Friday, May 11, 2012

നാമ്പ്

ഒരിക്കല്‍ ഒരു മണ്‍കൂനയില്‍
ഒരുമിച്ചു ഒന്നായി വളരുന്ന ദിനവും കാത്ത്,
നിന്നെച്ചേര്‍ന്നു കിടന്നപ്പോള്‍
നിന്‍ ഹൃദയം ഇടറുന്നുവെന്നറിഞ്ഞു
ഞാന്‍  എന്നെത്തന്നെ ചീയിച്ചു നിനക്ക് വളമായി മാറി.

അത് വാങ്ങി നീ വളര്‍ന്നു നാമ്പുകള്‍ തളിരിട്ടപ്പോള്‍ അഴുകിച്ചേരാതെ ബാക്കിയായ എന്നിലെ അവസാനത്തെ നാരിനെ നോക്കി നീ പൊഴിച്ച മന്ദസ്മിതം മാത്രം മതിയായിരുന്നു ഈ ജന്മം സഫലമാകാന്‍..
അതിന്റെ  അര്‍ഥം എനിക്ക് മനസ്സിലായില്ലെങ്കിലും...

Saturday, May 5, 2012

ആ രാത്രി

രാത്രി ഏറെ വൈകിയിരുന്നു.
അത്യാഹിത വിഭാഗം ICU-വില്‍ നിന്ന് അവളെ പുറത്തിറക്കിയപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അയാളോട് പറഞ്ഞു .
പേഷ്യന്റിന്റെ കണ്ടീഷന്‍ സീരിയസ്സാണ് ...വളരെ വളരെ സീരിയസ്സാണ്..
ലാഘവത്തോടെ  അത് പറഞ്ഞിട്ട് ആ ലേഡി ഡോക്ടര്‍ ICU-വിനുള്ളിലേക്ക് കേറിപ്പോയി.

അവള്‍ക്കു ബോധം ഉണ്ടായിരുന്നില്ല .
ഒരു അറ്റെണ്ടര്‍ സ്ട്രെച്ചറിന്റെ തലയ്ക്കല്‍ പിടിച്ചിരുന്നു.
അയാള്‍  കാല്‍ക്കല്‍ പിടിച്ചു ...
ഏതൊക്കെയോ വരാന്തകളിലൂടെ സ്ട്രെച്ചര്‍ നീങ്ങി അവസാനം ഒരു ലിഫ്റ്റിനരികില്‍ എത്തി.
സ്ട്രെച്ചര്‍ അതിനുള്ളില്‍ കയറ്റി അറ്റെണ്ടര്‍ പോയി.

നാലാം വാര്‍ഡിലേക്കായിരുന്നു അവളെ മാറ്റിയത്.
ഒന്നാമത്തെ നിലയില്‍ ലിഫ്റ്റ് നിന്നു.
 അയാള്‍ സ്ട്രെച്ചര്‍ തള്ളിക്കൊണ്ട് പുറത്തിറങ്ങി.
വാര്‍ഡ്‌ കണ്ടുപിടിക്കാന്‍ അങ്ങോളം ഇങ്ങോളം നടന്നു
അവളുടെ മൂക്കിലൂടെ ഒരു ട്യൂബു പുറത്തേക്കു കിടന്നിരുന്നു.
അതിന്റെ അറ്റത്ത് ഒരു പ്ലാസ്റ്റിക്‌ കവര്‍ പിടിപ്പിച്ചിരുന്നു,  അതിലേക്കു ട്യൂബിലൂടെ ഒരു മഞ്ഞ ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

അയാള്‍  അവസാനം നാലാം വാര്‍ഡ്‌ കണ്ടു പിടിച്ചു. വാര്‍ഡിലെ ഡോക്ടര്‍ കണ്ണ് തിരുമ്മി എഴുന്നേറ്റു വന്നു ഒരു ബെഡ് കാണിച്ചു കൊടുത്തു. അയാള്‍ അവളെ അതിലേക്കു  എടുത്തു കിടത്തി.

സമയം രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു , എല്ലാവരും ഉറക്കത്തിലാണ്  അവളും..
പക്ഷെ തലേന്ന് രാത്രി അവള്‍ ഉണര്‍ന്നിരുന്നപ്പോള്‍ ഉറങ്ങിയ അയാള്‍ ഇപ്പോള്‍ ഉറങ്ങാനാകാതെ നില്‍ക്കുന്നു .

നേരം പുലരുമ്പോള്‍ എന്തായിരിക്കും അവസ്ഥ ?
ഇപ്പോള്‍  ആരും ഒന്നും അറിഞ്ഞിട്ടില്ല..

ഈ രാത്രിയില്‍ എന്തെല്ലാം ഈ ഭൂമിയില്‍ സംഭവിക്കുന്നുണ്ടാകും ?
സ്നേഹ ലാളനകള്‍ , കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ , യാത്രകള്‍, ആഘോഷങ്ങള്‍, ജനനം, ശാന്തമായ ഉറക്കം, പേടിപ്പെടുത്തുന്ന ഭയാനകമായ സ്വപ്‌നങ്ങള്‍ അങ്ങനെ എന്തെല്ലാം ...
ഞാന്‍ ഇവിടെ വാര്‍ഡിന്റെ മൂലയില്‍ ഇട്ട സ്റ്റൂളില്‍ ഇരിക്കുന്നു.
മനസ്സ് ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത് എന്നെനിക്കറിയില്ല
അവളുടെ കുഞ്ഞുങ്ങളോട് നാളെ എന്ത് പറയണമെന്നും അറിയില്ല. അവള്‍ മരിച്ചു കൊണ്ടിരിക്കുകയാണെന്നു മാത്രം അറിയുന്നു..