Sunday, July 19, 2020

സോഷ്യൽ ലേണിംഗ്

അച്ഛൻ പിണങ്ങിപ്പോയി അമ്മ ഗൾഫിലാണ്, അച്ഛനും അമ്മയും വേർപിരിഞ്ഞു വേറെ വിവാഹം കഴിച്ചു, അച്ഛനും അമ്മയും ചെറുതിലെ മരിച്ചു പോയി.
21 -23 വയസ്സിൽ താഴെയുള്ള ഒരു ജയിൽ അന്തേവാസിയോട് വീട്ടിൽ ആരൊക്കെയുണ്ടെന്നു ചോദിച്ചാൽ മിക്കപ്പോഴും ഇങ്ങിനെ ഒരു ഉത്തരമാണ് കിട്ടുക. ഇവരെപ്പോലുള്ളവർ കുറ്റം എത്ര ചെറുതായാലും പിടിക്കപ്പെട്ടു ജയിലിൽ ആകുമെന്ന് മാത്രമല്ല ജാമ്യം വാങ്ങി ഇറക്കിക്കൊണ്ട് പോകാനും ആരും വരാറില്ല.

മാതാപിതാക്കളിൽ നിന്നുള്ള സ്നേഹം കിട്ടാതെ വളരുന്ന കുട്ടികൾ ഭാവിയിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണ്.  അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യുന്ന പ്രവർത്തികളാണ് കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നത്.  ഒന്നോർത്തു നോക്കൂ.. ജനിച്ച നാൾ മുതൽ അവർ നമ്മളോടൊപ്പമുണ്ട്. കുഞ്ഞായിരിക്കുമ്പോൾ ഒരിക്കലും അവർ നമ്മെ വിട്ടു പോകില്ല. നമ്മുടെ തിരക്കുകൾ കാരണം നമ്മളാകും മിക്കപ്പോഴും അവരെ മറ്റാരുടെയെങ്കിലും കയ്യിൽ ഏൽപ്പിച്ചിട്ടു പോകുക. അവർക്കത് വളരെ വേദനയുണ്ടാക്കുന്ന ഒരു കാര്യമാണത്.

ആദ്യമായി നഴ്സ്റി സ്‌കൂളിൽ എന്നെ ചേർത്തിട്ട് അമ്മ തിരികെ പോയപ്പോൾ ഞാൻ പിന്നാലെ ഓടിയതും പിടിച്ചു നിർത്തിയ ടീച്ചറിന്റെ കയ്യിൽ കടിച്ചതും ഇന്നും ഞാൻ ഓർമ്മിക്കുന്നു. എനിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ ആണത് നടന്നത്. അതുവരെ ഞാൻ അമ്മയെ പിരിഞ്ഞു ഇരുന്നിട്ടില്ല. അമ്മയ്ക്ക് ജോലിയൊന്നും ഇല്ലാതിരുന്നത് കൊണ്ട് അന്ന് അത് നടന്നു. എന്നാൽ ഇന്ന് ഒരു വയസ്സാകുന്നതിന് മുൻപേ തന്നെ മക്കളെ ആരുടെയെങ്കിലും കയ്യിൽ ഏല്പിച്ചിട്ട് അമ്മയും അച്ഛനും അവരുടെ തിരക്കുകളിലേക്ക് പോകുന്നു. മിക്കപ്പോഴും ഒഴിവാക്കാൻ കഴിയാത്തതാണ് അത്. എന്നാൽ തിരക്കുകൾ കഴിഞ്ഞു വീട്ടിലെത്തുമ്പോൾ എങ്കിലും അവരെ ലാളിക്കാനും അവരോടൊപ്പം കളിക്കാനും സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

കുട്ടികൾ അവരുടെ ചുറ്റുപാടുകളിൽ നിന്ന്  ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കുന്നുണ്ട്. കുട്ടികളുടെ സ്വഭാവത്തെക്കുറിച്ചു പഠിക്കാനായി ആൽബർട്ട് ബണ്ടുര എന്ന അമേരിക്കൻ സൈക്കോളജിസ്റ്റ് 1961 - 63 കാലഘട്ടത്തിൽ കുറെ പരീക്ഷണങ്ങൾ നടത്തി. ബോബോ ഡോൾ എക്സ്‌പെരിമെന്റ് എന്നാണ് അവ അറിയപ്പെടുന്നത്. അതിൽ ഒന്ന് ഇങ്ങിനെയായിരുന്നു. മൂന്ന് വയസ്സിന് മുകളിലും അഞ്ചു വയസ്സിൽ താഴെയും പ്രായമുള്ള കുറെ കുട്ടികളെ പല ഗ്രൂപ്പുകൾ ആയി തിരിച്ചു.എന്നിട്ട് ഓരോ ഗ്രൂപ്പിനെയും ഓരോ വീഡിയോ കാണിച്ചു. ഒരു കുട്ടിയുടെ അത്രയും വലിപ്പമുള്ള ഒരു പാവയെ (ബോബോ ഡോൾ) ഒരു മുതിർന്നയാൾ തല്ലുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നതായിരുന്നു അതിലെ പ്രധാന സംഗതി. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികളെ കാണിച്ചത് ഇത്തരത്തിൽ പാവയെ ആക്രമിച്ചയാളിന് ഒരു പാരിതോഷികം നൽകുന്നതായിരുന്നു. രണ്ടാമത്തെ ഗ്രൂപ്പിനെ കാണിച്ചത് ആക്രമിച്ച ആളിനെ ശിക്ഷിക്കുന്നതായിരുന്നു. മൂന്നാമത്തെ ഗ്രൂപ്പിൽ കാണിച്ച വീഡിയോവിലെ ആൾ പാവയെ ആക്രമിച്ചതേയില്ല. അതിനു  ശേഷം ഈ  ഗ്രൂപ്പുകളിലെ കുട്ടികളെ പല മുറികളിലേക്ക് വിട്ടു. അവിടെ വീഡിയോവിൽ കണ്ട അതേ പാവയുമുണ്ടായിരുന്നു. ആദ്യത്തെ ഗ്രൂപ്പിലെ കുട്ടികൾ പാവയെ കണ്ടയുടനെ അതിനെ ആക്രമിച്ചു. എന്നാൽ രണ്ടാമത്തെ ഗ്രൂപ്പിലുള്ളവർ അങ്ങിനെ ചെയ്തില്ല. പക്ഷെ പാവയെ ആക്രമിക്കുന്നത് എങ്ങനെയാണെന്ന് ചെയ്തു കാണിക്കാൻ പറഞ്ഞപ്പോൾ അവർ അത് ചെയ്തു. മൂന്നാമത്തെ ഗ്രൂപ്പിൽ ഉള്ളവർക്ക് പാവയെ ആക്രമിക്കുന്നത് എങ്ങനെയെന്നുപോലും അറിയില്ലായിരുന്നു. മുതിർന്നവർ ചെയ്യുന്നത് അതേപടി അനുകരിക്കാനുള്ള പ്രവണതയാണ് കുട്ടികൾക്ക് ഉള്ളതെന്നും സിനിമകളിലെ വയലൻസും അക്രമസ്വഭാവമുള്ള വീഡിയോ ഗെയിമുകളും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പങ്കു വഹിക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യൽ ലേണിങ് തിയറി എന്നൊരു തിയറി അദ്ദേഹം മുന്നോട്ട് വെയ്ക്കുകയും ചെയ്തു.

നമ്മുടെ ജോലിത്തിരക്കുകൾക്കിടയിൽ കുട്ടികളെ അടക്കിയിരുത്താൻ മൊബൈൽ ഗെയിമോ, ടിവിയിൽ സിനിമയോ ഒക്കെ വെച്ചു കൊടുക്കുമ്പോൾ ഇതൊക്കെ മനസ്സിൽ ഉണ്ടാകണം.
 

Tuesday, July 14, 2020

ഇഷ്ടങ്ങൾ

എന്റെ ജീവിതം എന്റെ മാത്രം ജീവിതമാണ്. അതിലെ ഓരോ നിമിഷവും എന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടിയാണ് ചിലവഴിക്കേണ്ടത്. അങ്ങിനെയല്ലാത്ത സമയങ്ങൾ ഉണ്ടെങ്കിൽ അത് ഭാവിയിൽ അങ്ങിനെയുള്ള സമയങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടിയാകണം ഉപയോഗിക്കേണ്ടത്.

ഇങ്ങിനെ ജീവിക്കുന്നതിൽ ഒരു ത്രിൽ ഇല്ല .. എനിക്ക് കാട്ടിൽ പോകണം രാത്രിയിൽ മഴയത്തു ഏറു മാടത്തിൽ കിടന്നു കാടിന്റെ ശബ്ദവും കേട്ട് ഉറങ്ങണം.. കാലത്തു സൂര്യരശ്മികൾ മുഖത്ത് വീഴുമ്പോൾ എണീക്കണം. അടുത്തുള്ള അരുവിയിൽ പോയി നീന്തിക്കുളിക്കണം. പുഴയുടെ തീരത്തു വെളുത്ത മണലിൽ  വെയിൽ കാഞ്ഞു അല്പനേരം വിശ്രമിക്കണം.

ഹാ സൂപ്പർ ആയിരിക്കും. കേട്ടവരൊക്കെ പറഞ്ഞു.

ഞാൻ ആലോചിച്ചു. ഇത്രയുമൊന്നും എത്തിയില്ലെങ്കിലും കുറെയൊക്കെ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. അത്  അഗസ്ത്യാർകൂടം പോയപ്പോഴാണ്. മൂന്ന് തവണ അവിടെ പോയിട്ടുണ്ട്. ഒരിക്കൽ മഴ സമയം ആയിരുന്നു. മഴയത്തു കാട് ‌ കേറിയാൽ കാലിലും കയ്യിലും ചിലപ്പോൾ  മുഖത്തുവരെ കുളയട്ടകൾ പാഞ്ഞു കേറും. രക്തം കുടിക്കുന്നത് പോട്ടെന്ന് വെയ്ക്കാം കൊതുകും രക്തം കുടിക്കുന്നുണ്ടല്ലോ പക്ഷെ അവ ഉണ്ടാക്കുന്ന ഒരു അറപ്പ് അത് യാത്രയുടെ സൗന്ദര്യം കളയും. അത് ആലോചിച്ചു ടെൻഷൻ അടിക്കാനേ പിന്നെ സമയം കാണുകയുള്ളൂ . പിന്നെ ഏറു മാടത്തിൽ ഒന്നും അല്ലെങ്കിലും നാല് വശവും ഓലയും ടാർപോളിനും ഒക്കെ കൊണ്ട് മൂടിയ ഒരു ചെറിയ മാടത്തിൽ രാത്രി കഴിഞ്ഞിട്ടുണ്ട്. 

വീശിയടിക്കുന്ന കാറ്റും തുളച്ചു കേറുന്ന തണുപ്പും ആദ്യം രസമാണ് കൗതുകമാണ് പക്ഷെ പിന്നീട് അത് നമ്മുടെ ഉറക്കം നശിപ്പിക്കുമ്പോൾ ശല്യമാകും. എങ്ങിനെയെങ്കിലും രാത്രി തീർന്നു കിട്ടിയിരുന്നെങ്കിലെന്നു തോന്നിപ്പോകും. കാട്ടിലെ അരുവിയിലെ കണ്ണീരു പോലുള്ള തണുത്ത വെള്ളത്തിൽ കുളിച്ചിട്ടുണ്ട്. കുളിക്കുന്ന സമയത്തു മൂർഖനെക്കണ്ടു ഇടയ്ക്കു വെച്ച് നിർത്തി കേറിപ്പോന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ പലതിനോടും ഇഷ്ടം തോന്നാം. പലതും ചെയ്യണമെന്ന് ആഗ്രഹിക്കാം എന്നാൽ അവ നേടുമ്പോൾ അതിന് കൊടുക്കേണ്ടിവരുന്ന ഒരു വിലയുണ്ട് അത് എത്രമാത്രം ആണെന്ന് മുൻപേ മനസ്സിലാക്കാൻ ശ്രമിക്കുക. ചിലപ്പോൾ നമ്മൾ അതിനേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്ന, ആഗ്രഹിക്കുന്ന ചിലത് അതിന് വിലയായി കൊടുക്കേണ്ടി വന്നേക്കാം.