Thursday, December 30, 2010

പുതുവത്സരാശംസകള്‍..

മഞ്ഞു  വീണു  കിടന്നിരുന്ന  ആ  വഴിയിലൂടെ  ഞാന്‍  അയാളോടൊപ്പം  നടന്നു...... 
പലതും  സ്വന്തമാക്കണമെന്ന  വാശിയോടെയായിരുന്നു  നമ്മള്‍  ഈ  യാത്ര  തുടങ്ങിയത് .

പ്രിയപ്പെട്ട   കൂട്ടുകാരാ നമ്മുടെ  യാത്രയിതാ അവസാനിക്കാന്‍  പോകുന്നു....
ഇനി എന്റെ വഴികളില്‍ കൂട്ടായി നീ കാണില്ല .....
നീ  എനിക്ക്  നേടിത്തന്നതിനൊക്കെയും    നന്ദി ..
നഷ്ടപ്പെടലുകളെയോര്‍ത്തു  ഞാന്‍  ദുഖിക്കുന്നില്ല....   അത്  അനിവാര്യ മായിരുന്നിരിക്കണം...  

ലക്ഷ്യങ്ങള്‍  ഇനിയും  ബാക്കിയാണ്...
അല്ലെങ്കിലും  ഈ  ലക്ഷ്യങ്ങള്‍  ഇല്ലെങ്കില്‍  യാത്രകള്‍ക്കെന്തു   പ്രസക്തി.. ??


 ഞാന്‍  അയാളെ  കെട്ടിപ്പിടിച്ചു  അവസാനമായി ...
അയാളുടെ  ഹൃദയത്തിന്റെ  വിതുമ്പലുകള്‍  എനിക്ക്  കേള്‍ക്കാമായിരുന്നു ..
ഈ  യാത്ര  തുടങ്ങിയപ്പോള്‍  എന്നിലുണ്ടായിരുന്നത്  പലതും  എനിക്ക്  നഷ്ടപ്പെട്ടു.
നിനക്കതു  തടയുവാന്‍  ആകുമായിരുന്നില്ല ...
കാലത്തിന്റെ  കൈക്കുമ്പിളില്‍  യാത്ര  തുടരുന്ന  എന്റെ  അതിര്‍  വരമ്പുകള്‍  അവന്‍  നിശ്ചയിക്കുന്നു  .....

ഞാന്‍   അയാളെ  നോക്കി കൈ വീശി..അയാളുടെ  മുഖം  മൂടല്‍  മഞ്ഞില്‍  അവ്യക്തമായി  തുടങ്ങിയിരുന്നു  .....

പുതിയ വര്‍ഷം .... എന്നെ വരവേല്‍ക്കുവാനായി കാത്തു നില്‍ക്കുന്നു  ...............

Saturday, December 4, 2010

ഒരാള്‍ ...

എന്റെ വീട് ഒരു നാട്ടിന്‍ പുറത്തായിരുന്നു. വയലുകളും പുഴയും തെങ്ങിന്‍ തോപ്പുകളും ഏറെയുള്ള ഒരു സുന്ദരമായ പ്രദേശം . .
ഞങ്ങള്‍ക്ക് അവിടെ 85 സെന്റ് പുരയിടമുണ്ടായിരുന്നു . എന്റെ അച്ഛന് കൃഷിപ്പണിയില്‍ വല്യ താല്പര്യം ആയിരുന്നു.
 അച്ഛന്‍  K.S .R .T .C  യില്‍ ഡ്രൈവര്‍ ആയിരുന്നു .
ഇന്നു ഡ്യൂട്ടി ഉണ്ടെങ്കില്‍ നാളെ ഓഫ്‌ ആയിരിക്കും അതായതു ഒരാഴ്ചയില്‍ മൂന്നു ദിവസം മാത്രമേ അച്ഛന് ജോലിക്ക് പോകേണ്ടി വന്നിരുന്നുള്ളൂ ...
ബാക്കി കിട്ടുന്ന ദിവസങ്ങള്‍ അച്ഛന്‍ കൃഷിക്കായി മാറ്റി വച്ചു.

അതുകൊണ്ട് തന്നെ മിക്കവാറുമുള്ള എല്ലാ വിളകളും ഞങ്ങളുടെ പുരയിടത്തില്‍ അച്ഛന്‍ വിളയിഛെടുത്തിരുന്നു . 
ഞങ്ങള്‍ക്ക്  32 മൂട് കായ്ക്കുന്ന തെങ്ങ് ഉണ്ടായിരുന്നു .
അവിടെ സ്ഥിരമായി തേങ്ങ ഇടുവാന്‍ വരാറുള്ളത് കൃഷ്ണന്‍ എന്ന് പേരുള്ള ഒരു മധ്യവയസ്കന്‍ ആയിരുന്നു .
അയാള്‍ക്ക് സ്വന്തക്കാരെന്നു പറയുവാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല..

തെങ്ങ് കയറി കിട്ടുന്ന പണം കൊണ്ട് മൂക്കറ്റം കുടിക്കും..
ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്തുള്ള വയലില്‍ ഒരു  മാടം കെട്ടി അതിലായിരുന്നു അയാള്‍ ഉറങ്ങിയിരുന്നത്. എല്ലാ ദിവസവും രാത്രി ഏകദേശം 9 മണിയാകുമ്പോള്‍ ആരോടെന്നില്ലാതെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് കൃഷ്ണന്‍ പോകുന്നത് ഞാന്‍ അച്ഛന്റെ മടിയിലിരുന്നുകൊണ്ട് കാണാറുണ്ടായിരുന്നു..
കിഷന്‍ മാമന്‍ എന്നാണ് ഞാന്‍ അയാളെ വിളിച്ചിരുന്നത്‌.


ഒരിക്കല്‍ അമ്മ അയാളെപ്പറ്റി ആരോടോ പറയുന്നത് ഞാന്‍ കേട്ടു.

".. ആ കൃഷ്ണന് ആരുമില്ല ഭാര്യയും മക്കളും അച്ഛനും അമ്മയും സഹോദരങ്ങളും ഒന്നുമില്ല ...
ഒന്ന് പനി പിടിച്ചു കിടന്നാലോ ചെറിയൊരു അപകടം പറ്റിയാലോ അയാളെ ശുശ്രുഷിക്കുവാന്‍   ഒരാളും കാണില്ല..
നല്ല പ്രായത്തില്‍ ഒരു വിവാഹം കഴിച്ചിരുന്നെങ്കില്‍ അയാള്ക്ക് ഈ ഗതി വരില്ലായിരുന്നു....
ഒരാണിനു  പെണ്ണിന്റെ തുണ ആവശ്യമാണ് അതുപോലെ തിരിച്ചും ജീവിതാവസാനം വരെ ....
ഈ കൃഷ്ണന് ഒരിക്കല്‍ വയസ്സാകും, തേങ്ങയിടുവാന്‍ കഴിയാതാകും അപ്പോള്‍ ആരാണ് അയാള്‍ക്ക് ആഹാരം കൊടുക്കുക ..?
ഭാര്യയെപ്പോലെ ഒരാണിനെ  നോക്കുവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല...!!"

ഇതൊക്കെ കേട്ട് ഭാവിയില്‍ കൃഷ്ണന് ഉണ്ടാകാന്‍ പോകുന്ന ദുരവസ്ഥയെക്കുറിച്ചോര്‍ത്തു  ഞാന്‍ വിഷമിക്കുമായിരുന്നു..
കാലങ്ങള്‍ കടന്നു പോയി ..
ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ എന്നെ പട്ടണത്തിലുള്ള ഒരു സ്കൂളില്‍ ചേര്‍ത്ത് അവിടെ ബോര്‍ഡിങ്ങില്‍ ആക്കി  ...


ഒരിക്കല്‍ ഒരു മധ്യവേനല്‍ അവധിക്കു ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു നിന്റെ കിഷന്‍ മാമന്‍ മരിച്ചു പോയി...
കഴിഞ്ഞയാഴ്ച, തെങ്ങില്‍ നിന്ന് വീണിട്ടായിരുന്നു മരണം.
വീഴ്ചയില്‍ നട്ടെല്ല് പൊട്ടി... വേദന സഹിക്കാന്‍ വയ്യാതെ പാവം കുറച്ചു നേരം കഷ്ട്ടപ്പെട്ടിട്ടാണ് മരിച്ചത്...

ഞാന്‍ ആലോചിച്ചു അയാള്‍ക്ക് ഒരു തുണ ആവശ്യമുണ്ടായിരുന്നോ ...?!!

Saturday, November 27, 2010

ഒരു സ്വപ്നം

ഡിസംബറിലെ ഒരു തണുത്ത രാത്രിയായിരുന്നു അന്ന് . ഒന്‍പതു മണി വരെ എനിക്ക് സ്പെഷ്യല്‍ ടൂഷ്യന്‍   ഉണ്ടായിരുന്നു.  അത് കഴിഞ്ഞു സൈക്കിളില്‍ ഞാന്‍ വീട്ടിലേക്കു  വരുകയായിരുന്നു. വയല്‍ വരമ്പിലൂടെ ആയിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്‌ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍ വയലുകള്‍ ..
ദൂരെയായി ഒന്നു രണ്ടു വീടുകളില്‍ ചെറിയ വെളിച്ചം കാണുന്നുണ്ടായിരുന്നു . ആകാശത്ത് ചന്ദ്രന്‍ പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ നില്‍ക്കുന്നു. നിലാ വെളിച്ചം തെങ്ങോലകള്‍ക്കിടയിലൂടെ കാണുവാന്‍ നല്ല ഭംഗിയായിരുന്നു .  ദൂരെയെവിടെയോ പൂത്ത പാലപ്പൂവിന്റെ ഗന്ധം ഒഴുകിയെത്തുന്നുണ്ടായിരുന്നു .

പെട്ടെന്ന് പുകമഞ്ഞു പോലെ എന്തോ ഒന്ന് പടരുന്നതായി തോന്നി. അതിനു കട്ടി കൂടി കൂടി വന്നു . എനിക്ക് തൊട്ടടുത്തുള്ള വസ്തുക്കളെപ്പോലും കാണാന്‍ പറ്റാത്ത അവസ്ഥയായി . ഞാന്‍ സൈക്കിളില്‍ നിന്നുമിറങ്ങി ഉരുട്ടികൊണ്ടുപോകുവാന്‍ തീരുമാനിച്ചു. കുറച്ചു കൂടി മുന്‍പോട്ടു ചെന്നപ്പോള്‍ മഞ്ഞിലൂടെ ഒരു രൂപം എന്റെ അടുത്തേക്ക് വരുന്നതായി തോന്നി. അതൊരു പെണ്‍കുട്ടി ആയിരുന്നു അവളുടെ മുടി അഴിഞ്ഞു കിടന്നിരുന്നു  ശുഭ്ര വസ്ത്രമായിരുന്നു അവള്‍ ധരിച്ചിരുന്നത് . തൊട്ടടുതെത്തിയപ്പോള്‍ മാത്രമാണ് എനിക്കവളെ നന്നായി കാണുവാന്‍ കഴിഞ്ഞത്. അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു, ചുണ്ടുകള്‍ ആപ്പിളിനേക്കാള്‍  തുടുത്തതായിരുന്നു,  അവളുടെ കൈകള്‍ വെളുത്തതായിരുന്നു .. അവള്‍ എന്റെ കയ്യില്‍ പിടിച്ചു, തണുത്ത വിരലുകള്‍...

കഥകളില്‍ മാത്രം കേട്ടിട്ടുള്ള ഒരു യക്ഷിയായിരിക്കും ഇവള്‍. ഞാന്‍ വിചാരിച്ചു . പക്ഷെ എനിക്ക് അവിടെ നിന്ന് അനങ്ങുവാനോ നിലവിളിക്കുവാനോ  കഴിഞ്ഞില്ല . അവള്‍ എന്റെ നെറുകയിലൂടെ വിരലോടിച്ചു. പാലപ്പൂവിന്റെ ഗന്ധം രൂക്ഷമായി ..എന്റെ ചുറ്റുപാടുമുള്ള ഒരു വസ്തുവിനെയും എനിക്കപ്പോള്‍  കാണുവാന്‍ കഴിഞ്ഞില്ല. നിലാവെളിച്ചം അപ്പോഴും ഞങ്ങളുടെ ഇടയില്‍ വീഴുന്നുണ്ടായിരുന്നു. ഞാന്‍ ആകാശത്തിലേക്ക് ഉയരുകയായിരുന്നു. മേഖങ്ങളുടെ വളരെയടുത്ത്‌ വരെ ഞാന്‍ എത്തി കണ്ണുകള്‍ അടഞ്ഞുപോയി....

സ്വാഗതം

അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി ... എല്ലാവര്ക്കും എന്റെ ബ്ലോഗിലേക്ക് സ്വാഗതം  !!