Saturday, November 5, 2022

ഒരു രൂപയുടെ പടക്കം

ദീപാവലി ഞങ്ങളുടെ നാട്ടിൽ വലിയ ആഘോഷമാണ്. പടക്കം കുടിൽ വ്യവസായമായി ചെയ്യുന്ന ഒരുപാട് കുടുംബങ്ങൾ അവിടെയുണ്ട് എന്നതാണ് കാരണം. കുട്ടികൾക്ക് കുറഞ്ഞ വിലയിൽ ധാരാളം പടക്കം കിട്ടും. അതുപോലെ മുതിർന്നവർ കുറച്ചു പണം ഉണ്ടാക്കുന്നതും ഈ ദീപാവലി സമയത്താണ്. വളരെ ദൂരെ നിന്നുപോലും ആളുകൾ ഇവിടെ പടക്കം വാങ്ങാൻ വരും. പടക്കം ഉണ്ടാക്കാൻ ലൈസൻസ് ഉള്ളവരെ ആശാന്മാർ എന്നാണ് വിളിക്കുന്നത്. നമ്മുടെ നാട്ടിലെ ആശാന്മാർ തിരുവനന്തപുരം സിറ്റിക്കുള്ളിൽ പോലും പ്രസിദ്ധരാണ്.

പടക്കം ഉണ്ടാക്കുന്നതിനെ പടക്കം കെട്ടുക എന്നാണ് പറയുക. പടക്കം കെട്ടുന്നതിന് ഒരു രീതിയൊക്കെയുണ്ട്. കുറച്ചു വെടിമരുന്ന് ഉള്ളിൽ വച്ച്, തിരിയുമിട്ട്, പുറത്തു പേപ്പർ കൊണ്ട് പൊതിഞ്ഞാൽ പടക്കം ആകില്ല. അത് ചീറ്റി പോകുകയേ ഉള്ളൂ. അത് ചെയ്തു ശീലിച്ചു ഉണ്ടാക്കേണ്ട ഒരു കഴിവാണ്. മരുന്നിൻ്റെ അളവ്, കെട്ടിൻ്റെ മുറുക്കം അങ്ങിനെ എല്ലാത്തിനും ഒരു കണക്കുണ്ട്.
ഒന്ന് ഉയർത്തി താഴേക്ക് ഇട്ടാൽ പോലും പൊട്ടുന്ന ഏറു പടക്കം ഉണ്ടാക്കുന്നവരാണ്  എക്സ്പെർട്ടുകൾ. എന്റെ കുട്ടിക്കാലത്ത് അങ്ങിനെ കുറച്ച് ചേട്ടന്മാർ നാട്ടിൽ ഉണ്ടായിരുന്നതായി ഓർക്കുന്നു. പടക്കം ഉണ്ടാക്കുന്നതിനിടയിൽ അപകടം പറ്റിയവരും ധാരാളം. അതൊക്കെ നാട്ട് വിശേഷം ഇനി എന്റെ കാര്യത്തിലേക്ക് വരാം.

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരു ദീപാവലി. എല്ലാ ദീപാവലിക്കും അച്ഛൻ പടക്കമൊക്കെ വാങ്ങിക്കൊണ്ട് വരും പക്ഷെ തലേദിവസം വൈകുന്നേരം മാത്രമേ വാങ്ങുകയുള്ളൂ. ദീപാവലിയുടെ തലേദിവസമാണല്ലോ പടക്കം പൊട്ടിക്കൽ. നേരത്തെ വാങ്ങി വച്ചിരുന്നാൽ ഞാൻ ദീപാവലിക്ക് മുൻപേ അതൊക്കെ കത്തിക്കണമെന്ന് വാശി പിടിക്കുമെന്ന് കരുതിയിട്ടാവും. പിന്നെ പടക്കം എന്ന് പറഞ്ഞെങ്കിലും പൊട്ടുന്ന പടക്കം ഒന്നും അച്ഛൻ അങ്ങിനെ വാങ്ങാറില്ല. കമ്പിത്തിരി, തറച്ചക്രം പോലുള്ള കളർ ഐറ്റംസ് ആണ് വാങ്ങിക്കൊണ്ട് വരുന്നത്. പൊട്ടുന്ന പടക്കങ്ങൾ എനിക്ക് വലിയ ആഗ്രഹമായിരുന്നു. അപ്പോഴൊക്കെ  വലുതായിട്ടേ അതൊക്കെ ഉള്ളൂ ഇപ്പോൾ അപകടമാണ് എന്ന് പറഞ്ഞു അച്ഛൻ എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടും. 

അന്ന് അഞ്ചു പൈസയാണ് ഒരു പേപ്പർ പടക്കത്തിന്റെ വില. പത്ത് പൈസയ്ക്ക് ഏറ്റവും ചെറിയ ഓലപ്പടക്കം കിട്ടും. ഒരു രൂപയ്ക്ക് പടക്കം വാങ്ങിയാൽ എൻ്റെ സന്തോഷത്തിന് അത് ധാരാളം. അത്തവണത്തെ ദീപാവലിക്ക് എന്തായാലും കുറച്ചു പൊട്ടുന്ന പടക്കങ്ങൾ വേണമെന്ന് ഞാൻ വാശി പിടിച്ചു പറഞ്ഞിരുന്നു. മനസ്സില്ലാ മനസ്സോടെ അവസാനം അച്ഛൻ അത് സമ്മതിച്ചു.

വൈകുന്നേരം അച്ഛൻ പുറത്തു പോയി. ഞാൻ വഴിയിലേക്ക് നോക്കി അച്ഛൻ തിരികെ വരുന്നതും കാത്ത് ഇരുന്നു. അടുത്തുള്ള വീടുകളിലൊക്കെ സന്ധ്യ മയങ്ങുമ്പോൾ പടക്കം പൊട്ടിക്കൽ തുടങ്ങി. പൊട്ടാസും തോക്കും നേരത്തെ കിട്ടുന്നതിനാൽ അത് വച്ച് ഞാൻ അവർക്കൊക്കെ മറുപടി കൊടുത്തു. ഇടയ്ക്ക് വലിയ വെടി പൊട്ടുമ്പോൾ അവിടെപ്പോയി ഒന്ന് എത്തിനോക്കിയിട്ട് വീണ്ടും കാത്തിരിപ്പ് തുടർന്നു. 

ഞങ്ങളുടെ വീട് ഒരു ചെറിയ കുന്നിൻ പുറത്ത് ആയിരുന്നു. ദൂരെ ഇട വഴിയിലൂടെ ആൾക്കാർ വരുമ്പോഴേ ടോർച്ചിന്റെ വെട്ടം കാണാം. ഓരോ വെട്ടവും പ്രതീക്ഷയാണ്, അത്  ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നുണ്ടോയെന്ന് ഞാൻ ആകാംക്ഷയോടെ നോക്കും.

രാജമാണിക്യത്തിൽ പറയുന്നത് പോലെ അന്നൊക്കെ ടോർച്ചിന്റെ വെട്ടം വച്ച് ആളെ തിരിച്ചറിയുന്ന ഒരു കഴിവ് ഉണ്ടായിരുന്നു ഞങ്ങൾക്കൊക്കെ കേട്ടോടാ ന്യുജൻ പിള്ളേരേ.

അന്ന് ഞാൻ എത്ര കാത്തിരുന്നിട്ടും അച്ഛനെ കണ്ടില്ല. സാധാരണ ഒരു ഏഴു മണി കഴിയുമ്പോൾ എത്തുന്നതാണ്. ഏഴു മണിയായി, ഏഴരയായി, എട്ടായി അച്ഛനെ കാണുന്നില്ല. മൊബൈലും കുന്തവും ഒന്നുമില്ലല്ലോ വിളിച്ചു ചോദിയ്ക്കാൻ. കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ കരച്ചിലായി. അമ്മ പലതും പറഞ്ഞു നോക്കി. ഞാൻ കരച്ചിൽ നിർത്തിയതേയില്ല. ഒടുവിൽ അമ്മ അടുത്ത വീട്ടിലെ ആർക്കോ കുറച്ചു പൈസ കൊടുത്തു വിട്ടു  പടക്കം വാങ്ങിക്കൊണ്ട് വരാൻ. അങ്ങിനെ കുറച്ചു നേരത്തേക്ക് കരയാതെ ഇരുന്നു. എന്നാൽ അയാളും വെറും കയ്യോടെ മടങ്ങി വന്നു. എല്ലാ കടകളിലും പടക്കമൊക്കെ തീർന്നുപോയത്രെ. അത് സത്യമായിരുന്നോ എന്തോ അറിയില്ല.

ഞാൻ വീണ്ടും കരച്ചിൽ തുടങ്ങി. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി. അപ്പോഴാണ് അച്ഛന്റെ വരവ്. അച്ഛനെക്കണ്ടു ഞാൻ ചാടി എഴുന്നേറ്റു കയ്യിലേക്ക് നോക്കി. പൊതി വലുതോ ചെറുതോ. 
അത് അച്ഛന്റെ മൂഡ് പോലെയാണ് ചിലപ്പോൾ കുറച്ചധികം കിട്ടും ചിലപ്പോൾ പേരിന് എന്തെങ്കിലും കുറച്ചു മാത്രം. അന്ന് കാര്യമായിട്ട് ഒന്നും ഉണ്ടായിരുന്നില്ല. ചെറിയൊരു പൊതി. തുറന്നപ്പോൾ കുറച്ചു കമ്പിത്തിരിയും രണ്ടു മൂന്നു തറച്ചക്രവും ഒരു മത്താപ്പും. 
പടക്കമില്ല. 
വീണ്ടുമൊരു കരച്ചിൽ എന്റെ ഉള്ളിൽ നിറഞ്ഞു. ഏതായാലും കിട്ടിയത് കത്തിച്ചിട്ട് ആകാം എന്ന് കരുതി ഞാൻ അത് തൽക്കാലത്തേക്ക് ഒതുക്കി.

മത്താപ്പ് വലിയ ഇഷ്ടമാണ്. കമ്പിത്തിരി കത്തിച്ചു എന്റെ കയ്യിൽ തന്നു. തറച്ചക്രവും മത്താപ്പും അച്ഛനാണ് കത്തിച്ചത്. കമ്പിത്തിരി വച്ച് മത്താപ്പ് കത്തിക്കുന്ന പരിപാടി ഒന്നും അച്ഛനില്ല. പേപ്പർ ചുരുട്ടി കത്തിക്കും. രണ്ടോ മൂന്നോ തവണ ശ്രമിച്ചു. ഞാൻ ആകാംക്ഷയോടെ നോക്കി ഉമ്മറപ്പടിയിൽ ഇരിക്കുകയാണ്. പക്ഷെ അത് കത്തിയില്ല. തണുത്ത് പോയതാവും. ഒടുവിൽ അച്ഛൻ ഒരു ദാക്ഷണ്യവുമില്ലാതെ അതെടുത്തു ദൂരെ പറമ്പിലേക്ക് എറിഞ്ഞു. അവിടെ വച്ചിട്ട് പോയാൽ ഞാൻ ആരും കാണാതെ എടുത്തു കത്തിച്ചു നോക്കുമെന്ന് അറിയാം.

അതോടെ ദീപാവലി തീർന്നു. പടക്കവുമില്ല. ഉണ്ടായിരുന്ന മത്താപ്പ് കത്തിയതുമില്ല. ആകെ ഡെസ്പ്. അന്ന് ഞാൻ ഒരു ശപഥം ചെയ്തു അടുത്ത ദീപാവലിക്ക് ഏത് വിധേനെയും അച്ഛൻ അറിയാതെ കുറച്ചു പടക്കം വാങ്ങും. എന്റെ വിഷമത്തിൽ പങ്ക് ചേർന്ന് അമ്മയും ചേച്ചിയും അതിൽ ഒപ്പ് വച്ചു. ഈ ശപഥം പിന്നീട് ഉള്ള വർഷങ്ങളിൽ  ഒരുപാട് ആശാന്മാർക്ക് പണം ഉണ്ടാക്കി കൊടുത്തു എന്നത് ചരിത്രം.

എന്തുകൊണ്ടാണ് അച്ഛൻ അന്ന് അങ്ങിനെ ചെയ്തതെന്ന് ഇന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോൾ എൻ്റെ മോള് പലതിനും വാശി പിടിക്കുമ്പോൾ, പലതും ചെയ്തുകൊടുക്കണമെന്ന് ആഗ്രഹിക്കുമെങ്കിലും, ചിലപ്പോഴൊന്നും അതിന് കഴിയാറില്ല. നമ്മുടെ തിരക്കുകൾ, നമ്മുടെ മാനസിക നില ഇതൊക്കെ കുട്ടികളോട് ഇടപെടുമ്പോൾ നമ്മളെ ബാധിക്കും. എന്നാൽ അതൊന്നും മനസ്സിലാകുന്ന പ്രായത്തിലല്ല അവർ. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുഃഖങ്ങൾ  അവരുടെ ഉള്ളിൽ ഇതുപോലെ ഒരിക്കലും മായാതെ പതിഞ്ഞു കിടക്കും.