Sunday, October 16, 2011

ചിത്രയുടെ ഒരു ദിനം

ആദ്യമേ പറയട്ടെ ഞാന്‍ നന്നായി പടം വരയ്ക്കും ,അതെന്റെ ഹോബി ആണ്. എന്റെ വീട്ടില്‍ വരുന്നവരെല്ലാം എന്റെ ചിത്രങ്ങള്‍ കണ്ടു അനുമോദിക്കാറുണ്ട്. ഒരു  പ്രദര്‍ശനം നടത്തുന്നതിനെപ്പറ്റി സുഹൃത്താണ് ആദ്യം പറഞ്ഞത് ..ഇതിനൊക്കെ മുന്പിട്ടിറങ്ങാനുള്ള  ധൈര്യം എനിക്കുണ്ടോയെന്നു ഞാന്‍ സ്വയം ചോദിച്ചു ..എന്റെ വരയെ സ്നേഹിക്കുന്നവര്‍ സഹായിക്കാമെന്ന് ഉറപ്പു പറഞ്ഞു. വീട്ടിലെ എതിര്‍പ്പ് ഞാന്‍ കാര്യമാക്കിയില്ല അല്ലെങ്കിലും വീട്ടില്‍ എപ്പോഴും അങ്ങനെയാണ് എന്ത് നല്ല കാര്യം പറഞ്ഞാലും ആദ്യം എതിര്‍ക്കും.
പെണ്ണായിപ്പോയെന്നു  വച്ച് വീട്ടില്‍ കെട്ടിയിടാനുള്ള ശ്രമമാണ്........

ഞാന്‍  ഉള്‍പ്പെടെ ആറു പേരായിരുന്നു പ്രദര്‍ശനം നടത്തിയത്.
എന്റെ  പത്തു ചിത്രങ്ങള്‍ അതില്‍ പലതും നിഗൂഡമായ അര്‍ത്ഥ തലങ്ങള്‍ ഒളിപ്പിച്ചു വച്ച് വരച്ചതായിരുന്നു . ആ അര്‍ഥങ്ങള്‍ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ . ബാക്കിയുള്ളവര്‍ വെറുതെ കണ്ടിട്ട് പോകും. പ്രദര്‍ശനം കണ്ടു പോകുന്നവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ ഞാന്‍ ഒരു ബുക്ക് വച്ചിരുന്നു പലരും അത് തുറന്നു എഴുതുന്നുണ്ടായിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരുപാട് പേര്‍ പ്രദര്‍ശനത്തിനെത്തി. കൂട്ടുകാരൊക്കെ എന്നെ അഭിനന്ദിച്ചു.
തീരുമാനിചിരുന്നതിലും അര മണിക്കൂര്‍ വൈകിയാണ് പ്രദര്‍ശനം അവസാനിപ്പിച്ചത്  .


അഭിപ്രായങ്ങള്‍ വായിക്കാന്‍ ധൃതിയായിരുന്നു .  വീട്ടിലെത്തിയപ്പോള്‍ തന്നെ ആ ബുക്കുമെടുത്തു ഞാന്‍ എന്റെ മുറിയിലേക്ക് ഓടി.
നന്നയില്ലെന്നു ഞാന്‍ കരുതിയ ചിത്രങ്ങളില്‍ പലതിനെയും പ്രശംസിച്ചു എഴുതിയിരിക്കുന്നു. ആ ചിത്രങ്ങളില്‍ പലതും അര്‍ദ്ധ നഗ്നരായ യുവതികളുടെതായിരുന്നു. വെറുതെ അല്ല പ്രശംസ കിട്ടിയത്, നഗ്നത അത് യഥാര്‍ത്ഥമായാലും ചിത്രത്തില്‍ ആയാലും പുരുഷ വര്‍ഗ്ഗം മുഴുവന്‍ അതിനു പിന്നാലെയാണ്. രാവിലെ കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ കാമ കണ്ണുകള്‍ എന്നെ ഉഴിയുന്നത് ഞാന്‍ അറിയാറുണ്ട്.
കഷ്ടം ഇവന്റെയൊക്കെ അമ്മയെയും പെങ്ങമാരെയും ഇങ്ങനെ മറ്റൊരുത്തന്‍ നോക്കുന്നത് ഇവന്‍ സഹിക്കുമോ ?
ചോദിയ്ക്കാന്‍ തോന്നിയിട്ടുണ്ട് പലപ്പോഴും . ചോദിച്ചിട്ട് എന്ത് കാര്യം .

ചിലരൊക്കെ ഒന്ന് നോക്കും പിന്നെ നോക്കാറില്ല. മറ്റു ചിലര്‍ ക്രമമായ ഇടവേളകളില്‍ നോട്ടമെറിയും.

പടങ്ങളുടെ  കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത് നഗ്നത കണ്ടു പ്രശംസിക്കാന്‍ എത്തിയിരിക്കുന്നു. പലരും ഫോണ്‍ നമ്പര്‍ വച്ചിട്ടുണ്ട് ഞാന്‍ ഒരു പെണ്ണായതുകൊണ്ട് നമ്പര്‍ ഇറക്കാനുള്ള അടവായിരിക്കും..

അമ്മ പലപ്പോഴും പറയാറുണ്ട്‌ ഇരുകിപ്പിടിച്ച ടോപ്പും പാന്റും ഇടരുതെന്നു. 
അമ്മ ആരെയാണ് ഭയക്കുന്നത് ? 
ഒരു പെണ്ണിന് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഈ നാട്ടില്‍?
എന്റെ ആകാര വടിവ് ഞാന്‍ പ്രദര്‍ശിപ്പിച്ചു എന്നതുകൊണ്ട് എന്റെ സുരക്ഷിതത്വം ഇല്ലാതാകുമോ ? 

അഭിപ്രായങ്ങള്‍ നോക്കി പോകവേ ഒരാളുടെ കമെന്റില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നു.
ചില ചിത്രങ്ങളുടെ മാത്രം നമ്പര്‍ ഇട്ടു കൊള്ളില്ല, മോശം ആണ് ഇത്...
എന്നൊക്കെ എഴുതി വച്ചിരിക്കുന്നു ഒന്നോ രണ്ടോ ചിത്രത്തിന് മാത്രം നല്ല അഭിപ്രായം എഴുതിയിട്ടുണ്ട്.
എന്ത് യോഗ്യത ആണ് ഇവനുള്ളത് ആ ചിത്രങ്ങള്‍ കൊള്ളില്ല എന്ന് പറയുവാന്‍  ?
അവന്റെ ഫോണ്‍ നമ്പറും അതില്‍ ഉണ്ടായിരുന്നു ... 
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു ആളാകാന്‍ നടക്കുന്നവനായിരിക്കണം. ഞാന്‍ ആ നമ്പര്‍ ഡയല്‍ ചെയ്തു അപ്പുറത്ത് നിന്നു മറുപടി കിട്ടി

ഹലോ ...നിങ്ങള്‍ ഈ ബുക്കില്‍ എന്താണ് എഴുതി വച്ചിരിക്കുന്നത് ?
ങേ...ഞാന്‍ ആരെന്നോ ?
ഇന്ന് ചിത്ര പ്രദര്‍ശനം നടത്തിയ ....
അതെ ആ ആറുപേരില്‍ ഒരാള്‍ ‍, ചിത്ര  ആണ് ഞാന്‍ 
...................
എന്ത് ? നിങ്ങള്‍ നടിക്കുകയോന്നും വേണ്ടാ നിങ്ങള്‍ക്കെന്നെ  നല്ല ഓര്‍മയുണ്ട്.. മനപൂര്‍വം അല്ലേ ആ അഭിപ്രായം അവിടെ എഴുതിയത് ?
നിങ്ങള്ക്ക് എന്തറിയാം ചിത്ര രചനയെക്കുറിച്ച് ?
ഒരു  ചിത്രം എങ്കിലും വരയ്ക്കാന്‍ കഴിയുമോ നിങ്ങള്ക്ക് ?
...................
ഓഹോ പ്രദര്‍ശനം കാണാന്‍ വരുന്നവര്‍ എല്ലാം ചിത്രകാരന്മാര്‍ അല്ലെന്നാണോ പറയുന്നത് ?
കാണാന്‍ വരുന്നവര്‍ കണ്ടിട്ട് പോണം മിസ്റ്റര്‍. ഇങ്ങനെ ഒരു ചുക്കും അറിയാതെ അഭിപ്രായം എഴുതി വയ്ക്കരുത് 
..................
അതെ അഭിപ്രായം എഴുതാന്‍ തന്നെയാ ബുക്ക്‌ വച്ചത് എന്ന്കരുതി ?
 വച്ചിട്ട് പോണം  മിസ്റ്റര്‍ നിങ്ങള്‍ എന്നെ വളയ്ക്കുവാന്‍ നോക്കുകയല്ലേ ?
ഞാന്‍ വിളിക്കുവാന്‍ വേണ്ടി തന്നെയല്ലേ ഈ നമ്പര്‍ അവിടെ എഴുതി ഇങ്ങനെയൊരു അഭിപ്രായം എഴുതി വച്ചത് ?
ഞാന്‍ ആ ടൈപ്പ്‌ അല്ല ...നിങ്ങള്ക്ക് ആളു മാറിപ്പോയി .. ഹും
നിങ്ങളെ എനിക്ക് അറിയാമെന്ന് തോന്നുന്നു.. അവിടെ വച്ച് ആ നോട്ടം ..അത് നിങ്ങള്‍ ആയിരുന്നില്ലേ ? നീല ഷര്‍ട്ടും  വെളുത്ത പാന്റും ഇട്ട്.....
...............
ങേ തനിക്ക് വേറെ പണിയുണ്ടെന്നോ ? ഓഹോ ഇപ്പോള്‍ ഞാന്‍ ആണോ തെറ്റുകാരി?

കട്ട് ചെയ്തോ .....

ഹും ഇയാളെപ്പോലുള്ളവരാ ഈ നാട് മുഴുവന്‍. ഒരു സ്ത്രീക്കും  ഇവിടെ സമാധാനമായി  ജീവിക്കാന്‍ കഴിയുന്നില്ല .. നമ്മള്‍ എത്ര മാന്യമായി നടന്നിട്ടും കാര്യമില്ല. ഇവന്മാര്‍ പുറകെയുണ്ട്... നല്ല അഭിപ്രായം പറഞ്ഞവര്‍ക്ക് ഒരു നന്ദി മെസ്സേജ് അയച്ചിട്ട് കിടക്കാം