Tuesday, October 18, 2022

മരീചിക





മഴയില്ലാത്ത മഞ്ഞു മൂടിക്കിടക്കുന്ന പല്ലാവൂരിലെ ഒരു പ്രഭാതം. അയാൾ കൃത്യം ആറു മണിക്ക് എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ട്രാക് സ്യൂട്ടും ഷൂസുമിട്ട് അയാൾ പുറത്തേക്കിറങ്ങി. ഇടവഴികളിലൂടെ നടന്നു. വഴികളിൽ നിറയെ കരിയിലകൾ. നടന്നെത്തിയത് ഒരു കൊച്ചു പുഴയുടെ തീരത്താണ്. അയാൾ അതിന്റെ വശത്തുള്ള ചെറിയ വരമ്പിലൂടെ നടത്തം തുടര്‍ന്നു. പുഴയിലേക്ക് നോക്കിയപ്പോൾ ഓളങ്ങളിൽ തട്ടി സൂര്യൻ കണ്ണുകളിലേക്ക്  പ്രതിഫലിച്ചു. വെള്ളത്തിൽ മാനത്തു കണ്ണികൾ നീന്തിത്തുടിക്കുന്നു.
 
ഇവയ്ക്ക് ക്ഷീണിക്കില്ലേ എപ്പോഴും ഇങ്ങിനെ വെള്ളത്തിൽ തുഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നാൽ? 
കുട്ടിക്കാലത്ത് തോന്നിയിരുന്ന സംശയം വീണ്ടും അയാളുടെ ഉള്ളില്‍ പൊങ്ങി വന്നു.

ഒരു കുളക്കോഴി അല്പം ദൂരെയായി ചിറകടിച്ചു പറന്നിറങ്ങി വെള്ളത്തിൽ തപ്പാൻ ആരംഭിച്ചു. പുഴയുടെ അക്കരെ വയലുകളാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ. കോണ്ക്രീറ്റ് പാലത്തിലൂടെ പുഴ കടന്ന് അയാൾ വയലിലേക്കിറങ്ങി. 

കതിരുകൾ വിളയാറായിരിക്കുന്നു. കൊയ്ത്തു യന്ത്രം ബുക്ക് ചെയ്യണം. അയാള്‍ ചിന്തിച്ചു.
വരമ്പിലൂടെ നടക്കുമ്പോൾ വഴുക്കുന്നുണ്ടായിരുന്നു. ഒരുപറ്റം തത്തകൾ ചിലച്ചുകൊണ്ട് അയാളെ കടന്നു പോയി.

വശത്തേക്കുള്ള വരമ്പിലേക്ക് തിരിഞ്ഞ് അയാൾ ചെന്നെത്തിയത് ഒരു വാഴത്തോട്ടത്തിലായിരുന്നു. 
അതും അയാളുടെയാണ്. കപ്പയും ഏത്തനും  ഞാലിപ്പൂവനും വെവ്വേറെ നട്ടിരിക്കുന്നു. എല്ലാം നോക്കി നടന്നു. ഊന്നിനായി കൊടുത്തിരുന്ന കമ്പുകളുടെ ബലം പരിശോധിച്ചു. ചെറിയ കളകൾ പൊടിച്ചു വന്നത് പറിച്ചു കളഞ്ഞു. വാഴകൾ ഇല്ലാത്ത ഒരു ഭാഗത്തു കുറച്ചു ചീരയും, വള്ളിപ്പയറും, വെണ്ടയും, വെള്ളരിയും  നട്ടിരിക്കുന്നു. വാഴയുടെ ചുവടിന് തണലിട്ട് വെള്ളരി പടർന്ന് കയറിയിരിക്കുന്നു. ചുവന്ന വലിയ ഇലകളുള്ള ചീര കയ്യിലെ പേനാക്കത്തി കൊണ്ട് കുറച്ചു മുറിച്ചെടുത്തു ഒരു വാഴ വള്ളി കൊണ്ട് അതൊരു കെട്ടാക്കി കയ്യില്‍ വച്ചു. 

വെയിൽ മൂക്കാൻ തുടങ്ങിയപ്പോൾ തിരികെ നടന്നു. പുഴവരമ്പിലെത്തിയപ്പോൾ പണിക്കാരന്‍ ദാമു എതിരെ വരുന്നു.

കുറച്ചു മീനുണ്ട് എടുക്കട്ടേ സാറേ?

അയാൾ അത് വാങ്ങി. 
ചൂണ്ടൽ ഇട്ടു പിടിച്ചതാവും. കവറിനുള്ളിൽ ചെറുതായി പിടപ്പുണ്ട് ഇപ്പോഴും. 

വീട്ടിലെത്തി നല്ലൊരു കുളി പാസ്സാക്കി. അപ്പോൾ ചായ വന്നു കൂടെ നല്ല മൊരിഞ്ഞ ദോശയും സാമ്പാറും തക്കാളി ചമ്മന്തിയും വന്നു. പ്ളേറ്റിലെ ദോശ പെട്ടെന്ന് തീർന്നു അതനുസരിച്ചു അടുക്കളയിൽ നിന്ന് ആവി പാറുന്ന ദോശകൾ എത്തി. ചായ ഒരു ഗ്ലാസ് കുടിച്ചു. പിന്നെയും ഒരു ഗ്ലാസ് കൂടി കുടിച്ചു. കൈ കഴുകി എണീറ്റു. മുകളിലെ ബാൽക്കണിയിൽ പോയി ചാരുകസേരയിൽ കിടന്നു. തലേന്ന് വായിച്ചു പകുതിയാക്കിയ പുസ്തകം കയ്യിലെടുത്തു. കുറച്ചു വായിച്ചപ്പോൾ ചെറിയ മയക്കം വന്നു. ഉറങ്ങി. പത്തര മണിയോടെ വിളിച്ചുണർത്തപ്പെട്ടു. 

വേഷം മാറി ലുങ്കിയും ടീ ഷർട്ടും ധരിച്ചു. തൊഴുത്തിലെ പശുവിനെ പറമ്പിലേക്ക് അഴിച്ചു കെട്ടി. പിന്നെ വീടിന് ചുറ്റും വെറുതെ നടന്നു. 
ഇനി എവിടെയാണ് കുറച്ചു ചെടികൾ വയ്ക്കാൻ സ്ഥലം ?

എട്ടിനം ചെമ്പരത്തികൾ , ആറിനം റോസകൾ, പല നിറത്തിലുള്ള മൊസാന്തകൾ, ഡാലിയകൾ എന്നിവ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. ഏതെങ്കിലും പിഴുതു മാറ്റിയാൽ അല്ലാതെ വേറെ വയ്ക്കാനാകില്ല. 
കളകൾ പറിച്ചു മാറ്റി വളമിട്ടു. ചെറിയ കുളത്തിലെ മീനുകൾക്ക് തീറ്റ കൊടുത്തു. മൺവെട്ടി എടുത്ത് മഴക്കുഴിയുടെ ആഴം ഒന്ന് കൂട്ടി. 

വിയർത്തു ക്ഷീണിച്ചപ്പോൾ മോര് വന്നു. കുടിച്ചു ദാഹം മാറ്റി വീണ്ടുമിറങ്ങി. അരമണിക്കൂർ കൂടി പണിയെടുത്തു. പട്ടിയെ കുളിപ്പിച്ചു. അപ്പോഴേക്കും ഉള്ളിച്ചമ്മന്തിയും കപ്പ പുഴുങ്ങിയതും വന്നു. മേലൊന്ന് കഴുകി കഴിക്കാനിരുന്നു. പിന്നെ മുകളിലേക്ക് പോയി ഹോം തീയറ്റർ സെറ്റ് ചെയ്തിരുന്ന മുറിയിൽ ഒരു ഹോളിവുഡ് പടമിട്ടു. കണ്ടുകൊണ്ട് ചാരിക്കിടന്നു.

ഉച്ചയായി താഴെ അടുക്കളയിൽ നിന്ന് പുഴമീൻ പൊരിക്കുന്നതിന്റെ മണം വന്നു. അയാൾക്ക് വിശന്നു. മീനും കൂട്ടി ഊണ് കഴിച്ചു അല്പനേരം വിശ്രമിച്ചു.

മൂന്ന് മണിക്ക് എഴുന്നേറ്റു. ക്യാമറ ബാഗ്  എടുത്തു തോളിലിട്ട് ബുള്ളറ്റില്‍ കയറി നേരെ നെല്ലിയാമ്പതിക്ക് വിട്ടു. നാലര കഴിഞ്ഞപ്പോൾ അവിടെയെത്തി. 

കോടമഞ്ഞു ഇറങ്ങിത്തുടങ്ങിയിരുന്നു. ബൈക്ക് വച്ച് ഒരു ചായ കുടിച്ചു. 
ചെറിയ തണുപ്പ് അസ്തമയ സൂര്യന്റെ ചൂടിനോട് ഏറ്റുമുട്ടി. 
തിരക്ക് കുറവായിരുന്നു. 
അങ്ങിങ്ങു കുറച്ചു സഞ്ചാരികൾ. മറ്റുള്ളവരുടെ ശല്യങ്ങളിൽ നിന്നൊഴിഞ്ഞു അല്പം സ്വകാര്യ സമയം കണ്ടെത്തുന്ന കമിതാക്കൾ. ചില കുടുംബ യാത്രാ സംഘങ്ങൾ. 
അയാൾ വ്യൂ  പോയിന്റിലേക്ക് നടന്നു. 

അവിടെ നിൽക്കുമ്പോൾ ദൂരെയായി പോത്തുണ്ടി ഡാം റിസർവോയറിന്റെ മനോഹരമായ ഒരു കാഴ്ചയുണ്ട്. താഴേക്ക് അഗാധമായ കൊക്കയാണ്. പുകമഞ്ഞു പൊങ്ങി മുകളിലേക്ക് വരുന്നു. അറ്റം കാണാനില്ല.  
അവിടേക്ക് നോക്കി നിൽക്കെ അയാൾക്ക് മരിക്കണമെന്ന് തോന്നി. ഇല്ലാത്ത ചിറകുകൾ വീശി താഴേക്ക് പറക്കണമെന്ന് തോന്നി. അയാൾ അത് ചെയ്തു. 

ബീപ്പ് ബീപ്പ് ബീപ്പ്.....................

ഡോക്ടർ നാലാം ബെഡിലെ ആളുടെ പൾസ് പോയി.

ഉം.. ഞാനത് പ്രതീക്ഷിച്ചതാണ്.
ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു.
ജീവിതകാലം മുഴുവൻ ഒരുപാട് ഉത്തരവാദിത്വങ്ങളുമായി ഓടി നടന്നതല്ലേ. ഇനിയെങ്കിലും ഒന്ന് വിശ്രമിക്കട്ടെ. 

"ജീവിക്കാൻ മറന്ന് പോയി ഡോക്ടറെ"
എന്നായിരുന്നു ഇവിടെ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുവന്നപ്പോൾ അയാൾ എന്നോട് പറഞ്ഞത്. ഭേദമായി തിരികെ ചെന്നിട്ട് ജോലി രാജി വച്ച്  നാട്ടില്‍ കൃഷിയൊക്കെ ആയി കൂടണമെന്നും അയാള്‍  ആഗ്രഹിച്ചിരുന്നു. ജീവിതം കൈവിട്ട് പോകുന്നുവെന്ന് അറിയുമ്പോഴാണല്ലോ നമുക്കൊക്കെ നഷ്ടങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിവ് ഉണ്ടാകുക.

എഴുതിയത്
കുമാർ എസ്