Monday, June 25, 2012

ദൂരം

നിന്നില്‍ നിന്ന് എന്നിലേക്ക് എത്ര ദൂരം എന്നു നീ ചോദിച്ചു

ഒരു പുഴയോളം ദൂരം, ഞാന്‍ മറുപടിയായി പറഞ്ഞു.

നീ എന്നിലേക്ക് ഒഴുകുകയായിരുന്നു..
കുളിര്‍മയോടെ
തീരങ്ങളെ നനച്ചു
സൌമ്യയായി നീ ഒഴുകുകയായിരുന്നു.

ഒരിക്കലും നിലയ്ക്കാത്ത പ്രണയത്തിന്റെ പ്രവാഹം.
ഒഴുകിയെത്തുന്ന ഓരോ തുള്ളിയും എന്നെയും നിന്നെയും ബന്ധിച്ചുകൊണ്ടിരുന്നു
ഇനിയുമത് തുടര്‍ന്ന് കൊണ്ടിരിക്കും യുഗാന്തരങ്ങളോളം ..

Friday, May 11, 2012

നാമ്പ്

ഒരിക്കല്‍ ഒരു മണ്‍കൂനയില്‍
ഒരുമിച്ചു ഒന്നായി വളരുന്ന ദിനവും കാത്ത്,
നിന്നെച്ചേര്‍ന്നു കിടന്നപ്പോള്‍
നിന്‍ ഹൃദയം ഇടറുന്നുവെന്നറിഞ്ഞു
ഞാന്‍  എന്നെത്തന്നെ ചീയിച്ചു നിനക്ക് വളമായി മാറി.

അത് വാങ്ങി നീ വളര്‍ന്നു നാമ്പുകള്‍ തളിരിട്ടപ്പോള്‍ അഴുകിച്ചേരാതെ ബാക്കിയായ എന്നിലെ അവസാനത്തെ നാരിനെ നോക്കി നീ പൊഴിച്ച മന്ദസ്മിതം മാത്രം മതിയായിരുന്നു ഈ ജന്മം സഫലമാകാന്‍..
അതിന്റെ  അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും...

Saturday, May 5, 2012

ആ രാത്രി

രാത്രി ഏറെ വൈകിയിരുന്നു.
അത്യാഹിത വിഭാഗം ICU-വില്‍ നിന്ന് അവളെ പുറത്തിറക്കിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അയാളോട് പറഞ്ഞു .
പേഷ്യന്റിന്റെ കണ്ടീഷന്‍ സീരിയസ്സാണ് ...വളരെ വളരെ സീരിയസ്സാണ്..
ലാഘവത്തോടെ  അത് പറഞ്ഞിട്ട് ആ ലേഡി ഡോക്ടര്‍ ICU-വിനുള്ളിലേക്ക് കേറിപ്പോയി.

അവള്‍ക്കു ബോധം ഉണ്ടായിരുന്നില്ല .
ഒരു അറ്റെണ്ടര്‍ സ്ട്രെച്ചറിന്റെ തലയ്ക്കല്‍ പിടിച്ചിരുന്നു.
അയാള്‍  കാല്‍ക്കല്‍ പിടിച്ചു ...
ഏതൊക്കെയോ വരാന്തകളിലൂടെ സ്ട്രെച്ചര്‍ നീങ്ങി അവസാനം ഒരു ലിഫ്റ്റിനരികില്‍ എത്തി.
സ്ട്രെച്ചര്‍ അതിനുള്ളില്‍ കയറ്റി അറ്റെണ്ടര്‍ പോയി.

നാലാം വാര്‍ഡിലേക്കായിരുന്നു അവളെ മാറ്റിയത്.
ഒന്നാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു.
 അയാള്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് പുറത്തിറങ്ങി.
വാര്‍ഡ്‌ കണ്ടുപിടിക്കാന്‍ അങ്ങോളം ഇങ്ങോളം നടന്നു
അവളുടെ മൂക്കിലൂടെ ഒരു ട്യൂബു പുറത്തേക്കു കിടന്നിരുന്നു.
അതിന്റെ അറ്റത്ത് ഒരു പ്ലാസ്റ്റിക്‌ കവര്‍ പിടിപ്പിച്ചിരുന്നു,  അതിലേക്കു ട്യൂബിലൂടെ ഒരു മഞ്ഞ ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അയാള്‍  അവസാനം നാലാം വാര്‍ഡ്‌ കണ്ടു പിടിച്ചു. വാര്‍ഡിലെ ഡോക്ടര്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു വന്നു ഒരു ബെഡ് കാണിച്ചു കൊടുത്തു. അയാള്‍ അവളെ അതിലേക്കു  എടുത്തു കിടത്തി.

സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു , എല്ലാവരും ഉറക്കത്തിലാണ്  അവളും..
പക്ഷെ തലേന്ന് രാത്രി അവള്‍ ഉണര്‍ന്നിരുന്നപ്പോള്‍ ഉറങ്ങിയ അയാള്‍ ഇപ്പോള്‍ ഉറങ്ങാനാകാതെ നില്‍ക്കുന്നു .

നേരം പുലരുമ്പോള്‍ എന്തായിരിക്കും അവസ്ഥ ?
ഇപ്പോള്‍  ആരും ഒന്നും അറിഞ്ഞിട്ടില്ല..

ഈ രാത്രിയില്‍ എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാകും ?
സ്നേഹ ലാളനകള്‍ , കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ , യാത്രകള്‍, ആഘോഷങ്ങള്‍, ജനനം, ശാന്തമായ ഉറക്കം, പേടിപ്പെടുത്തുന്ന ഭയാനകമായ സ്വപ്‌നങ്ങള്‍ അങ്ങനെ എന്തെല്ലാം ...
ഞാന്‍ ഇവിടെ വാര്‍ഡിന്റെ മൂലയില്‍ ഇട്ട സ്റ്റൂളില്‍ ഇരിക്കുന്നു.
മനസ്സ് ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയില്ല
അവളുടെ കുഞ്ഞുങ്ങളോട് നാളെ എന്ത് പറയണമെന്നും അറിയില്ല. അവള്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നു മാത്രം അറിയുന്നു..

Saturday, April 28, 2012

പറയാതിരിക്കാന്‍ കഴിയാത്ത വാക്കുകള്‍

അന്ന്  നാം  തമ്മില്‍  കണ്ടു  മുട്ടിയ,  പരിചയപ്പെട്ട ,  ഒരുപാട്  നേരം  പരസ്പരം  സംസാരിച്ചു  ചെലവഴിച്ച  ആ  നാളുകളില്‍  എനിക്ക്  നിന്നോട്  പ്രണയമായിരുന്നുവെന്നു  ഞാന്‍  അറിഞ്ഞിരുന്നില്ല  …

നിന്റെ  ഓരോ  പുഞ്ചിരിയും  സമ്മാനിക്കുന്ന  വികാരത്തിന്റെ  അര്‍ഥം  അന്നെനിക്ക്  അജ്ഞാതമായിരുന്നു ...
പിന്നീട്  എപ്പോഴോ  അത്  തിരിച്ചറിഞ്ഞപ്പോള്‍  നീ  എന്നെ   തിരിച്ചു  പ്രണയിക്കുന്നുണ്ടോ  എന്ന  സംശയം.... 
വീട്ടിലെ  പ്രശ്നങ്ങള്‍ , വിവാഹം  കഴിക്കാന്‍  പറ്റില്ലെന്ന  ഭയം 
അങ്ങനെ  എന്തൊക്കെയോ  കാരണങ്ങള്‍   കൊണ്ട്  അന്ന്  വളരെ  വിചിത്രമായി  പെരുമാറി  ഞാന്‍.. 


ഇന്ന്  നീയും  ഞാനും  ഒരുപാട്  മാറിപ്പോയിരിക്കുന്നു... 
ഒരുപാട്  അകലം  നമുക്കിടയില്‍  ഉണ്ടായിരിക്കുന്നു... 
എങ്കിലും  ആ  പഴയ  ഓര്‍മ്മകളെ  താലോലിച്ചു  കണ്ടു  മുട്ടുന്ന  ഓരോ  പെണ്‍കുട്ടിയേയും  നീയുമായി  താരതമ്യം  ചെയ്തു  ഞാന്‍  എന്തോ  ആയിപ്പോയിരിക്കുന്നു..

ഒരിക്കലും  നീ  ഇതു  അറിയുവാന്‍  ആഗ്രഹിക്കുന്നുണ്ടാവില്ല 
എങ്കിലും  സത്യം  ഇതാണ്.
ഇപ്പോഴും  ഉള്ളിന്റെ  ഉള്ളില്‍  ഞാന്‍  നിന്നെ   സ്നേഹിക്കുന്നു.. പ്രണയിക്കുന്നു..  നിന്നെപ്പോലോരാള്‍ എന്നും  ഒപ്പമുണ്ടാകണമെന്നു  ആഗ്രഹിക്കുന്നു.

നീ  പാടിയ  പാട്ടുകള്‍  എനിക്ക്  വളരെ  മധുരതരമായി  തോന്നിയിരുന്നു...  
അത്  മുന്‍പും  കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും  നീ  പാടുന്നതുവരെ  അവയെ  എനിക്ക്  ഇഷ്ടമായിരുന്നില്ല..
നീ  അറിഞ്ഞിരുന്നുവോ  ഇതൊക്കെ  ?
ഒരിക്കലും ഞാന്‍ ഇതൊന്നും നിന്നോട് പറഞ്ഞിട്ടില്ല..

എന്താണ്  എനിക്ക്   സംഭവിക്കുന്നതെന്നോ  ..എന്തിനാണ്  ആ  ഓര്‍മ്മകള്‍  എന്നെ  വിട്ടു  പോകാത്തതെന്നോ  എനിക്കറിയില്ല..
നമ്മള്‍  ഒരുമിച്ചു  ഉണ്ടായിരുന്ന  ഓരോ  നിമിഷവും  എന്റെ  മനസ്സില്‍  നിന്ന്  മായില്ല  എന്ന്  വാശി  പിടിക്കുന്നത്‌  പോലെ..
മറ്റെല്ലാം  മറന്നിട്ടും.. തുളയ്ക്കുന്ന  തണുപ്പുള്ള  ആ  കാറ്റ്  എന്നെ  പൊതിഞ്ഞു  കൊണ്ടിരിക്കുന്നു  … വീണ്ടും  വീണ്ടും   അതെന്നെ  നിന്റെയടുക്കല്‍  എത്തിക്കുന്നു.!

ഞാനും നീയും മറ്റാരുടേതോ ആയിക്കഴിഞ്ഞിരിക്കുന്നു ...
ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടാകില്ല എന്നുള്ള തിരിച്ചറിവ് ആ ഓര്‍മ്മകളുടെ മധുരം കൂട്ടുന്നു ...
ചിത്രം : ഗൂഗിളില്‍ നിന്ന്

Thursday, April 19, 2012

അഗസ്ത്യാര്‍കൂടം യാത്ര - പാര്‍ട്ട് 2


രാവിലെ അഞ്ചരയ്ക്ക്  കൂട്ടത്തിലൊരാള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി... പല്ല് തേയ്ക്കാനും മറ്റും പുറത്തിറങ്ങിയപ്പോള്‍ നല്ല  തണുപ്പും, കാറ്റും. കാന്റീനില്‍ നിന്ന്  പൂരിയും   കടലക്കറിയും കിട്ടി  അത് കഴിച്ചു  ഏതാണ്ട് ഏഴരയോടു കൂടി ഞങ്ങള്‍ മല കയറ്റം തുടങ്ങി ....   
കനത്ത  മൂടല്‍ മഞ്ഞു ഉണ്ടായിരുന്നു.  വഴിയോട് ചേര്‍ന്ന്  വലിയ വലിയ പാറകള്‍ കണ്ടു , അതിന്‍റെ  മുകളില്‍ കേറി ഫോട്ടോ എടുപ്പും മറ്റുമായി കുറെ ദൂരം ഞങള്‍ കയറ്റം അറിഞ്ഞില്ല . 
മഞ്ഞു കാരണം തൊട്ടു അടുത്ത് ഉള്ളവരെ പോലും കാണാതായപ്പോള്‍ ഞങ്ങള്‍ കുറച്ചു വിശ്രമിച്ചു . 

ഭംഗിയുള്ള വയലറ്റ് പൂക്കള്‍ വഴിക്കരികില്‍ വിരിഞ്ഞു നിന്നിരുന്നു .  മഞ്ഞ് കാറ്റടിച്ചു  മാറുമ്പോള്‍ നല്ല കാഴ്ചകള്‍ ആയിരുന്നു .  
പൊക്കം കുറഞ്ഞ മരങ്ങളും, പാറക്കെട്ടുകളും താഴെ മരത്തലപ്പുകളും,വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടു വഴികളും, ഏതൊരു പ്രകൃതി സ്നേഹിയുടെയും മനസ്സ്  നിറയ്ക്കുന്ന കാഴ്ചകള്‍.
പൊങ്കാല പാറ എന്നൊരു പാറയുണ്ടിവിടെ. ആണുങ്ങള്‍ പൊങ്കാല ഇടുന്ന സ്ഥലം . മഞ്ഞിലും കാറ്റത്തും പൊങ്കാല ഇടുക അത്ര എളുപ്പമല്ല .. വിറക് ചുമന്നു കൊണ്ട് വരികയും വേണം

ഈ മഞ്ഞില്‍ സ്വറ്റെറും തൊപ്പിയും വളരെ ഉപയോഗപ്പെടും . ചില  കീഴ്ക്കാം തൂക്കായ  പാറകളില്‍ പിടിച്ചു കേറുവാന്‍  ഇരുമ്പ് വടങ്ങളും കയറുകളും ഇട്ടിട്ടുണ്ട്. കയറുന്ന വഴിക്ക് താഴേക്കു നോക്കിയാല്‍ തല കറങ്ങും . 
ഔഷധ സസ്യങ്ങളാണ് അഗസ്ത്യ മലയില്‍ മുഴുവന്‍, അവയെ തഴുകി വരുന്ന കാറ്റിനു ഒരു പ്രത്യേക സുഗന്ധം ഉണ്ടായിരുന്നു. വളരെ കുറച്ചു സമയത്തെ വിശ്രമം കൊണ്ട് തന്നെ വീണ്ടും കയറുവാനുള്ള ഊര്‍ജ്ജം അത് ഞങ്ങള്‍ക്ക് തന്നു . 

ഒരാള്‍ക്ക്‌ മാത്രം പോകാനാകുന്നത് ആണ് വഴി . മുട്ട് നെഞ്ചിനോളം പൊക്കിയാണ് പല കയറ്റങ്ങളും കേറിയത് .  അത്ഭുതം  എന്ത് എന്ന് പറഞ്ഞാല്‍  അറുപതിന് മേല്‍ പ്രായമുള്ള പലരും ഇവയൊക്കെ താണ്ടി അഗസ്ത്യനെ കണ്ടു തിരിച്ചു പോകുന്നത് ഞങ്ങള്‍ കണ്ടു . അവരുടെ  നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ ഇതൊന്നും ഒരു പ്രശ്നമല്ല .
പകല്‍ വെളിച്ചം കടന്നു വരാതെ മരങ്ങള്‍  വഴിയെ മൂടിയിരുന്നു . വടം കെട്ടിയ മറ്റൊരു പാറ കൂടി അള്ളിപ്പിടിച്ചു കേറി ഞങ്ങള്‍ എത്തിയത് അഗസ്ത്യാര്‍ കൂടത്തിന്‍റെ നെറുകയില്‍ ആയിരുന്നു . ലോകം കീഴടക്കിയ സന്തോഷം . സമയം 10.30 ആയിരുന്നു . 3 മണിക്കൂര്‍ എടുത്തു ആറു കിലോമീറ്റര്‍ കയറ്റം പിന്നിടാന്‍. ഒട്ടേറെ കഷ്ടപ്പെട്ട് പലപ്പോഴും പിന്തിരിയാന്‍ തോന്നിപ്പിച്ചു അതൊന്നും വകവയ്ക്കാതെ ഒന്ന് നേടുമ്പോള്‍ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്‌ . 
മല മുകളില്‍ ഭീകരമായ  കാറ്റായിരുന്നു . സൂക്ഷിച്ചു നിന്നില്ലെങ്കില്‍ കാറ്റ് നമ്മളെ തള്ളിയിടും . അഗസ്ത്യ മുനിയുടെ വിഗ്രഹം വെച്ച് പൂജ ചെയ്യുന്നുണ്ടായിരുന്നു. അഗസ്ത്യമല ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.  കാറ്റത്ത്‌ വിളക്ക് കത്തിക്കുവാന്‍ കഴിയുകയില്ല കര്‍പ്പൂരം കത്തിച്ചു ആരതി ഉഴിയുകയാണ് ഭക്തര്‍ ചെയ്യുക. മല കയറുന്ന ഭക്തര്‍ തന്നെയാണ് ഊഴമിട്ട് അവിടെ പൂജ നടത്തുന്നത്. പൂജ കഴിഞ്ഞു അവര്‍ തന്ന അവിലും മലരും ഞങ്ങള്‍ വാങ്ങി കഴിച്ചു . 
വിഗ്രഹത്തിന്‍റെ അടുത്തുകൂടി പൊന്തക്കാടുകള്‍ക്കുള്ളിലൂടെ ഒരു വഴി പോകുന്നുണ്ട് അതിലൂടെ പോയാല്‍ മലയുടെ മറ്റൊരു ഭാഗത്ത്‌ നിന്നുള്ള കാഴ്ച ആസ്വദിക്കാം . കോട മഞ്ഞു അപ്പോഴും ഉണ്ടായിരുന്നു . മഞ്ഞു മാറുന്ന നേരത്തു പേപ്പാറ ഡാമിന്‍റെ  ഒരു മനോഹര ദൃശ്യം ഞങ്ങള്‍ കണ്ടു. അഗസ്ത്യ മലയുടെ മറുഭാഗം തമിഴ്‌ നാടാണ്. കേരളത്തില്‍ രണ്ടാമത്തെ പൊക്കം കൂടിയ മലയാണ് അഗസ്ത്യാര്‍ കൂടം. സമുദ്ര നിരപ്പില്‍ നിന്നും  1890 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ആണ് അഗസ്ത്യാര്‍ കൂടം സ്ഥിതി ചെയ്യുന്നത് .

 
ഏതാണ്ട് അര മണിക്കൂര്‍ അവിടെ ചിലവഴിച്ചിട്ട് ഞങ്ങള്‍ മലയിറങ്ങി. അപ്പോഴേക്കും വെയില്‍ മൂത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും അധികം കനക്കുന്നതിനു മുന്‍പ്  തുറസ്സായ സ്ഥലങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ മരക്കൂട്ടങ്ങളിലേക്ക് കേറി. രണ്ടു മണിയോടെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. വീണ്ടും അമൃതിനു സമാനമായ ചോറും സാമ്പാറും കറികളും കഴിച്ചു അല്‍പനേരം വിശ്രമിച്ചു

  അന്നും കൂടി ബജി  മിസ്സ്‌ ആക്കാന്‍ വയ്യാത്തത് കൊണ്ട് വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാകാം കുളി എന്ന് തീരുമാനിച്ചിരുന്നു. എല്ലാം ഭംഗിയായി നടന്നു. രാത്രി സുഖമായി ഉറങ്ങി . പിറ്റേന്ന് രാവിലെ പൂരിയും കടലക്കറിയും പാര്‍സല്‍ വാങ്ങി ബേസ് ക്യാംപിനോട് വിട പറഞ്ഞു .
പുല്‍മേടുകളില്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സമയം ആയിരുന്നു . പുല്‍മേടുകള്‍ക്ക്  കാവല്‍ക്കാരായ മലനിരകള്‍ക്കു പുറകില്‍ നിന്ന് സൂര്യന്‍ ഉദിച്ചുയരുന്നുണ്ടായിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉള്ള പുല്ലുകള്‍, അവയെ തഴുകി തണുത്തു സുഖകരമായ കാറ്റ് . അതൊരു സ്വര്‍ഗ്ഗം തന്നെയാണ്.
പ്രകൃതിയുടെ മടിത്തട്ട് , ശുദ്ധമായ വായു,   ഒരിക്കലും അവിടം വിട്ടു പോരാന്‍ തോന്നുകയില്ല .
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോട് കൂടി ഫോറെസ്റ്റ്  പിക്കറ്റ് സ്റ്റേഷനില്‍  എത്തി . അവിടെ ഒപ്പ് വെച്ച് കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു . 
തിരുവനന്തപുരത്തേക്കുള്ള ബസ്‌ പിടിക്കാന്‍  വീണ്ടും രണ്ടു കിലോമീറ്റര്‍ നടക്കണം.
ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്  അടുത്ത വര്ഷം വീണ്ടും പോകാമെന്ന പ്രതീക്ഷയില്‍ ..!

ചില വിവരങ്ങള്‍

തിരുവനന്തപുരം  ജില്ലയിലാണ് അഗസ്ത്യാര്‍കൂടം.
സീസണ്‍  ജാനുവരിയില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും . പാസ്സ് ഇത്തവണ 350/-  രൂപയായിരുന്നു. പാസ്സ് കിട്ടാന്‍ വല്യ  പാടാണ്, അതിരാവിലെ തിരുവനന്തപുരത്തുള്ള ഫോറെസ്റ്റ് ഓഫീസില്‍ പോയി ക്യൂ നില്‍ക്കണം .
ഓഫ്‌ സീസണില്‍ അഞ്ചു പേര്‍ക്ക് 3000/- രൂപയാണ് ഫീസ്‌ .
സ്ത്രീകള്‍ക്ക് പ്രവേശനമില്ല  എന്നാണ് അറിയാന്‍ കഴിഞ്ഞത് .

തിരുവനന്തപുരത്തു നിന്ന് ബോണക്കാടിലേക്ക്  5.30AM  മുതല്‍ K.S.R.T.C ബസ്‌ ഉണ്ട് .(ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര) 
രാവിലെ ഒന്‍പതു മണി മുതല്‍ പന്ത്രണ്ടു മണി വരെ മാത്രമേ പിക്കെറ്റ്‌ സ്റ്റേഷനില്‍ നിന്ന് കാടിനുള്ളിലേക്ക് ആളിനെ കടത്തി വിടുകയുള്ളൂ.
 പിക്കെറ്റ്‌ സ്റ്റേഷനില്‍നിന്ന് 14km നടന്നാല്‍ ബേസ് സ്റ്റേഷനില്‍ എത്താം. അന്ന് രാത്രി അവിടെ തങ്ങണം.
ബേസ് സ്റ്റേഷനില്‍ നിന്ന് രാവിലെ ഏഴു മണി കഴിഞ്ഞാല്‍ മല കേറി തുടങ്ങാം വൈകുന്നേരം മൂന്നു മണിക്ക് മുന്‍പ് തിരിച്ചിറങ്ങിയിരിക്കണം.
ആന, കാട്ട് പോത്ത്  തുടങ്ങിയ മൃഗങ്ങള്‍ ധാരാളം  ഉണ്ട്  പക്ഷെ സീസണ്‍ സമയത്ത് അവയെ കാണുക അപൂര്‍വം .
നേരെയുള്ള വഴി വിട്ടു ചില കാട്ട് വഴികളില്‍ കൂടി  പോയാല്‍ മൃഗങ്ങളെ കാണാനാകും പക്ഷെ അത് അപകടമാണ്.

അത്യാവശ്യമായി കൊണ്ട് പോകേണ്ട  ചില വസ്തുക്കള്‍ : ഓറഞ്ച്, ഗ്ലൂക്കോസ്, വാട്ടര്‍ ബോട്ടില്‍, ടോര്‍ച്ച് ലൈറ്റ്, കര്‍പ്പൂരം, ബാം..
മൊബൈല്‍  ഫോണ്‍ കൊണ്ട് വല്യ ഉപയോഗം ഒന്നുമില്ല ടാറ്റ ഡോക്കോമോയ്ക്ക് മാത്രം ചിലയിടങ്ങളില്‍ റേഞ്ച് ഉണ്ട് .
ബാഗിലെ ഭാരം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക . 
- ശുഭ  യാത്ര  -

Sunday, April 8, 2012

അഗസ്ത്യാര്‍ കൂടം യാത്ര ... പാര്‍ട്ട്‌ 1


വളരെ  നാളായുള്ള ആഗ്രഹം ആയിരുന്നു അഗസ്ത്യാര്‍ കൂടത്തിലേക്ക് ഒരു യാത്ര. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് അത് സാധ്യമായത് .

17/2/2012 രാവിലെ ഞങ്ങള്‍ യാത്ര തിരിച്ചു.  ഏതാണ്ട് ഒന്‍പതു മണിയോട് കൂടി ഞങ്ങള്‍ ബോണക്കാട് എന്ന സ്ഥലത്ത് എത്തി .
ബസ്‌ അതുവരെയേ പോകുകയുള്ളൂ അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരം നടന്നാലാണ്  ഫോറെസ്റ്റ്  പിക്കെറ്റ്‌ സ്റ്റേഷനില്‍ എത്തുക.
  
അവിടെ വെച്ച് ഞങ്ങളുടെ പാസ്സും ബാഗും പരിശോധിച്ചു . പ്ലാസ്റ്റിക്‌ വസ്തുക്കള്‍ ഒന്നും വനത്തിനുള്ളിലേക്ക് കൊണ്ട് പോകാന്‍ സമ്മതിക്കില്ല ... വെള്ളം കൊണ്ട് പോകുന്ന കുപ്പികളെ മാത്രം ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മദ്യം, സിഗരറ്റ് തുടങ്ങിയവയും നിരോധിച്ചിരിക്കുകയാണ്. ഫോറെസ്റ്റ് പിക്കറ്റ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവിടെ നിന്നും ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരം പാര്‍സല്‍ ആയി വാങ്ങി .
ഞങ്ങളുടെ സംഘത്തില്‍ പതിമൂന്നു പേര്‍ ഉണ്ടായിരുന്നു, ഏതാണ്ട് ഒന്പതരയോടു കൂടി ഞങ്ങള്‍ വനത്തിനുള്ളിലേക്ക് കടന്നു. വഴി തുടങ്ങുന്നിടത്ത് തന്നെ മുന്‍പ് പോയി മടങ്ങി വന്നവര്‍ ഉപേക്ഷിച്ച ചെറിയ വടികള്‍ കാണാന്‍ ഉണ്ടായിരുന്നു . എല്ലാവരും അതില്‍ ഓരോന്ന് കൈവശപ്പെടുത്തി. വടികൊണ്ട്  തറയില്‍ ഇടിച്ചു നടന്നാല്‍ പാമ്പ് വരില്ലത്രേ.

വഴി സുഗമം ആയിരുന്നു രണ്ടു വശത്തും കൂറ്റന്‍ മരങ്ങള്‍ വളര്‍ന്നു നില്‍പ്പുണ്ടായിരുന്നു അതിനിടയില്‍ വള്ളികളും ചെറിയ പാറകളും കാണാനുണ്ടായിരുന്നു.
കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ചെറിയ ചെറിയ അരുവികള്‍ വഴിക്ക് കുറുകെ കാണാനായി..
അവിടെ നിന്ന് ഞങ്ങള്‍ കുറച്ചു ഫോട്ടോസ് എടുത്തു.
വീണ്ടും  നടന്നു തുടങ്ങിയപ്പോള്‍ ഒരുത്തന്‍ ദേ പാന്റ് മുട്ടുവരെ  കേറ്റിയിട്ട് നിന്ന് വിളിക്കുന്നു ,, അട്ട കടിച്ചതാണ് ..കണ്ണങ്കാലിന് മുകളിലായി കറുത്ത് തടിച്ചു ചെറു വിരലിനോളം വലിപ്പം ഉള്ള കുളയട്ട. വെള്ളം നനവുള്ള ഭാഗങ്ങളില്‍ കുളയട്ടയുടെ  ശല്യം രൂക്ഷമാണ് അവിടെങ്ങാനും കുറച്ചു നിന്ന് പോയാല്‍ അവ കാലില്‍ പറ്റിപ്പിടിക്കും. രക്തം കുടിച്ചു കുടിച്ചു  വയറു പൊട്ടി ചാകുമ്പോള്‍ ആണ് പിന്നെ ഇത് പിടി വിടുക. 
ഞങ്ങള്‍ കയ്യില്‍ കര്‍പ്പൂരം കരുതിയിരുന്നു  അത് പൊടിച്ചു ഇതിന്റെ പുറത്തിട്ടാല്‍ പിടി വിട്ട്‌ പോന്നോളും. യാത്ര തുടരവേ പലരുടെയും കാലുകളില്‍ ഇവന്‍ കേറാന്‍ തുടങ്ങി. ഞാന്‍ എന്‍റെ കാലില്‍  മുട്ടിനു താഴേക്ക്‌ നന്നായി ബാം പുരട്ടിയിരുന്നു അതുകൊണ്ടാവാം എന്നെ അവ വെറുതെ വിട്ടു.
ട്രെക്കിങ്ങിനു പോകുമ്പോള്‍ നല്ല ഗ്രിപ്പ് ഉള്ള ഷൂ  ആണ് ഉപയോഗിക്കേണ്ടത് . ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ ഭാരം കുറഞ്ഞ ഒരു ജോഡി ചപ്പലുകളും കയ്യില്‍ കരുതുക..
സാമാന്യം വലിയ ഒരു അരുവിയും അതിലെ ചെറിയ വെള്ള ചാട്ടവും കണ്ടപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി കുളിച്ചു . നട്ടുച്ചയ്ക്കും ഐസു പോലെ തണുപ്പ് , കണ്ണീരു പോലെ തെളിഞ്ഞ വെള്ളം  അപ്പോഴേക്കും ഏതാണ്ട് ആറു കിലോമീറ്റര്‍ വരെ ഞങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു.
കുളി കഴിഞ്ഞപ്പോള്‍ ക്ഷീണം എല്ലാം പമ്പ കടന്നു . ഇടയ്ക്കിടയ്ക്ക് ഫോറെസ്റ്റ് ക്യാമ്പുകള്‍ കാണാനുണ്ടായിരുന്നു. അവിടെ ചുറ്റാകെ  കിടങ്ങ്‌ ഉണ്ടാക്കി അതിനു നടുവില്‍ ഒരു ഷെഡും  കെട്ടി രണ്ടോ മൂന്നോ ഗാര്‍ഡുമാര്‍ താമസിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നടന്നു വന്ന വഴികളിലൊക്കെ രാത്രി ആയാല്‍ ആനയും കാട്ടുപോത്തും സ്വൈര്യ വിഹാരം നടത്താറുണ്ട് അവയെ തടയാനാണ് ഈ കിടങ്ങുകള്‍.

സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ മുപ്പത് ദിവസം ആണ് അഗസ്ത്യാര്‍ കൂടത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്,  ജനുവരിക്കും  ഫെബ്രുവരിക്കും ഇടയില്‍ ഉള്ള മുപ്പത് ദിവസം. പാസ്സുകള്‍ ജനുവരി രണ്ടാമത്തെ ആഴ്ചയോടു കൂടി തിരുവനന്തപുരം ഫോറെസ്റ്റ് ഓഫീസില്‍ നിന്നും  വിതരണം ചെയ്യും . ഇത്തവണ മുന്നൂറ്റി അമ്പതു രൂപയായിരുന്നു പാസ്സ്. ഒരു ദിവസം നൂറു പേര്‍ക്ക് മാത്രമാണ് പ്രവേശനം .
ഇത് കൂടാതെ സ്പെഷ്യല്‍ പാസ്സ്  വഴി വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും പോകാന്‍ അനുമതി കിട്ടും   അതിനു തുക കൂടുതല്‍ ആണ്.

ഒന്നരമണിയോട് കൂടി ഞങ്ങള്‍ അട്ടയാര്‍ എന്ന ക്യാമ്പില്‍ എത്തി . നല്ലൊരു അരുവി വഴി മുറിച്ചു കടന്നു പോകുന്നുണ്ടായിരുന്നു. അവിടെ നിന്ന് അങ്ങോട്ട്‌ കുളയട്ട ശല്യം കുറവാണ്. അവിടെ വെച്ച് ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നടന്നു ക്ഷീണിച്ചതുകൊണ്ട് ആ ഭക്ഷണം വളരെ വളരെ രുചികരമായി തോന്നി ഒരു വറ്റു പോലും ബാക്കി വെയ്ക്കാതെ ചോറ് മുഴുവന്‍ എല്ലാവരും കഴിച്ചു . ആഹാരത്തിന്‍റെ യഥാര്‍ത്ഥ രുചി  മനസ്സിലായത്‌ അപ്പോഴാണ്‌ . 
തുടര്‍ന്ന് അങ്ങോട്ട്‌ യാത്ര ചെയ്യേണ്ടത് പുല്‍മേടുകളിലൂടെയാണ് ഉച്ച സമയത്ത് വെയില്‍ അധികമായതിനാല്‍ അലപനേരം അട്ടയാര്‍ വിശ്രമിച്ചിട്ട് യാത്ര തുടരുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു . പരന്നു ഒഴുകുന്ന ആ അരുവിയില്‍  ഒത്തിരി പാറക്കെട്ടുകള്‍ ഉണ്ടായിരുന്നു . ഞങ്ങള്‍ അതിന്മേല്‍ കേറി കിടന്നു അല്പം മയങ്ങി .

പിന്നീടുള്ള യാത്രയായിരുന്നു ശെരിക്കും കഷ്ട്ടപ്പെട്ടത്‌. കുത്തുകയറ്റങ്ങള്‍ , പൊക്കം കുറഞ്ഞ മരങ്ങള്‍ ഞങ്ങള്‍ക്ക് ഒട്ടും തണല്‍ നല്‍കിയില്ല. ഇടയ്ക്കിടയ്ക്ക് വീശുന്ന തണുത്ത കാറ്റ് ആയിരുന്നു ഏക ആശ്വാസം. അവിടെ വെച്ച് ഞങ്ങള്‍ ഒരു വെള്ള മൂങ്ങയെ കണ്ടു. അനങ്ങാതിരുന്നു ഞങ്ങളെ രൂക്ഷമായി നോക്കി അത്.

രണ്ടു ദിവസത്തേക്കുള്ള വസ്ത്രങ്ങളും ഇടയ്ക്ക് കഴിക്കാനുള്ള ബ്രെഡും, പഴങ്ങളും, വെള്ളവും ഒക്കെയായി സാമാന്യം നല്ല ഭാരം ഞങ്ങളുടെ ബാഗുകള്‍ക്ക്  ഉണ്ടായിരുന്നു . അതും മുതുകിലിട്ടു കയറ്റങ്ങള്‍  അള്ളിപ്പിടിച്ചു കേറിയപ്പോള്‍  വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നിപ്പോയി..

ഇനി അഗസ്ത്യാര്‍ കൂടം പോകുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം :
വസ്ത്രങ്ങള്‍ അത്യാവശ്യത്തിനു മാത്രമേ കരുതാവൂ, ഓറഞ്ചു  രണ്ടോ മൂന്നോ കിലോ കരുതുക. അതുപോലെ നല്ലൊരു സാധനം ഈ യാത്രയില്‍ വേറെ ഒന്നുമില്ല. നടന്നു ക്ഷീണിക്കുമ്പോള്‍ കിട്ടുന്ന ഓറഞ്ചിന്‍റെ ഒരു അല്ലി അമൃത് പോലെ തോന്നും .
ബാഗിന്‍റെ ഭാരം പരമാവധി കുറയ്ക്കുക. വഴിയില്‍ ഉടനീളം കൊച്ചു കൊച്ചു അരുവികള്‍ ഉണ്ട് ഒരു ചെറിയ ബോട്ടില്‍ കയ്യില്‍ കരുതുക അരുവിയിലെ വെള്ളം കുടിക്കാന്‍ തികച്ചും യോഗ്യമാണ് . ഞങ്ങള്‍ രണ്ടു ദിവസം അതാണ്‌ കുടിച്ചത് ഒരാള്‍ക്കും ഒരു അസുഖവും ഉണ്ടായില്ല . മാത്രവുമല്ല അത് ഔഷധ ഗുണമുള്ള വെള്ളം കൂടിയാണ്.

ഏകദേശം മൂന്നു മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പില്‍ എത്തി.
അവിടെ ഒരു ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പാസുകള്‍ പരിശോധിച്ചു. 
ഒരു ചെറിയ ക്യാന്ടീനും വലിയ ഹാളും ചേര്‍ന്നതാണ് ബേസ് ക്യാമ്പ്‌. രാത്രി തങ്ങേണ്ടത് അവിടെയാണ് . ക്യാന്റീനില്‍ നിന്നും അഞ്ചു രൂപയ്ക്ക് പായ വാടകയ്ക്ക് കിട്ടും . ഞങ്ങള്‍ അത് എട്ടെണ്ണം വാങ്ങി ഹാളില്‍ കൊണ്ട് പോയി നിര നിരയായി വിരിച്ചു  അല്‍പനേരം കിടന്നു .
ഹാളിന്‍റെ സ്ഥിതി വളരെ ദയനീയമായിരുന്നു കോണ്‍ക്രീറ്റ് കെട്ടിടം ആണെങ്കിലും പലയിടവും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞിരുന്നു.
അത് നന്നാക്കണമെങ്കില്‍ സാധന സാമിഗ്രികള്‍ ഏതാണ്ട് പതിനാലു കിലോമീറ്റര്‍ ദൂരം തലച്ചുമടായി കൊണ്ട് വരേണ്ടതുണ്ട് എന്ന് കേട്ടു .
എന്തായാലും അത് എത്രയും വേഗം ശെരിയാക്കേണ്ടതു തന്നെയാണ് . നൂറോളം പേര്‍ രാത്രി അവിടെ തങ്ങുന്നുണ്ട് ഒരു അപകടം ഉണ്ടായാല്‍ ആശുപത്രിയില്‍ പോലും കൊണ്ട് പോകാന്‍ കഴിയില്ല .
വൈകുന്നേരം ഞങ്ങള്‍ അടുത്തുള്ള പുഴയില്‍ പോയി നല്ലൊരു കുളി പാസ്സാക്കി.
പുഴയ്ക്ക് ആഴമോ വീതിയോ ഇല്ലാ. നെഞ്ചു വരെ ആഴമുള്ള സ്ഥലം നോക്കി പുഴയുടെ തീരത്തൂടെ കുറെ നടന്നു എന്നിട്ട് അവസാനം അരയോപ്പം വെള്ളം ഉള്ളിടത്തു ഇറങ്ങി കുളിക്കേണ്ടി വന്നു . ബേസ് ക്യാമ്പില്‍ നിന്ന് പുഴയിലേക്ക് പോകുന്ന വഴിയില്‍ അഗസ്ത്യ മലയുടെ നല്ലൊരു കാഴ്ച കാണാം . 

 
ഈ മല നാളെ കേറണമല്ലോ എന്നോര്‍ത്തപ്പോള്‍ ത്രില്ലും വിഷമവും ഒരുമിച്ചു വന്നു .

കുളി കഴിഞ്ഞു ക്യാന്റീനില്‍ എത്തി കട്ടന്‍ കാപ്പി കുടിച്ചു . ബജി ഉണ്ടായിരുന്നു  പക്ഷെ നേരത്തെ തീര്‍ന്നു പോയി . രാത്രി ഭക്ഷണം കഞ്ഞിയും പയറും ആണ് അതിനു വൈകുന്നേരം ടോക്കണ്‍ എടുക്കണം അരിയും, പയറും, പച്ചക്കറികളും എല്ലാം കിലോമീറ്ററുകള്‍ ചുമന്നു കൊണ്ട് വരുന്നതുകൊണ്ട് അല്പം പോലും പാഴാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒരു കഞ്ഞിക്ക് അമ്പതു രൂപയാണ്. കഞ്ഞിയും കറികളും എത്ര വേണേലും തരും .

ഏഴരയോടെ കഞ്ഞി റെഡിയായി. അപ്പോഴേക്കും അന്തരീക്ഷം ആകെ മാറി. കൊടും തണുപ്പും ശക്തിയായി വീശുന്ന കാറ്റും. ആ തണുപ്പത്ത് ചൂട് കഞ്ഞി മോന്തിക്കുടിക്കുക സുഖകരമായ ഒരു അനുഭവമാണ്.
കഞ്ഞി കുടിച്ചു അല്‍പ നേരം പ്രേത കഥകള്‍ ഒക്കെ പറഞ്ഞിരുന്നിട്ട് എല്ലാവരും കിടന്നു. ഒരു കാര്യം പറയാന്‍ വിട്ടു അവിടെ സോളാര്‍ പാനെലില്‍ നിന്നുള്ള വൈദ്യുതി ആണ് ഉപയോഗിക്കുന്നത്. ഹാളില്‍ ഒരു ബള്‍ബു മാത്രമേ ഉള്ളൂ.
രാത്രിയില്‍ എപ്പഴോ ബഹളം കേട്ട് ഞാന്‍ ഉണര്‍ന്നു . ഒരു പാമ്പ്‌ ഹാളിനുള്ളില്‍ കേറിയിരിക്കുന്നു . അവിടെയും ഇവിടെയും കുറെ ഒളിച്ചു കളിച്ച പാമ്പിനെ അവസാനം ആരോ തല്ലിക്കൊന്നതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ഹാളിന്‍റെ ജനാലകള്‍ മുഴുവന്‍ മൂടിയിരിക്കുകയാണ്. വായു അകത്തു കയറാന്‍ വേണ്ടി മാത്രം ചെറു ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട് അതുകൊണ്ട് ഹാളിനുള്ളില്‍ ഒട്ടും തണുപ്പ് ഇല്ല. രാത്രി പുതയ്ക്കാന്‍ കമ്പിളി ഒന്നും കരുതേണ്ടതില്ലെന്നു ചുരുക്കം

Monday, February 13, 2012

നീ

നിന്റെ മിഴികള്‍ എന്നോട് പറഞ്ഞതും
ആ കൈവിരലുകള്‍ എന്നിലേക്ക് പകര്‍ന്നതും
പ്രണയമായിരുന്നുവെന്നു ഞാനിപ്പോള്‍ അറിയുന്നു

എന്റെ എത്രയോ പകല്‍ക്കിനാവുകളില്‍, മഴയുടെ തണുപ്പുള്ള രാത്രികളില്‍ നീ കടന്നു വന്നിരുന്നുവെങ്കിലും ആദ്യമായി കണ്ടപ്പോള്‍ എന്തേ ഞാന്‍ നിന്നെ തിരിച്ചറിഞ്ഞില്ല..?

നിന്റെ ചുടു നിശ്വാസം എന്റെ കഴുത്തിനെ തഴുകിയപ്പോള്‍, നിന്റെ ചുരുണ്ട മുടിയിഴകള്‍ എന്റെ കണ്ണുകളെ മൂടിയപ്പോള്‍..
ആയിരം കൈകള്‍കൊണ്ട് നിന്നെ പുണരുവാന്‍ വെമ്പുന്ന മനസ്സ് എന്നോട് പറഞ്ഞു
നിന്നെയായിരുന്നു ഞാന്‍ തേടിയിരുന്നതെന്ന്.., നിനക്ക് വേണ്ടിയായിരുന്നു ഞാന്‍ കാത്തിരുന്നതെന്ന്....

............HapPy ValentineS DaY...........

Saturday, February 11, 2012

എന്താണ് പ്രണയം ?

എന്താണ് പ്രണയം എന്നതുകൊണ്ട് നിങ്ങള്‍ അര്‍ത്ഥമാക്കുന്നത് ?
ഒരാളുടെ ശരീരത്തിനോട് /കഴിവുകളോട്  തോന്നുന്ന ആകര്ഷണമോ?
അയാളുടെ  വ്യക്തിത്വത്തിനോടു തോന്നുന്ന ഇഷ്ടമോ ?
അയാള്‍ക്ക് മറ്റാരും ഇല്ലെന്നും നമുക്ക് അയാളെ സംരക്ഷിക്കണമെന്നുമുള്ള തോന്നല്‍ ?

ഇതൊന്നും അല്ലാതെ വെറുതെ.. ഒരാളെ കാണുമ്പോള്‍, അയാളോട് സംസാരിക്കുമ്പോള്‍, ഒപ്പം നടക്കുമ്പോള്‍  നാം അറിയാതെ അവരോടു അടുത്ത് പോകുന്ന ഒരു അവസ്ഥയോ?
അകലണം എന്നാഗ്രഹിച്ചു കിണഞ്ഞു പരിശ്രമിച്ചിട്ടും അതിനു കഴിയാതെ വരുന്നതോ?

പ്രണയം എന്താണെന്നു അറിയാതെ കാമം, ആരാധന, അനുകമ്പ ഇങ്ങനെ പലതിനെയും പ്രണയമായി തെറ്റിധരിക്കുന്നവരുണ്ട്.

പ്രണയം രണ്ടു മനസ്സുകള്‍ തമ്മിലുള്ള ബന്ധനമാണ് . അത് കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ല. അതിനുവേണ്ടി നാം യാതൊന്നും ചെയ്യുകയും വേണ്ട.
നമ്മുടെ ജീവിതത്തിലേക്ക് അത് കടന്നു വരും. നമ്മുടെ മനസ്സ് അതിന്റെ പങ്കാളിയെ കണ്ടെത്തിക്കൊള്ളും അത് ഒരിക്കലും തെറ്റുകയില്ല.

പക്ഷെ പ്രണയിക്കണമെന്ന ഉദ്ദേശത്തോടെ നമ്മള്‍ ഒരാളെ സമീപിച്ചാല്‍ അയാളോട് പെരുമാറിയാല്‍ അത് ചിലപ്പോള്‍ അബദ്ധമാകും കാരണം എന്നെങ്കിലും ഒരിക്കല്‍ നമുക്ക് സ്വഭാവികതയിലേക്ക് മടങ്ങി പോകേണ്ടി വരും അപ്പോള്‍ അയാള്‍ക്കിഷ്ടമുള്ള രീതിയില്‍ ആവില്ല നാം പെരുമാറുന്നത് അവിടെ വച്ച് നമ്മുടെ കള്ളത്തരങ്ങള്‍ എല്ലാം പൊളിയും...
ഒരു കൃത്രിമ പ്രണയത്തിനു വേണ്ടിയായിരുന്നു ഈ നാടകമെന്ന് നമ്മുടെ പങ്കാളി മനസ്സിലാക്കും, അതൊരു ദുരന്തം ആകും.
രണ്ടുപേര്‍ക്കും അതുകൊണ്ട് നഷ്ടങ്ങള്‍ മാത്രം ആകും ഉണ്ടാകുക

ഇപ്പോള്‍ പ്രണയത്തില്‍ ആയിരിക്കുന്നവര്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം

"നിങ്ങള്‍ നിങ്ങളുടെ പ്രണയ പങ്കാളിയോട് എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടോ..?"

എല്ലാം എന്ന് വച്ചാല്‍ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം..
നിങ്ങളുടെ കുറ്റങ്ങള്‍ കുറവുകള്‍,
അയാള്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതും ഇല്ലാത്തതും,  ദേഷ്യം വരുന്നതും സങ്കടം വരുന്നതുമായ എല്ലാ കാര്യങ്ങളും നിങ്ങള്ക്ക് അയാളോട് പറയുവാന്‍  കഴിഞ്ഞിട്ടുണ്ടോ ?
അതോ ഇത് പറഞ്ഞാല്‍ അയാള്‍ക്ക് ദേഷ്യമാകും,  എന്നോട് വെറുപ്പ്‌ തോന്നും  എന്നൊക്കെ ചിന്തിച്ചു അത് ഒളിച്ചു വയ്ക്കുകയും യാതൊരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ ചവറുപോലെ  എപ്പോഴും പറയുകയുമാണോ ചെയ്യുന്നത് ?

ഓര്‍ക്കുക പ്രണയിക്കുവാന്‍ അല്ലെങ്കില്‍ പ്രണയം സംഭവിക്കുവാന്‍ അത്യാവശ്യം വേണ്ടത് പരസ്പരം അന്ധമായി വിശ്വസിക്കുന്ന രണ്ടു മനസ്സുകളാണ്, കടിഞ്ഞാണ്‍ ഇല്ലാതെ സംസാരിക്കുന്ന ഹൃദയങ്ങള്‍ ആണ് . അത് നിങ്ങള്ക്ക് ഇല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ പ്രണയത്തില്‍ അല്ല.
ഇപ്പോള്‍ നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രണയം എന്ന നാടകം നിര്‍ത്തി വേറെ ജോലി നോക്കുക . അല്ല ഇതു തുടരാന്‍ ആണ് ഭാവം എങ്കില്‍ ആയുസ്സിന്റെ നല്ലൊരു ഭാഗം വെറുതെ പോകും .
ജീവിതം മനോഹരമാണ് അതിങ്ങനെ നാടകം കളിച്ചു വെറുതെ കളയരുത് വിവാഹം നടത്തി അതൊരു മെഗാ സീരിയല്‍ ആക്കുകയുമരുത്.....