Friday, November 18, 2011

പ്രണയത്തിന്റെ തോന്നലുകള്‍

നിന്നെ കാണണം എന്ന് തോന്നുന്നു..
ഒരുപാട് സംസാരിക്കണമെന്ന് തോന്നുന്നു..
ഒരുമിച്ചു ഒത്തിരി ദൂരം, കാല്‍ കുഴയുവോളം നടക്കണമെന്ന് തോന്നുന്നു എന്നിട്ട് ആരുമില്ലാത്ത ഒരു കുന്നിന്റെ മുകളില്‍ മരത്തിന്റെ തണലില്‍ ചേര്‍ന്ന് ഇരിക്കണം എന്ന് തോന്നുന്നു ..

ഇതാവും പ്രണയം അല്ലേ ?
നിന്റെ കണ്ണുകള്‍ എത്ര മനോഹരമാണെന്ന് നിനക്കറിയാമോ ? എനിക്ക് എപ്പോഴും അതില്‍ നോക്കിയിരിക്കാന്‍ തോന്നും

നിലാവുള്ള ഒരു രാത്രിയില്‍, വയലുകള്‍ക്ക് നടുവിലുള്ള ഒരു കുഞ്ഞു വീട്ടില്‍, ചാണകം മെഴുകിയ തറയില്‍, ഒരു ചെരാത് കത്തിച്ചു വച്ച്, പുല്‍പ്പായയില്‍, ഞാനും നീയും പരസ്പരം നോക്കിയിരിക്കും..

അപ്പോള്‍ ഒരു ചെറിയ കാറ്റ് വന്നു ആ ചെരാതിനെ കെടുത്തും .
നിലാവിന്റെ വെളിച്ചം മാത്രം.. അത് നിന്റെ മുഖത്തെ തലോടി ആ കണ്ണുകളെ എനിക്ക് കാണിച്ചു തരും .

എങ്ങും നിശബ്ദമായിരിക്കും.
ചീവീടുകളുടെയും രാക്കിളികളുടെയും ശബ്ദം മാത്രം..
വാഴക്കൂമ്പുകളില്‍ നിന്ന് തേന്‍ കുടിയ്ക്കാന്‍ പോകുന്ന നരിച്ചീറുകളെ   നോക്കി നീ പറയും.
 "നമുക്കും അതുപോലെ പറക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ .."
 അപ്പോള്‍ ഞാന്‍ നിന്റെ മുഖം എന്റെ നെഞ്ചിലേക്ക് അമര്‍ത്തും, നീയും ഞാനും കണ്ണടയ്ക്കും. നമ്മുടെ ആത്മാവുകള്‍ പുറത്തിറങ്ങും, കൈ കോര്‍ത്ത്‌ പിടിച്ചു അവ ആകാശത്തിലേക്ക് പറക്കും.........

Sunday, October 16, 2011

ചിത്രയുടെ ഒരു ദിനം

ആദ്യമേ പറയട്ടെ ഞാന്‍ നന്നായി പടം വരയ്ക്കും ,അതെന്റെ ഹോബി ആണ്. എന്റെ വീട്ടില്‍ വരുന്നവരെല്ലാം എന്റെ ചിത്രങ്ങള്‍ കണ്ടു അനുമോദിക്കാറുണ്ട്. ഒരു  പ്രദര്‍ശനം നടത്തുന്നതിനെപ്പറ്റി സുഹൃത്താണ് ആദ്യം പറഞ്ഞത് ..ഇതിനൊക്കെ മുന്പിട്ടിറങ്ങാനുള്ള  ധൈര്യം എനിക്കുണ്ടോയെന്നു ഞാന്‍ സ്വയം ചോദിച്ചു ..എന്റെ വരയെ സ്നേഹിക്കുന്നവര്‍ സഹായിക്കാമെന്ന് ഉറപ്പു പറഞ്ഞു. വീട്ടിലെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കിയില്ല അല്ലെങ്കിലും വീട്ടില്‍ എപ്പോഴും അങ്ങനെയാണ് എന്ത് നല്ല കാര്യം പറഞ്ഞാലും ആദ്യം എതിര്‍ക്കും.
പെണ്ണായിപ്പോയെന്നു  വച്ച് വീട്ടില്‍ കെട്ടിയിടാനുള്ള ശ്രമമാണ്........

ഞാന്‍  ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രദര്‍ശനം നടത്തിയത്.
എന്റെ  പത്തു ചിത്രങ്ങള്‍ അതില്‍ പലതും നിഗൂഡമായ അര്‍ത്ഥ തലങ്ങള്‍ ഒളിപ്പിച്ചു വച്ച് വരച്ചതായിരുന്നു . ആ അര്‍ഥങ്ങള്‍ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ . ബാക്കിയുള്ളവര്‍ വെറുതെ കണ്ടിട്ട് പോകും. പ്രദര്‍ശനം കണ്ടു പോകുന്നവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഞാന്‍ ഒരു ബുക്ക് വച്ചിരുന്നു പലരും അത് തുറന്നു എഴുതുന്നുണ്ടായിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരുപാട് പേര്‍ പ്രദര്‍ശനത്തിനെത്തി. കൂട്ടുകാരൊക്കെ എന്നെ അഭിനന്ദിച്ചു.
തീരുമാനിചിരുന്നതിലും അര മണിക്കൂര്‍ വൈകിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്  .


അഭിപ്രായങ്ങള്‍ വായിക്കാന്‍ ധൃതിയായിരുന്നു .  വീട്ടിലെത്തിയപ്പോള്‍ തന്നെ ആ ബുക്കുമെടുത്തു ഞാന്‍ എന്റെ മുറിയിലേക്ക് ഓടി.
നന്നയില്ലെന്നു ഞാന്‍ കരുതിയ ചിത്രങ്ങളില്‍ പലതിനെയും പ്രശംസിച്ചു എഴുതിയിരിക്കുന്നു. ആ ചിത്രങ്ങളില്‍ പലതും അര്‍ദ്ധ നഗ്നരായ യുവതികളുടെതായിരുന്നു. വെറുതെ അല്ല പ്രശംസ കിട്ടിയത്, നഗ്നത അത് യഥാര്‍ത്ഥമായാലും ചിത്രത്തില്‍ ആയാലും പുരുഷ വര്‍ഗ്ഗം മുഴുവന്‍ അതിനു പിന്നാലെയാണ്. രാവിലെ കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ കാമ കണ്ണുകള്‍ എന്നെ ഉഴിയുന്നത് ഞാന്‍ അറിയാറുണ്ട്.
കഷ്ടം ഇവന്റെയൊക്കെ അമ്മയെയും പെങ്ങമാരെയും ഇങ്ങനെ മറ്റൊരുത്തന്‍ നോക്കുന്നത് ഇവന്‍ സഹിക്കുമോ ?
ചോദിയ്ക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും . ചോദിച്ചിട്ട് എന്ത് കാര്യം .

ചിലരൊക്കെ ഒന്ന് നോക്കും പിന്നെ നോക്കാറില്ല. മറ്റു ചിലര്‍ ക്രമമായ ഇടവേളകളില്‍ നോട്ടമെറിയും.

പടങ്ങളുടെ  കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത് നഗ്നത കണ്ടു പ്രശംസിക്കാന്‍ എത്തിയിരിക്കുന്നു. പലരും ഫോണ്‍ നമ്പര്‍ വച്ചിട്ടുണ്ട് ഞാന്‍ ഒരു പെണ്ണായതുകൊണ്ട് നമ്പര്‍ ഇറക്കാനുള്ള അടവായിരിക്കും..

അമ്മ പലപ്പോഴും പറയാറുണ്ട്‌ ഇരുകിപ്പിടിച്ച ടോപ്പും പാന്റും ഇടരുതെന്നു. 
അമ്മ ആരെയാണ് ഭയക്കുന്നത് ? 
ഒരു പെണ്ണിന് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഈ നാട്ടില്‍?
എന്റെ ആകാര വടിവ് ഞാന്‍ പ്രദര്‍ശിപ്പിച്ചു എന്നതുകൊണ്ട് എന്റെ സുരക്ഷിതത്വം ഇല്ലാതാകുമോ ? 

അഭിപ്രായങ്ങള്‍ നോക്കി പോകവേ ഒരാളുടെ കമെന്റില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നു.
ചില ചിത്രങ്ങളുടെ മാത്രം നമ്പര്‍ ഇട്ടു കൊള്ളില്ല, മോശം ആണ് ഇത്...
എന്നൊക്കെ എഴുതി വച്ചിരിക്കുന്നു ഒന്നോ രണ്ടോ ചിത്രത്തിന് മാത്രം നല്ല അഭിപ്രായം എഴുതിയിട്ടുണ്ട്.
എന്ത് യോഗ്യത ആണ് ഇവനുള്ളത് ആ ചിത്രങ്ങള്‍ കൊള്ളില്ല എന്ന് പറയുവാന്‍  ?
അവന്റെ ഫോണ്‍ നമ്പറും അതില്‍ ഉണ്ടായിരുന്നു ... 
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു ആളാകാന്‍ നടക്കുന്നവനായിരിക്കണം. ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു അപ്പുറത്ത് നിന്നു മറുപടി കിട്ടി

ഹലോ ...നിങ്ങള്‍ ഈ ബുക്കില്‍ എന്താണ് എഴുതി വച്ചിരിക്കുന്നത് ?
ങേ...ഞാന്‍ ആരെന്നോ ?
ഇന്ന് ചിത്ര പ്രദര്‍ശനം നടത്തിയ ....
അതെ ആ ആറുപേരില്‍ ഒരാള്‍ ‍, ചിത്ര  ആണ് ഞാന്‍ 
...................
എന്ത് ? നിങ്ങള്‍ നടിക്കുകയോന്നും വേണ്ടാ നിങ്ങള്‍ക്കെന്നെ  നല്ല ഓര്‍മയുണ്ട്.. മനപൂര്‍വം അല്ലേ ആ അഭിപ്രായം അവിടെ എഴുതിയത് ?
നിങ്ങള്ക്ക് എന്തറിയാം ചിത്ര രചനയെക്കുറിച്ച് ?
ഒരു  ചിത്രം എങ്കിലും വരയ്ക്കാന്‍ കഴിയുമോ നിങ്ങള്ക്ക് ?
...................
ഓഹോ പ്രദര്‍ശനം കാണാന്‍ വരുന്നവര്‍ എല്ലാം ചിത്രകാരന്മാര്‍ അല്ലെന്നാണോ പറയുന്നത് ?
കാണാന്‍ വരുന്നവര്‍ കണ്ടിട്ട് പോണം മിസ്റ്റര്‍. ഇങ്ങനെ ഒരു ചുക്കും അറിയാതെ അഭിപ്രായം എഴുതി വയ്ക്കരുത് 
..................
അതെ അഭിപ്രായം എഴുതാന്‍ തന്നെയാ ബുക്ക്‌ വച്ചത് എന്ന്കരുതി ?
 വച്ചിട്ട് പോണം  മിസ്റ്റര്‍ നിങ്ങള്‍ എന്നെ വളയ്ക്കുവാന്‍ നോക്കുകയല്ലേ ?
ഞാന്‍ വിളിക്കുവാന്‍ വേണ്ടി തന്നെയല്ലേ ഈ നമ്പര്‍ അവിടെ എഴുതി ഇങ്ങനെയൊരു അഭിപ്രായം എഴുതി വച്ചത് ?
ഞാന്‍ ആ ടൈപ്പ്‌ അല്ല ...നിങ്ങള്ക്ക് ആളു മാറിപ്പോയി .. ഹും
നിങ്ങളെ എനിക്ക് അറിയാമെന്ന് തോന്നുന്നു.. അവിടെ വച്ച് ആ നോട്ടം ..അത് നിങ്ങള്‍ ആയിരുന്നില്ലേ ? നീല ഷര്‍ട്ടും  വെളുത്ത പാന്റും ഇട്ട്.....
...............
ങേ തനിക്ക് വേറെ പണിയുണ്ടെന്നോ ? ഓഹോ ഇപ്പോള്‍ ഞാന്‍ ആണോ തെറ്റുകാരി?

കട്ട് ചെയ്തോ .....

ഹും ഇയാളെപ്പോലുള്ളവരാ ഈ നാട് മുഴുവന്‍. ഒരു സ്ത്രീക്കും  ഇവിടെ സമാധാനമായി  ജീവിക്കാന്‍ കഴിയുന്നില്ല .. നമ്മള്‍ എത്ര മാന്യമായി നടന്നിട്ടും കാര്യമില്ല. ഇവന്മാര്‍ പുറകെയുണ്ട്... നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക് ഒരു നന്ദി മെസ്സേജ് അയച്ചിട്ട് കിടക്കാം 


Friday, September 9, 2011

പ്രതികാരം


ഞാന്‍ മരിച്ചു കഴിഞ്ഞു. എന്റെ തണുത്തു വിറങ്ങലിച്ച ശരീരം ഇന്നലെ ഞാന്‍ വാങ്ങിയ പുതിയ മുണ്ടിന്റെ ബലത്തില്‍ തൂങ്ങിക്കിടക്കുന്നു.
പോലിസ്‌ വന്നിട്ടുണ്ട്. ഒരാള്‍ ഫോട്ടോഗ്രാഫേറെ വിളിക്കുന്നു. എന്റെ ഫോട്ടോ എടുക്കാന്‍ ഇതിനു മുന്‍പ് എന്റെ ഫോട്ടോ എടുത്തത്‌ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ആയിരുന്നു.
ഈ തിരുവോണ ദിവസം എന്റെ ഫോട്ടോ എടുക്കാന്‍ വരുന്ന തെണ്ടി എന്റെ തുറിച്ച കണ്ണുകളും പിടച്ച ഞരമ്പുകളും പുറത്തേക്കു തള്ളിയ പകുതി മുറിഞ്ഞ നാക്കും വ്യക്തമായി കാണും. അവന്റെ വിധി അവന്‍ മാത്രമല്ല പുറത്തു കുറെയെണ്ണം നില്‍പ്പുണ്ട് തൂക്കം കാണാന്‍ വന്നവര്‍ വരട്ടെ എല്ലാവരും വന്ന് കാണട്ടെ.

ഞാന്‍ രാവിലെ അടിച്ച പട്ട ചാരായത്തിന്റെ ഗന്ധം ഈ മുറിയില്‍ തങ്ങി നില്‍ക്കുന്നു. ഞാന്‍ താലി കെട്ടി കൊണ്ട് വന്നവള്‍, എന്റെ ഭാര്യ അടുത്ത മുറിയില്‍ ഏങ്ങലടിച്ചു കൊണ്ട് കിടപ്പുണ്ട്..
 ഹും .. അവള്‍ ഓണം ആഘോഷിക്കാന്‍ പോയതാ. അവളും മോളും കൂടി എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട്.


എല്ലാ ഓണത്തിനും ഞാന്‍ അല്പം മദ്യപിക്കും. അല്ല എനിക്കും വേണ്ടേ ഈ ആഘോഷമൊക്കെ?
ഇന്നലെ രാത്രി അല്പം കൂടിപ്പോയി, അവള് ഇന്നത്തേക്ക് സാമാനങ്ങള്‍ വാങ്ങാന്‍ പോയിട്ട് വന്നപ്പോള്‍ ഞാനും ആ ഗോവിന്ദനും കൂടി ഇവിടെയിരുന്നു കഴിക്കുകയായിരുന്നു. അതവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രായമായ പെണ്‍കൊച്ചുള്ള വീടാണ് പോലും...... ത്ഭൂ.....
അതുകേട്ട് ആ ഗോവിന്ദന്‍ പോയി.
ഞാന്‍ ആയിട്ട് വിളിച്ചുകൊണ്ട് വന്നതാ അവനെ.
ഓണം ആയിട്ട് അല്പം ഒന്നു സന്തോഷിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ വീട്ടില്‍ എനിക്ക് എന്താ വില?
ഞാന്‍ അങ്ങ് അടുക്കളയിലോട്ടു ചെന്ന്, വാങ്ങിക്കൊണ്ടു വച്ചിരുന്നതും വച്ച് വച്ചിരുന്നതും എല്ലാം എടുത്തു വെളിയില്‍ എറിഞ്ഞു. തടുക്കാന്‍ വന്ന അവള്‍ക്കിട്ടു ഒരു ചവിട്ടും കൊടുത്തു. അല്ല ഇവളാരാ എന്നെ ഭരിക്കാന്‍?
ജോലിയെടുത്തു കുറച്ചു പൈസ ഉണ്ടാക്കികൊണ്ട് വരാന്‍ തുടങ്ങിയത് മുതല്‍ അവള്‍ക്കിത്തിരി നെഗളിപ്പ് ആണ്. കരുതി വച്ചിരുന്നതാ കൊടുത്തു നന്നായിട്ട്...

പിന്നെന്താ ..ബാക്കി ഉണ്ടായിരുന്നത് ഗോവിന്ദന്റെ മാടത്തില്‍ കൊണ്ടുവച്ചു അടിച്ചു. രാത്രി എപ്പഴോ വന്ന് കിടന്നു.
രാവിലെ എണീറ്റപ്പോള്‍ തള്ളേം മോളും ഇവിടുണ്ടായിരുന്നു. ഓണം അല്ലേ.. പുതിയ മുണ്ടും ഉടുത്തു കോവിലില്‍ പോയി. തിരിച്ചു വരണ വഴി നമ്മടെ രണ്ടു മൂന്നു ചങ്ങാതികളെക്കിട്ടി അവര് നിര്‍ബന്ധിചിട്ടാ അല്ലേല്‍ സത്യമായിട്ടും ഞാന്‍ ഇന്ന് കുടിക്കില്ലായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നു രാവിലെ ഒന്നും കഴിക്കാതെയാ ഇറങ്ങിയത്.
വാറ്റിനു നല്ല പിടുത്തം , വഴിയില്‍ രണ്ടു മൂന്നിടത്ത് വീണു എങ്കിലും ഞാന്‍ വീട്ടിലെത്തി അപ്പഴല്ലേ രസം അവളും പെണ്ണും ഇവിടില്ലാ.
കതകു ചാരിയിരിക്കുന്നു, അടുപ്പില്‍ തീ പുകഞ്ഞിട്ടില്ല. എനിക്കാണേല്‍ അങ്ങ് പെരുത്ത്‌ കേറി. അവളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..
ഇല്ലാ..അവള്‍ തള്ളേടെ അടുത്തായിരിക്കും പോയത്. പോയിട്ട് വരട്ടെ. വരുമ്പോള്‍ കാണാന്‍ ഞാന്‍ കണി ഒരുക്കിക്കൊടുക്കാം.

മേശപ്പുറത്ത് വലിഞ്ഞു കേറി ഉടുതുണി അഴിച്ചു ഫാനില്‍ കുടുക്കിട്ടു ഒരറ്റം കഴുത്തിലും. എടുത്തങ്ങു ചാടി വേറെ ഒന്നും ആലോചിച്ചില്ലാ... കുറച്ചൊന്നു പിടഞ്ഞു പിന്നെ നിശ്ചലം

Monday, August 15, 2011

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനങ്ങള്‍ വരുന്നു പോകുന്നു പക്ഷെ ഇന്ന് നാം കാണിക്കുന്ന രാഷ്ട്ര സ്നേഹം എന്താണ് ...?

ഇടതു വശത്ത് കൂടി ഓവര്‍ ടേക്ക് ചെയ്യുന്ന, ഫുഡ്‌ പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വണ്ടികള്‍....
റോഡില്‍ തുപ്പുന്ന, ചപ്പു ചവറുകള്‍ വലിച്ചെറിയുന്ന സമൂഹം......
പുഴകളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന കച്ചവടക്കാര്‍.....
മാതൃ ഭാഷ സംസാരിക്കുന്നത് കുറച്ചിലായി കാണുന്ന വിദ്യാര്‍ത്ഥികള്‍.....
അമ്മയെയും പെങ്ങന്മാരെയും ഉപദ്രവിച്ചു, മദ്യത്തിനും മയക്കുമരുന്നിനും അടിമയായി നിര്‍വൃതി അടയുന്ന ചെറുപ്പക്കാര്‍.....
ഫേസ് ബുക്കില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷക മക്കള്‍.....
പണത്തിനും അധികാരത്തിനും വേണ്ടി നിയമം വളച്ചൊടിക്കുന്ന നിയമ പാലകര്‍...
പൊതു മുതലിനെ നശിപ്പിച്ചു, ജനത്തിന്റെ വഴി തടഞ്ഞു രാഷ്ട്ര സ്നേഹികള്‍....

ഓഫിസില്‍, ബസില്‍, പൊതു നിരത്തില്‍, പൊതു സ്ഥലങ്ങളില്‍, വീടുകളില്‍ എവിടെയും നമുക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരു ജനത ... 
ഞാനും അതില്‍ ഉള്‍പ്പെടുന്നു .....

നിയമങ്ങള്‍ക്കായി മുറവിളി കൂട്ടാം നമുക്ക് ...എന്തിനും ഏതിനും നിയമങ്ങള്‍ ....നിയമങ്ങള്‍ ഇല്ലാതെ ശെരി ചെയ്യാന്‍ നമ്മള്‍ ശീലിച്ചിട്ടില്ല.. 
പിന്നെ എന്തിനായിരുന്നു നമുക്ക് സ്വാതന്ത്ര്യം..? ആരുടെയെങ്കിലും കീഴില്‍ ഒതുങ്ങിക്കിടന്നു അവന്‍ പറയുന്നത് അനുസരിച്ച് ജീവിക്കുന്നതിലാണ് നമ്മുടെ സുഖം...
സ്വതന്ത്രം ആക്കി വിട്ടാല്‍ തെറ്റുകള്‍ മാത്രമേ ചെയ്യാന്‍ നമുക്ക് അറിയൂ..................

സ്വാതന്ത്ര്യം വേണമോ വേണ്ടയോ എന്നല്ല., കിട്ടിയ സ്വതന്ത്ര്യതിനെ എന്തുകൊണ്ട് നമ്മള്‍ തെറ്റായി ഉപയോഗിക്കുന്നു എന്നുള്ളതാണ് ചര്‍ച്ച ചെയ്യേണ്ടത് .....
ചുമ്മാ നിയമങ്ങള്‍ ഉണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല ... മനുഷ്യര്‍ നന്നായിരുന്നെങ്കില്‍ നിയമങ്ങള്‍ ഒന്നും വേണ്ടായിരുന്നു...

നാം പള്ളിക്കൂടം മുതല്‍ക്കെ ഏറ്റു ചൊല്ലുന്ന പ്രതിജ്ഞ.. 

"എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" 
അത് ഒന്ന് മാത്രം പ്രാവര്‍ത്തികമാക്കിയാല്‍ പോരെ എല്ലാ തെറ്റുകളും ഇല്ലാതാകാന്‍ ? പക്ഷെ അതിനു കഴിയുന്നുണ്ടോ നമുക്ക് ?
സ്വാതന്ത്ര്യ ദിനത്തിനും റിപ്പബ്ലിക് ദിനത്തിനും കുറെ പാട്ടുകള്‍ കേട്ട് രോമാഞ്ചം കൊണ്ട് ...കയ്യില്‍ ബാന്‍ഡ് കെട്ടി വണ്ടിയില്‍ ഫ്ലാഗ് കുത്തി .. 
ഞരമ്പില്‍ എന്തൊക്കെയോ ഓടുവാണെന്നു ഉറക്കെ വിളിച്ചു പറഞ്ഞു നടക്കുന്നില്ലേ നമ്മള്‍ ...അതിലെ അര്‍ത്ഥ ശൂന്യതയാണ് മനസ്സിലാക്കേണ്ടത് ....
നികുതി കൊടുക്കുന്നതില്‍ തീര്‍ന്നോ നമ്മുടെ രാജ്യ സ്നേഹം ? 

നികുതി വെട്ടിക്കാന്‍ അല്ലാതെ മാക്സിമം നികുതി കൊടുക്കാന്‍ ആരെങ്കിലും  ശ്രമിക്കാറുണ്ടോ?
ഞാനും ആഘോഷിക്കുന്നു സ്വാതന്ത്ര്യ ദിനം .. കാരണം ഇന്ന് ഒരു അവധി ദിവസം ആണല്ലോ..

Thursday, August 11, 2011

സ്നേഹം

സ്നേഹം അളക്കുന്നവന്‍ വിഡ്ഢിയാണ് .... 
അത് അളക്കാവുന്നതല്ല സ്നേഹം അളക്കാന്‍ ശ്രമിക്കുമ്പോള്‍ അത് നമ്മില്‍ നിന്ന് അകന്നു പോകും .. അത് കിട്ടാതാകും. 
നമ്മള്‍ ഒരാളുടെ സ്നേഹത്തെ അളക്കുന്നു എന്നറിഞ്ഞാല്‍ അയാള്‍ക്ക് നമ്മളോട് വെറുപ്പ്‌ തോന്നും................................
സ്നേഹം അനുഭവിക്കേണ്ടതാണ്...സ്നേഹമാണ് എല്ലാം... പ്രപഞ്ചം മുഴുവന്‍ സ്നേഹം നിറഞ്ഞു നില്‍ക്കുന്നു ... എന്താണ് സ്നേഹമെന്ന്
അനുഭവിച്ചറിയുക.സ്നേഹം അനിര്‍വചനീയമാണ് .... ഓരോ രൂപത്തില്‍ ഭാവത്തില്‍ അത് വരുന്നു പ്രതീക്ഷിക്കുമ്പോള്‍ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോള്‍ ഒക്കെ അത് നമ്മെ തേടിയെത്തുന്നു..

ഞാന്‍ ഒരു പൂവിനെ സ്നേഹിക്കുന്നു ... അത് തിരിച്ചു എനിക്കൊന്നും തരുന്നില്ല എങ്കിലും ഞാന്‍ അതിനെ സ്നേഹിച്ചുകൊണ്ടേ ഇരിക്കും ... പുഴയെ സ്നേഹിക്കുന്നു ...പ്രകൃതിയെ സ്നേഹിക്കുന്നു ...തിരികെ ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല അത് എങ്ങനെയാണോ അങ്ങനെ തന്നെ ഇരുന്നാല്‍ മതി വര്‍ഷങ്ങളോളം കാലങ്ങളോളം ഞാന്‍ അതിനെ സ്നേഹിച്ചു കൊണ്ടേയിരിക്കും ..
പൂവിനും പൂമ്പാറ്റയ്ക്കും മാത്രമല്ല വ്യക്തികള്‍ക്കും ലോകത്തിലെ എല്ലാത്തിനും ഇതു ബാധകമാണ്
 
... സ്നേഹിക്കുമ്പോള്‍ അതിന്റെ പ്രതിഫലം നമുക്ക് കിട്ടുന്നുണ്ട്‌ സ്നേഹിക്കപെടുമ്പോള്‍ കിട്ടുന്നതുപോലെ അനിര്‍വചനീയമായ അനുഭൂതി...

സ്നേഹിക്കുമ്പോള്‍ ചിലപ്പോഴൊക്കെ നമുക്ക് കിട്ടുന്നത് വേദനയാകം... എന്ന് കരുതി സ്നേഹത്തെ മുഴുവന്‍ വേണ്ടാന്ന് വയ്ക്കുകയും അതൊരു കൊടുക്കല്‍ വാങ്ങല്‍ ബിസിനസ്‌ ആണെന്ന് കരുതുകയും ചെയ്യരുത് ..
ചെയ്‌താല്‍ ആദ്യന്തികമായ നഷ്ടം നമുക്ക് തന്നെയാകും ...
  

Sunday, July 17, 2011

മരണാനന്തരം

ജനിക്കുന്ന എല്ലാവരും മരിക്കുന്നു. ഓരോ വ്യക്തിയും അവരുടെതായ ഒരു ജീവിതം നയിക്കുന്നു.
ഒരു മനുഷ്യന്‍ എന്നാല്‍ അയാളുടെ ശരീരം മാത്രമാണോ ?
ഒരുപോലെ ചിന്തിക്കുന്ന ഒരുപോലെ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ ഉണ്ടോ ഈ ലോകത്ത്‌ ?

എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല ?
മനസ്സ് അല്ലെങ്കില്‍ ആത്മാവ് എന്നൊന്ന് എല്ലാ ശരീരത്തിലും കുടികൊള്ളുന്നു. ആത്മാവിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു ഉപകരണം മാത്രമായി ശരീരം നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഓരോ വ്യക്തിയും അവരുടേത് മാത്രമായ ഒരു ജീവിതം നയിക്കുന്നത് . മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായത് . ഒരാള്‍ പത്തോ നാല്പതോ എഴുപതോ വര്‍ഷങ്ങള്‍ ജീവിക്കുന്നു എന്ന് വിചാരിക്കുക. ഒരാള്‍ക്കും മറ്റൊരാളുടെ ഒരു ദിവസം അപ്പാടെ അനുകരിക്കുവാന്‍ സാധ്യമല്ല.

ജനനം മുതല്‍ മരണം വരെ ഒരു യാത്രയാണ്, ഭൂമിയിലെ ഓരോ വ്യക്തിയും സാഹചര്യങ്ങള്‍ക്കനുസരിച്ച്  അവരുടേത് മാത്രമായ ഒരു പാത തിരഞ്ഞെടുക്കുന്നു അല്ലെങ്കില്‍ ഒരു പാതയിലേക്ക് എത്തിപ്പെടുന്നു.ആ പാത എപ്പോള്‍ അവസാനിക്കും എന്നവനു അറിയില്ല.. അനന്തമായി തോന്നിപ്പിക്കുന്ന ആ വഴിയിലൂടെ അവന്‍ നടക്കുന്നു, ആ യാത്ര ആസ്വദിക്കുന്നു. എന്നാല്‍ അത് അനന്തമല്ല അവന്‍ ചിലപ്പോള്‍ സ്വയം ആ യാത്ര അവസാനിപ്പിക്കുന്നു അല്ലെങ്കില്‍ അവന്‍ അറിയാതെ അത് അവസാനിക്കുന്നു. പാതയുടെ അവസാനം എന്നാല്‍ അവന്റെ ആത്മാവ് കുടികൊള്ളുന്ന ശരീരത്തിന്റെ നാശമാണ്. അവിടെ ശരീരത്തിന്റെ യാത്ര അവസാനിക്കുന്നു. ആത്മാവിന്റെയോ ?

അത് ഒരു ഉത്തരം കിട്ടാത്ത പ്രഹേളികയായി അവശേഷിക്കുന്നു. യുക്തിവാദികളില്‍ ചിലര്‍ അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതുന്നു. മറ്റു ചിലര്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ മരണാനന്തര ജീവിതത്തിലേക്ക് ഗവേഷണം നടത്തുന്നു.

ദൈവ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഇങ്ങനെ സംശയങ്ങള്‍ ഒന്നുമില്ല മരണത്തിന് ശേഷം ദേഹി ദേഹം വിട്ടു ദൈവ രാജ്യത്തിലേക്ക് പോകുന്നു. ഭൂമിയില്‍ ചെയ്ത പാപങ്ങള്‍ക്കും പുണ്യ പ്രവര്‍ത്തികള്‍ക്കും പ്രതിഫലം ഏറ്റു വാങ്ങുന്നു. ചിലര്‍ പുനര്‍ജനിക്കുന്നു


മരണാനന്തര ജീവിതത്തെക്കുറിച്ച് ഒട്ടേറെ ചിന്തിക്കുകയും അന്ന്വേഷണങ്ങള്‍ നടത്തുകയും ചെയ്ത ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ  ഒരു പുസ്തകം വായിച്ചു. അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് ശാസ്ത്രത്തിനോ യുക്തിവാദികള്‍ക്കോ നിഷേധിക്കാന്‍ പറ്റാത്ത വിധം തെളിവുകളുടെ പിന്‍ബലത്തോടെ മരണാനന്തര ജീവിതം  എന്ന അറിവ് നിലനില്‍ക്കുന്നു എന്നാണു.

സുപ്രീം കോടതി ജഡ്ജിയായിരുന്ന,ഒരിക്കല്‍ ഒരു തികഞ്ഞ യുക്തിവാദിയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ക്കൂടിയല്ലായിരുന്നെങ്കില്‍ ആ പുസ്തകത്തിലെ പല അനുഭവങ്ങളും വിവരണങ്ങളും ഒരു കെട്ടുകഥ പോലെ തള്ളിക്കളഞേനെ. സുപ്രസിദ്ധ എഴുത്തുകാരനായിരുന്ന ആര്‍. കെ. നാരായണന്റെ ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്.    

Friday, May 13, 2011

I'm wrecked.........

നമുക്ക്‌ എല്ലാര്ക്കും ഒരു അടിത്തറ ഉണ്ട് ... അതില്‍ നിന്നാണ് നമ്മള്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നതും പ്രതീക്ഷകള്‍ ഉണ്ടാക്കുന്നതും ...
ആഗ്രഹങ്ങള്‍ നടക്കാതെ വന്നേക്കാം.., നമുക്ക് തളരാതെ പിടിച്ചു നില്‍ക്കാം....
വീണ്ടും പരിശ്രമിക്കാം പുതിയ ലക്ഷ്യങ്ങള്‍ക്കായി...
ദുരന്തങ്ങള്‍ വരാം...അവയെ നേരിടാം കടുത്ത മനശക്തിയോടുകൂടി....

ക്ഷെ ചവിട്ടി നില്‍ക്കുന്ന അടിത്തറ ഇളകിയാല്‍....അത് ഇല്ലാതായാല്‍...
ആഗ്രഹങ്ങള്‍ നശിക്കും...സ്വപ്നങ്ങളെ ഭയക്കും
ഭാവി എന്നതിനെക്കുറിച്ച് ഓര്‍ക്കാതാകും......
അത്രയും നാള്‍ കൊതിയോടെ കണ്ടിരുന്ന ജീവിതത്തെ വെറുക്കാന്‍ തുടങ്ങും...
അറിയാതെ എല്ലാം അവസാനിച്ചിരുന്നെങ്കില്‍ എന്ന് മാത്രമാകും ഒരേയൊരു സ്വപ്നം... ആഗ്രഹം.. പ്രതീക്ഷ !!

Sunday, May 1, 2011

വിവാഹം


അവള്‍  - എനിക്ക് വിവാഹം വേണ്ടാ .... നല്ലൊരു ജോലി ചെയ്തു  ഒറ്റയ്ക്ക്  ജീവിക്കണം

 

അങ്ങനെ നിനക്ക് ജീവിക്കാന്‍ കഴിയില്ലാ....

നീ  ജോലി  ചെയ്യുന്നിടത്ത്  ആള്‍ക്കാര്‍ നിന്നെ സംശയ ദൃഷ്ടിയോടെ ആകും നോക്കുക ........

ഒരു ഭാര്യയും ഭര്‍ത്താവും കൈ കോര്‍ത്ത്‌ പിടിച്ചു നടന്നു പോകുന്നത് കാണുമ്പോള്‍ നിനക്ക് നഷ്ട ബോധം ഉണ്ടാകും ...

ഒരു കുഞ്ഞിനെ കാണുമ്പോള്‍ ഒന്ന് ലാളിക്കാന്‍  നിന്റെ മനസ്സ് കൊതിക്കും  ..

നിന്‍റെ വികാരങ്ങള്‍  അടിച്ചമര്‍ത്തേണ്ടി  വരും ..

നിന്‍റെ കൂടെയുള്ളവര്‍ അവരുടെ കുടുംബത്തിനെപ്പറ്റി സംസാരിക്കുമ്പോള്‍ നീ ഒറ്റപ്പെടും ....

ഇനീം ഉണ്ട് ഒത്തിരി  .... അനുഭവിക്കാതെ തന്നെ അല്പം  ചിന്തിച്ചാല്‍  കണ്ടെത്താന്‍ പറ്റുന്നവ ..
പക്ഷെ അങ്ങനെ ചിന്തിക്കാനുള്ള  പ്രായം നിനക്കായിട്ടില്ല .....  അച്ഛന്‍റെയും  അമ്മയുടെം  ചെല്ലക്കുട്ടിയാണ് നീ .....

Saturday, March 5, 2011

ചിന്തകള്‍ ..

ഞാനൊരു പെണ്‍കുട്ടിയെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു , കാരണമെന്താണ്   ?

അവള്‍ക്കു  സൌന്ദര്യം കൂടുതലുള്ളതുകൊണ്ടാണോ ?

അവളുടെ രൂപം എന്നെ ആകര്ഷിച്ചതുകൊണ്ടാണോ ?

അതോ അവളുടെ പ്രവര്‍ത്തികളും സംസാരവും ഞാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണോ ?

അവള്‍ക്കു എന്റെ രീതികളോട് ചിന്തകളോട് മറ്റുള്ളവരേക്കാള്‍ നന്നായി ഇണങ്ങി ചേരാന്‍ കഴിയുന്നത്‌ കൊണ്ടാണോ  ?


ഒരാള്‍ അയാളുടെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സ്വീകരിക്കുന്ന മാര്‍ഗം എന്താണ് ?


ഈ ചോദ്യങ്ങളുടെ ഉത്തരം ഓരോരുത്തര്‍ക്കും വിഭിന്നമായിരിക്കും .............................

Saturday, February 12, 2011

You & MeGirl: നീയെന്റെ ആത്മാര്‍ത്ഥ സുഹൃത്താണ്‌ .

Boy: ഞാന്‍ നിന്നെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു.

Girl: എനിക്ക് അതില്‍ താല്പര്യം ഇല്ല. ഞാന്‍ നിന്റെ സുഹൃത്താണ്‌.. a best friend

Boy: എങ്കില്‍ എന്തിനാണ് നീയെന്നെ എപ്പോഴും വിളിക്കുന്നത്‌?
ഫോണ്‍ എടുക്കാതിരുന്നാല്‍ പിന്നീട് പരിഭവിക്കുന്നത് ?
ഇടയ്ക്കിടയ്ക്ക് കാണണം എന്ന് പറയുന്നത് ?
ഒരു കാര്യവും ഇല്ലെങ്കിലും നൂറുകണക്കിന് മെസ്സേജുകള്‍  അയക്കുന്നത് .?
ഓണത്തിനും പിറന്നാളിനും ക്രിസ്തുമസിനും വാലന്റൈന്‍ ഡേക്കും  കാര്‍ഡുകള്‍ അയക്കുന്നത് ?
നിന്റെ എല്ലാ സുഹൃത്തുക്കളോടും നീ ഇങ്ങനെതന്നെയാണോ ?

Girl: അല്ല ഞാന്‍ നിന്നെ മാത്രമേ വിളിക്കാറുള്ളൂ , നിനക്ക് മാത്രമേ ഇങ്ങനെ മെസ്സേജുകള്‍ അയക്കാറുള്ളൂ ...

Boy: കാരണം ?

Girl: കാരണം എനിക്കറിയില്ല.. നീയെന്റെ ഏറ്റവും നല്ല സുഹൃത്തായതുകൊണ്ടാകാം 

Boy: നിന്റെ ജീവിതത്തില്‍ മറ്റൊരു ആണ്‍കുട്ടി വന്നാല്‍ നിനക്ക് എന്നോട് തുടര്‍ന്നും ഇതുപോലെ അടുപ്പം സൂക്ഷിക്കുവാന്‍ കഴിയുമോ ? നിന്റെ വിവാഹ ശേഷവും ?

Girl:
അറിയില്ല , നമ്മള്‍ തമ്മിലുള്ള സുഹൃത്ബന്ധം എന്നും നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു

Boy: എന്നാല്‍ ഞാന്‍ പറയാം..
നിന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളൂ. നീ എന്നെ ഗാഡമായി പ്രണയിക്കുന്നു. എന്നാല്‍ അത് സമ്മതിച്ചു തരാന്‍ നീ ഒരുക്കമല്ല കാരണം എന്നെങ്കിലും ഒരിക്കല്‍ നിനക്ക് എന്നെ മടുക്കുമ്പോള്‍ വിട്ടു പോകേണ്ടതായിട്ടുണ്ട് .
സൌഹൃദം എന്ന ലേബല്‍ ഒട്ടിച്ചു നിനക്ക് എന്നെ എത്ര വേണമെങ്കിലും പ്രണയിക്കാം . എന്റെ സ്നേഹം ആവോളം ആസ്വദിക്കാം, സമയമാകുമ്പോള്‍ വീട്ടുകാര്‍  കാണിച്ചു തരുന്ന പുരുഷന്റെ കഴുത്തില്‍ മാലയിട്ടു നിനക്ക് ഒരു നല്ല കുട്ടിയായി നടന്നു പോകാം ..

Girl: നമുക്ക് ഈ വിഷയം മാറ്റാം പ്ലീസ്‌

Boy: അതെ വിഷയം മാറ്റാം. എങ്കിലും എനിക്ക് നിന്നെ പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു


Friday, January 21, 2011

സൂഫി - ഖവാലി ...
സൂഫി - ഖവാലി ...
കേട്ടിട്ടേ ഉണ്ടായിരുന്നില്ല ഇങ്ങനെയൊരു സംഗീതത്തെപ്പറ്റി..
അവതരിപ്പിക്കുന്നത്‌ ഹുസൈന്‍ ഗ്രൂപ്പ്‌ ...
വൈകിട്ട്   സമയം കളയാന്‍ നിശാഗന്ധിയില്‍ എത്തിയപ്പോള്‍ ഇതാണ് പ്രോഗ്രാം . .
പാട്ട് തുടങ്ങി താളവും, കേട്ടു കൊണ്ടിരിക്കെ വല്ലാത്ത ഒരു സുഖം തോന്നി ..
ചിലര്‍ താളത്തില്‍ കൈ കൊട്ടുന്നുണ്ടായിരുന്നു ..
ഹിന്ദി എനിക്ക് അറിയില്ല എങ്കിലും ആ വരികള്‍ എന്നെ എങ്ങോട്ടെക്കെയോ  കൊണ്ടുപോയി ...
സംഗീതം ഭാഷകള്‍ക്ക് അതീതമാണ് ..

ഞാന്‍ വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കാതെയായി ...
തികച്ചും ധ്യാനത്തില്‍ എന്ന പോലെ.. ആ സംഗീതം മാത്രം ..
അത് ഞാന്‍ കേള്‍ക്കുകയായിരുന്നില്ല.. ഞാന്‍ അതായിത്തീരുകയായിരുന്നു ..
ഞാന്‍ അറിയാതെ എന്റെ കൈകള്‍ താളം പിടിച്ചു... തല ആടാന്‍ തുടങ്ങി ...
ഇത്രയും മനോഹരമായ ഒരു അവസ്ഥയില്‍ ഇതിനുമുന്‍പ് ഒരിക്കലും ഞാന്‍  എത്തിച്ചേര്ന്നിട്ടുണ്ടായിരുന്നില്ല  ...
ചുറ്റും ഉണ്ടായിരുന്നതെല്ലാം മറഞ്ഞു... ഞാനും ആ സംഗീതവും മാത്രം ...