Saturday, May 28, 2022

അധ്യാപകൻ

 
നള ദമയന്തി കഥയിൽ നിന്നൊരു ഭാഗം ഞങ്ങൾക്ക് പ്ലസ്‌ടുവിന് പഠിക്കാനുണ്ടായിരുന്നു. നളൻ ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ചു പോയ സമയത്ത് ദമയന്തി ഒരു പാമ്പിന്റെ പിടിയിൽ അകപ്പെടുകയും മരണഭയത്താലുള്ള അവളുടെ വിളി കേട്ട് വന്നൊരു കാട്ടാളൻ സ്വന്തം ജീവൻ പണയം വച്ചു ദമയന്തിയെ രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് ശേഷം കാട്ടാളന് ദമയന്തിയോട് പ്രണയം തോന്നുകയും അത് പ്രകടിപ്പിച്ച കാട്ടാളനെ അവൾ ശപിച്ചു ഭസ്മമാക്കുകയും ചെയ്യുന്നതാണ് പാഠഭാഗം.  

ക്രിസ്തുമസ് പരീക്ഷയ്ക്ക് അതിൽ നിന്നൊരു ഉപന്യാസം എഴുതാൻ ചോദിച്ചു. കാര്യമായി പഠിച്ചിട്ടൊന്നുമില്ലായിരുന്നു. മലയാളമല്ലേ എന്തെങ്കിലും ഒക്കെ എഴുതാമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ. ഉപന്യാസം എഴുതി വന്നപ്പോൾ രണ്ടു പുറം തികയ്ക്കുന്നതിനായി ഞാൻ ആ കഥയെക്കുറിച്ചു സ്വയം ഒരു നിരൂപണമങ്ങു നടത്തി. 
താൻ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച ദമയന്തി പതിവൃതയാണെന്നോ നളനെ പിരിഞ്ഞിരിക്കുകയാണെന്നോ അറിയാതെയാണ് കാട്ടാളൻ ദമയന്തിയോട് തന്റെ ഇഷ്ടം അറിയിച്ചതെന്നും ഏതൊരു പുരുഷനും തോന്നുന്ന കാര്യം മാത്രമാണ് കാട്ടാളനും തോന്നിയതെന്നും എന്നാൽ ദമയന്തി പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കാട്ടാളനെ ശപിക്കുകയാണുണ്ടായതെന്നും ഒക്കെ തട്ടി വിട്ടു.

ക്രിസ്തുമസ് വെക്കേഷനൊക്കെ കഴിഞ്ഞു ചെന്നപ്പോൾ എന്റേത്  ഒഴികെ ബാക്കി എല്ലാവരുടെയും പരീക്ഷാ പേപ്പർ അന്ന് മലയാളം പഠിപ്പിച്ചിരുന്ന സിജു സാർ ലീഡർ വശം ക്ലാസ്സിൽ കൊടുത്തു വിട്ടു എന്നിട്ട് എന്നോട് സാറിനെ നേരിൽ കാണാൻ പറഞ്ഞയച്ചു. 
ഞാൻ കരുതി പെട്ട്.. പരീക്ഷാ പേപ്പറിൽ  തോന്ന്യവാസം എഴുതി വച്ചെന്നും പറഞ്ഞു വഴക്ക് പറയുമായിരിക്കും.

സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ സാർ വിചാരിച്ച പോലെ നള ദമയന്തി ഉപന്യാസം എടുത്തു. എന്താടോ ഇത് ?

അത് സാർ ഞാൻ..

വളരെ നന്നായിരിക്കുന്നു.

ങേ.

അതെ. നീ നന്നായി എഴുതിയിട്ടുണ്ട്. വായിച്ച കഥകളെക്കുറിച്ചു നീ ചിന്തിക്കുന്നുണ്ട്. ഇതുപോലെ പഠിച്ചാൽ ഫൈനൽ പരീക്ഷയ്ക്ക് തനിക്ക് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങാൻ കഴിയും. പറ്റുമെങ്കിൽ ഇത് കഴിഞ്ഞു ബി എ മലയാളം എടുത്തു പഠിക്കുക.

പേപ്പർ നിറയ്ക്കാൻ എഴുതിയതിനെക്കുറിച്ചു അദ്ദേഹത്തിന്റെ വായിൽ നിന്ന് അങ്ങിനെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ സ്‌കൂളിലെ എല്ലാ കുട്ടികളും ഒരുപോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു സിജു സർ. 

ഞാൻ ശ്രമിക്കാം സാർ എന്ന് മാത്രം പറഞ്ഞു അവിടെ നിന്ന് പോന്നു. ആ വാക്കുകൾ മനസ്സിൽ കിടന്നത് കൊണ്ട് മാത്രം ഫൈനൽ പരീക്ഷയ്ക്ക് മലയാളം നന്നായി പഠിച്ചെഴുതി തൊണ്ണൂറ് ശതമാനം മാർക്ക് നേടി. മാർക്ക് ലിസ്റ്റുമായി അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ തോളത്തു തട്ടി അഭിനന്ദിച്ചു. ഇപ്പോഴും മായാതെ ആ നിമിഷം ഓർമ്മയിൽ ഉണ്ട്. എന്നാൽ തുടർ പഠനം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നതിനാൽ ഞാൻ മലയാളം  ഡിഗ്രിക്ക് ചേർന്നില്ല. പക്ഷെ പിന്നീട് ഒരുപാട് കാലം കഴിഞ്ഞു അന്ന് മലയാളം എടുത്തു പഠിക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വീട്ടിലെ പ്രയാസങ്ങളും ബുദ്ധിമുട്ടും അന്നത്തെ എന്റെ പല തീരുമാനങ്ങളെയും സ്വാധീനിച്ചിരുന്നു. എത്രയും വേഗത്തിൽ ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം. അത് നേടി. പക്ഷെ പലതും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതിനെ ഓർത്തു ദുഃഖിക്കാനില്ല. കയ്യിൽ കിട്ടിയതൊക്കെ എത്രയോ മനോഹരമാണ്. പുസ്തകദിന ആശംസകൾ. 

അധ്യാപകർ

ഹൈസ്കൂൾ പഠിക്കുന്ന കാലം. ഇംഗ്ളീഷ് പഠിപ്പിക്കുന്ന ഒരു സർ ഉണ്ടായിരുന്നു അന്ന് സ്‌കൂളിൽ. പേര് പറയുന്നില്ല. പറഞ്ഞിട്ടും ഇനി കാര്യമൊന്നുമില്ല. 

അദ്ദേഹം ക്ലാസ്സിൽ ചോദ്യം ചോദിച്ചു മറുപടി പറഞ്ഞില്ലെങ്കിലോ പുസ്തകം കൊണ്ട്‌ വന്നില്ലെങ്കിലോ ഒക്കെ ശിക്ഷിക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്. ക്ലാസ് ലീഡറിനോട് പുറത്തു സ്‌കൂൾ കോമ്പൗണ്ടിൽ കാട് പിടിച്ചു കിടക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയുടെ കുറെ കമ്പുകൾ ഒടിച്ചെടുത്തുകൊണ്ട് വരാൻ പറയും. ലീഡർ അത് കൊണ്ടുവരുമ്പോൾ അതിൽ നിന്ന് മൂന്ന് നാലെണ്ണം ഒരുമിച്ചു പിടിച്ചു കുട്ടികളെ തിരിച്ചു നിർത്തി ചന്തിക്ക് പെടയ്ക്കും. അടിയുടെ ഇടയിൽ കമ്പുകൾ ചിലത് ഒടിയും. ഉദ്ദേശിച്ച എണ്ണം തികഞ്ഞില്ലെങ്കിൽ അയാൾ വീണ്ടും അതിനോട് പുതിയ കമ്പുകൾ ചേർത്ത് വച്ചു അടി തുടരും.

ഒരിക്കൽ എനിക്കും അയാളുടെ കയ്യിൽ നിന്ന് അടി കിട്ടി. രണ്ടു മൂന്ന് ദിവസമായിട്ടും അടി കിട്ടിയ ഭാഗത്തെ വേദന മാറുന്നില്ല. അങ്ങിനെ നോക്കിയപ്പോൾ ആണ് അടി കൊണ്ട ഭാഗത്ത്‌ കമ്പിന്റെ ഒരു ചെറിയ ചീള് കുത്തിക്കേറി ഇരിക്കുന്നു. അത് അവിടെ ഇരുന്നു പഴുക്കുകയാണ്. പിന്നെ അത് ഊരിക്കളഞ്ഞു മരുന്ന് വച്ചതിന് ശേഷമാണ് വേദന മാറിയത്.  

ഇയാളുടെ ഈ അടിക്ക് അവസാനം വന്നത് അപ്രതീക്ഷിതമായി ഉണ്ടായ ഒരു സംഭവത്തോടെയാണ്. 
കമ്യുണിസ്റ്റ് പച്ചയുടെ കമ്പുകൾക്ക് വലിയ ബലമൊന്നുമില്ലാത്തതിനാൽ അടിക്കിടയിൽ ഒടിയുന്ന കമ്പുകളുടെ ഭാഗങ്ങൾ ചിതറിത്തെറിച്ചു ക്ലാസ്സിൽ ഇരിക്കുന്ന മറ്റു കുട്ടികളുടെ നേരെയ്ക്കും പോകുന്നത് സാധാരണയായിരുന്നു. അങ്ങിനെ ഒരു ദിവസം ഒടിഞ്ഞ കമ്പിന്റെ ചീള് ഒരു പെണ്കുട്ടിയുടെ കണ്ണിൽ തറച്ചു. ആ കുട്ടിയെ പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു. അതോടെ ആരൊക്കെയോ പറഞ്ഞു അയാളുടെ അടി നിർത്തിച്ചു. 

പഠിച്ചിരുന്ന കാലത്തും പിന്നീട് അധ്യാപകനായി ജോലി ചെയ്തപ്പോഴും ഒരുപാട് നല്ല അധ്യാപകരെ പരിചയപ്പെട്ടിട്ടുണ്ട് കൂട്ടത്തിൽ ഇതുപോലെ ചില പരുക്കൻ കഥാപാത്രങ്ങളെയും.

അധ്യാപനം എന്നാൽ മറ്റേതൊരു തൊഴിൽ പോലെയും ഒരു തൊഴിൽ എന്ന് ചിലർ പറയാറുണ്ട്. എന്റെ അഭിപ്രായത്തിൽ അതങ്ങിനെയല്ല. അധ്യാപകർ നമ്മുടെ നാളത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു നല്ല അധ്യാപകനോളം ഒരു കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കുവാൻ മറ്റാർക്കാണ് കഴിയുക? 
കുട്ടികളെ പഠിപ്പിക്കാൻ ഒരു സ്കിൽ വേണം അതില്ലാതെ വെറും ഒരു ജോലി എന്ന നിലയിൽ അധ്യാപകരാകാൻ വരുന്നവരെ റിക്രൂട്ട്‌മെന്റ് നടപടികൾക്കിടയിൽത്തന്നെ കണ്ടെത്തി ഒഴിവാക്കാനാകണം. അതുകഴിഞ്ഞു പ്രൊബേഷൻ പീരിയഡിലും തുടർന്ന് കൃത്യമായ ഇടവേളകളിലും അധ്യാപകരുടെ വിലയിരുത്തൽ നടത്തുകയും കഴിവില്ലാത്തവരെ നോൺ ടീച്ചിങ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യുന്ന ഒരു സിസ്റ്റം ഉണ്ടാകണം.

ലഹരിക്ക് അടിമയായ അധ്യാപകർ പോലും ക്ലാസ് എടുക്കുന്ന സ്‌കൂളുകൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. ഇടുക്കിയിലെ ഒരു സ്‌കൂളിലെ കഞ്ചാവ് ഉപയോഗിക്കുന്ന ഒരു കുട്ടിയോട് വളരെ സ്വകാര്യമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് അവന്റെ അച്ഛനും അധ്യാപകനും സിഗരറ്റ് വലിക്കുന്നത് കണ്ടാണ് അവൻ ആദ്യമായി സിഗരറ്റ് വലിച്ചു തുടങ്ങിയതെന്നാണ്. നമ്മൾ എത്രയൊക്കെ ബോധവൽക്കരണം നടത്തിയാലും കുട്ടിക്ക് വേണ്ടപ്പെട്ടവരുടെ ശീലങ്ങൾ അവനെ സ്വാധീനിക്കും.

"സർ ഇവിടെ മദ്യപിച്ചു ഭയങ്കര ബഹളമാണ് ഒന്ന് വരാമോ? "

ഒരു ക്യാംപിൽ നിന്ന് ടീച്ചർ വിളിച്ചതാണ്. കുട്ടികൾ ആയിരിക്കുമെന്ന് കരുതിയാണ് ചെന്നത്. എന്നാൽ അതല്ലായിരുന്നു. അന്നേ ദിവസത്തെ ക്യാമ്പിന്റെ ചുമതലയുള്ള രണ്ട് അധ്യാപകർ മദ്യപിച്ചു കുട്ടികളുടെ പരിപാടികൾക്കിടയിൽ ബഹളം വയ്ക്കുകയാണ്. ഇവരുടെ ശല്യം സഹിക്ക വയ്യാതെ കൂടെയുണ്ടായിരുന്ന വനിതാ അധ്യാപകർ ആണ് വിളിച്ചു പറഞ്ഞത്.

"എന്ത് ചെയ്യാനാണ് പിരിച്ചു വിടാൻ പറ്റുമോ? താൽക്കാലിക സസ്പെൻഷനോ മെമ്മോയോ കൊടുക്കാനല്ലാതെ. എന്തെങ്കിലും നടപടിക്കൊരുങ്ങിയാൽ തന്നെ നൂറ് പേര് ഇടപെടാൻ വരും."

മേലധികാരികളും നിസ്സഹായകരാണ്


അവളുടെ ഇഷ്ടങ്ങൾ

"അച്ഛാ എനിക്ക് ആ വാട്ടർ ബോട്ടിൽ വേണം. 

അത് വേണ്ട മോളെ ഇത് മതി ഇതാണ് നല്ലത്.

അമ്മേ എനിക്ക് ആ ബാഗ് മതി.

അത് വേണ്ട മോളെ ഇത് വാങ്ങാം ഇതാകുമ്പോൾ കുറേക്കാലം ഉപയോഗിക്കാം.

അച്ഛാ നമുക്ക് ഈ വഴി പോകാം

ഇതിലെ വേണ്ട ആ വഴി പോകാം.. "

കുഞ്ഞായിരിക്കുമ്പോൾ അവളുടെ ആഗ്രഹത്തിനനുസരിച്ചു എല്ലാം ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതെങ്കിലും ചെയ്ത് കൊടുക്കണം. അതിപ്പോൾ അവൾക്ക് ദോഷം ഉണ്ടാക്കുന്നതാണെങ്കിൽകൂടി അത് സ്വയം തിരിച്ചറിയട്ടെ എന്നു കരുതണം. അല്ലെങ്കിൽ അവൾ ഭാവിയിൽ സ്വന്തമായി യാതൊരു അഭിപ്രായങ്ങളും, തീരുമാനങ്ങളും ഇല്ലാത്തയാളായി മാറും. അവൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാലും മറ്റൊരാൾ ആയിരിക്കും അവളുടെ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നത്. കാരണം തനിക്ക് യോജിച്ചത് മറ്റുള്ളവർ ആണ് കണ്ടെത്തേണ്ടതെന്ന് അവളുടെ മനസ്സിൽ അപ്പോഴേക്കും ഉറച്ചു പോയിരിക്കും. 

ഒരിക്കൽ എനിക്ക് ഹൈദരാബാദ് DRDOയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു രണ്ടു വർഷം ആയിട്ടെ ഉള്ളൂ. അതിന് മുമ്പ് ഒറ്റയ്ക്ക് കേരളത്തിന് പുറത്ത് ഞാൻ പോയിട്ടില്ല. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അവിടെ തലേദിവസം എത്തണം ഇന്റർവ്യൂ സ്ഥലം കണ്ടു പിടിക്കണം. ഭാഷ അറിയില്ല. സ്ഥലങ്ങൾ അറിയില്ല. ഒടുവിൽ ഹൈദരാബാദ് താമസിച്ചു ജോലി ചെയ്യുന്ന ഒരു സുഹൃത്തിന്റെ സഹായം കിട്ടി. ആ സുഹൃത്ത് ആണ് ഇന്റർവ്യൂ നടക്കുന്ന ഓഫീസിൽ എന്നെ എത്തിച്ചത്. 
അവിടെ വച്ചു ഒരു പെണ്കുട്ടിയെ പരിചയപ്പെട്ടു. ഹരിയാനയിൽ നിന്ന് വരികയാണ്. ഇരുപത്തിരണ്ട് വയസ്സ് പ്രായം. 

ആരുടെ കൂടെ വന്നു? ഞാൻ ചോദിച്ചു.
ആരും കൂടെ വന്നില്ല. 
ഞാൻ ഒറ്റയ്ക്കാണ് വന്നത്. 

ഇതിന് മുൻപ് ഹൈദരാബാദ് വന്നിട്ടുണ്ടോ?

ഇല്ല.

നമ്മുടെ നാട്ടിൽ തൊട്ടടുത്ത ജില്ലയിൽ സെന്റർ വന്നാൽ പരീക്ഷ എഴുതാൻ കാറ് വിളിച്ചു കുടുംബ സമ്മേതം പെണ്കുട്ടിയെയും കൊണ്ട് പോകുന്നവർ ധാരാളമുണ്ട്. 
ഞാൻ തന്നെ ഒരാൾ കൂടെ വന്നത് കൊണ്ടാണ് സമയത്തിന് ഇവിടെ എത്തിയത്. ഞാൻ പറഞ്ഞു. 

അവൾ അതിന് മറുപടി ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. 

എനിക്ക് അവളോടും അവളുടെ മാതാപിതാക്കളോടും ബഹുമാനം തോന്നി.
ആ ധൈര്യം വെറുതെ അങ്ങിനെ കിട്ടുന്നതല്ല. ഒരു ദിവസം രാവിലെ ഒരു പെണ്കുട്ടിയോട് നീ വലുതായി ഇനി നാളെ മുതൽ നീ ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്തോ എന്നു പറഞ്ഞാൽ അവൾക്കത് ചെയ്യാനും കഴിയില്ല. 
അവളെ കുട്ടിക്കാലം മുതൽ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പ്രതിസന്ധികളെ തരണം ചെയ്യാനും പ്രാപ്തിയുള്ളവളാക്കി വളർത്തിക്കൊണ്ടു വരേണ്ടതുണ്ട്. 

നാട്ടിൻപുറങ്ങളിൽ അൽപ്പം സ്വാതന്ത്ര്യത്തോടെ നടക്കുന്ന പെണ്കുട്ടികളെപ്പറ്റി ഒരു സംസാരമുണ്ട്. "അവളെ വീട്ടുകാർ അഴിച്ചു വിട്ടേക്കുവാണ് കണ്ടറിയണം അവൾ ആരുടെ കൂടെ ഇറങ്ങിപ്പോകുന്നുവെന്നു."

സത്യം മറ്റൊന്നാണ്. സോഷ്യൽ മീഡിയ പരിചയം വച്ചു ഇറങ്ങി പോയി വഞ്ചിതരാകുന്നതും മയക്കുമരുന്നിന്റെ പിടിയിലാകുന്നതുമൊക്കെ ഇങ്ങിനെ അഴിച്ചു വിടുന്ന പെണ്കുട്ടികൾ അല്ല. വീട്ടിൽ കെട്ടിയിട്ടു വളർത്തുന്ന കുട്ടികളാണ്. ഒരു നിമിഷം ആ കെട്ടുകൾ ഒന്ന് അയയുമ്പോൾ അവർ ഇതുപോലെ എന്തിലെങ്കിലും ചെന്നു പെടും. മറ്റുള്ളവരുടെ സംരക്ഷണത്തിൽ മാത്രം വളർന്നവർക്ക് വിശാലമായ ഈ ലോകത്തെ ചതിയും വഞ്ചനയുമൊന്നും തിരിച്ചറിയാനാകണമെന്നില്ല.

മതമില്ലാത്ത വിദ്യാഭ്യാസം

കല്ലേൻ പൊക്കുടന്റെ ആത്മകഥയിൽ നിന്ന്. 

"പുലയക്കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്‌കൂളിലെ ഏക മാഷ് ആയിരുന്നു പിടാരൻ മാഷ്. മാടായിക്കാവിൽ നിന്നാണ് പിടാരൻ മാഷിന്റെ വരവ്. 
കുന്നിൻപുറത്തു കോട്ടത്തിനടുത്തു ഒരു പാറക്കുളമുണ്ട്. സ്‌കൂളിൽ നിന്ന് തിരിച്ചു പോകുമ്പോൾ പിടാരൻ മാഷ് കുളിച്ചു ശുദ്ധി വരുത്തും. അങ്ങനെയല്ലാതെ അദ്ദേഹത്തിന് വീട്ടിൽ കയറാൻ പറ്റുന്ന ഒരു സാഹചര്യം അന്നില്ല. അക്ഷരം പഠിപ്പിച്ചിരുന്ന വാദ്ധ്യാരുടെ മനസ്സും സമൂഹത്തെ മൊത്തം ഗ്രഹിച്ചിരുന്ന ദുരാചാരങ്ങളിൽ നിന്ന് മുക്തമായിരുന്നില്ല"

ആചാരം ദുരാചാരം ഇത് തമ്മിൽ എന്താണ് വ്യത്യാസം? സമൂഹം പുരോഗമിക്കുന്നതിന്റെ ഫലമാണ് ആചാരങ്ങൾ ഓരോന്നായി ദുരാചാരം എന്ന കാറ്റഗറിയിലേക്ക് മാറ്റപ്പെടുന്നത്. ഇന്ന് ദുരാചാരം എന്നു വിളിക്കുന്ന പലതും ഒരു  അറുപത് എഴുപത് വർഷത്തിനപ്പുറം ആചാരമായിരുന്നു. ഇന്നല്ലെങ്കിൽ നാളെ എല്ലാ ആചാരങ്ങളും ദുരാചാരങ്ങളായി മാറ്റപ്പെടേണ്ടതുണ്ട്. 

ഇതിൽ ചിലത് സ്വാഭാവികമായി മതത്തിന്റെയോ ജാതിയുടെയോ ഉള്ളിൽ തന്നെ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഹിന്ദു വീടുകളിൽ നടക്കുന്ന മരണാനന്തര ചടങ്ങുകൾ. ഒരു പത്തു പതിനഞ്ചു വർഷം മുൻപ് ഉള്ളതുമായി തട്ടിച്ചു നോക്കിയാൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. മാറിയ ജീവിത രീതികൾക്കും ആൾക്കാരുടെ സൗകര്യത്തിനും അനുസരിച്ചു ചടങ്ങുകൾക്ക് രൂപാന്തരം ഉണ്ടാകുകയോ ഇല്ലാതാകുകയോ ചെയ്തിരിക്കുന്നു. അതിൽ ആർക്കും പരാതികളൊന്നുമില്ല. ചിലത് ഒഴിവാക്കിയത് കൊണ്ട് ആത്മാവ് ഗതി കിട്ടാതെ അലയുമെന്നും ആരും വിഷമിക്കുന്നില്ല. എന്നാൽ ഇതിൽ ഏതെങ്കിലും ഒന്ന് മാറ്റണം എന്നഭിപ്രായം പുറത്തു നിന്നാണ് ഉയർന്നു വന്നിരുന്നതെങ്കിൽ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി അതിനെ എതിർത്തേനെ.
അതാണ് മതത്തിന്റെ രീതി. അതിന്റെ നില നിൽപ്പിന് അത് ആവശ്യമാണ്.

നമ്മൾ എപ്പോഴും പ്രതീക്ഷ വയ്ക്കുന്നത് നാളത്തെ തലമുറയിലാണ്. അന്ധവിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നുമൊക്കെ എത്രത്തോളം മുക്തമാണോ അത് അത്രത്തോളം മെച്ചപ്പെട്ട സമൂഹമായിരിക്കും നമ്മുടേത്. വിദ്യാലയങ്ങളിൽ നിന്നാണ് നാളത്തെ തലമുറ പിറവിയെടുക്കുന്നത്. അതുകൊണ്ട്‌ തന്നെ  മതരഹിതമാകണം വിദ്യാലയങ്ങൾ. 

അവിടെ വിദ്യാഭ്യാസത്തിനെക്കാൾ പ്രാധാന്യം മതത്തിനോ ജാതിക്കോ ഉണ്ടാകരുത്. എന്നാൽ അതേ സമയം ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ജാതി മത വർണ്ണ ഭേദമന്യേ ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം കിട്ടേണ്ടതുമുണ്ട്. തീരുമാനം ഉണ്ടാകേണ്ടത് ഭരണഘടനയുടെ കാവൽ നായയായി അറിയപ്പെടുന്ന നീതിന്യായ കോടതികളിലാണ് തെരുവുകളിലല്ല.

ഓർമ്മ

വർഷം 2001. 
പോളിടെക്നിക് ഒന്നാം വർഷത്തെ പരീക്ഷയുടെ റിസൾട്ട് വന്നിരിക്കുന്നു. എഴുതിയ പരീക്ഷകളിൽ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം പൊട്ടി. പ്രതീക്ഷിച്ചതാണെങ്കിലും കൂടെയുള്ളവന്മാർക്കൊക്കെ സ്പ്ലികൾ അതിനേക്കാൾ കുറവാണെന്നു അറിഞ്ഞപ്പോൾ ഒരു സങ്കടം. അതിൽ കുത്തി നോവിക്കാനായിട്ടു ചിലവന്മാർ വന്നു "ഡെയ് നിനക്ക് ആ മറ്റേ സബ്ജക്ട് കൂടി കിട്ടിയില്ലേ ഡേ" എന്നൊക്കെ ചോദിക്കുന്നു. വീട്ടിൽ എത്തിയപ്പോൾ ചേച്ചിയുടെ വക വേറെ. ആകെ വിഷമിച്ചു മുറിയിൽ വന്നു കിടന്നു. എപ്പോഴോ വാങ്ങിയ ഒരു കാസറ്റ് എടുത്തു സ്റ്റീരിയോയിൽ പ്ളേ ചെയ്തു.

ദിൽ ഹൂം ഹൂം കരെ.. ഖബറായെ

പാനി പാനി രേ...

തുജ്സെ നരാസ് നഹി സിന്ദഗി..

ആ പാട്ടുകൾ ആദ്യമായി കേൾക്കുകയായിരുന്നു. അല്ലെങ്കിൽ മുൻപ് കേട്ടപ്പോൾ ഒന്നും ഞാനവ ശ്രദ്ധിച്ചിരുന്നില്ല. എന്റെ മനസ്സിലെ ദുഃഖം മുഴുവൻ ആ പാട്ടുകളിൽ ലയിച്ചു പുറത്തേക്ക് ഒഴുകാൻ തുടങ്ങി.. എത്രനേരം അങ്ങിനെ കിടന്നു എന്നറിയില്ല എത്ര തവണ കാസറ്റ് മറിച്ചും തിരിച്ചും ഇട്ടുവെന്നറിയില്ല. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ മനസ്സിന് എന്തോ ഒരു ആശ്വാസം തോന്നി. 

ചില സമയങ്ങളിൽ നാം കടുത്ത ദുഃഖത്തിൽ പെട്ട് പോകുമ്പോൾ ആരും സഹായിക്കാനില്ലാതെയാകുമ്പോൾ ഈ പ്രപഞ്ചം അതിനായി ആരെയെങ്കിലും കണ്ടെത്തും എന്നു പറയുന്നത് പോലെ അന്ന് ആ പാട്ടുകൾ ലതാ മങ്കേഷ്കറിന്റെ മധുര ശബ്ദത്തിൽ എന്നിൽ പ്രവർത്തിച്ചു. 

നമുക്ക് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതാവസാനം വരെ കഴിയുക എന്നതില്പരം മറ്റൊരു ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല. ഒരിക്കലും മറഞ്ഞു പോകാത്ത ഒത്തിരി പാട്ടുകൾ നമുക്ക് സമ്മാനിച്ചിട്ടു കാലയവനികയ്ക്കുള്ളിൽ മറയുന്ന വാനമ്പാടിക്ക്  ആദരാഞ്ജലികൾ 

പ്രൊ പ്പൊ സ ൽ


എഡോ.. നിനക്കവളെ അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ പോയി പറയരുതോ?

ക്യാന്റീനിൽ പരിപ്പുവട കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. അവൻ കുറച്ചു നാളായി ഒരു പെണ്ണിനെ വായിനോക്കുന്നു. ജൂനിയർ ആയി ഇവിടെത്തന്നെ പഠിക്കുന്ന ഒരു കുട്ടിയാണ്. ബസ് സ്റ്റോപ്പിൽ, ക്യാംപസിൽ, ലൈബ്രറിയിൽ ഒരിടത്തും ഇവൻ അവളെ ഒറ്റയ്ക്ക് വിടുന്നില്ല. പക്ഷെ അവളോട് ഒരു വാക്ക് ഇന്നേവരെ സംസാരിച്ചിട്ടില്ല. എല്ലാം കണ്ണു കൊണ്ടുള്ള കളിയാണ്. അവൾക്കും ഇവന്റെ ഉള്ളിലിരുപ്പ് ഇതിനോടകം മനസ്സിലായിക്കാണാനാണ് സാധ്യത.

നിനക്ക് ധൈര്യം ഇല്ലെങ്കിൽ ഞാൻ അവളുടെ കൂട്ടുകാരികളോട് ആരോടെങ്കിലും പറയാം അതുവഴി നമുക്ക് അവതരിപ്പിക്കാം. പറയട്ടെ? 
ഞാൻ ചോദിച്ചു.

വേണ്ട . അങ്ങിനെ എനിക്ക് വേണ്ടി ഒരുത്തനും അവളുടെ കൂട്ടുകാരിയോട് മുട്ടാൻ പോകണ്ട.

സംഗതി സത്യമായിരുന്നു അവളുടെ കൂടെ എപ്പോഴും നടക്കുന്ന ഒരു കുട്ടി ഉണ്ട്. എനിക്ക് അവളെ ഒരു നോട്ടം ഉണ്ടായിരുന്നു. 

പിന്നെ എന്ത് ചെയ്യാനാ നിന്റെ പ്ലാൻ?
കോഴ്സ് തീരും വരെ ഈ ഒലിപ്പിച്ചു നടക്കൽ മാത്രമേ ഉള്ളോ?

ഡാ നീ ഇത് എന്തറിഞ്ഞിട്ടാണ് പറയുന്നത് ഒലിപ്പീര്, വായ്നോട്ടം എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് എന്റെ ഈ പരിശുദ്ധ പ്രണയത്തെ ഇകഴ്ത്തുവാൻ  നോക്കുകയാണോ?
അതിലൊന്നും ഞാൻ വീഴില്ല.

അല്ല പിന്നെ പരിശുദ്ധ പ്രണയക്കാർ ഒക്കെ ഇങ്ങനെ ആയിരിക്കും അല്ലേ?
ഞങ്ങളൊക്കെ ഇതിനെ ധൈര്യം ഇല്ലായ്മ എന്നാണ് പറയുക. അവളുടെ മുന്നിൽ ചെന്ന് നിന്നാൽ നിന്റെ മുട്ടു വിറയ്ക്കും, തൊണ്ടയിലെ വെള്ളം വറ്റും അതല്ലേ യാഥാർത്ഥ്യം?

അതുതന്നെയാണെന്ന് വച്ചോ. നീ എന്തൊക്കെ മൂപ്പിച്ചാലും ഞാൻ അവളോട് പോയി പറയാൻ പോകുന്നില്ല. ഇത് ഇങ്ങിനെ കൊണ്ടു നടക്കുന്നത് ആണടെ രസം.
ഞാൻ ഇത് അവളോട് പറഞ്ഞു എന്നു തന്നെ കരുതുക. അവൾ ഒരു നോ ആണ് മറുപടി പറയുന്നതെങ്കിലോ. പിന്നെ എനിക്ക് അവളെ ഇപ്പോൾ നോക്കുന്ന അതേ രീതിയിൽ നോക്കാൻ കഴിയില്ല. ഇഷ്ടമില്ലെന്ന് പറഞ്ഞാൽ പിറകെ പോകാൻ എന്നെ കിട്ടില്ല.

അവൾ യെസ് പറഞ്ഞാലോ?
ഞാൻ ചോദിച്ചു.

നമ്മൾ ദിവസവും കാണുന്നതല്ലേടെ യെസ് പറഞ്ഞു കമിതാക്കളായി നടക്കുന്നവരുടെ കോപ്രായങ്ങൾ. 
അവളെ രാവിലെ വിളിക്കണം വൈകുന്നേരം വിളിക്കണം. കോളേജിൽ വന്നാലോ ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ പോയി അടുത്തിരിക്കണം. അല്ലെങ്കിൽ പിന്നെ പരാതി ആയി. പിണക്കമായി അടിപിടിയായി. ആഴ്ചയിൽ ഒരിക്കൽ എങ്കിലും പിണങ്ങാത്ത എത്ര ജോഡികൾ ഉണ്ടെടെ നമ്മുടെ ക്യാംപസിൽ.?

ഡെയ്. അത് പിന്നെ ഇതിന്റെ പാർട്ട് അല്ലേ? പിണക്കവും ഇണക്കവും ഒക്കെ ചേരുന്നതല്ലേ അളിയാ ഈ പ്രണയം?

പിന്നെ.. ഞാൻ അവളോട് പോയി ഫോട്ടോഗ്രാഫിയെ പറ്റിയും സിനിമയെപ്പറ്റിയും സംസാരിക്കുന്നു. അവൾക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലെങ്കിലും എനിക്ക് വിഷമമായാലോ എന്നു കരുതി അറിയുന്നതായി ഭാവിക്കുന്നു. 
അവൾ തിരിച്ചു ചെറുകഥകളിലെ സാഹിത്യം എന്നോട് പറയുന്നു. കവിത ചൊല്ലുന്നു. അതിലൊന്നും എനിക്ക് യാതൊരു താൽപര്യവുമില്ലെങ്കിലും ഇഷ്ടപ്പെടുന്നതായി ഞാൻ അഭിനയിക്കണം. ആകെ മൊത്തം ബോർ ആയിപ്പോകുമെടെ. 

എനിക്ക് അതിനൊന്നും വയ്യ. 
ഞാൻ ഇപ്പോൾ പ്രണയത്തിലാണ്. പിണക്കങ്ങൾ ഇല്ലാത്ത, പരാതികൾ ഇല്ലാത്ത, ശല്യമാകാത്ത പ്രണയം. 
എനിക്ക് പറയാനുള്ളതെല്ലാം ഞാൻ മനസ്സുകൊണ്ട് അവളോട് പറയുന്നുണ്ട്. അവളെ കാണുമ്പോഴെല്ലാം ഞാൻ ഒരു ആനന്ദം അനുഭവിക്കുന്നുണ്ട്. അവൾ അതൊക്കെ അറിഞ്ഞാലെന്ത്  അറിഞ്ഞില്ലെങ്കിലെന്ത്. എന്റെ സന്തോഷം എന്റെ ഉള്ളിലല്ലേ. 

ങേ... ബാ പോകാം. പരിപ്പുവട കഴിഞ്ഞു. നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഞാൻ എണീറ്റു.

മിക്കി


അച്ഛന്റെ മരണശേഷം ഞാനും അമ്മയും കൂടി കുടുംബ വീട്ടിൽ താമസിക്കുകയാണ്. 
ഏലി, പാറ്റ, പല്ലി തുടങ്ങി സർവ്വമാന ഭൂമിയുടെ അവകാശികളും കൂടി ഇപ്പോൾ ഞങ്ങളുടെ വീടിന്റെ അവകാശം പറഞ്ഞു വന്നിരിക്കുന്നു. തട്ടിൻ പുറത്തു നിന്നു ഏലികൾ താഴെയിറങ്ങി മുറിയിൽ പലയിടത്തും കാഷ്ഠിച്ചു വച്ചിരിക്കുന്നു. ഇങ്ങിനെ പോയാൽ ഞങ്ങൾക്ക് എലിപ്പനി പിടിക്കും എന്ന പേടിയായി. 

വിഷം വയ്ക്കാം അല്ലാതെ വേറെ നിവൃത്തിയില്ല അമ്മ പറഞ്ഞു.

ഞാൻ പറഞ്ഞു അതു വേണ്ട അത് ക്രൂരമാണ്. നമുക്ക് പ്രകൃതിയുടെ പ്രതിരോധം മതി.

അതെന്താടാ പ്രകൃതിയുടെ പ്രതിരോധം?

നമ്മൾ ഒരു പൂച്ചയെ വളർത്തുന്നു. പല്ലി പാറ്റ ഏലി സർവ്വതിനെയും അവൻ പിടിച്ചു തിന്നോളും.

അതൊന്നും വേണ്ട. അത് അടുക്കളയിൽ വച്ചുണ്ടാക്കി വച്ചിരിക്കുന്നതിൽ ഒക്കെ തലയിടും, മുടി പൊഴിച്ചിടും.

അതൊന്നും ഉണ്ടാകില്ല. നമുക്ക് അതിനെ നല്ല അനുസരണയുള്ള പൂച്ചയായി വളർത്താം.

അതൊക്കെ നടക്കുമോടാ. എന്തായാലും മീൻ ഉണ്ടാക്കി വച്ചാൽ പൂച്ച തലയിടും. ഉറപ്പ്.

അമ്മ നോക്കിക്കോ. ഞാൻ കാണിച്ചു തരാം.
എന്നു വെല്ലു വിളിച്ചു ഞാൻ ഒരു പൂച്ചക്കുട്ടിയെ തപ്പി നടപ്പായി.
ഒടുവിൽ അപ്പച്ചിയുടെ(അച്ഛന്റെ സഹോദരി) വീടിന്റെ പറമ്പിൽ പെറ്റു കിടന്ന പൂച്ചക്കുട്ടികളിൽ ഒന്നിനെ എടുത്തു ഞാൻ വീട്ടിൽ കൊണ്ടു വന്നു.

അമ്മ അതിനെ കണ്ടപ്പോഴേ പറഞ്ഞു.
ടാ അത് തീരെ ചെറിയ കുഞ്ഞാണ്. പാല്‌കുടി മാറിയിട്ടുണ്ടാകില്ല. ചത്തു പോകും.

ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം. 

ഞാൻ അതിനെ ഒരു കാർഡ് ബോഡ് പെട്ടിയിലാക്കി വീടിനുള്ളിൽത്തന്നെ അങ്ങിനെ അധികം ഉപയോഗിക്കാത്ത ഒരു മുറിയിൽ കൊണ്ട് വച്ചു. പുറത്തു വച്ചാൽ രാത്രിയിൽ പട്ടികൾ എങ്ങാനും വന്നു കടിച്ചു കൊന്നാലോ എന്നു പേടിയായിരുന്നു.
പാൽ കാച്ചി കുറേശ്ശേ തുണിയിൽ മുക്കി വായിൽ ഇറ്റിച്ചു കൊടുത്തു. ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശാൻ ഞാനുമായി ഇണങ്ങി. 

പക്ഷെ അവൻ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ മുറിയിലാണ്. അമ്മ തിരിഞ്ഞു നോക്കില്ല. അതെല്ലാം ഞാൻ നടന്നു കോരി. അപ്പി ഇടാനുള്ള കക്കൂസ് എന്ന രീതിയിൽ ഞാൻ മുറിയിൽ ഒരു മൂലയിൽ കുറച്ചു മണൽ കൊണ്ട് ഇട്ടു. അത് ഒരു വിജയമായിരുന്നു. അവൻ പിന്നെ കൃത്യമായി അവിടെപ്പോയി അപ്പി ഇട്ടിട്ട് മണൽ നീക്കിയിടും. ഞാൻ ആ മണൽ എടുത്തു കളഞ്ഞാൽ മതി. ഇതിനിടയിൽ ഞാനവന് ഒരു പേരും ഇട്ടു മിക്കി. 

ചേച്ചിയുടെ മക്കൾ വീട്ടിൽ വരുമ്പോൾ മിക്കിയുടെ കൂടെ കളിക്കും. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ മിക്കി മുറിക്ക് പുറത്തിറങ്ങി നടന്നു തുടങ്ങി. എങ്ങും പോകില്ല. വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും കാണും. ഇടയ്ക്കിടെ മിക്കി പാറ്റായെ കണ്ടു പുറകെ പോകും. അപ്പോൾ ഞാൻ പറയും നോക്കൂ അമ്മാ അവൻ ഇപ്പോൾ പറ്റായെ പിടിക്കും. 
അമ്മ നോക്കുമ്പോൾ പാറ്റയുടെ ചിറകിൽ തൊട്ടിട്ട് പേടിച്ച് തിരിഞ്ഞു ഓടുന്ന മിക്കി. 
ഞാൻ പറഞ്ഞു അതിപ്പോ അവൻ കുഞ്ഞല്ലേ കുറേക്കൂടി ആവട്ടെ. 
ഉം ഉം കുറേക്കൂടി ആകുമ്പോൾ അടുക്കളയിൽ കയറിയാൽ ഞാൻ അവന്റെ കാൽ അടിച്ചൊടിക്കും.

ഞാൻ പഠിക്കുമ്പോൾ മിക്കി കാലിന്റെ ഇടയിലൂടെ ഉരുമി നടക്കും. ഞാൻ എടുത്തു മടിയിൽ വയ്ക്കുമ്പോൾ വിരലിൽ വേദനിപ്പിക്കാതെ കടിക്കും.

മിക്കി വലുതായി. അവൻ എലികളെ പിടിക്കാൻ തട്ടിൻപുറത്തു കേറാൻ തുടങ്ങി. പാറ്റകളുടെയും പല്ലികളുടെയും പൊടി പോലും കാണാനില്ലാതെയായി. 

അമ്മ പേടിച്ചത് പോലെ അവൻ അടുക്കളയിൽ ഒന്നും കയറിയില്ല. മീൻ വേണമെന്നൊന്നും നിർബന്ധമില്ല. തിന്നാൻ കൊടുക്കുന്നത് കഴിച്ചു എന്റെ അടുത്തോ വീടിന് ചുറ്റുവട്ടത്തോ കാണും. ദേഹമാസകലം നക്കി വൃത്തിയാക്കി ഇളം വെയിൽ കൊണ്ട് മുറ്റത്തു കിടക്കും. മുറ്റത്തു ഒരു കോണിലായി നിറയെ മഞ്ഞ കോളാമ്പി പൂക്കൾ വിരിയുന്ന ഒരു മരമുണ്ടായിരുന്നു. അതിൽ ഉച്ച കഴിഞ്ഞാൽ പീണി കിളികൾ വന്നിരുന്നു ചിലയ്ക്കും. മിക്കി അവയെ പിടിക്കാൻ മരത്തിൽ ഓടി കയറും പരാജയപ്പെട്ട് തിരികെ വരും എന്നിട്ട് അതു മറയ്ക്കാൻ ഞാൻ അവയെ പിടിക്കാൻ പോയതല്ല ഓടിക്കാൻ പോയതാണ് എന്ന മട്ടിൽ എന്റെ കാലിൽ വന്നു ഉരുമി നിക്കും.

ഒരു വർഷം കഴിഞ്ഞു പെട്ടെന്ന് ഒരു ദിവസം മിക്കിക്കു വയ്യാതെയായി. ഒന്ന് രണ്ടു തവണ ഛർദ്ദിച്ചു. ആഹാരം ഒന്നും കഴിച്ചില്ല. അമ്മ ആരോടോ ചോദിച്ചിട്ട് എന്തൊക്കെയോ നാട്ടു മരുന്ന് കൊടുത്തു. എനിക്ക് അപ്പോൾ സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു. ഞാനും കാര്യമായി അവനെ ശ്രദ്ധിച്ചില്ല. രാത്രി നോക്കിയപ്പോൾ തീരെ വയ്യാതെ കിടക്കുന്നു.

അമ്മ പറഞ്ഞു. 
പൂച്ചകൾക്ക് അങ്ങിനെ അസുഖം ഒന്നും വരില്ലെടാ ഇത് എന്തോ വയറിന് പിടിക്കാത്തതാണ്. നീ കേട്ടിട്ടില്ലേ പൂച്ചയുടെ ജന്മം എന്നൊക്കെ പറയുന്നത്. നല്ല ആയുസ്സാണ് ഇവറ്റകൾക്ക്.

പക്ഷെ അമ്മയുടെ പ്രതീക്ഷ വെറുതെയായി. മിക്കി പിറ്റേന്ന് ചത്തുപോയി. വലിയ ദുഃഖമായിരുന്നു കുറേ ദിവസം. 
അമ്മ അയലത്തുള്ളവരോട് പറഞ്ഞു. അവൻ തീരെ കുഞ്ഞിലെ എടുത്തുകൊണ്ടു വന്നു മുറിയിൽ ഇട്ട് വളർത്തിയതാണ് എന്നിട്ട് നോക്കിക്കേ. ആരും ശ്രദ്ധിക്കാനില്ലാതെ എത്രയോ പൂച്ചകൾ വളരുന്നു അവയ്ക്കൊന്നും ഒരു കുഴപ്പവുമില്ല.