Tuesday, February 13, 2024

Ai യും സാഹിത്യ ഭാവനയും

കഴിഞ്ഞദിവസം മാതൃഭൂമി ഫെസ്റ്റിവലിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാഹിത്യ ഭാവനയെ  എങ്ങനെ ബാധിക്കും എന്നൊരു ചർച്ചയുണ്ടായിരുന്നു. രസകരമായ ഒരു ചർച്ചയായിരുന്നു അത്.


ചാറ്റ് gpt പോലുള്ള ai ആപ്പുകൾ ഉപയോഗിച്ച് സൃഷ്ടി നടത്തുമ്പോൾ അതിനെ ഏത് രീതിയിൽ കാണണം എന്നുള്ളതാണ് പ്രധാന വിഷയം. ചർച്ചയിൽ പങ്കെടുത്ത ഡോ. അച്യുത് ശങ്കർ പറഞ്ഞ ഒരു അഭിപ്രായം ഞാൻ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരു സാഹിത്യ സൃഷ്ടി രണ്ട് രീതിയിലാണ് നമുക്ക് അനുഭൂതി നൽകുന്നത്, സൃഷ്ടിയിലും  ആസ്വാദനത്തിലും. ഇതിൽ സൃഷ്ടി മെഷീൻ ഏറ്റെടുത്താൽ ആസ്വാദനം എന്ന ഭാഗം നമ്മൾ മനുഷ്യർക്ക് തന്നെയാണ്. ആസ്വാദനത്തിലൂടെ ലഭിക്കുന്ന അനുഭൂതിക്ക് മനുഷ്യൻ സൃഷ്ടിച്ചാലും മെഷീൻ സൃഷ്ടിച്ചാലും വലിയ മാറ്റം ഒന്നും വരാൻ പോകുന്നില്ല. മനുഷ്യനോടൊപ്പം മെഷീൻ കൂടി സാഹിത്യ സൃഷ്ടികളുടെ രംഗത്തേക്ക് കടന്നു വരുന്നു എന്ന് കരുതിയാൽ മാത്രം മതി. 


ഓളം നിഘണ്ടുവിൻ്റെ ഫൗണ്ടർ ആയ കൈലാഷ് നാഥ് അഭിപ്രായപ്പെട്ടത് ai ആപ്പുകൾ എല്ലാം തന്നെ അതിന്റെ നിർമ്മാതാക്കളുടെ പ്രത്യേക താൽപര്യങ്ങൾക്ക് കൂടി ബന്ധിതമായാണ് പ്രവർത്തിക്കുന്നത് എന്നതാണ്. നമ്മൾ അവയെ ആശ്രയിക്കുമ്പോൾ ആ താല്പര്യങ്ങളും നമ്മുടെ സൃഷ്ടികളെ ബാധിക്കാനുള്ള സാധ്യത ഉണ്ട്. അത് വളരെ പ്രസക്തമായ ഒരു കാര്യമായി തോന്നി. 


ഇപ്പൊൾ തന്നെ പലരും കഥകളും കവിതകളും എഴുതാൻ ai സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കിട്ടുന്ന ഔട്ട്പുട്ട് പൂർണമല്ലെങ്കിൽ അൽപ സ്വൽപം തിരുത്തലുകൾ വരുത്തി അത് പൂർണ്ണമാക്കുവാൻ ഒരാൾക്ക് സാധിക്കും. ഇത്തരം സൃഷ്ടികൾ തിരിച്ചറിയാൻ നിലവിൽ യാതൊരു മാർഗവുമില്ല. അവർ തന്നെ അത് വെളിപ്പെടുത്തിയാൽ മാത്രമേ നമുക്കത് അറിയാൻ കഴിയൂ. ജപ്പാനിൽ ഒരു സാഹിത്യകാരൻ തന്റെ സൃഷ്ടിക്ക് അവാർഡ് നേടിയതിനു ശേഷം അതിൻറെ രചനാ സമയത്ത് അയാൾ ai ടൂളുകളെ ആശ്രയിച്ചിരുന്നു എന്നുള്ളത് വെളിപ്പെടുത്തിയിരുന്നു.


നിലവിൽ നമുക്ക് വേണമെങ്കിൽ ഒരു കഥ എഴുതാൻ പൂർണ്ണമായി ai യെ ആശ്രയിക്കാം. എന്നാൽ ആ സൃഷ്ടി നടത്തുമ്പോൾ കിട്ടുന്ന ആനന്ദം, അതിനും കൂടി വേണ്ടിയാണ് കഥകാരൻമാർ കഥ എഴുതുന്നത്,  അത് ai യെ ആശ്രയിക്കുമ്പോൾ കിട്ടില്ല എന്നുള്ളതാണ്. കഥ എഴുത്തിനുള്ള ഒരു ത്രെഡ് കിട്ടിക്കഴിഞ്ഞാൽ അത് കഥയായി രൂപാന്തരം പ്രാപിക്കുന്നത് വരെ പ്രസവ വേദന പോലെയുള്ള ഒരു വേദനയാണ് ഉള്ളിൽ അനുഭവപ്പെടുന്നതെന്ന് സാഹിത്യകാരന്മാർ പറയാറുണ്ട്.


ചർച്ച കേട്ടിട്ട് എനിക്കു തോന്നിയ ഒരു ആശങ്ക പങ്ക് വെയ്ക്കാം. ഒരു മെഷീനെ ആശ്രയിച്ച് കഥയോ കവിതയോ എഴുതുമ്പോൾ അത് അയാൾ സാധാരണ എഴുതുന്നതിൽ കൂടുതൽ സ്വീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്താൽ അയാൾ പിന്നീട് ഈ രീതി തുടരുകയും അയാളുടെ സർഗാത്മ ശേഷി കാലക്രമേണ ശോഷിക്കപ്പെടുകയും ചെയ്യുമോ എന്നുള്ളതാണ്. 


സ്വന്തമായി എഴുതുന്ന ആൾക്കാർക്ക് ഇത്തരത്തിൽ മെഷീനെ കൊണ്ട് എഴുതിക്കുന്നവർ ഒരു വെല്ലുവിളി ആകുകയും ചെയ്താൽ ഭാവിയിൽ മെഷീനെ ആശ്രയിച്ചു മാത്രം കഥയും കവിതയും എഴുതുന്ന സ്ഥിതിവിശേഷം ഉണ്ടാകുമോ എന്നുള്ളതുമാണ്.


അങ്ങനെ ഉണ്ടായാൽ കൈലേഷ് പറഞ്ഞതുപോലെ നിർമാതാക്കളുടെ ഇച്ഛാനുസരണം സാഹിത്യ സൃഷ്ടികൾ നിർമ്മിക്കുന്ന, അത് മാത്രം ആസ്വദിക്കുന്ന മനുഷ്യരായി നമ്മൾ മാറിപ്പോകും. 


Thursday, February 9, 2023

വാണി ജയറാം ഓർമ്മക്കുറിപ്പ്

ഒരു കാലത്ത് നമുക്ക് എത്രയും വേണ്ടപ്പെട്ട ഒരാൾ. എപ്പോഴോ പിരിഞ്ഞു പോയ, മനസ്സിൽ ഒരു ഓർമയായി മാത്രം അവശേഷിക്കുന്ന ഒരാൾ..

ഏതോ ജന്മ കൽപനയിൽ...

ഈ പാട്ട് കേൾക്കുമ്പോൾ അയാൾ മനസ്സിലേക്ക് തിരികെ വരും. ഇനി എന്നെങ്കിലും, ഏതെങ്കിലും ഒരു ജന്മത്തിൽ, അയാളോടൊപ്പം പണ്ടെപ്പോഴോ ആസ്വദിച്ച നിമിഷങ്ങളിലേക്ക് ഒരിക്കൽ കൂടി  പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കും. ഒരിക്കലും അത് സംഭവിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് അത് ഏറ്റവും ഹൃദ്യമായി  അനുഭവപ്പെടും.

പ്രണയാതുരമായ ഈ പാട്ടിൻ്റെ വരികൾ എഴുതുമ്പോൾ പൂവച്ചൽ ഖാദർ ആ ഓർമ്മകളിലൂടെ കടന്നു പോയിട്ടുണ്ടാകും. അത് മനസ്സിലേക്ക് എടുത്ത് പാട്ടിന് ശബ്ദം നൽകിയപ്പോൾ വാണി ജയറാം അത് അനുഭവിച്ചിട്ടുണ്ടാകും.

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ.... നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാം ഒഴുകുന്നു... നിഴൽ തീർക്കും ദ്വീപിൽ

പ്രണയത്തിന്റെ നോവും നൊമ്പരവും സുഖവും കണ്ണുകളിലൂടെ അറിയാത്ത ആരാണ് ഉണ്ടാകുക. ഇഷ്ടപ്പെട്ട പെൺകുട്ടിയെ കാണുമ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങാത്ത ഏത് കാമുകനാണ് ഉണ്ടാകുക.
പ്രണയം ഏറ്റവും മനോഹരമായിരിക്കുന്നത് നമ്മുടെ സങ്കൽപ്പങ്ങളിലാണ് എന്ന്  എവിടെയോ വായിച്ചത് ഓർക്കുന്നു. ഇതുപോലുള്ള പാട്ടുകൾ ആ ഭാവനകൾക്ക് ജീവൻ നൽകുന്നു.

അനശ്വര ഗായിക ഈ ലോകം വിട്ട് പോയെങ്കിലും ഗാനങ്ങളിലൂടെ അവരുടെ ശബ്ദം  നമ്മളെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കും എക്കാലവും.
ആദരാഞ്ജലികൾ

Saturday, November 5, 2022

ഒരു രൂപയുടെ പടക്കം

ദീപാവലി ഞങ്ങളുടെ നാട്ടിൽ വലിയ ആഘോഷമാണ്. പടക്കം കുടിൽ വ്യവസായമായി ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ അവിടെയുണ്ട് എന്നതാണ് കാരണം. കുട്ടികൾക്ക് കുറഞ്ഞ വിലയിൽ ധാരാളം പടക്കം കിട്ടും. അതുപോലെ മുതിർന്നവർ കുറച്ചു പണം ഉണ്ടാക്കുന്നതും ഈ ദീപാവലി സമയത്താണ്. വളരെ ദൂരെ നിന്നുപോലും ആളുകൾ ഇവിടെ പടക്കം വാങ്ങാൻ വരും. പടക്കം ഉണ്ടാക്കാൻ ലൈസൻസ് ഉള്ളവരെ ആശാന്മാർ എന്നാണ് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ ആശാന്മാർ തിരുവനന്തപുരം സിറ്റിക്കുള്ളിൽ പോലും പ്രസിദ്ധരാണ്.

പടക്കം ഉണ്ടാക്കുന്നതിനെ പടക്കം കെട്ടുക എന്നാണ് പറയുക. പടക്കം കെട്ടുന്നതിന് ഒരു രീതിയൊക്കെയുണ്ട്. കുറച്ചു വെടിമരുന്ന് ഉള്ളിൽ വച്ച്, തിരിയുമിട്ട്, പുറത്തു പേപ്പർ കൊണ്ട് പൊതിഞ്ഞാൽ പടക്കം ആകില്ല. അത് ചീറ്റി പോകുകയേ ഉള്ളൂ. അത് ചെയ്തു ശീലിച്ചു ഉണ്ടാക്കേണ്ട ഒരു കഴിവാണ്. മരുന്നിൻ്റെ അളവ്, കെട്ടിൻ്റെ മുറുക്കം അങ്ങിനെ എല്ലാത്തിനും ഒരു കണക്കുണ്ട്.
ഒന്ന് ഉയർത്തി താഴേക്ക് ഇട്ടാൽ പോലും പൊട്ടുന്ന ഏറു പടക്കം ഉണ്ടാക്കുന്നവരാണ്  എക്സ്പെർട്ടുകൾ. എന്റെ കുട്ടിക്കാലത്ത് അങ്ങിനെ കുറച്ച് ചേട്ടന്മാർ നാട്ടിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. പടക്കം ഉണ്ടാക്കുന്നതിനിടയിൽ അപകടം പറ്റിയവരും ധാരാളം. അതൊക്കെ നാട്ട് വിശേഷം ഇനി എന്റെ കാര്യത്തിലേക്ക് വരാം.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരു ദീപാവലി. എല്ലാ ദീപാവലിക്കും അച്ഛൻ പടക്കമൊക്കെ വാങ്ങിക്കൊണ്ട് വരും പക്ഷെ തലേദിവസം വൈകുന്നേരം മാത്രമേ വാങ്ങുകയുള്ളൂ. ദീപാവലിയുടെ തലേദിവസമാണല്ലോ പടക്കം പൊട്ടിക്കൽ. നേരത്തെ വാങ്ങി വച്ചിരുന്നാൽ ഞാൻ ദീപാവലിക്ക് മുൻപേ അതൊക്കെ കത്തിക്കണമെന്ന് വാശി പിടിക്കുമെന്ന് കരുതിയിട്ടാവും. പിന്നെ പടക്കം എന്ന് പറഞ്ഞെങ്കിലും പൊട്ടുന്ന പടക്കം ഒന്നും അച്ഛൻ അങ്ങിനെ വാങ്ങാറില്ല. കമ്പിത്തിരി, തറച്ചക്രം പോലുള്ള കളർ ഐറ്റംസ് ആണ് വാങ്ങിക്കൊണ്ട് വരുന്നത്. പൊട്ടുന്ന പടക്കങ്ങൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അപ്പോഴൊക്കെ  വലുതായിട്ടേ അതൊക്കെ ഉള്ളൂ ഇപ്പോൾ അപകടമാണ് എന്ന് പറഞ്ഞു അച്ഛൻ എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടും. 

അന്ന് അഞ്ചു പൈസയാണ് ഒരു പേപ്പർ പടക്കത്തിന്റെ വില. പത്ത് പൈസയ്ക്ക് ഏറ്റവും ചെറിയ ഓലപ്പടക്കം കിട്ടും. ഒരു രൂപയ്ക്ക് പടക്കം വാങ്ങിയാൽ എൻ്റെ സന്തോഷത്തിന് അത് ധാരാളം. അത്തവണത്തെ ദീപാവലിക്ക് എന്തായാലും കുറച്ചു പൊട്ടുന്ന പടക്കങ്ങൾ വേണമെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞിരുന്നു. മനസ്സില്ലാ മനസ്സോടെ അവസാനം അച്ഛൻ അത് സമ്മതിച്ചു.

വൈകുന്നേരം അച്ഛൻ പുറത്തു പോയി. ഞാൻ വഴിയിലേക്ക് നോക്കി അച്ഛൻ തിരികെ വരുന്നതും കാത്ത് ഇരുന്നു. അടുത്തുള്ള വീടുകളിലൊക്കെ സന്ധ്യ മയങ്ങുമ്പോൾ പടക്കം പൊട്ടിക്കൽ തുടങ്ങി. പൊട്ടാസും തോക്കും നേരത്തെ കിട്ടുന്നതിനാൽ അത് വച്ച് ഞാൻ അവർക്കൊക്കെ മറുപടി കൊടുത്തു. ഇടയ്ക്ക് വലിയ വെടി പൊട്ടുമ്പോൾ അവിടെപ്പോയി ഒന്ന് എത്തിനോക്കിയിട്ട് വീണ്ടും കാത്തിരിപ്പ് തുടർന്നു. 

ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിൻ പുറത്ത് ആയിരുന്നു. ദൂരെ ഇട വഴിയിലൂടെ ആൾക്കാർ വരുമ്പോഴേ ടോർച്ചിന്റെ വെട്ടം കാണാം. ഓരോ വെട്ടവും പ്രതീക്ഷയാണ്, അത്  ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നുണ്ടോയെന്ന് ഞാൻ ആകാംക്ഷയോടെ നോക്കും.

രാജമാണിക്യത്തിൽ പറയുന്നത് പോലെ അന്നൊക്കെ ടോർച്ചിന്റെ വെട്ടം വച്ച് ആളെ തിരിച്ചറിയുന്ന ഒരു കഴിവ് ഉണ്ടായിരുന്നു ഞങ്ങൾക്കൊക്കെ കേട്ടോടാ ന്യുജൻ പിള്ളേരേ.

അന്ന് ഞാൻ എത്ര കാത്തിരുന്നിട്ടും അച്ഛനെ കണ്ടില്ല. സാധാരണ ഒരു ഏഴു മണി കഴിയുമ്പോൾ എത്തുന്നതാണ്. ഏഴു മണിയായി, ഏഴരയായി, എട്ടായി അച്ഛനെ കാണുന്നില്ല. മൊബൈലും കുന്തവും ഒന്നുമില്ലല്ലോ വിളിച്ചു ചോദിയ്ക്കാൻ. കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ കരച്ചിലായി. അമ്മ പലതും പറഞ്ഞു നോക്കി. ഞാൻ കരച്ചിൽ നിർത്തിയതേയില്ല. ഒടുവിൽ അമ്മ അടുത്ത വീട്ടിലെ ആർക്കോ കുറച്ചു പൈസ കൊടുത്തു വിട്ടു  പടക്കം വാങ്ങിക്കൊണ്ട് വരാൻ. അങ്ങിനെ കുറച്ചു നേരത്തേക്ക് കരയാതെ ഇരുന്നു. എന്നാൽ അയാളും വെറും കയ്യോടെ മടങ്ങി വന്നു. എല്ലാ കടകളിലും പടക്കമൊക്കെ തീർന്നുപോയത്രെ. അത് സത്യമായിരുന്നോ എന്തോ അറിയില്ല.

ഞാൻ വീണ്ടും കരച്ചിൽ തുടങ്ങി. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി. അപ്പോഴാണ് അച്ഛന്റെ വരവ്. അച്ഛനെക്കണ്ടു ഞാൻ ചാടി എഴുന്നേറ്റു കയ്യിലേക്ക് നോക്കി. പൊതി വലുതോ ചെറുതോ. 
അത് അച്ഛന്റെ മൂഡ് പോലെയാണ് ചിലപ്പോൾ കുറച്ചധികം കിട്ടും ചിലപ്പോൾ പേരിന് എന്തെങ്കിലും കുറച്ചു മാത്രം. അന്ന് കാര്യമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊതി. തുറന്നപ്പോൾ കുറച്ചു കമ്പിത്തിരിയും രണ്ടു മൂന്നു തറച്ചക്രവും ഒരു മത്താപ്പും. 
പടക്കമില്ല. 
വീണ്ടുമൊരു കരച്ചിൽ എന്റെ ഉള്ളിൽ നിറഞ്ഞു. ഏതായാലും കിട്ടിയത് കത്തിച്ചിട്ട് ആകാം എന്ന് കരുതി ഞാൻ അത് തൽക്കാലത്തേക്ക് ഒതുക്കി.

മത്താപ്പ് വലിയ ഇഷ്ടമാണ്. കമ്പിത്തിരി കത്തിച്ചു എന്റെ കയ്യിൽ തന്നു. തറച്ചക്രവും മത്താപ്പും അച്ഛനാണ് കത്തിച്ചത്. കമ്പിത്തിരി വച്ച് മത്താപ്പ് കത്തിക്കുന്ന പരിപാടി ഒന്നും അച്ഛനില്ല. പേപ്പർ ചുരുട്ടി കത്തിക്കും. രണ്ടോ മൂന്നോ തവണ ശ്രമിച്ചു. ഞാൻ ആകാംക്ഷയോടെ നോക്കി ഉമ്മറപ്പടിയിൽ ഇരിക്കുകയാണ്. പക്ഷെ അത് കത്തിയില്ല. തണുത്ത് പോയതാവും. ഒടുവിൽ അച്ഛൻ ഒരു ദാക്ഷണ്യവുമില്ലാതെ അതെടുത്തു ദൂരെ പറമ്പിലേക്ക് എറിഞ്ഞു. അവിടെ വച്ചിട്ട് പോയാൽ ഞാൻ ആരും കാണാതെ എടുത്തു കത്തിച്ചു നോക്കുമെന്ന് അറിയാം.

അതോടെ ദീപാവലി തീർന്നു. പടക്കവുമില്ല. ഉണ്ടായിരുന്ന മത്താപ്പ് കത്തിയതുമില്ല. ആകെ ഡെസ്പ്. അന്ന് ഞാൻ ഒരു ശപഥം ചെയ്തു അടുത്ത ദീപാവലിക്ക് ഏത് വിധേനെയും അച്ഛൻ അറിയാതെ കുറച്ചു പടക്കം വാങ്ങും. എന്റെ വിഷമത്തിൽ പങ്ക് ചേർന്ന് അമ്മയും ചേച്ചിയും അതിൽ ഒപ്പ് വച്ചു. ഈ ശപഥം പിന്നീട് ഉള്ള വർഷങ്ങളിൽ  ഒരുപാട് ആശാന്മാർക്ക് പണം ഉണ്ടാക്കി കൊടുത്തു എന്നത് ചരിത്രം.

എന്തുകൊണ്ടാണ് അച്ഛൻ അന്ന് അങ്ങിനെ ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോൾ എൻ്റെ മോള് പലതിനും വാശി പിടിക്കുമ്പോൾ, പലതും ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും, ചിലപ്പോഴൊന്നും അതിന് കഴിയാറില്ല. നമ്മുടെ തിരക്കുകൾ, നമ്മുടെ മാനസിക നില ഇതൊക്കെ കുട്ടികളോട് ഇടപെടുമ്പോൾ നമ്മളെ ബാധിക്കും. എന്നാൽ അതൊന്നും മനസ്സിലാകുന്ന പ്രായത്തിലല്ല അവർ. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുഃഖങ്ങൾ  അവരുടെ ഉള്ളിൽ ഇതുപോലെ ഒരിക്കലും മായാതെ പതിഞ്ഞു കിടക്കും.


Tuesday, October 18, 2022

മരീചിക





മഴയില്ലാത്ത മഞ്ഞു മൂടിക്കിടക്കുന്ന പല്ലാവൂരിലെ ഒരു പ്രഭാതം. അയാൾ കൃത്യം ആറു മണിക്ക് എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ട്രാക് സ്യൂട്ടും ഷൂസുമിട്ട് അയാൾ പുറത്തേക്കിറങ്ങി. ഇടവഴികളിലൂടെ നടന്നു. വഴികളിൽ നിറയെ കരിയിലകൾ. നടന്നെത്തിയത് ഒരു കൊച്ചു പുഴയുടെ തീരത്താണ്. അയാൾ അതിന്റെ വശത്തുള്ള ചെറിയ വരമ്പിലൂടെ നടത്തം തുടര്‍ന്നു. പുഴയിലേക്ക് നോക്കിയപ്പോൾ ഓളങ്ങളിൽ തട്ടി സൂര്യൻ കണ്ണുകളിലേക്ക്  പ്രതിഫലിച്ചു. വെള്ളത്തിൽ മാനത്തു കണ്ണികൾ നീന്തിത്തുടിക്കുന്നു.
 
ഇവയ്ക്ക് ക്ഷീണിക്കില്ലേ എപ്പോഴും ഇങ്ങിനെ വെള്ളത്തിൽ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നാൽ? 
കുട്ടിക്കാലത്ത് തോന്നിയിരുന്ന സംശയം വീണ്ടും അയാളുടെ ഉള്ളില്‍ പൊങ്ങി വന്നു.

ഒരു കുളക്കോഴി അല്പം ദൂരെയായി ചിറകടിച്ചു പറന്നിറങ്ങി വെള്ളത്തിൽ തപ്പാൻ ആരംഭിച്ചു. പുഴയുടെ അക്കരെ വയലുകളാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ. കോണ്ക്രീറ്റ് പാലത്തിലൂടെ പുഴ കടന്ന് അയാൾ വയലിലേക്കിറങ്ങി. 

കതിരുകൾ വിളയാറായിരിക്കുന്നു. കൊയ്ത്തു യന്ത്രം ബുക്ക് ചെയ്യണം. അയാള്‍ ചിന്തിച്ചു.
വരമ്പിലൂടെ നടക്കുമ്പോൾ വഴുക്കുന്നുണ്ടായിരുന്നു. ഒരുപറ്റം തത്തകൾ ചിലച്ചുകൊണ്ട് അയാളെ കടന്നു പോയി.

വശത്തേക്കുള്ള വരമ്പിലേക്ക് തിരിഞ്ഞ് അയാൾ ചെന്നെത്തിയത് ഒരു വാഴത്തോട്ടത്തിലായിരുന്നു. 
അതും അയാളുടെയാണ്. കപ്പയും ഏത്തനും  ഞാലിപ്പൂവനും വെവ്വേറെ നട്ടിരിക്കുന്നു. എല്ലാം നോക്കി നടന്നു. ഊന്നിനായി കൊടുത്തിരുന്ന കമ്പുകളുടെ ബലം പരിശോധിച്ചു. ചെറിയ കളകൾ പൊടിച്ചു വന്നത് പറിച്ചു കളഞ്ഞു. വാഴകൾ ഇല്ലാത്ത ഒരു ഭാഗത്തു കുറച്ചു ചീരയും, വള്ളിപ്പയറും, വെണ്ടയും, വെള്ളരിയും  നട്ടിരിക്കുന്നു. വാഴയുടെ ചുവടിന് തണലിട്ട് വെള്ളരി പടർന്ന് കയറിയിരിക്കുന്നു. ചുവന്ന വലിയ ഇലകളുള്ള ചീര കയ്യിലെ പേനാക്കത്തി കൊണ്ട് കുറച്ചു മുറിച്ചെടുത്തു ഒരു വാഴ വള്ളി കൊണ്ട് അതൊരു കെട്ടാക്കി കയ്യില്‍ വച്ചു. 

വെയിൽ മൂക്കാൻ തുടങ്ങിയപ്പോൾ തിരികെ നടന്നു. പുഴവരമ്പിലെത്തിയപ്പോൾ പണിക്കാരന്‍ ദാമു എതിരെ വരുന്നു.

കുറച്ചു മീനുണ്ട് എടുക്കട്ടേ സാറേ?

അയാൾ അത് വാങ്ങി. 
ചൂണ്ടൽ ഇട്ടു പിടിച്ചതാവും. കവറിനുള്ളിൽ ചെറുതായി പിടപ്പുണ്ട് ഇപ്പോഴും. 

വീട്ടിലെത്തി നല്ലൊരു കുളി പാസ്സാക്കി. അപ്പോൾ ചായ വന്നു കൂടെ നല്ല മൊരിഞ്ഞ ദോശയും സാമ്പാറും തക്കാളി ചമ്മന്തിയും വന്നു. പ്ളേറ്റിലെ ദോശ പെട്ടെന്ന് തീർന്നു അതനുസരിച്ചു അടുക്കളയിൽ നിന്ന് ആവി പാറുന്ന ദോശകൾ എത്തി. ചായ ഒരു ഗ്ലാസ് കുടിച്ചു. പിന്നെയും ഒരു ഗ്ലാസ് കൂടി കുടിച്ചു. കൈ കഴുകി എണീറ്റു. മുകളിലെ ബാൽക്കണിയിൽ പോയി ചാരുകസേരയിൽ കിടന്നു. തലേന്ന് വായിച്ചു പകുതിയാക്കിയ പുസ്തകം കയ്യിലെടുത്തു. കുറച്ചു വായിച്ചപ്പോൾ ചെറിയ മയക്കം വന്നു. ഉറങ്ങി. പത്തര മണിയോടെ വിളിച്ചുണർത്തപ്പെട്ടു. 

വേഷം മാറി ലുങ്കിയും ടീ ഷർട്ടും ധരിച്ചു. തൊഴുത്തിലെ പശുവിനെ പറമ്പിലേക്ക് അഴിച്ചു കെട്ടി. പിന്നെ വീടിന് ചുറ്റും വെറുതെ നടന്നു. 
ഇനി എവിടെയാണ് കുറച്ചു ചെടികൾ വയ്ക്കാൻ സ്ഥലം ?

എട്ടിനം ചെമ്പരത്തികൾ , ആറിനം റോസകൾ, പല നിറത്തിലുള്ള മൊസാന്തകൾ, ഡാലിയകൾ എന്നിവ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. ഏതെങ്കിലും പിഴുതു മാറ്റിയാൽ അല്ലാതെ വേറെ വയ്ക്കാനാകില്ല. 
കളകൾ പറിച്ചു മാറ്റി വളമിട്ടു. ചെറിയ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുത്തു. മൺവെട്ടി എടുത്ത് മഴക്കുഴിയുടെ ആഴം ഒന്ന് കൂട്ടി. 

വിയർത്തു ക്ഷീണിച്ചപ്പോൾ മോര് വന്നു. കുടിച്ചു ദാഹം മാറ്റി വീണ്ടുമിറങ്ങി. അരമണിക്കൂർ കൂടി പണിയെടുത്തു. പട്ടിയെ കുളിപ്പിച്ചു. അപ്പോഴേക്കും ഉള്ളിച്ചമ്മന്തിയും കപ്പ പുഴുങ്ങിയതും വന്നു. മേലൊന്ന് കഴുകി കഴിക്കാനിരുന്നു. പിന്നെ മുകളിലേക്ക് പോയി ഹോം തീയറ്റർ സെറ്റ് ചെയ്തിരുന്ന മുറിയിൽ ഒരു ഹോളിവുഡ് പടമിട്ടു. കണ്ടുകൊണ്ട് ചാരിക്കിടന്നു.

ഉച്ചയായി താഴെ അടുക്കളയിൽ നിന്ന് പുഴമീൻ പൊരിക്കുന്നതിന്റെ മണം വന്നു. അയാൾക്ക് വിശന്നു. മീനും കൂട്ടി ഊണ് കഴിച്ചു അല്പനേരം വിശ്രമിച്ചു.

മൂന്ന് മണിക്ക് എഴുന്നേറ്റു. ക്യാമറ ബാഗ്  എടുത്തു തോളിലിട്ട് ബുള്ളറ്റില്‍ കയറി നേരെ നെല്ലിയാമ്പതിക്ക് വിട്ടു. നാലര കഴിഞ്ഞപ്പോൾ അവിടെയെത്തി. 

കോടമഞ്ഞു ഇറങ്ങിത്തുടങ്ങിയിരുന്നു. ബൈക്ക് വച്ച് ഒരു ചായ കുടിച്ചു. 
ചെറിയ തണുപ്പ് അസ്തമയ സൂര്യന്റെ ചൂടിനോട് ഏറ്റുമുട്ടി. 
തിരക്ക് കുറവായിരുന്നു. 
അങ്ങിങ്ങു കുറച്ചു സഞ്ചാരികൾ. മറ്റുള്ളവരുടെ ശല്യങ്ങളിൽ നിന്നൊഴിഞ്ഞു അല്പം സ്വകാര്യ സമയം കണ്ടെത്തുന്ന കമിതാക്കൾ. ചില കുടുംബ യാത്രാ സംഘങ്ങൾ. 
അയാൾ വ്യൂ  പോയിന്റിലേക്ക് നടന്നു. 

അവിടെ നിൽക്കുമ്പോൾ ദൂരെയായി പോത്തുണ്ടി ഡാം റിസർവോയറിന്റെ മനോഹരമായ ഒരു കാഴ്ചയുണ്ട്. താഴേക്ക് അഗാധമായ കൊക്കയാണ്. പുകമഞ്ഞു പൊങ്ങി മുകളിലേക്ക് വരുന്നു. അറ്റം കാണാനില്ല.  
അവിടേക്ക് നോക്കി നിൽക്കെ അയാൾക്ക് മരിക്കണമെന്ന് തോന്നി. ഇല്ലാത്ത ചിറകുകൾ വീശി താഴേക്ക് പറക്കണമെന്ന് തോന്നി. അയാൾ അത് ചെയ്തു. 

ബീപ്പ് ബീപ്പ് ബീപ്പ്.....................

ഡോക്ടർ നാലാം ബെഡിലെ ആളുടെ പൾസ് പോയി.

ഉം.. ഞാനത് പ്രതീക്ഷിച്ചതാണ്.
ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
ജീവിതകാലം മുഴുവൻ ഒരുപാട് ഉത്തരവാദിത്വങ്ങളുമായി ഓടി നടന്നതല്ലേ. ഇനിയെങ്കിലും ഒന്ന് വിശ്രമിക്കട്ടെ. 

"ജീവിക്കാൻ മറന്ന് പോയി ഡോക്ടറെ"
എന്നായിരുന്നു ഇവിടെ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ അയാൾ എന്നോട് പറഞ്ഞത്. ഭേദമായി തിരികെ ചെന്നിട്ട് ജോലി രാജി വച്ച്  നാട്ടില്‍ കൃഷിയൊക്കെ ആയി കൂടണമെന്നും അയാള്‍  ആഗ്രഹിച്ചിരുന്നു. ജീവിതം കൈവിട്ട് പോകുന്നുവെന്ന് അറിയുമ്പോഴാണല്ലോ നമുക്കൊക്കെ നഷ്ടങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിവ് ഉണ്ടാകുക.

എഴുതിയത്
കുമാർ എസ്

Saturday, July 2, 2022

ഇരുൾ


രാത്രി എട്ടുമണിയോടെയാണ് ബാലൻ മാഷ് അടിമാലിയിൽ എത്തിയത്. ഇനി ഇവിടുന്ന് ഇരുട്ടു കാനത്തെക്കുള്ള ബസ് പിടിക്കണം. ലാസ്റ്റ് ബസ് പോയി കാണുമോ എന്നോർത്ത്  നടക്കവേ ബസ് കണ്ടു. ചാടിക്കയറി സീറ്റ് ഉറപ്പിച്ചു. 

രാത്രിയേറെ ചെന്നതിനാൽ യാത്രക്കാർ വളരെ കുറവ്. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. പുതിയ വാടക വീട്ടിലേക്കുള്ള ആദ്യ യാത്രയാണ്. സ്കൂളിനടുത്തു ഒരു വീട് കിട്ടാൻ നന്നേ ബുദ്ധിമുട്ടി. സ്ഥലമാറ്റം കിട്ടി വന്ന നാൾ മുതൽ കുറെ ദിവസം സ്കൂളിലെ മറ്റ് രണ്ട് അധ്യാപകരോടൊപ്പമായിരുന്നു താമസം. ഒടുവിൽ സ്‌കൂളിൽ നിന്ന് രണ്ടു മൂന്ന് കിലോമീറ്റർ മാറി ഈ വീട് കിട്ടിയപ്പോൾ മാഷ് മറ്റൊന്നും ആലോചിച്ചില്ല അതങ്ങു ഉറപ്പിച്ചു. 

അൽപ്പം ഒറ്റപ്പെട്ട സ്ഥലമാണ് ഇരുട്ടു കാനം. ഇടുക്കിയിലെ മിക്കവാറും എല്ലാ സ്ഥല നാമങ്ങളും മറ്റു ജില്ലക്കാർക്ക് വിചിത്രമായി തോന്നാം. തോക്ക് പാറ, ആനച്ചാൽ, കമ്പിളി കണ്ടം, പൂപ്പാറ അങ്ങിനെ പോകുന്നു സ്ഥലപ്പേരുകൾ. ഇരുട്ട് മൂടിയ കാട് എന്ന അർത്ഥത്തിൽ 'ഇരുട്ടു കാനനം എന്ന പേര് ലോപിച്ചാണോ ഇരുട്ടു കാനം ആയത് അതോ കൈത്തോട് എന്നർത്ഥമുള്ള കാന എന്ന പദം ചേർന്നാണോ ഇരുട്ട് കാനം എന്ന സ്ഥലപ്പേര് വന്നതെന്ന് വന്നതെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ മറ്റ് പല ജില്ലകളിലും ജനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചപ്പോഴും ഇടുക്കി ഇരുണ്ട കാടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കാപ്പിക്കും ഏലത്തിനും തേയിലേക്കുമെല്ലാം വളക്കൂറുള്ള മണ്ണായത് കൊണ്ട് ബ്രിട്ടീഷുകാർ മുൻകൈ എടുത്തു ഇടുക്കിയിലേക്കുള്ള പാതകൾ തെളിയിക്കും വരെ ഇവിടെ കാര്യമായ മനുഷ്യ സ്പർശമേറ്റിട്ടില്ല. 

ഇരുട്ട് കാനത്തെ വീട് അൽപ്പം പഴക്കമുള്ള ഓടിട്ട കെട്ടിടമായിരുന്നു. എങ്കിലും വൈദ്യുതിയും അറ്റാച്ച് ബാത്റൂമുകളും എല്ലാമുണ്ട്. ഭാവിയിൽ കുടുംബത്തെക്കൂടി കൊണ്ടു വരാമെന്നുദ്ദേശിച്ചാണ് ബാലൻ മാഷ് അൽപ്പം വലിയ ഒരു വീട് തന്നെ എടുത്തത്. എന്നാൽ കഴിഞ്ഞ പെരുമഴക്കാലത്തോടെ മാഷ് ആ തീരുമാനം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ബസ് സാമാന്യം നല്ല വേഗതയിൽത്തന്നെ പോകുകയാണ് യാത്രക്കാർ മിക്കവരും വഴിയിൽ അവിടവിടെയായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. പുറത്തേക്ക് നോക്കിയാൽ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല. 
ഈ സമയത്താണല്ലോ വാടക വീട്ടിലേക്ക് ആദ്യമായി ചെന്നു കയറേണ്ടത് എന്നോർത്ത് ബാലൻ മാഷ് അൽപ്പം ദുഃഖിതനായി. ട്രയിൻ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ എത്തേണ്ടതായിരുന്നു. അങ്ങിനെയെങ്കിൽ ഒരു അഞ്ചു മണിയോടെ അടിമാലിയിലും എത്താമായിരുന്നു. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഈ രാത്രിയിൽ ചെന്നു കയറുക ഒരു ബുദ്ധിമുട്ട് തന്നെ. താക്കോൽ നേരത്തെ വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴി അത്ര നിശ്ചയം പോരാ. ഒരു ദിവസമാണ് ആകെ പോയിട്ടുള്ളത്. മെയിൻ റോഡിൽ ഇറങ്ങി അൽപ്പം ഉള്ളിലേക്ക് നടന്നിരുന്നു. ഒരു ഓട്ടോ പോകുന്ന വീതി വഴിക്ക് ഉണ്ടായിരുന്നതായി ഓർക്കുന്നു.

ചിന്തിച്ചിരിക്കെ മാഷിന് ഇറങ്ങാനുള്ള സ്ഥലമെത്തി. സ്റ്റോപ്പിൽ ഇറങ്ങി മാഷ് ചുറ്റുപാടും നോക്കി. എങ്ങും കുറ്റാ കുറ്റിരുട്ടാണ്. പ്രളയവും മണ്ണിടിച്ചിലും കാരണം വൈദ്യുതി ബന്ധങ്ങളൊക്കെ താറുമാറായിരുന്നു. അവ ഇനിയും പുനഃസ്ഥാപിചിട്ടില്ലെന്നു തോന്നുന്നു. ദൂരെയായി ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. ചെറിയൊരു കടയാണ്. വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല.
 
പെട്ടെന്ന് കടയുടെ പുറകിൽ നിന്ന് നീണ്ട താടിയുള്ള ഷർട്ട് ഇടാതെ ലുങ്കി മാത്രം ധരിച്ച ഒരു വൃദ്ധൻ മുന്നിലേക്ക് വന്നു.

"ആരാണ്? എന്ത് വേണം?"

"തങ്കപ്പൻ മുതലാളിയുടെ ഒരു ഓടിട്ട വീടില്ലേ ഇവിടെ അടുത്ത്. അങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?"

"അവിടെ ആരുമില്ലല്ലോ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോണെ? "

"ഞാൻ ഇവിടെ  സ്കൂളിൽ പുതുതായി വന്ന മാഷ് ആണ്. ആ വീട് ഞാൻ വാടകയ്ക്ക് എടുത്തു. ഇന്നാണ് ആദ്യമായി താമസിക്കാൻ വരുന്നത്. വഴി അത്ര ഓർമ്മ കിട്ടുന്നില്ല."

"ഓഹോ.. മാഷ് ഒറ്റയ്ക്കാണോ? അങ്ങോട്ടുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്. ഒന്നാമത് കറന്റ് ഇല്ല. ഒരു കാര്യം ചെയ്യാം കട ഞാൻ ഇപ്പോൾ അടയ്ക്കും നമുക്ക് ഒരുമിച്ച് പോകാം ഞാനും ആ വഴിക്കാണ്."

"ഓ .. വളരെ ഉപകാരം"
മാഷിന് ആശ്വാസമായി. 
ഈ ഇരുട്ടത്ത് വഴി തെറ്റി അലയേണ്ടി വരില്ലല്ലോ.

"ഇവിടെ അത്ര നല്ല സ്ഥലമൊന്നുമല്ല മാഷേ. ആൾക്കാരൊക്കെ കുറവാണ്. ആരും അങ്ങിനെ അധികനാൾ ഇവിടെ താമസിക്കില്ല. പിന്നെ മെയിൻ റോഡിന്റെ സൈഡിൽ തന്നെ ഒരു കട ഉള്ളത് കൊണ്ട് എനിക്ക് എങ്ങും പോകാനും വയ്യ."
 
"ദേ .. ആ കാണുന്ന വളവില്ലേ അവിടെ എത്ര അപകടങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് അറിയാമോ? കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 18 പേരാണ് അവിടെ മരിച്ചത്. എല്ലാം മൂന്നാർ കാണാൻ വരുന്നവരാ. നാട്ടുകാർക്ക് അറിയാം. അവർ ഇരുട്ടുകാനം എത്തുമ്പോൾ പതുക്കെയെ പോകൂ. "
 
വൃദ്ധൻ കട അടയ്ക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു.
 
മരണം രാത്രി ഇരുട്ട് .. കൂടുതൽ അറിയാൻ ബാലൻ മാഷിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷയം മാറ്റാനായി മാഷ് ഒരു ചോദ്യമെറിഞ്ഞു. 
"ഇവിടുന്ന് സ്കൂളിലേക്ക് എപ്പോഴാ ബസ്?"
 
"സ്കൂളിലേക്ക് ബസോ? 
ഹാ.. രാവിലെ 8 മണിക്ക് ഒരെണ്ണമുണ്ട് അത് കഴിഞ്ഞാൽ പിന്നെ 8.45ന് അതിൽ 8.45ന് പോയ ബസ് ഇടിച്ചായിരുന്നു 6 മാസം മുൻപ് ഡ്യൂക്കിൽ വന്ന ഒരു പയ്യനും പെണ്കുട്ടിയും മരിച്ചത്. കല്യാണം കഴിഞ്ഞു പുതുമോടി ആയിരുന്നെന്ന് ആരോ പറയണ കേട്ടു."

വൃദ്ധൻ വീണ്ടും അതിലേക്കു തന്നെ തിരിച്ചെത്തുന്നത് കണ്ടു ബാലൻ മാഷ് പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും കട കുറ്റിയിട്ടു ടോർച്ചുമെടുത്തു അയാൾ ഇറങ്ങിയിരുന്നു. 
 
"വരൂ മാഷേ നമുക്ക് പോകാം."
 
വൃദ്ധൻ മുന്നിലും മാഷ് പുറകെയുമായി നടന്നു.

ചെമ്മണ്ണ് നിറഞ്ഞ ഒരു പാതയാണിത്. ടാർ ഇട്ടിട്ടില്ല. രണ്ടു വശങ്ങളിലും വേലി പടർപ്പുകൾ. അതിൽ നിന്ന് ചെടികളും ശിഖരങ്ങളും വഴിയിലേക്ക് നീണ്ടുകിടക്കുന്നു. കുറെ ദൂരം നടന്ന ശേഷമാണ് രണ്ടു വീടുകൾ കണ്ടത്. ചിമ്മിനി വിളക്കുകൾ കത്തിച്ച് മുൻവശത്ത് വച്ചിരിക്കുന്നു. മൂന്നാമതൊരു വീടെത്തിയപ്പോൾ വൃദ്ധൻ നിന്നു. 
 
"മാഷേ ഇതാണ് എൻറെ വീട് ഈ വഴി നേരെ ഒരു 50 മീറ്റർ കൂടി നടന്നാൽ വലത്തേക്ക് ഒരു ഇടവഴി കാണാം അത് ചെന്ന് കയറുന്നത് നിങ്ങളുടെ വാടക വീട്ടിലേക്കാണ് നേരെ പൊയ്ക്കോ. വെളിച്ചത്തിന് ചൂട്ട് വല്ലതും കത്തിച്ചു തരണോ?" 
 
"വേണ്ട ചേട്ടാ. വളരെ നന്ദി. എന്റെ മൊബൈലിൽ ടോർച്ചുണ്ട്."
 അതും പറഞ്ഞു മാഷ് നടന്നു. 
 
നല്ല തണുപ്പുണ്ട്. ചെറിയ കാറ്റും വീശുന്നുണ്ട്. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.അങ്ങകലെയായി പുക മഞ്ഞിൽ കുളിച്ചു മലകൾ അവ്യക്തമായി കാണാം. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ ഇതെല്ലം ആസ്വദിച്ചേനെ പക്ഷെ യാത്രയുടെ ക്ഷീണവും തോളിലെ അത്യാവശ്യം കനമുള്ള ബാഗും വീട് കണ്ടെത്താനുള്ള തന്ത്രപ്പാടുമൊക്കെ മാഷിന്റെ കണ്ണിൽ നിന്ന് ആ പ്രകൃതി സൗന്ദര്യത്തെ മറച്ചു പിടിച്ചു.

വലത്തേക്കുള്ള ഇടവഴി കേറി നടക്കുകയാണ് ഇപ്പോൾ. 
അത്ര വെളിച്ചമില്ലാത്ത വഴിയാണ്. അന്ന് വീട് നോക്കാൻ വന്നപ്പോൾ ഹൌസ് ഓണറിനോട് പറഞ്ഞതാണ് വഴിയൊന്ന് വൃത്തിയാക്കി തരണമെന്ന് അയാൾ ചെയ്ത കോളില്ല. 
കുറെ നടന്നു എന്നിട്ടും വീട് എത്തിയില്ല. വഴി തെറ്റിയോ ? 
ഏയ് അതിന് സാധ്യതയില്ലല്ലോ ഈ വഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. 
മൊബൈൽ ടോർച്ചു കത്തിച്ചു മാഷ് ചുറ്റുപാടും നോക്കി. പട്ടികളുടെ ഓലിയിടൽ കേൾക്കുന്നു ദൂരെയായി. 
തിരിച്ചുപോയി ആ വൃദ്ധനെയും കൂട്ടി വന്നാലോ? 
മാഷ് ചിന്തിച്ചു .

നാശം പിടിക്കാൻ അടിമാലിയിൽ ഒരു റൂം എടുത്തു കിടന്നിട്ട് നാളെ രാവിലെ വന്നാൽ മതിയായിരുന്നു . മാഷ് വീണ്ടും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി. ഏതോ പറമ്പിലാണ് നിൽക്കുന്നത്. വീട് അടുത്തെങ്ങും ഉള്ള ലക്ഷണമില്ല. കാൽ എന്തിലോ തട്ടി. ടോർച്ചു തിരിച്ചു താഴേക്ക് നോക്കി. ഒരു ചെറിയ മരക്കുരിശ്.

"ദൈവമേ ആരുടെയോ കല്ലറയാണല്ലോ."
 
മാഷ് ഞെട്ടി പുറകിലേക്ക് മാറി. അവിടെ വേറെയും കുരിശുകൾ നാട്ടിയിരിക്കുന്നത് കണ്ടു. 
മാഷ് വേഗം തിരിഞ്ഞു നടന്നു. എന്നാൽ നടക്കവേ മാഷ് ഒരു കാര്യം തിരിച്ചറിഞ്ഞു. താൻ വന്ന വഴിക്കല്ല തിരിഞ്ഞു നടക്കുന്നത്.വേറെ വഴിയൊന്നും കാണാനുമില്ല. എന്തും വരട്ടെയെന്ന മട്ടിൽ മാഷ് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു വേലി കണ്ടു. അതിനപ്പുറം ടാർ ചെയ്ത റോഡാണ്. താൻ ബസ് ഇറങ്ങിയ റോഡാണോ അത് എന്ന് മാഷിന് സംശയം തോന്നി. അങ്ങിനെ ആണെങ്കിൽ  ഇവിടെ നിന്നാൽ തിരിച്ചു അടിമാലിക്ക് ബസ് കിട്ടിയേക്കും. അല്ലെങ്കിൽ മൂന്നാറിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. 
 
വേലി ചാടിക്കടന്നു മാഷ് റോഡിലേക്കിറങ്ങി.
ഇതൊരു വളവാണ്. താൻ ബസ് ഇറങ്ങിയ സ്ഥലമല്ല അതെന്ന് നിലാ വെളിച്ചത്തിൽ മാഷിന് മനസ്സിലായി.
ഇനി ആ വൃദ്ധൻ ചൂണ്ടിക്കാണിച്ച വളവാണോ ഇത് ? 
ചെറിയൊരു വിറയൽ മാഷിന്റെ നട്ടെല്ലിലൂടെ കടന്നു പോയി. 
 
ബൈക്കപകടത്തിൽ മരണമടഞ്ഞ യുവമിഥുനങ്ങൾ. പെട്ടെന്ന് ഒരു വർഷം മുൻപുള്ള ഒരു സായാഹ്നം മാഷിന്റെ മനസ്സിലേക്കോടിയെത്തി അന്നാണ് രാജേഷും രഞ്ജിനിയും അവരുടെ വിവാഹ ക്ഷണക്കത്തുമായി തന്നെ കാണാൻ വന്നത്. തന്റെ ക്ലാസ്സിൽ സഹപാഠികൾ ആയിരുന്ന അവർ ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കരായ രാജേഷും ഇപ്പോഴും നല്ല പ്രസരിപ്പോടെ എല്ലാരേയും ചിരിപ്പിക്കുന്ന തമാശകൾ പറയുന്ന രഞ്ജിനിയും. വളരെ പക്വതയാർന്ന പ്രണയമായിരുന്നു അവർ തമ്മിൽ, രാജേഷ് നല്ലൊരു ഉദ്യോഗം നേടിയശേഷം രഞ്ജിനിയുടെ വീട്ടുകാരെ സമീപിച്ചു അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. 
അവർ വിവാഹം ക്ഷണിക്കാൻ വന്നതും ഒരു ഡ്യുക്ക് ബൈക്കിൽ ആയിരുന്നല്ലോ. 
ഛെ.. വെറുതെ ചിന്തകൾ കാട് കയറുകയാണ് അവർക്ക് മാത്രമാണോ ഡ്യുക്ക് ഉള്ളത്. 

ഒരു വണ്ടിയും കാണുന്നില്ലല്ലോ വാച്ചിൽ സമയം 11 മണിയോട് അടുക്കുന്നു. റോഡിന്റെ ഒരു വശത്തു കൊക്കയാണ് അങ്ങ് താഴെ ദേവിയാർ കളകള ശബ്ദത്തോടെ പതഞ്ഞൊഴുകുന്നത് നിലാവിൽ തെളിഞ്ഞു കാണാം.പുറകിൽ കൂമ്പൻ മല തലയുയർത്തി നിൽക്കുന്നു. മാഷ് നടന്നു. ബസ് ഇറങ്ങിയ സ്റ്റോപ്പ് കണ്ടെത്തിയാൽ പഴയ വഴിയേ ഒന്നുകൂടി പോയി നോക്കാം. തണുപ്പ് കൂടിക്കൂടി വരുന്നു.
വൈകാതെ വീട് പിടിക്കാനായില്ലെങ്കിൽ താൻ ഈ രാത്രിയിൽ   തണുത്തു വിറച്ചു ചത്ത് പോയേക്കുമെന്ന് അയാൾക്ക് തോന്നി.
കുറച്ചു ചെന്നപ്പോൾ റോഡരുകിൽ ഒരു വെളിച്ചം കണ്ടു. ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചം. അല്ല  ഇത് നേരത്തെ കണ്ട ആ കട തന്നെയല്ലേ ? 
തന്റെ മുന്നിൽ വച്ചാണല്ലോ വൃദ്ധൻ കടയിലെ വിളക്ക് കെടുത്തി കട അടച്ചു തന്നോടൊപ്പം വന്നത്.
മാഷ് അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"അല്ല മാഷ് ഇതുവരെ വീട് പിടിച്ചില്ലേ ?"
വൃദ്ധൻ അവിടെത്തന്നെയുണ്ട് നേരത്തെ കണ്ട അതേ വേഷം

അല്ല ഞാൻ മാഷ് ഒന്ന് പരുങ്ങി . എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു.
 അതെന്താ വഴി തെറ്റാൻ. ഞാൻ വീടിന്റെ തൊട്ടപ്പുറം വരെ കൊണ്ടാക്കിയതാണല്ലോ ? മാഷേ ഞാൻ പറഞ്ഞില്ലേ ഈ സ്ഥലം അത്ര ശെരിയല്ല.
അയാളുടെ സ്വരത്തിൽ വന്ന കടുപ്പം മാഷ് ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെ കടയടച്ചു വീട്ടിലേക്ക് പോയ അയാൾ എന്തിന് തിരിച്ചു വന്നു എന്ന് ചോദിയ്ക്കാൻ തോന്നിയില്ല.

"ഹാ വരൂ ഏതായാലും ഞാൻ ഒന്നൂടി കൊണ്ടാക്കാം."

"വേണ്ട താങ്കൾ ബുദ്ധിമുട്ടേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം "
 
മാഷ് അങ്ങിനെ പറഞ്ഞെങ്കിലും വൃദ്ധൻ മുൻപേ ഇറങ്ങി നടന്നിരുന്നു.
ഇത്തവണ വീടിന്റെ മുറ്റം വരെ വൃദ്ധൻ കൊണ്ട് വിട്ടു. വീട് കണ്ടപ്പോൾ മാഷിന് ആശ്വാസമായി. 

"മാഷ് ഇനി  രാത്രി പുറത്തിറങ്ങേണ്ട കേട്ടോ. താക്കോൽ ഒക്കെ ഉണ്ടല്ലോ കയ്യിൽ"

ഉണ്ട്. 

വളരെ ഉപകാരം. വൃദ്ധന്റെ കൈ പിടിച്ചു മാഷ് നന്ദി പറഞ്ഞു. മഞ്ഞുപോലെ തണുത്ത വിരലുകൾ. മാഷ് വേഗം കൈ പിൻവലിച്ചു.
വൃദ്ധൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
മാഷ് കതക് തുറന്ന് അകത്തേക്ക് കയറി. ബാഗ് ഒരു വശത്തു വച്ച് മാഷ് ബാത്റൂമിൽ കയറി ചെറുതായി ഒന്ന് കുളിച്ചു. വസ്ത്രം മാറി ലൈറ്റണച്ചു കട്ടിലിൽ കയറി കിടന്നു.
നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. പരിചിതമല്ലാത്ത സ്ഥലം. വല്ലാത്ത അനുഭവങ്ങൾ , പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ആദ്യം പതുക്കെയും പിന്നെ ഉച്ചത്തിലും.

ആരാണത് ?

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു . വൃദ്ധൻ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. വാതിലിലെ മുട്ട് തുടരുന്നത് കണ്ടു മാഷ് എണീറ്റു വാതിൽ തുറന്നു.
ഇരുട്ടിൽ നിന്ന് ഒരു യുവാവ് മാഷിന്റെ മുന്നിലേക്ക് വന്നു .

"സാറെ ഈ മൊബൈൽ ഒന്ന് ചാർജിന് വയ്ക്കാമോ ?
ഇവിടെ ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. സാറിന്റെ വീട്ടിൽ വേറെ ലൈനാണ്."

ഓഹ് അപ്പോൾ അതാണ് കാര്യം.
ഞാൻ എന്തൊരു പേടിത്തൊണ്ടനാണ്. വെറുതെ ഓരോന്ന് ആലോചിച്ചു.

"അതിനെന്താ തന്നോളൂ. നാളെ രാവിലെ തിരിച്ചു എടുത്താൽ മതിയല്ലോ അല്ലേ ?"

"ഓ മതി സാറെ. ഞാൻ രാവിലെ വന്ന് എടുത്തോളാം."

അയാൾ പോയി.
മാഷ് വീണ്ടും കതകടച്ചു കിടന്നു. രാത്രി പിന്നെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുഖമായി ഉറങ്ങി. പിറ്റേന്ന് 8.45 ആയപ്പോഴാണ് മാഷ് സ്‌കൂളിൽ പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയത്.
മാഷ് വൃദ്ധന്റെ കടയിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും ആരെയും കണ്ടില്ല .

സ്‌കൂളിൽ എത്തി ഹാജർ ഒപ്പിട്ടു. കസേരയിൽ ചാരി കിടക്കുകയായിരുന്നു മാഷ് . അആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ്സില്ല. നാട്ടുകാരനായ വിനയൻ മാഷ് അപ്പോഴാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. 
"ആഹാ ബാലൻ മാഷ് നേരത്തെ എത്തിയോ ? എങ്ങിനെയുണ്ട് പുതിയ താമസമൊക്കെ?"

"ഹൊ ഒന്നും പറയണ്ട എന്റെ മാഷേ ഞാൻ ഇന്നലെ രാത്രി ഒന്ന് വട്ടം കറങ്ങി". തുടർന്ന് നടന്ന കാര്യങ്ങളൊക്കെ മാഷ് വിനയൻ മാഷിനോട് പറഞ്ഞു.
 
എല്ലാം കേട്ട് കഴിഞ്ഞു തനിക്ക് പറ്റിയ അമളികൾ ഓർത്തു വിനയൻ മാഷ് ചിരിക്കുമെന്നാണ് കരുതിയത് എന്നാൽ അതുണ്ടായില്ല. അൽപനേരം എന്തോ ആലോചിച്ചിരുന്ന ശേഷം വിനയൻ മാഷ് ചോദിച്ചു. 

"അല്ല മാഷേ താങ്കൾക്ക് വഴി കാണിച്ചുതന്ന  വൃദ്ധൻ ആ കടയിൽ നിന്ന് തന്നെയാണോ ഇറങ്ങി വന്നത് ?"

"അതേന്നെ. അയാൾ കടയിൽ ഒരു ചിമ്മിനി വിളക്കും കത്തിച്ചു വച്ച് ഇരിക്കുകയായിരുന്നു"

"ഓഹോ പക്ഷെ എന്റെ അറിവിൽ ആ കട ഇട്ടിരുന്ന സ്വാമിയണ്ണൻ മരിച്ചിട്ട് ആറുമാസമായി . അന്നവിടെ നടന്ന ബൈക്ക് അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി കടയുടെ മുന്നിൽ നിന്ന സ്വാമിയണ്ണനും കൊല്ലപ്പെട്ടിരുന്നു."

ഇതും പറഞ്ഞു വിനയൻ മാഷ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയി. ബാലൻ മാഷ് അത് കേട്ട് തരിച്ചിരുന്നു.

പുറത്തിറങ്ങിയ വിനയൻ മാഷ്  ഫോൺ എടുത്തു ഏതോ ഒരു നമ്പർ ഡയൽ ചെയ്തു.

"ഹലോ.. കണാരൻ ചേട്ടാ ഒരു കാര്യം പറയാനുണ്ട്. ഒന്നുകിൽ നിങ്ങൾ പാതിരാത്രി സാമിയണ്ണന്റെ കടയിൽ ഇരുന്നുള്ള കഞ്ചാവ് ഡീൽ നിർത്തണം. അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നവരെ സഹായിക്കുന്ന പരിപാടി നിർത്തുക. നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതാണ്"

ഇത്രയും പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.

എഴുതിയത്: കുമാർ S

Sunday, June 5, 2022

സമയം

നാളെ അച്ഛന് അവധി ആണല്ലോ അപ്പൊ നാളെ അച്ഛന്റെ കൂടെ കളിക്കാമല്ലേ, അച്ഛന്റെ കൂടെ ചെടി നടാം, അച്ഛന്റെ കൂടെ നടക്കാൻ പോകാം, സിനിമാ കാണാം ,അച്ഛൻ എന്നെ കുളിപ്പിക്കും .. 
അങ്ങിനെ നീണ്ടു പോകുകയാണ് ആമിക്കുട്ടിയുടെ പ്രതീക്ഷകൾ. 

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടതായി നമുക്ക് ഒന്നേയുള്ളൂ അത് സമയമാണ്. 

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ precious time നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് അല്ലെങ്കിൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് നൽകാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്. 
എത്ര വലിയ തിരക്കുകൾക്കിടയിലും തന്റെ സമയം മക്കളുമായി പങ്കുവെയ്ക്കുവാൻ തയ്യാറുള്ള അച്ഛനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാക്കുവാൻ മക്കളുടെ മനസ്സ് അനുവദിക്കുമെന്ന് തോന്നുന്നില്ല.  

മറ്റു പലതിനും പ്രാധാന്യം നൽകി പിന്നീട് ആകട്ടെ എന്നു കരുതി പ്രിയപ്പെട്ടവർക്ക് ചെയ്‌തു കൊടുക്കാതെ മാറ്റി വയ്ക്കുന്ന ചിലതുണ്ട് ജീവിതത്തിൽ. തിരിഞ്ഞു നോക്കുമ്പോൾ ഇനി ഒരിക്കലും  കൊടുക്കാനാകാതെ പോകുന്ന അവ ആണ് ഏറെ വിഷമം ഉണ്ടാക്കുക. പ്രധാന്യമുള്ളവയെന്നു അന്ന് നാം കരുതിയതെല്ലാം അതിന്റെ മുന്നിൽ അപ്രധാനം ആയിരുന്നെന്ന തിരിച്ചറിവ് ഒരു മുറിപ്പാട് പോലെ ഉള്ളിൽ കിടക്കും.

അമ്മ മരിച്ചിട്ട് ഇപ്പോൾ പത്തു വർഷമായി. അമ്മയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ ഒരു ടിവി വാങ്ങുക എന്നുള്ളത്. വായിക്കുന്നവർക്ക് അത്ഭുതം തോന്നാം. പക്ഷെ പത്ത് വർഷങ്ങൾക്ക് മുൻപ് ഞാനും അമ്മയും താമസിച്ചിരുന്ന വീട്ടിൽ ഒരു ടിവി ഇല്ലായിരുന്നു. അച്ഛൻ മരിക്കുന്നത് വരെ അച്ഛൻ അത് വാങ്ങാൻ സമ്മതിച്ചിരുന്നില്ല. അതെന്തു കൊണ്ടാണെന്നു എനിക്ക് ഇന്നും അറിയില്ല.  അച്ഛന്റെ മരണ ശേഷവും എന്റെ പഠനം പൂർത്തിയാക്കി ഒരു ജോലി കിട്ടുന്നത് വരെ ഞങ്ങൾക്ക് ഒരു ടിവി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. എന്നാൽ 2008 ഒക്ടോബറിൽ എനിക്ക് മാസം 8000 രൂപ ശമ്പളത്തിൽ ടെക്‌നോപാർക്കിൽ ഒരു ജോലി കിട്ടിയിരുന്നു. അന്ന് മുതൽ എനിക്ക് വേണമെങ്കിൽ ഒരു ടിവി വാങ്ങാൻ സാധിക്കുമായിരുന്നു. അമ്മ അത് പലപ്പോഴും ഓർമിപ്പിച്ചുവെങ്കിലും ഞാൻ ചെയ്തില്ല പിന്നീട് ആകട്ടെ എന്നു കരുതി നീട്ടിക്കൊണ്ട് പോയി. ആ കുഞ്ഞു ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ അപ്രതീക്ഷിതമായി ഒരു ദിവസം അമ്മ പോകുകയും ചെയ്തു. അത് ജീവിതത്തിൽ വലിയൊരു പാഠമാണ് പഠിപ്പിച്ചത്. ഇന്നുകൾ മാത്രമേ നമുക്കുള്ളൂ നാളെകൾ നമ്മുടേത് ആവണമെന്നില്ല.

നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ലോകത്ത് വേറെ പലർക്കും ചെയ്യാനാകും നമ്മൾ ഇല്ലാതായാലും നമുക്ക് പകരം മറ്റൊരാൾ അത് ചെയ്യും എന്നാൽ നമ്മുടെ കുടുംബത്തിൽ നമുക്ക് പകരം മറ്റൊരാൾ ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്.

അമ്മ

വീട്ടിൽ ഉണ്ടെങ്കിൽ മോളെ രാത്രിയിൽ 'പാട്ട്' പാടി ഉറക്കുന്നത് ഞാനാണ്. അതിനെ പാട്ട് എന്നു വിളിക്കാമോ എന്നു തന്നെ എനിക്കറിയില്ല. അവൾ അല്ലാതെ വേറെ ഒരാളും എന്റെ പാട്ട് കേട്ട് ഉറങ്ങില്ല എന്നു മാത്രമല്ല ചിലപ്പോൾ എന്നെ ഓടിച്ചിട്ട് തല്ലുകയും ചെയ്‌തേക്കും എന്നത് മറ്റൊരു കാര്യം. മോളായി പിറന്നു പോയില്ലേ സഹിക്കുക തന്നെ. 
അങ്ങിനെ പാട്ട് പാടി ഉറക്കുന്ന ചില ദിവസങ്ങളിൽ എന്റെ പാട്ട് ചിലപ്പോൾ മണിക്കൂറുകൾ നീളും. അവൾ ഉറങ്ങാതെ ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ പറഞ്ഞു കിടക്കും എന്നതാണ് കാര്യം. അപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വരും അവളെ വിരട്ടും. അങ്ങിനെയിരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഒന്ന് രണ്ടു കഥകൾ ഒക്കെ പറഞ്ഞ ശേഷം പാട്ട് പാടാൻ ആരംഭിച്ചു. 

ഉടനെ മോൾ.. 

"അച്ഛാ ഇനി പാട്ട് ഒന്നും വേണ്ട ഞാൻ വലുതായില്ലേ ഞാൻ അല്ലാതെ ഉറങ്ങിക്കോളാം "

അത് കേട്ടപ്പോൾ സന്തോഷം തോന്നേണ്ടതാണ് അറിയാത്ത പണി ചെയ്യണ്ടല്ലോ. പക്ഷെ മനസ്സിൽ എവിടെയോ ഒരു നീറ്റൽ.. അവൾ വലുതായി ഇനി എനിക്ക് പാട്ട് പാടി അവളെ ഉറക്കാൻ കഴിയില്ല. വല്ലാതെ സങ്കടം വന്നു. അവൾ അന്ന് പാട്ട് കേൾക്കാതെ ഉറങ്ങി. 
എന്നാൽ പിറ്റേന്ന് വീണ്ടും അവൾ പാടാൻ ആവശ്യപ്പെട്ടു. അത് കേട്ടപ്പോൾ സന്തോഷമായി. ഇന്ന് വരെയും അത് തുടരുന്നു. പക്ഷെ ആ സംഭവത്തിന് ശേഷം ഞാൻ ആലോചിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ഓരോ പ്രായത്തിലും ആവശ്യപ്പെടുന്ന കാര്യങ്ങൾ ചിലപ്പോൾ നമുക്ക് ഇഷ്ടം ഇല്ലാത്തത് ആകാം അല്ലെങ്കിൽ മടി കൊണ്ടോ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളത് കൊണ്ടോ അപ്പോൾ ചെയ്ത് കൊടുക്കാൻ പറ്റാത്തതും ആകാം എന്നാൽ അവർ അതിന് വേണ്ടി എന്നും കാത്തിരിക്കില്ല. ആവശ്യപ്പെടുന്ന സമയത്തു അവർക്ക് അത് കൊടുത്താലുണ്ടാകുന്ന സന്തോഷം കുറെ നാൾ കഴിഞ്ഞിട്ട് കൊടുത്താൽ കാണുകയുമില്ല. 

കുട്ടിക്കാലത്തു ഒരിക്കൽ എന്റെ അമ്മ ചന്തയിൽ പോയിട്ട് വന്നപ്പോൾ ഒരു ചില്ല് ട്യുബിനുള്ളിൽ നിറമുള്ള വെള്ളവും മിനുക്കങ്ങളും ഒക്കെ നിറച്ച ഒരു കളിപ്പാട്ടം കൊണ്ട് വന്നു. എനിക്കത് ഏറെ ഇഷ്ടപ്പെട്ടു കിട്ടിയ ഉടനെ അത് വാങ്ങി ഞാൻ കളി തുടങ്ങി അല്പനേരത്തിനുള്ളിൽ എന്റെ കൈപ്പിഴ കൊണ്ട് അത് പൊട്ടി. ഉള്ളിലെ വെള്ളം മുഴുവൻ പുറത്തു പോയി. ഞാൻ ഒരുപാട് കരഞ്ഞു. അത് തിരിച്ചു വയ്ക്കാൻ പറ്റുമായിരുന്നില്ല. അതിന് വേണ്ടി ശ്രമിച്ചു ചേച്ചിയുടെ കൈ മുറിഞ്ഞതും ഓർക്കുന്നു. എന്റെ കരച്ചിൽ കണ്ടു സഹികെട്ട് അമ്മ വീണ്ടും ചന്തയിൽ പോയി അതുപോലുള്ള ഒരെണ്ണം വാങ്ങിക്കൊണ്ട് വന്നു. അന്ന് അമ്മ അത് ചെയ്തു. വീട്ടിലെ ജോലികളൊക്കെ പാതിവഴിക്ക് ഇട്ടിട്ട് ഇതിന് വേണ്ടി അമ്മ ഒരു കിലോമീറ്ററോളം അകലെയുള്ള ചന്തയിൽ പോയി മടങ്ങി വന്നു. എന്നാൽ ഇന്ന് അതുപോലെ ഒരു സാഹചര്യം ഉണ്ടായാൽ ഞാൻ മകൾക്ക് വേണ്ടി അത് ചെയ്യാൻ തയ്യാറാവില്ല എന്നുറപ്പാണ്.

അത് ശെരിയാണോ തെറ്റാണോ മക്കളുടെ പിടിവാശികൾ എല്ലാം നമ്മൾ സാധിച്ചു കൊടുക്കണോ എന്നുള്ളതൊക്കെ മറ്റൊരു വിഷയമാണ് എങ്കിലും അമ്മ അന്ന് അത് എനിക്ക് സാധിച്ചു തന്നത് കൊണ്ടാണ് ആ കാര്യം ഇന്നും ഞാൻ ഓർത്തിരിക്കുന്നത്.