Saturday, May 30, 2020

ഒരു OLX പരസ്യം


എന്റെ പഴയ കുറച്ചു സാധനങ്ങള്‍ വില്ക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ മേരി ടീച്ചര്‍ ആണ് പറഞ്ഞത് OLX ഇല്‍ ഇട്ടാൽ മതി എളുപ്പത്തില്‍ വിറ്റുപോകും എന്ന്.
എന്നാൽ ഞാനും കരുതി അങ്ങനാകട്ടെന്ന്. കുറച്ച്  അത്യാവശ്യം ഉണ്ടേ...

വിൽക്കാനുള്ളത് വേറെ ഒന്നുമല്ല കുറച്ചു സ്വപ്നങ്ങളാണ്. എന്റെ  പ്രണയ സ്വപ്‌നങ്ങള്‍.

ഒന്നാമത്തെ സ്വപ്നം +2 നു കൂടെ പഠിച്ച വരദനെക്കുറിച്ചുള്ളതാണ്. എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന വരദന്‍ , എല്ലാവർക്കും അവനെ ഇഷ്ടായിരുന്നു..
എനിക്കും..
വരദന്റെ ഉച്ചയൂണ് ക്ലാസ്സിലെ പെണ്കുട്ടികളുടെ പാത്രത്തിൽ നിന്നാ. അവന്‍ തിരഞ്ഞെടുക്കുന്നത് എന്റെ പാത്രമാകാൻ ഞാനെന്നും പ്രാർത്ഥിക്കുമായിരുന്നു. ഇല്ലാത്ത സംശയങ്ങള്‍ ഉണ്ടാക്കി അവന്റെ അരികിൽ പോയിരിക്കും ഞാന്‍ മിക്കപ്പോഴും. ക്ലാസ്സ്‌ നടക്കുമ്പൊ മാഷ് കാണാണ്ട് ഒളികണ്ണിട്ടു നോക്കും അവനെ. ഓണാഘോഷത്തിനു അവനെ കാണിക്കാനായി മാത്രം കഷ്ടപ്പെട്ട് സാരിയുടുത്തു സ്കൂളില്‍ പൊയിട്ടുണ്ട്. പക്ഷേ അവന്‍ എന്റെ ആ ഇഷ്ടം അറിഞ്ഞതേയില്ല. നിറഞ്ഞ പുഞ്ചിരികള്‍ ഒരുപാട് തന്നിട്ടുണ്ടെങ്കിലും അതിലൊന്നും അവന്റെ പ്രണയമുണ്ടായിരുന്നില്ല എന്നു ഞാന്‍ മനസ്സിലാക്കി. +2 കഴിഞ്ഞ് അവന്‍ നേവിയില്‍ ചേർന്നു. പിന്നെ അവനെ കണ്ടിട്ടില്ല എന്നാലും ഡിഗ്രി ആദ്യവർഷം മുഴുവനും എന്റെ സ്വപ്നത്തിലെ നായകന് അവന്റെ  മുഖമായിരുന്നു.


രമേശിനെ ആദ്യമായി അറിയുന്നത് അവന്റെ കവിതകളിലൂടെയായിരുന്നു. കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന വിപ്ലവ പാർട്ടി നേതാവ്. ആരാധന കലശലായപ്പൊ വരദന്‍ ഔട്ട്‌ രമേശ് ഇൻ.

രമേശിനോട് നേരിട്ട് സംസാരിക്കാന്‍ ഒരവസരം കിട്ടിയത് ഒരു സമരത്തിന്റെയന്നാണ്. പക്ഷെ അന്നെനിക്ക് ഒന്നും പറയാൻ പറ്റിയില്ല. പോലീസിന്റെ അടികൊണ്ട് അവന്‍ വന്നു കേറീപ്പൊ ഞാന്‍ ക്ലാസ്സിലെന്റെ  ബുക്കും തിരഞ്ഞു നിൽക്കുകയായിരുന്നു. ദേഷ്യപ്പെട്ട് എന്നോട് ഇറങ്ങി വേഗം വീട്ടിൽ പോടീന്നു പറഞ്ഞു. ഞാന്‍ പോകും നേരം അവന്‍ പിറുപിറുക്കുന്നത് കേട്ടു, 

‘ഹും  പോലീസും വന്നു അടീം തുടങ്ങി അപ്പഴാ അവളുടെ ഒരു പുസ്തകം തിരയല്‍’ .

ദേഷ്യത്തോടെയാണവനത് പറഞ്ഞതെങ്കിലും അവന്റെ ആ കെയറിoഗ് എന്നെ അത്ഭുതപ്പെടുത്തി. ആ സമരത്തിന്‌ ഞാനൊരുപാട് നന്ദി പറഞ്ഞിട്ടുണ്ട് കാരണം അതോടുകൂടി ഞങ്ങള്‍ ഒരുപാടടുത്തു. ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയും, വേളി കടപ്പുറവും  ഞങ്ങളുടെ സൗഹൃദത്തിനു കൂട്ടായി. സാഹിത്യവും രാഷ്ട്രീയവുമൊക്കെയായി അവന്‍ കത്തി കയറുമ്പോ ഒരു പൊട്ടിയെപ്പോലെ ഞാന്‍ കേട്ടിരുന്നു. അവന്റെയാ രൂപത്തിനും മേലെ ആ വ്യക്തിത്വം എന്നെ ഒരുപാടാകർഷിച്ചിരുന്നു.

പക്ഷെ അവന്റെ  ഉള്ളിലെ ലക്ഷ്യങ്ങള്‍ ഈ പൊട്ടിപ്പെണ്ണിനൂഹിക്കാവുന്നതിലും  വലുതായിരുന്നു. അത് മനസ്സിലാക്കിയപ്പോൾ അതിനൊരു രീതിയിലും തടസ്സമാകരുതെന്ന് ഞാനും കരുതി.

അധ്യാപക തസ്തികയുടെ PSC ഇന്റർവ്യൂ സമയത്താണ് ഗിരീഷിനെ ആദ്യമായി കാണുന്നത്. ജോലി കിട്ടിയത് ഒരേ കോളേജിലും കൂടിയായപ്പോ ഞങ്ങള്‍ വേഗം കൂട്ടായി. അല്ലെങ്കിലും പുതുതായി ഒരു ഗ്രൂപ്പിലേക്കെത്തിയ രണ്ടു പേര്‍ എപ്പോഴും ഒരുമിച്ച് നിൽക്കാനാകുമല്ലോ ഇഷ്ടപ്പെടുക. നല്ല ഉയരവും അതിനൊത്ത വണ്ണവുമൊക്കെയുള്ള ഒരു ചുള്ളനായിരുന്നു ഗിരീഷ്‌. ഏതൊരു പെണ്ണിനും അനുരാഗം തോന്നാനുള്ള ചേരുവകള്‍ ഒക്കെ ഉണ്ട്. ന്നാലും ഇപ്പൊ ഞാന്‍ അദ്ധ്യാപികയാണല്ലോ അതുകൊണ്ട് സ്വയം നിയന്ത്രിച്ചു. പക്ഷേ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം വളർന്നു വന്നു. ഗിരീഷിനു വീട്ടില്‍ കല്ല്യാണം ആലോചിക്കണ കാര്യം അവന്‍ എന്നോട് പറഞ്ഞു. ഭാവി വധുവിനെക്കുറിച്ചുള്ള അവന്റെ കണ്സെപ്റ്റിനെപ്പറ്റി ചോദിച്ചപ്പോ അവന്‍ പറഞ്ഞു..

 ‘എന്റെ‍മ്മയ്ക്ക് മരുമകള്‍ സാരി ഉടുക്കണമെന്നാ, പിന്നെ നല്ല മുടിയുണ്ടാവണം കൂടാതെ ഒരു നല്ല ദൈവ വിശ്വാസീം ആകണം. എന്റെ ഭാഗ്യത്തിന് തനിക്കിപ്പോ ഇതെല്ലാം ഉണ്ടല്ലോ’. 
 
ഇത് പറഞ്ഞ് അവന്‍ എന്നെ ഒന്ന് പാളി നോക്കി  ഒരു കള്ള ചിരിയുമായി. ഞാന്‍ പക്ഷേ ഒന്നും പറഞ്ഞില്ല. വെറുതെ ഒന്ന് ചിരിച്ചു.

 പിറ്റേന്ന് ഞാന്‍ എന്റെ മുടി വെട്ടി, ചുരിദാറും ഇട്ടു കോളേജില്‍ പോയി. ഗിരീഷിനെ എനിക്കിഷ്ടായിരുന്നിട്ടും കൂടി ഞാനെന്താ അങ്ങനെ ചെയ്തതെന്നെനിക്കറിയില്ല. ഒരു പക്ഷേ അവന്റെ  അമ്മേടെ മരുമകള്‍ ആകാനാകില്ല ഞാനാഗ്രഹിച്ചത്.
 
എൻറെ ഈ മൂന്നു സ്വപ്നങ്ങളാണ് വില്ക്കാനുള്ളത്. പറ്റിയാല്‍ ഇന്ന് തന്നെ വിറ്റുപോണം. കാരണം നാളെ എന്നെ കാണാന്‍ ഒരാള്‍ വരുന്നുണ്ട്. എന്റെ ആ പുതിയ സ്വപ്നത്തിനു സ്ഥലമൊരുക്കാനായി ഈ പഴയതൊക്കെ വിറ്റു തീർക്കണം.


Sunday, May 24, 2020

കള്ളൻ


നിങ്ങൾക്ക് ഇത്രേം നന്നായി വരയ്ക്കാൻ അറിയുമായിരുന്നെങ്കിൽ അത് ചെയ്ത് ജീവിച്ചാൽ പോരായിരുന്നോ? 

ചുവരിൽ അയാൾ അല്പം മുൻപ് മാത്രം പൂർത്തിയാക്കിയ മനോഹരമായ ചിത്രം കണ്ടിട്ടാണ് ഞാൻ അങ്ങിനെ ചോദിച്ചു പോയത്.

അത് ചെയ്താ സാറേ ജീവിച്ചിരുന്നത്.. ബാലെ ട്രൂപ്കൾക്ക് കർട്ടൻ വരപ്പ് ആയിരുന്നു ജോലി.

പിന്നെ എപ്പോഴാ മോഷണത്തിലേക്ക് തിരിഞ്ഞത് ?

ഹാ.. ഒന്നും പറയണ്ട കൂട്ടുകാർ കാരണം.

എന്നിട്ട് മോഷണത്തിൽ നിന്ന് എന്തു കിട്ടി ഈ ജയിൽ വാസം അല്ലാതെ?

മൂത്ത മകളെ കെട്ടിച്ചു വിടാൻ കാശ് കിട്ടി. പിന്നെ ഇളയ മകളെ പഠിപ്പിച്ചു ഒരു ആയുർവേദ ഡോക്ടറും ആക്കി. 

ങേ..

അപ്പൊ നിങ്ങളുടെ വീട്ടുകാർക്കൊക്കെ തൊഴിൽ ഇതാണെന്ന് അറിയാമായിരുന്നോ? 

ഇല്ലായിരുന്നു.. 
അറിഞ്ഞപ്പോൾ ആദ്യ ഭാര്യ കളഞ്ഞിട്ടു പോയി. 

ബാംഗ്ളൂരിലെ ഒരു ഫാഷൻ ഡിസൈനർ ആണ് ഇപ്പോഴത്തെ ഭാര്യ. അവൾക്കെല്ലാം അറിയാം.

ഇതും പറഞ്ഞു മുണ്ടും മുഷിഞ്ഞ ബനിയനുമിട്ട അയാൾ സെല്ലിലേക്ക് നടന്നു.