ഇഷ്ടം തോന്നാം. പലതും ചെയ്യണമെന്ന് ആഗ്രഹിക്കാം എന്നാൽ അവ നേടുമ്പോൾ അതിന് കൊടുക്കേണ്ടിവരുന്ന ഒരു വിലയുണ്ട് അത് എത്രമാത്രം ആണെന്ന് മുൻപേ മനസ്സിലാക്കാൻ ശ്രമിക്കുക. ചിലപ്പോൾ നമ്മൾ അതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന ചിലത് അതിന് വിലയായി കൊടുക്കേണ്ടി വന്നേക്കാം.
 

Saturday, May 30, 2020

ഒരു OLX പരസ്യം


എന്റെ പഴയ കുറച്ചു സാധനങ്ങള്‍ വില്ക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ മേരി ടീച്ചര്‍ ആണ് പറഞ്ഞത് OLX ഇല്‍ ഇട്ടാൽ മതി എളുപ്പത്തില്‍ വിറ്റുപോകും എന്ന്.
എന്നാൽ ഞാനും കരുതി അങ്ങനാകട്ടെന്ന്. കുറച്ച്  അത്യാവശ്യം ഉണ്ടേ...

വിൽക്കാനുള്ളത് വേറെ ഒന്നുമല്ല കുറച്ചു സ്വപ്നങ്ങളാണ്. എന്റെ  പ്രണയ സ്വപ്‌നങ്ങള്‍.

ഒന്നാമത്തെ സ്വപ്നം +2 നു കൂടെ പഠിച്ച വരദനെക്കുറിച്ചുള്ളതാണ്. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന വരദന്‍ , എല്ലാവർക്കും അവനെ ഇഷ്ടായിരുന്നു..
എനിക്കും..
വരദന്റെ ഉച്ചയൂണ് ക്ലാസ്സിലെ പെണ്കുട്ടികളുടെ പാത്രത്തിൽ നിന്നാ. അവന്‍ തിരഞ്ഞെടുക്കുന്നത് എന്റെ പാത്രമാകാൻ ഞാനെന്നും പ്രാർത്ഥിക്കുമായിരുന്നു. ഇല്ലാത്ത സംശയങ്ങള്‍ ഉണ്ടാക്കി അവന്റെ അരികിൽ പോയിരിക്കും ഞാന്‍ മിക്കപ്പോഴും. ക്ലാസ്സ്‌ നടക്കുമ്പൊ മാഷ് കാണാണ്ട് ഒളികണ്ണിട്ടു നോക്കും അവനെ. ഓണാഘോഷത്തിനു അവനെ കാണിക്കാനായി മാത്രം കഷ്ടപ്പെട്ട് സാരിയുടുത്തു സ്കൂളില്‍ പൊയിട്ടുണ്ട്. പക്ഷേ അവന്‍ എന്റെ ആ ഇഷ്ടം അറിഞ്ഞതേയില്ല. നിറഞ്ഞ പുഞ്ചിരികള്‍ ഒരുപാട് തന്നിട്ടുണ്ടെങ്കിലും അതിലൊന്നും അവന്റെ പ്രണയമുണ്ടായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. +2 കഴിഞ്ഞ് അവന്‍ നേവിയില്‍ ചേർന്നു. പിന്നെ അവനെ കണ്ടിട്ടില്ല എന്നാലും ഡിഗ്രി ആദ്യവർഷം മുഴുവനും എന്റെ സ്വപ്നത്തിലെ നായകന് അവന്റെ  മുഖമായിരുന്നു.


രമേശിനെ ആദ്യമായി അറിയുന്നത് അവന്റെ കവിതകളിലൂടെയായിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന വിപ്ലവ പാർട്ടി നേതാവ്. ആരാധന കലശലായപ്പൊ വരദന്‍ ഔട്ട്‌ രമേശ് ഇൻ.

രമേശിനോട് നേരിട്ട് സംസാരിക്കാന്‍ ഒരവസരം കിട്ടിയത് ഒരു സമരത്തിന്റെയന്നാണ്. പക്ഷെ അന്നെനിക്ക് ഒന്നും പറയാൻ പറ്റിയില്ല. പോലീസിന്റെ അടികൊണ്ട് അവന്‍ വന്നു കേറീപ്പൊ ഞാന്‍ ക്ലാസ്സിലെന്റെ  ബുക്കും തിരഞ്ഞു നിൽക്കുകയായിരുന്നു. ദേഷ്യപ്പെട്ട് എന്നോട് ഇറങ്ങി വേഗം വീട്ടിൽ പോടീന്നു പറഞ്ഞു. ഞാന്‍ പോകും നേരം അവന്‍ പിറുപിറുക്കുന്നത് കേട്ടു, 

‘ഹും  പോലീസും വന്നു അടീം തുടങ്ങി അപ്പഴാ അവളുടെ ഒരു പുസ്തകം തിരയല്‍’ .

ദേഷ്യത്തോടെയാണവനത് പറഞ്ഞതെങ്കിലും അവന്റെ ആ കെയറിoഗ് എന്നെ അത്ഭുതപ്പെടുത്തി. ആ സമരത്തിന്‌ ഞാനൊരുപാട് നന്ദി പറഞ്ഞിട്ടുണ്ട് കാരണം അതോടുകൂടി ഞങ്ങള്‍ ഒരുപാടടുത്തു. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയും, വേളി കടപ്പുറവും  ഞങ്ങളുടെ സൗഹൃദത്തിനു കൂട്ടായി. സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി അവന്‍ കത്തി കയറുമ്പോ ഒരു പൊട്ടിയെപ്പോലെ ഞാന്‍ കേട്ടിരുന്നു. അവന്റെയാ രൂപത്തിനും മേലെ ആ വ്യക്തിത്വം എന്നെ ഒരുപാടാകർഷിച്ചിരുന്നു.

പക്ഷെ അവന്റെ  ഉള്ളിലെ ലക്ഷ്യങ്ങള്‍ ഈ പൊട്ടിപ്പെണ്ണിനൂഹിക്കാവുന്നതിലും  വലുതായിരുന്നു. അത് മനസ്സിലാക്കിയപ്പോൾ അതിനൊരു രീതിയിലും തടസ്സമാകരുതെന്ന് ഞാനും കരുതി.

അധ്യാപക തസ്തികയുടെ PSC ഇന്റർവ്യൂ സമയത്താണ് ഗിരീഷിനെ ആദ്യമായി കാണുന്നത്. ജോലി കിട്ടിയത് ഒരേ കോളേജിലും കൂടിയായപ്പോ ഞങ്ങള്‍ വേഗം കൂട്ടായി. അല്ലെങ്കിലും പുതുതായി ഒരു ഗ്രൂപ്പിലേക്കെത്തിയ രണ്ടു പേര്‍ എപ്പോഴും ഒരുമിച്ച് നിൽക്കാനാകുമല്ലോ ഇഷ്ടപ്പെടുക. നല്ല ഉയരവും അതിനൊത്ത വണ്ണവുമൊക്കെയുള്ള ഒരു ചുള്ളനായിരുന്നു ഗിരീഷ്‌. ഏതൊരു പെണ്ണിനും അനുരാഗം തോന്നാനുള്ള ചേരുവകള്‍ ഒക്കെ ഉണ്ട്. ന്നാലും ഇപ്പൊ ഞാന്‍ അദ്ധ്യാപികയാണല്ലോ അതുകൊണ്ട് സ്വയം നിയന്ത്രിച്ചു. പക്ഷേ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം വളർന്നു വന്നു. ഗിരീഷിനു വീട്ടില്‍ കല്ല്യാണം ആലോചിക്കണ കാര്യം അവന്‍ എന്നോട് പറഞ്ഞു. ഭാവി വധുവിനെക്കുറിച്ചുള്ള അവന്റെ കണ്സെപ്റ്റിനെപ്പറ്റി ചോദിച്ചപ്പോ അവന്‍ പറഞ്ഞു..

 ‘എന്റെ‍മ്മയ്ക്ക് മരുമകള്‍ സാരി ഉടുക്കണമെന്നാ, പിന്നെ നല്ല മുടിയുണ്ടാവണം കൂടാതെ ഒരു നല്ല ദൈവ വിശ്വാസീം ആകണം. എന്റെ ഭാഗ്യത്തിന് തനിക്കിപ്പോ ഇതെല്ലാം ഉണ്ടല്ലോ’. 
 
ഇത് പറഞ്ഞ് അവന്‍ എന്നെ ഒന്ന് പാളി നോക്കി  ഒരു കള്ള ചിരിയുമായി. ഞാന്‍ പക്ഷേ ഒന്നും പറഞ്ഞില്ല. വെറുതെ ഒന്ന് ചിരിച്ചു.

 പിറ്റേന്ന് ഞാന്‍ എന്റെ മുടി വെട്ടി, ചുരിദാറും ഇട്ടു കോളേജില്‍ പോയി. ഗിരീഷിനെ എനിക്കിഷ്ടായിരുന്നിട്ടും കൂടി ഞാനെന്താ അങ്ങനെ ചെയ്തതെന്നെനിക്കറിയില്ല. ഒരു പക്ഷേ അവന്റെ  അമ്മേടെ മരുമകള്‍ ആകാനാകില്ല ഞാനാഗ്രഹിച്ചത്.
 
എൻറെ ഈ മൂന്നു സ്വപ്നങ്ങളാണ് വില്ക്കാനുള്ളത്. പറ്റിയാല്‍ ഇന്ന് തന്നെ വിറ്റുപോണം. കാരണം നാളെ എന്നെ കാണാന്‍ ഒരാള്‍ വരുന്നുണ്ട്. എന്റെ ആ പുതിയ സ്വപ്നത്തിനു സ്ഥലമൊരുക്കാനായി ഈ പഴയതൊക്കെ വിറ്റു തീർക്കണം.


Sunday, May 24, 2020

കള്ളൻ


നിങ്ങൾക്ക് ഇത്രേം നന്നായി വരയ്ക്കാൻ അറിയുമായിരുന്നെങ്കിൽ അത് ചെയ്ത് ജീവിച്ചാൽ പോരായിരുന്നോ? 

ചുവരിൽ അയാൾ അല്പം മുൻപ് മാത്രം പൂർത്തിയാക്കിയ മനോഹരമായ ചിത്രം കണ്ടിട്ടാണ് ഞാൻ അങ്ങിനെ ചോദിച്ചു പോയത്.

അത് ചെയ്താ സാറേ ജീവിച്ചിരുന്നത്.. ബാലെ ട്രൂപ്കൾക്ക് കർട്ടൻ വരപ്പ് ആയിരുന്നു ജോലി.

പിന്നെ എപ്പോഴാ മോഷണത്തിലേക്ക് തിരിഞ്ഞത് ?

ഹാ.. ഒന്നും പറയണ്ട കൂട്ടുകാർ കാരണം.

എന്നിട്ട് മോഷണത്തിൽ നിന്ന് എന്തു കിട്ടി ഈ ജയിൽ വാസം അല്ലാതെ?

മൂത്ത മകളെ കെട്ടിച്ചു വിടാൻ കാശ് കിട്ടി. പിന്നെ ഇളയ മകളെ പഠിപ്പിച്ചു ഒരു ആയുർവേദ ഡോക്ടറും ആക്കി. 

ങേ..

അപ്പൊ നിങ്ങളുടെ വീട്ടുകാർക്കൊക്കെ തൊഴിൽ ഇതാണെന്ന് അറിയാമായിരുന്നോ? 

ഇല്ലായിരുന്നു.. 
അറിഞ്ഞപ്പോൾ ആദ്യ ഭാര്യ കളഞ്ഞിട്ടു പോയി. 

ബാംഗ്ളൂരിലെ ഒരു ഫാഷൻ ഡിസൈനർ ആണ് ഇപ്പോഴത്തെ ഭാര്യ. അവൾക്കെല്ലാം അറിയാം.

ഇതും പറഞ്ഞു മുണ്ടും മുഷിഞ്ഞ ബനിയനുമിട്ട അയാൾ സെല്ലിലേക്ക് നടന്നു.

Monday, November 24, 2014

Vegetable Farming

‘ആരോഗ്യമാണ് സമ്പത്ത്’ എന്ന പഴമൊഴിയെപ്പറ്റി നാം ചിന്തിക്കുന്നത് എന്തെങ്കിലും മാറാ രോഗങ്ങള്‍ വന്നു കഷ്ടപ്പെടുമ്പോൾ മാത്രമാണ് അതു വരെ കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്ന്, ശെരിയായ വ്യായാമവും ഉറക്കവുമൊന്നുമില്ലാതെ സ്വന്തം ശരീരത്തെ നമ്മള്‍ വല്ലാതെ കഷ്ട്പ്പെടുത്തും. ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞ് നമ്മള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് ആശുപത്രിയില്‍ നിന്നിറങ്ങാന്‍ സമയം കാണില്ല.
        നമ്മുടെ ശരീരത്തിനു ആരോഗ്യം നല്‍കുന്നത് നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ്. മനുഷ്യന്‍ ഒരു മിശ്രഭോജി ആണെങ്കിലും രോഗങ്ങളെ അകറ്റി നിര്‍ത്തുവാന്‍ സസ്യാഹാരം ശീലിക്കുന്നതാണ് നല്ലത്. വല്ലപ്പോഴും നല്ല മാംസ്യം കഴിക്കുന്നതില്‍ തെറ്റില്ല. സസ്യാഹാരമായാലും മാംസ്യാഹാരമായാലും ഇന്നത്തെ കാലത്ത് വിഷം കലരാത്തത് കിട്ടാന്‍ വല്യ പ്രയാസമാണ്. വീര്യം കുറഞ്ഞ വിഷങ്ങള്‍ ആയിരുന്നു ആദ്യകാലത്ത് കീടങ്ങളെ തുരത്താന്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ കാലക്രമേണ കീടങ്ങള്‍ വിഷത്തിനെതിരെ പ്രതിരോധ ശക്തി നേടുകയും കൂടുതല്‍ ശക്തിയേറിയ വിഷങ്ങള്‍ പ്രയോഗിക്കേണ്ട അവസ്ഥയിലേക്ക് ചെന്നെത്തുകയും ചെയ്തു. ഇന്ന് ഇത്തരം കീടനാശിനികള്‍ കീടങ്ങളെ മാത്രമല്ല ഇല്ലാതാക്കുന്നത് മനുഷ്യ ശരീരത്തെയും കൂടിയാണ്.
മനുഷ്യ ശരീരത്തിനു ദോഷമുണ്ടാക്കുന്ന കീടനാശിനികളുടെ ഉപയോഗത്തിന് കാരണങ്ങള്‍ രണ്ടാണ്. 

            1)      കര്‍ഷകന്‍റെ അറിവില്ലായ്മ 
            2)      അമിത ലാഭമുണ്ടാക്കാനുള്ള എളുപ്പവഴി

        പലപ്പോഴും കീടനാശിനികളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു എന്തെന്നോ അതിന്‍റെ വീര്യം എത്ര കാലം ആ പച്ചക്കറിയില്‍ നില നില്‍ക്കുമെന്നോ കര്‍ഷകനു അറിയില്ലായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ശക്തമായ കീടങ്ങളുടെ ആക്രമങ്ങളില്‍ നിന്നു തന്‍റെ വിളയെ രക്ഷിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ കീടനാശിനി പ്രയോഗം. കീടങ്ങളെ തുരത്താന്‍ ജൈവ കീടനാശിനികളും, മിത്രകീടങ്ങളും, പല തരം കെണികളും ഉപയോഗിക്കാനാകും എന്നാല്‍ ഇവയെക്കുറിച്ച് പലരും അജ്ഞരാണ് മാത്രവുമല്ല ശക്തിയേറിയ വിഷങ്ങള്‍ തരുന്ന രീതിയിലുള്ള കീടങ്ങളുടെ നാശം ഇവ ഉപയോഗിക്കുമ്പോള്‍ കിട്ടണമെന്നുമില്ല. എങ്കിലും ശരിയായ ഉപയോഗം വഴി കീടങ്ങളെ വിളയില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ഇത്തരം പ്രയോഗങ്ങള്‍ കര്‍ഷകനെ സഹായിക്കും മാത്രവുമല്ല ജൈവ പച്ചക്കറിക്കു മാര്‍ക്കറ്റില്‍ ഉള്ള ഡിമാൻഡ് കൂടിയ വിലയ്ക്കു അതു വിറ്റഴിക്കാനും സഹായിക്കും.
    ഇന്നാട്ടിലെയും അന്യ നാട്ടിലെയും കര്‍ഷകരെയെല്ലാം ബോധവല്‍ക്കരണം നടത്തി വിഷമില്ലാത്ത പച്ചക്കറി കഴിക്കാമെന്നുള്ള അതിമോഹത്തിനേക്കാള്‍ നല്ലത് അവനവനു വേണ്ടുന്ന പച്ചക്കറികള്‍ സ്വയം കൃഷി ചെയ്തു ഉണ്ടാക്കുന്നതാണ്. 5 സെന്‍റു പുരയിടമോ ഒരു തുറസ്സായ ടെറസ്സോ കൃഷിക്കു വേണ്ടി മാറ്റി വെയ്ക്കാനാകുമെങ്കില്‍ ഒരു കുടുംബ്ത്തിനു വേണ്ട പച്ചക്കറി നമുക്ക് അവിടെ വിളയിക്കാം. ഒരു കോഴിക്കൂട് കൂടി തയ്യാറാക്കാന്‍ സ്ഥലമുണ്ടെങ്കില്‍ ആന്‍റിബയോട്ടിക്കുകളും ഹോര്‍മോണുമില്ലാത്ത മാംസ്യവും നമുക്കു ഉണ്ടാക്കാം. ഇനി വേണ്ടത് സമയമാണ്. എന്തൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ടെങ്കിലും നമുക്ക് എല്ലാവര്‍ക്കും ഇരുപത്തിനാലു മണിക്കൂര്‍ മാത്രമാണ് ഒരു ദിവസം കിട്ടുക. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോ വ്യക്തിയുടെയും വിജയം. രോഗങ്ങള്‍ വന്ന് ആശുപത്രികള്‍ കയറി ഇറങ്ങുന്ന സമയത്തിന്‍റെ കണക്കെടുത്തു താരതമ്യം ചെയ്താല്‍ ദിവസവും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കൃഷിക്കായി മാറ്റി വെയ്ക്കുന്നത് ഒട്ടും നഷ്ട്ട്മല്ലെന്ന് കണ്ടെത്താം.
         ഒരു മനുഷ്യന്‍റെ ആരോഗ്യം നില നിര്‍ത്തുവാന്‍ ഒരു ദിവസം ഏതാണ്ടു മുന്നൂറ് ഗ്രാം പച്ചക്കറികള്‍ കഴിക്കണമെന്നാണ് ശാസ്ത്രം പറയുന്നത്. ഇതില്‍ മൂന്നിലൊന്നു ഇലക്കറി വര്‍ഗങ്ങള്‍ (ഉദാ: ചീര, മുരിങ്ങയില) മൂന്നിലൊന്നു കിഴങ്ങു വര്‍ഗങ്ങള്‍ (ഉദാ: കപ്പ,ചേമ്പ്) മൂന്നിലൊന്നു പഴ വര്‍ഗ്ഗ പച്ചക്കറികള്‍ (ഉദാ: തക്കാളി,പപ്പായ) ഇവ നിര്‍ബന്ധമായും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഈ പറഞ്ഞ പച്ചക്കറികളൊക്കെ നമുക്ക് വീട്ടു വളപ്പിൽ  കൃഷി ചെയ്തു ഉണ്ടാക്കാന്‍ കഴിയുന്നവയാണെന്നു മനസ്സിലായിക്കാണുമല്ലോ. നമ്മള്‍ ഇന്നു കടയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ വിഷം കറിവേപ്പിലയിലും പച്ച മുളകിലുമാണ്. ഇവയും വളരെയെളുപ്പത്തില്‍ നമ്മുടെ ചുറ്റുവട്ടത്ത് വളര്‍ത്തിയെടുക്കാനാകും. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കു ഒരു രോഗം വന്നാല്‍ അതു ഭേദമാക്കുവാന്‍ ഏതറ്റം വരെ പോകാനും, എത്ര പണം വേണമെങ്കിലും ചിലവാക്കാനും നമ്മള്‍ എല്ലാവരും തയ്യാറാണ്. അതേ ആര്‍ജവത്തോടെ അവര്‍ക്കു വരാന്‍ പോകുന്ന രോഗങ്ങളെ തടയുവാനും നമ്മള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 30 ലക്ഷം ടണ്‍ പച്ചക്കറി വേണ്ടിടത്ത് 10ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടുവാന്‍ നമ്മള്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.
         അവസാനമായി ഇതു കൂടി പറയട്ടെ. പച്ചക്കറി കൃഷി അത്ര എളുപ്പം ഒന്നുമല്ല. തുടക്കം നന്നാകും ചെടികള്‍ തഴച്ചു വളരും എന്നാല്‍ മാറി വരുന്ന കാലാവസ്ഥയും മൊട്ടിട്ടു തുടങ്ങുമ്പോള്‍ എങ്ങു നിന്നോ എത്തുന്ന കീടങ്ങളും നമ്മുടെ ചെടികളെ വശം കെടുത്തും അതു കണ്ടു തളരരുത്. ഇത് നമുക്കു പറ്റിയതല്ലെന്നുള്ള രീതിയില്‍ പിന്മാറുകയുമരുത്. സാധ്യമായ എല്ലാ വഴികളും കണ്ടുപിടിച്ചു അവയെ ചെറുത്തു തോല്‍പിക്കണം. കീട നിയന്ത്രണത്തിനുള്ള ചെറിയ പൊടിക്കൈകളും കൃഷി ആദ്യമായി തുടങ്ങുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമാണ് ഞാന്‍ ഈ ബ്ലോഗിലൂടെ പങ്കു വെയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. പുസ്തകങ്ങളിലൂടെയും സ്വന്തം അനുഭവങ്ങളിലൂടെയും കിട്ടിയ അറിവുകളാണ് എന്‍റെ സമ്പാദ്യം. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും സ്വാഗതം.