Sunday, June 5, 2022

സമയം

നാളെ അച്ഛന് അവധി ആണല്ലോ അപ്പൊ നാളെ അച്ഛന്റെ കൂടെ കളിക്കാമല്ലേ, അച്ഛന്റെ കൂടെ ചെടി നടാം, അച്ഛന്റെ കൂടെ നടക്കാൻ പോകാം, സിനിമാ കാണാം ,അച്ഛൻ എന്നെ കുളിപ്പിക്കും .. 
അങ്ങിനെ നീണ്ടു പോകുകയാണ് ആമിക്കുട്ടിയുടെ പ്രതീക്ഷകൾ. 

ഈ ലോകത്ത് ഏറ്റവും വിലപ്പെട്ടതായി നമുക്ക് ഒന്നേയുള്ളൂ അത് സമയമാണ്. 

ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ precious time നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർക്ക് അല്ലെങ്കിൽ നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്ക് നൽകാൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്. 
എത്ര വലിയ തിരക്കുകൾക്കിടയിലും തന്റെ സമയം മക്കളുമായി പങ്കുവെയ്ക്കുവാൻ തയ്യാറുള്ള അച്ഛനെയും അമ്മയെയും അവരുടെ വാർദ്ധക്യത്തിൽ ഒറ്റയ്ക്കാക്കുവാൻ മക്കളുടെ മനസ്സ് അനുവദിക്കുമെന്ന് തോന്നുന്നില്ല.  

മറ്റു പലതിനും പ്രാധാന്യം നൽകി പിന്നീട് ആകട്ടെ എന്നു കരുതി പ്രിയപ്പെട്ടവർക്ക് ചെയ്‌തു കൊടുക്കാതെ മാറ്റി വയ്ക്കുന്ന ചിലതുണ്ട് ജീവിതത്തിൽ. തിരിഞ്ഞു നോക്കുമ്പോൾ ഇനി ഒരിക്കലും  കൊടുക്കാനാകാതെ പോകുന്ന അവ ആണ് ഏറെ വിഷമം ഉണ്ടാക്കുക. പ്രധാന്യമുള്ളവയെന്നു അന്ന് നാം കരുതിയതെല്ലാം അതിന്റെ മുന്നിൽ അപ്രധാനം ആയിരുന്നെന്ന തിരിച്ചറിവ് ഒരു മുറിപ്പാട് പോലെ ഉള്ളിൽ കിടക്കും.

അമ്മ മരിച്ചിട്ട് ഇപ്പോൾ പത്തു വർഷമായി. അമ്മയുടെ ഒരു വലിയ ആഗ്രഹം ആയിരുന്നു വീട്ടിൽ ഒരു ടിവി വാങ്ങുക എന്നുള്ളത്. വായിക്കുന്നവർക്ക് അത്ഭുതം തോന്നാം. പക്ഷെ പത്ത് വർഷങ്ങൾക്ക് മുൻപ് ഞാനും അമ്മയും താമസിച്ചിരുന്ന വീട്ടിൽ ഒരു ടിവി ഇല്ലായിരുന്നു. അച്ഛൻ മരിക്കുന്നത് വരെ അച്ഛൻ അത് വാങ്ങാൻ സമ്മതിച്ചിരുന്നില്ല. അതെന്തു കൊണ്ടാണെന്നു എനിക്ക് ഇന്നും അറിയില്ല.  അച്ഛന്റെ മരണ ശേഷവും എന്റെ പഠനം പൂർത്തിയാക്കി ഒരു ജോലി കിട്ടുന്നത് വരെ ഞങ്ങൾക്ക് ഒരു ടിവി വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. എന്നാൽ 2008 ഒക്ടോബറിൽ എനിക്ക് മാസം 8000 രൂപ ശമ്പളത്തിൽ ടെക്‌നോപാർക്കിൽ ഒരു ജോലി കിട്ടിയിരുന്നു. അന്ന് മുതൽ എനിക്ക് വേണമെങ്കിൽ ഒരു ടിവി വാങ്ങാൻ സാധിക്കുമായിരുന്നു. അമ്മ അത് പലപ്പോഴും ഓർമിപ്പിച്ചുവെങ്കിലും ഞാൻ ചെയ്തില്ല പിന്നീട് ആകട്ടെ എന്നു കരുതി നീട്ടിക്കൊണ്ട് പോയി. ആ കുഞ്ഞു ആഗ്രഹം പോലും പൂർത്തിയാക്കാനാകാതെ അപ്രതീക്ഷിതമായി ഒരു ദിവസം അമ്മ പോകുകയും ചെയ്തു. അത് ജീവിതത്തിൽ വലിയൊരു പാഠമാണ് പഠിപ്പിച്ചത്. ഇന്നുകൾ മാത്രമേ നമുക്കുള്ളൂ നാളെകൾ നമ്മുടേത് ആവണമെന്നില്ല.

നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ലോകത്ത് വേറെ പലർക്കും ചെയ്യാനാകും നമ്മൾ ഇല്ലാതായാലും നമുക്ക് പകരം മറ്റൊരാൾ അത് ചെയ്യും എന്നാൽ നമ്മുടെ കുടുംബത്തിൽ നമുക്ക് പകരം മറ്റൊരാൾ ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശെരിയാണ്.

അമ്മ

വീട്ടിൽ ഉണ്ടെങ്കിൽ മോളെ രാത്രിയിൽ 'പാട്ട്' പാടി ഉറക്കുന്നത് ഞാനാണ്. അതിനെ പാട്ട് എന്നു വിളിക്കാമോ എന്നു തന്നെ എനിക്കറിയില്ല. അവൾ അല്ലാതെ വേറെ ഒരാളും എന്റെ പാട്ട് കേട്ട് ഉറങ്ങില്ല എന്നു മാത്രമല്ല ചിലപ്പോൾ എന്നെ ഓടിച്ചിട്ട് തല്ലുകയും ചെയ്‌തേക്കും എന്നത് മറ്റൊരു കാര്യം. മോളായി പിറന്നു പോയില്ലേ സഹിക്കുക തന്നെ. 
അങ്ങിനെ പാട്ട് പാടി ഉറക്കുന്ന ചില ദിവസങ്ങളിൽ എന്റെ പാട്ട് ചിലപ്പോൾ മണിക്കൂറുകൾ നീളും. അവൾ ഉറങ്ങാതെ ഇടയ്ക്കിടെ എന്തെങ്കിലും ഒക്കെ പറഞ്ഞു കിടക്കും എന്നതാണ് കാര്യം. അപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വരും അവളെ വിരട്ടും. അങ്ങിനെയിരിക്കെ ഒരു ദിവസം ഞാൻ പതിവ് പോലെ ഒന്ന് രണ്ടു കഥകൾ ഒക്കെ പറഞ്ഞ ശേഷം പാട്ട് പാടാൻ ആരംഭിച്ചു. 

ഉടനെ മോൾ.. 

"അച്ഛാ ഇനി പാട്ട് ഒന്നും വേണ്ട ഞാൻ വലുതായില്ലേ ഞാൻ അല്ലാതെ ഉറങ്ങിക്കോളാം "

അത് കേട്ടപ്പോൾ സന്തോഷം തോന്നേണ്ടതാണ് അറിയാത്ത പണി ചെയ്യണ്ടല്ലോ. പക്ഷെ മനസ്സിൽ എവിടെയോ ഒരു നീറ്റൽ.. അവൾ വലുതായി ഇനി എനിക്ക് പാട്ട് പാടി അവളെ ഉറക്കാൻ കഴിയില്ല. വല്ലാതെ സങ്കടം വന്നു. അവൾ അന്ന് പാട്ട് കേൾക്കാതെ ഉറങ്ങി. 
എന്നാൽ പിറ്റേന്ന് വീണ്ടും അവൾ പാടാൻ ആവശ്യപ്പെട്ടു. അത് കേട്ടപ്പോൾ സന്തോഷമായി. ഇന്ന് വരെയും അത് തുടരുന്നു. പക്ഷെ ആ സംഭവത്തിന് ശേഷം ഞാൻ ആലോചിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞുങ്ങൾ ഓരോ പ്രായത്തിലും ആവശ്യപ്പെടുന്ന കാര്യങ്ങൾ ചിലപ്പോൾ നമുക്ക് ഇഷ്ടം ഇല്ലാത്തത് ആകാം അല്ലെങ്കിൽ മടി കൊണ്ടോ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളത് കൊണ്ടോ അപ്പോൾ ചെയ്ത് കൊടുക്കാൻ പറ്റാത്തതും ആകാം എന്നാൽ അവർ അതിന് വേണ്ടി എന്നും കാത്തിരിക്കില്ല. ആവശ്യപ്പെടുന്ന സമയത്തു അവർക്ക് അത് കൊടുത്താലുണ്ടാകുന്ന സന്തോഷം കുറെ നാൾ കഴിഞ്ഞിട്ട് കൊടുത്താൽ കാണുകയുമില്ല. 

കുട്ടിക്കാലത്തു ഒരിക്കൽ എന്റെ അമ്മ ചന്തയിൽ പോയിട്ട് വന്നപ്പോൾ ഒരു ചില്ല് ട്യുബിനുള്ളിൽ നിറമുള്ള വെള്ളവും മിനുക്കങ്ങളും ഒക്കെ നിറച്ച ഒരു കളിപ്പാട്ടം കൊണ്ട് വന്നു. എനിക്കത് ഏറെ ഇഷ്ടപ്പെട്ടു കിട്ടിയ ഉടനെ അത് വാങ്ങി ഞാൻ കളി തുടങ്ങി അല്പനേരത്തിനുള്ളിൽ എന്റെ കൈപ്പിഴ കൊണ്ട് അത് പൊട്ടി. ഉള്ളിലെ വെള്ളം മുഴുവൻ പുറത്തു പോയി. ഞാൻ ഒരുപാട് കരഞ്ഞു. അത് തിരിച്ചു വയ്ക്കാൻ പറ്റുമായിരുന്നില്ല. അതിന് വേണ്ടി ശ്രമിച്ചു ചേച്ചിയുടെ കൈ മുറിഞ്ഞതും ഓർക്കുന്നു. എന്റെ കരച്ചിൽ കണ്ടു സഹികെട്ട് അമ്മ വീണ്ടും ചന്തയിൽ പോയി അതുപോലുള്ള ഒരെണ്ണം വാങ്ങിക്കൊണ്ട് വന്നു. അന്ന് അമ്മ അത് ചെയ്തു. വീട്ടിലെ ജോലികളൊക്കെ പാതിവഴിക്ക് ഇട്ടിട്ട് ഇതിന് വേണ്ടി അമ്മ ഒരു കിലോമീറ്ററോളം അകലെയുള്ള ചന്തയിൽ പോയി മടങ്ങി വന്നു. എന്നാൽ ഇന്ന് അതുപോലെ ഒരു സാഹചര്യം ഉണ്ടായാൽ ഞാൻ മകൾക്ക് വേണ്ടി അത് ചെയ്യാൻ തയ്യാറാവില്ല എന്നുറപ്പാണ്.

അത് ശെരിയാണോ തെറ്റാണോ മക്കളുടെ പിടിവാശികൾ എല്ലാം നമ്മൾ സാധിച്ചു കൊടുക്കണോ എന്നുള്ളതൊക്കെ മറ്റൊരു വിഷയമാണ് എങ്കിലും അമ്മ അന്ന് അത് എനിക്ക് സാധിച്ചു തന്നത് കൊണ്ടാണ് ആ കാര്യം ഇന്നും ഞാൻ ഓർത്തിരിക്കുന്നത്.

സൈക്കിൾ

ചില കാര്യങ്ങൾ ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്നു കിട്ടുമ്പോൾ ഉള്ള അത്രയും സന്തോഷം അത് ആഗ്രഹിച്ച ഉടനെ കിട്ടിയാൽ തോന്നാറില്ല. എനിക്ക് ആദ്യമായി ഒരു സൈക്കിൾ വാങ്ങുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. കുട്ടിക്കാലത്ത് മൂന്ന് ചക്രമുള്ള സൈക്കിൾ കാണുമ്പോൾ ഒക്കെ അച്ഛനോടും അമ്മയോടും അതുപോലെ ഒന്ന് വാങ്ങിത്തരാൻ പറഞ്ഞു വാശി പിടിച്ചു കുറെ കരഞ്ഞിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല. അന്ന് ഇന്നത്തെപ്പോലെ അതത്ര സാധാരണവുമായിരുന്നില്ല. ഇന്ന് ബൈക്കുകൾ ഉള്ളത് പോലെ അന്ന് സൈക്കിളുകൾ ആയിരുന്നു നാട്ടിൽ എല്ലാരും ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. 

ഒടുവിൽ പലപ്പോഴായി ഉത്സവത്തിനും മറ്റും കിട്ടിയ കാശ് കൂട്ടി വച്ചിരുന്നതും അമ്മയുടെ ചിലവിലും എന്റെ പേരിലും നടത്തിയ കോഴി വളർത്തൽ, പ്രാവ് വളർത്തൽ എന്നീ ചെറുകിട വ്യവസായങ്ങളിൽ നിന്ന് സംഭരിച്ചതുമായ 600 രൂപ കൊടുത്തു ഞാൻ തന്നെ ഒരു പഴയ bsa സൈക്കിൾ വാങ്ങി. വാങ്ങിയതിന്റെ പിറ്റേന്ന് ഒരു ഹർത്താൽ ആയിരുന്നു. സൈക്കിൾ കിട്ടിയതിന്റെ ആവേശത്തിൽ രാവിലെ തന്നെ അതും എടുത്തു ഒരു പോക്ക് അങ്ങു പോയി. റോഡും കാടും മേടുമെല്ലാം ചുറ്റിത്തിരിഞ്ഞു ഏകദേശം ഒരു പതിനൊന്ന് പന്ത്രണ്ട് മണിയൊക്കെ ആയപ്പോൾ ആണ് തിരികെ വീടിനടുത്തെത്തിയത്. അപ്പോഴേക്കും ഇനി ഒട്ടും ചവിട്ടാൻ വയ്യാത്ത വിധം ക്ഷീണിച്ചിരുന്നു എന്നിട്ടും ഏങ്ങി വലിച്ചു ഒരു കയറ്റം ചവിട്ടുകയായിരുന്നു പെട്ടെന്ന് ബാലൻസ് അങ്ങു പോയി വീഴാതിരിക്കാൻ സ്വാഭാവികമായ റിഫ്ലെക്‌സ് ആക്ഷനോടെ അടുത്തുള്ള മതിലിലേക്ക് കൈ കുത്തി. കുത്തുന്നതിന് തൊട്ട് മുമ്പ് ഒരു മിന്നായം പോലെ കണ്ടു മതിലിന്റെ ആ വശത്തു കുറച്ചു കുപ്പിയോടുകൾ (കുപ്പിച്ചില്ല്) എന്നാൽ കൈ വലിക്കാൻ പറ്റിയില്ല അപ്പോഴേക്കും താമസിച്ചു പോയിരുന്നു. കൈ വിരലും വെള്ളയും ചേരുന്ന ഭാഗത്തു കുപ്പിച്ചില്ല് ആഴ്ന്നിറങ്ങി. കയ്യിൽ നിന്ന് രക്തമൊഴുകി. മുറിവ് പറ്റുന്നതും അത് വീട്ടിൽ പറയാതെ കൊണ്ട് നടക്കുന്നതുമൊക്കെ അക്കാലത്ത് സാധാരണമായിരുന്നതിനാൽ ഞാൻ സൈക്കിളിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കുറച്ചു വെള്ളമെടുത്തു കൈ കഴുകി. എന്നിട്ട് സൈക്കിൾ തള്ളി മുന്നോട്ടു നടന്നു. കുറച്ചു പോയപ്പോൾ തന്നെ കാര്യം അത്ര നിസ്സാരമല്ലെന്നു മനസ്സിലായി. കണ്ണിലാകെ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു. 

ഞാൻ സൈക്കിൾ പതിയെ സൈഡാക്കി റോഡ് സൈഡിൽ ഇരുന്നു. അപ്പോഴാണ് പരിചയമുള്ള  ഒരു ചേട്ടൻ അതുവഴി വന്നത്. കൈ പിടിച്ചു നോക്കി. പിന്നെ എന്നെയും പൊക്കി അതുവഴി വന്ന ഒരു ഓട്ടോയിലിട്ട് ആശുപത്രിയിലേക്ക്. ചെന്ന ഉടനെ കൈ ഒക്കെ നോക്കിയ ശേഷം ഡോക്ടർ പറഞ്ഞു തയ്യൽ ഇടണം ആഴത്തിൽ ഉള്ള മുറിവാണ്. അയ്യോ ..ആദ്യമായിട്ടാണ് തയ്യൽ ഇടുന്നത് കരഞ്ഞു വിളിച്ചാലോ വേണ്ട ഞാൻ ഇപ്പൊ കൊച്ചു പയ്യൻ ഒന്നുമല്ലല്ലൊ ഒരു സൈക്കിൾ ഒക്കെ സ്വന്തമായുള്ള.. നാണക്കേട്. കിടത്തിയിരുന്ന സ്ട്രെച്ചറിന്റെ ഒരു വശത്ത് മറ്റേ കൈ കൊണ്ട് ഇറുക്കിയങ്ങു പിടിച്ചു ഒരുവിധം കരയാതെ പിടിച്ചു നിന്നു. എല്ലാം കഴിഞ്ഞ് കയ്യിൽ ഒരു വലിയ കെട്ടൊക്കെ ആയി വീട്ടിൽ ചെന്ന് കയറിയപ്പോൾ വീട്ടുകാരൊക്കെ പേടിച്ചു. ഞാനോ ഇതൊക്കെ എന്ത് എന്ന മട്ടിൽ അകത്തേക്ക് കയറി കട്ടിലിൽ കേറിക്കിടന്നു. കയ്യിൽ മുറിവ് പറ്റിയതിനേക്കാൾ സങ്കടം കുറച്ചു ദിവസത്തേക്ക് ഇനി സൈക്കിൾ ചവിട്ടാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു.

ആമിക്ക് നാലാം പിറന്നാൾ പ്രമാണിച്ചു ഒരു സൈക്കിൾ വാങ്ങി. അപ്പോഴാണ് ഈ പഴയ കാര്യങ്ങളെക്കുറിച്ചു വീണ്ടും ഓർമ്മ വന്നത്. അല്ലെങ്കിലും നമ്മുടെ കുട്ടികൾ ഇടയ്ക്കിടെ നമ്മുടെ കുട്ടിക്കാലം ഓർമ്മിപ്പിക്കുമെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്. നമ്മുടെ കുസൃതികൾ നമ്മുടെ കുട്ടികളിൽ നിന്ന് തിരിച്ചു അനുഭവിക്കേണ്ടി വരുന്നത് എന്റമ്പോ വല്ലാത്ത ശിക്ഷ തന്നെ.

ICU



ഞാനും അമ്മയും മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റി ഐ.സി.യു വിന്റെ പുറത്തു ബെഞ്ചിൽ ഇരിക്കുകയായിരുന്നു. എന്റെ അച്ഛൻ കഴിഞ്ഞ 3 ദിവസമായി അതിനുള്ളിലാണ്. ആപത്ഘട്ടം ഒക്കെ കഴിഞ്ഞുവെങ്കിലും വാർഡിലേക്ക് മാറ്റാറായിട്ടില്ല. മെഡിക്കൽ ICU വിൽ ബെഡും ഒഴിവില്ല.

പെട്ടെന്ന് ഒരു 108 ആംബുലൻസ് കൊണ്ട് നിർത്തി. അതിൽ നിന്ന് ഏതാണ്ട് മുപ്പതു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരാളെ സ്ട്രെച്ചറിൽ അകത്തേക്ക് കൊണ്ടു വന്നു. കൂടെ കൈക്കുഞ്ഞുമായി കരഞ്ഞു തളർന്ന കണ്ണുകളോടെ ഒരു സ്ത്രീയും. അയാളെ ICU വിലേക്ക് കയറ്റി. വാതിലിൽ ചെന്ന് അല്പനേരം നോക്കി നിന്ന ശേഷം അവർ ഞങ്ങൾക്കരികിലുള്ള ഒരു ബെഞ്ചിൽ വന്നിരുന്നു. 

സമയം കടന്നു പോയി. അതിനിടെ ഞാൻ അച്ഛന് മരുന്ന് വാങ്ങാനായി ഒന്നു രണ്ടു തവണ പോയി വന്നു.

ആ സ്ത്രീ അവിടെത്തന്നെയുണ്ട്. കുഞ്ഞു കരയുന്നുണ്ട്. സെക്യൂരിറ്റി അവളുടെ അടുത്തേക്ക് വന്നു ബന്ധുക്കളുടെ നമ്പർ ചോദിച്ചു. ബന്ധുക്കൾ അധികമൊന്നും ഇല്ലെന്ന് അവൾ പറയുന്നത് കേട്ടു. ഉള്ളവരുടെ നമ്പർ അവൾക്കറിയില്ലത്രേ.. പിന്നെ ബാഗിനുള്ളിൽ നിന്ന് ഒരു തുണ്ട് പേപ്പറിൽ എഴുതി വച്ചിരുന്ന നമ്പറുകൾ അവൾ അയാളെ കാണിച്ചു. സെക്യൂരിറ്റി ആ നമ്പർ വാങ്ങി തന്റെ മൊബൈലിൽ നിന്ന് ഡയൽ ചെയ്തിട്ട് ഫോണ് അവൾക്ക് കൊടുത്തു. 
തമിഴും മലയാളവും കലർന്ന ഭാഷയിൽ അവൾ സംസാരിച്ചു. സംസാരത്തിൽ നിന്ന് അവൾ ഉദ്ദേശിച്ച ആളല്ല ഫോണ് എടുത്തതെന്നു എനിക്ക് തോന്നി. സെക്യൂരിറ്റി അവളുടെ കയ്യിൽ നിന്ന് ഫോണ് വാങ്ങി അൽപ്പം മാറി നിന്നു സംസാരിക്കുന്നു.

എന്റെ അമ്മ അവളുടെ അടുത്തു പോയി ഇരുന്നു.
രണ്ടു മൂന്ന് ദിവസമായി ഞങ്ങൾ ഇവിടെയുണ്ട്. ICU ന്റെ മുൻപിൽ ഉള്ളവരൊക്കെ ഉറ്റ ബന്ധുക്കളെപ്പോലെയാണ് പെരുമാറുക. കഠിനമായ ദുഃഖവും ഭാവിയെക്കുറിച്ച് യാതൊരു പിടിയുമില്ലാതെയാകുമ്പോൾ മനസ്സിലെ പല മതിലുകളും ഇടിഞ്ഞു വീഴുന്നു. ഇതുവരെ പ്രാധാന്യമുള്ളതെന്ന് കരുതിയിരുന്നതൊക്കെ ഒന്നുമല്ലാതായിത്തീരുകയും പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി മാത്രമായി പ്രതീക്ഷകൾ ഒതുങ്ങുകയും ചെയ്യുന്ന സമയമാണത്. ബസിൽ മണിക്കൂറുകൾ അടുത്തിരുന്ന് യാത്ര ചെയ്താൽ ഒരു വാക്ക് സംസാരിക്കാത്തവർ ICU വിന്റെ മുന്പിലെത്തുമ്പോൾ 5 മിനിറ്റ് കൊണ്ട് അടുത്ത കൂട്ടുകാരാകുന്നു. പരസ്പരം എല്ലാം പങ്കിടുന്നു.

അവളുടെ കാര്യവും വ്യത്യസ്തമല്ലായിരുന്നു. ഒരുപക്ഷേ സംസാരിക്കാൻ ആരെയെങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നുകാണും അവൾ. തമിഴും മലയാളവും ഇടകലർത്തി അവൾ പറഞ്ഞു. 

രണ്ടു വർഷം മുൻപ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അവർ വിവാഹം കഴിച്ചത്. അയാൾക്ക് മീൻ പിടിത്തം ആണ് തൊഴിൽ. അന്ന് രാവിലെ അവർ കുഞ്ഞിന് വാക്‌സിൻ എടുക്കാൻ പോകാനായി ബസ് സ്റ്റോപ്പിൽ വന്നതാണ്. പെട്ടെന്ന് അയാൾക്ക് തല കറക്കവും നെഞ്ച് വേദനയും വന്നു. ആരൊക്കെയോ ചേർന്ന് 108 വിളിച്ചു ഇവിടെ എത്തിച്ചു. ഇത് പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. 
അമ്മ പറഞ്ഞു. 
വേഗം സുഖമാകും. ഞങ്ങൾ കാണുന്നതല്ലേ ഇവിടെ എത്തിയല്ലോ ഇനി അവർ നോക്കിക്കൊള്ളും. അവന് ഒരു കുഴപ്പവും വരില്ല. നീ കരയാതിരിക്ക്. കുഞ്ഞിന് പാല് കൊടുക്ക്.

അവൾക്ക് ചെറിയ ആശ്വാസം തോന്നിയതുപോലെ എനിക്ക് തോന്നി. പിന്നെ ഞാൻ നോക്കുമ്പോൾ അവൾ കരച്ചിൽ നിർത്തി കുഞ്ഞിന് പാൽ കൊടുക്കുകയായിരുന്നു.

അമ്മ എന്റെ അടുത്തു വന്നിരുന്നു പതുക്കെ പറഞ്ഞു. അയാൾ മരിച്ചെന്നാണ് തോന്നുന്നത്. ആ സെക്യൂരിറ്റി അങ്ങിനെ ഫോണിൽ പറഞ്ഞതുപോലെ എനിക്ക് തോന്നി.
ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കത് വിശ്വസിക്കാൻ ഇഷ്ടമല്ലായിരുന്നു. സെക്യൂരിറ്റി അവളുടെ അടുത്തു വന്ന് പറഞ്ഞു.
നീ പോയി ഒരു ചായ കുടിച്ചിട്ട് വാ. കുഞ്ഞിന് ബിസ്കറ്റും വാങ്ങിക്കൊട്.
പക്ഷെ അവൾ പോയില്ല. ചായ വേണ്ടന്ന് പറഞ്ഞു.
 
എനിക്ക് അപ്പോൾ സംശയം തോന്നിത്തുടങ്ങി. സാധാരണ ICU വിൽ ഉള്ള രോഗിയുടെ ആൾക്കാർ എപ്പോഴും പുറത്തുണ്ടാകണം എന്നാണ് അവർ പറയാറുള്ളത്. പക്ഷെ ഇപ്പോൾ അവളോട് ഇങ്ങിനെ പറയണമെങ്കിൽ അത് മോർച്ചറിയിലേക്ക് ശരീരം മറ്റാനായിരിക്കുമോ..
വീട്ടുകാരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി വന്ന ഇവൾ. ഒരു വയസ്സു പോലും തികയാത്ത ഒരു കുഞ്ഞും.. 

അച്ഛനോട് സംസാരിക്കാനായി ഡോക്റ്റർ എന്നെ അകത്തേക്ക് വിളിപ്പിച്ചു. അകത്തു കയറിയപ്പോൾ ആ സ്ത്രീയുടെ ഭർത്താവിന്റെ അനക്കമറ്റ ശരീരം ഞാൻ കണ്ടു. 
അച്ഛൻ പറഞ്ഞു.
എത്തിയ ഉടനെ പോയി.
ഞാൻ പിന്നെ ഒന്നും ഓർത്തില്ല. പുറത്തിറങ്ങിയപ്പോൾ ആ സ്ത്രീയും അവിടെ ഉണ്ടായിരുന്നില്ല.

മൊബൈൽ ശബ്ദിച്ചു.. വീട്ടിൽ നിന്നാണ്. നിങ്ങൾ ഇന്നും വരുന്നില്ലേ? എത്ര ദിവസമായി ആശുപത്രിയിൽ ഇരിക്കുന്നു. ഇവിടെ ഞാൻ ഒരാൾ ഉണ്ടെന്ന് വല്ല വിചാരവുമുണ്ടോ? അവിടെത്തന്നെ ഇരുന്നോ ഇങ്ങോട്ടിനി വരണ്ട..