Monday, February 13, 2012

നീ

നിന്റെ മിഴികള്‍ എന്നോട് പറഞ്ഞതും
ആ കൈവിരലുകള്‍ എന്നിലേക്ക് പകര്‍ന്നതും
പ്രണയമായിരുന്നുവെന്നു ഞാനിപ്പോള്‍ അറിയുന്നു

എന്റെ എത്രയോ പകല്‍ക്കിനാവുകളില്‍, മഴയുടെ തണുപ്പുള്ള രാത്രികളില്‍ നീ കടന്നു വന്നിരുന്നുവെങ്കിലും ആദ്യമായി കണ്ടപ്പോള്‍ എന്തേ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞില്ല..?

നിന്റെ ചുടു നിശ്വാസം എന്റെ കഴുത്തിനെ തഴുകിയപ്പോള്‍, നിന്റെ ചുരുണ്ട മുടിയിഴകള്‍ എന്റെ കണ്ണുകളെ മൂടിയപ്പോള്‍..
ആയിരം കൈകള്‍കൊണ്ട് നിന്നെ പുണരുവാന്‍ വെമ്പുന്ന മനസ്സ് എന്നോട് പറഞ്ഞു
നിന്നെയായിരുന്നു ഞാന്‍ തേടിയിരുന്നതെന്ന്.., നിനക്ക് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നതെന്ന്....

............HapPy ValentineS DaY...........

Saturday, February 11, 2012

എന്താണ് പ്രണയം ?

എന്താണ് പ്രണയം എന്നതുകൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് ?
ഒരാളുടെ ശരീരത്തിനോട് /കഴിവുകളോട്  തോന്നുന്ന ആകര്ഷണമോ?
അയാളുടെ  വ്യക്തിത്വത്തിനോടു തോന്നുന്ന ഇഷ്ടമോ ?
അയാള്‍ക്ക് മറ്റാരും ഇല്ലെന്നും നമുക്ക് അയാളെ സംരക്ഷിക്കണമെന്നുമുള്ള തോന്നല്‍ ?

ഇതൊന്നും അല്ലാതെ വെറുതെ.. ഒരാളെ കാണുമ്പോള്‍, അയാളോട് സംസാരിക്കുമ്പോള്‍, ഒപ്പം നടക്കുമ്പോള്‍  നാം അറിയാതെ അവരോടു അടുത്ത് പോകുന്ന ഒരു അവസ്ഥയോ?
അകലണം എന്നാഗ്രഹിച്ചു കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനു കഴിയാതെ വരുന്നതോ?

പ്രണയം എന്താണെന്നു അറിയാതെ കാമം, ആരാധന, അനുകമ്പ ഇങ്ങനെ പലതിനെയും പ്രണയമായി തെറ്റിധരിക്കുന്നവരുണ്ട്.

പ്രണയം രണ്ടു മനസ്സുകള്‍ തമ്മിലുള്ള ബന്ധനമാണ് . അത് കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ല. അതിനുവേണ്ടി നാം യാതൊന്നും ചെയ്യുകയും വേണ്ട.
നമ്മുടെ ജീവിതത്തിലേക്ക് അത് കടന്നു വരും. നമ്മുടെ മനസ്സ് അതിന്റെ പങ്കാളിയെ കണ്ടെത്തിക്കൊള്ളും അത് ഒരിക്കലും തെറ്റുകയില്ല.

പക്ഷെ പ്രണയിക്കണമെന്ന ഉദ്ദേശത്തോടെ നമ്മള്‍ ഒരാളെ സമീപിച്ചാല്‍ അയാളോട് പെരുമാറിയാല്‍ അത് ചിലപ്പോള്‍ അബദ്ധമാകും കാരണം എന്നെങ്കിലും ഒരിക്കല്‍ നമുക്ക് സ്വഭാവികതയിലേക്ക് മടങ്ങി പോകേണ്ടി വരും അപ്പോള്‍ അയാള്‍ക്കിഷ്ടമുള്ള രീതിയില്‍ ആവില്ല നാം പെരുമാറുന്നത് അവിടെ വച്ച് നമ്മുടെ കള്ളത്തരങ്ങള്‍ എല്ലാം പൊളിയും...
ഒരു കൃത്രിമ പ്രണയത്തിനു വേണ്ടിയായിരുന്നു ഈ നാടകമെന്ന് നമ്മുടെ പങ്കാളി മനസ്സിലാക്കും, അതൊരു ദുരന്തം ആകും.
രണ്ടുപേര്‍ക്കും അതുകൊണ്ട് നഷ്ടങ്ങള്‍ മാത്രം ആകും ഉണ്ടാകുക

ഇപ്പോള്‍ പ്രണയത്തില്‍ ആയിരിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം

"നിങ്ങള്‍ നിങ്ങളുടെ പ്രണയ പങ്കാളിയോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടോ..?"

എല്ലാം എന്ന് വച്ചാല്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം..
നിങ്ങളുടെ കുറ്റങ്ങള്‍ കുറവുകള്‍,
അയാള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും ഇല്ലാത്തതും,  ദേഷ്യം വരുന്നതും സങ്കടം വരുന്നതുമായ എല്ലാ കാര്യങ്ങളും നിങ്ങള്ക്ക് അയാളോട് പറയുവാന്‍  കഴിഞ്ഞിട്ടുണ്ടോ ?
അതോ ഇത് പറഞ്ഞാല്‍ അയാള്‍ക്ക് ദേഷ്യമാകും,  എന്നോട് വെറുപ്പ്‌ തോന്നും  എന്നൊക്കെ ചിന്തിച്ചു അത് ഒളിച്ചു വയ്ക്കുകയും യാതൊരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ ചവറുപോലെ  എപ്പോഴും പറയുകയുമാണോ ചെയ്യുന്നത് ?

ഓര്‍ക്കുക പ്രണയിക്കുവാന്‍ അല്ലെങ്കില്‍ പ്രണയം സംഭവിക്കുവാന്‍ അത്യാവശ്യം വേണ്ടത് പരസ്പരം അന്ധമായി വിശ്വസിക്കുന്ന രണ്ടു മനസ്സുകളാണ്, കടിഞ്ഞാണ്‍ ഇല്ലാതെ സംസാരിക്കുന്ന ഹൃദയങ്ങള്‍ ആണ് . അത് നിങ്ങള്ക്ക് ഇല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രണയത്തില്‍ അല്ല.
ഇപ്പോള്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രണയം എന്ന നാടകം നിര്‍ത്തി വേറെ ജോലി നോക്കുക . അല്ല ഇതു തുടരാന്‍ ആണ് ഭാവം എങ്കില്‍ ആയുസ്സിന്റെ നല്ലൊരു ഭാഗം വെറുതെ പോകും .
ജീവിതം മനോഹരമാണ് അതിങ്ങനെ നാടകം കളിച്ചു വെറുതെ കളയരുത് വിവാഹം നടത്തി അതൊരു മെഗാ സീരിയല്‍ ആക്കുകയുമരുത്.....