Saturday, July 2, 2022

ഇരുൾ


രാത്രി എട്ടുമണിയോടെയാണ് ബാലൻ മാഷ് അടിമാലിയിൽ എത്തിയത്. ഇനി ഇവിടുന്ന് ഇരുട്ടു കാനത്തെക്കുള്ള ബസ് പിടിക്കണം. ലാസ്റ്റ് ബസ് പോയി കാണുമോ എന്നോർത്ത്  നടക്കവേ ബസ് കണ്ടു. ചാടിക്കയറി സീറ്റ് ഉറപ്പിച്ചു. 

രാത്രിയേറെ ചെന്നതിനാൽ യാത്രക്കാർ വളരെ കുറവ്. ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം. പുതിയ വാടക വീട്ടിലേക്കുള്ള ആദ്യ യാത്രയാണ്. സ്കൂളിനടുത്തു ഒരു വീട് കിട്ടാൻ നന്നേ ബുദ്ധിമുട്ടി. സ്ഥലമാറ്റം കിട്ടി വന്ന നാൾ മുതൽ കുറെ ദിവസം സ്കൂളിലെ മറ്റ് രണ്ട് അധ്യാപകരോടൊപ്പമായിരുന്നു താമസം. ഒടുവിൽ സ്‌കൂളിൽ നിന്ന് രണ്ടു മൂന്ന് കിലോമീറ്റർ മാറി ഈ വീട് കിട്ടിയപ്പോൾ മാഷ് മറ്റൊന്നും ആലോചിച്ചില്ല അതങ്ങു ഉറപ്പിച്ചു. 

അൽപ്പം ഒറ്റപ്പെട്ട സ്ഥലമാണ് ഇരുട്ടു കാനം. ഇടുക്കിയിലെ മിക്കവാറും എല്ലാ സ്ഥല നാമങ്ങളും മറ്റു ജില്ലക്കാർക്ക് വിചിത്രമായി തോന്നാം. തോക്ക് പാറ, ആനച്ചാൽ, കമ്പിളി കണ്ടം, പൂപ്പാറ അങ്ങിനെ പോകുന്നു സ്ഥലപ്പേരുകൾ. ഇരുട്ട് മൂടിയ കാട് എന്ന അർത്ഥത്തിൽ 'ഇരുട്ടു കാനനം എന്ന പേര് ലോപിച്ചാണോ ഇരുട്ടു കാനം ആയത് അതോ കൈത്തോട് എന്നർത്ഥമുള്ള കാന എന്ന പദം ചേർന്നാണോ ഇരുട്ട് കാനം എന്ന സ്ഥലപ്പേര് വന്നതെന്ന് വന്നതെന്ന് അറിയില്ല. ഏതായാലും കേരളത്തിലെ മറ്റ് പല ജില്ലകളിലും ജനങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചപ്പോഴും ഇടുക്കി ഇരുണ്ട കാടുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കാപ്പിക്കും ഏലത്തിനും തേയിലേക്കുമെല്ലാം വളക്കൂറുള്ള മണ്ണായത് കൊണ്ട് ബ്രിട്ടീഷുകാർ മുൻകൈ എടുത്തു ഇടുക്കിയിലേക്കുള്ള പാതകൾ തെളിയിക്കും വരെ ഇവിടെ കാര്യമായ മനുഷ്യ സ്പർശമേറ്റിട്ടില്ല. 

ഇരുട്ട് കാനത്തെ വീട് അൽപ്പം പഴക്കമുള്ള ഓടിട്ട കെട്ടിടമായിരുന്നു. എങ്കിലും വൈദ്യുതിയും അറ്റാച്ച് ബാത്റൂമുകളും എല്ലാമുണ്ട്. ഭാവിയിൽ കുടുംബത്തെക്കൂടി കൊണ്ടു വരാമെന്നുദ്ദേശിച്ചാണ് ബാലൻ മാഷ് അൽപ്പം വലിയ ഒരു വീട് തന്നെ എടുത്തത്. എന്നാൽ കഴിഞ്ഞ പെരുമഴക്കാലത്തോടെ മാഷ് ആ തീരുമാനം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്.

ബസ് സാമാന്യം നല്ല വേഗതയിൽത്തന്നെ പോകുകയാണ് യാത്രക്കാർ മിക്കവരും വഴിയിൽ അവിടവിടെയായി ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. തണുത്ത കാറ്റ് ബസിനുള്ളിലേക്ക് അടിച്ചു കയറുന്നുണ്ട്. പുറത്തേക്ക് നോക്കിയാൽ കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നും കാണാനില്ല. 
ഈ സമയത്താണല്ലോ വാടക വീട്ടിലേക്ക് ആദ്യമായി ചെന്നു കയറേണ്ടത് എന്നോർത്ത് ബാലൻ മാഷ് അൽപ്പം ദുഃഖിതനായി. ട്രയിൻ കൃത്യസമയം പാലിച്ചിരുന്നെങ്കിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ എത്തേണ്ടതായിരുന്നു. അങ്ങിനെയെങ്കിൽ ഒരു അഞ്ചു മണിയോടെ അടിമാലിയിലും എത്താമായിരുന്നു. പരിചിതമല്ലാത്ത ഒരു സ്ഥലത്ത് ഈ രാത്രിയിൽ ചെന്നു കയറുക ഒരു ബുദ്ധിമുട്ട് തന്നെ. താക്കോൽ നേരത്തെ വാങ്ങി വച്ചിരുന്നു. എന്നാൽ വീട്ടിലേക്കുള്ള വഴി അത്ര നിശ്ചയം പോരാ. ഒരു ദിവസമാണ് ആകെ പോയിട്ടുള്ളത്. മെയിൻ റോഡിൽ ഇറങ്ങി അൽപ്പം ഉള്ളിലേക്ക് നടന്നിരുന്നു. ഒരു ഓട്ടോ പോകുന്ന വീതി വഴിക്ക് ഉണ്ടായിരുന്നതായി ഓർക്കുന്നു.

ചിന്തിച്ചിരിക്കെ മാഷിന് ഇറങ്ങാനുള്ള സ്ഥലമെത്തി. സ്റ്റോപ്പിൽ ഇറങ്ങി മാഷ് ചുറ്റുപാടും നോക്കി. എങ്ങും കുറ്റാ കുറ്റിരുട്ടാണ്. പ്രളയവും മണ്ണിടിച്ചിലും കാരണം വൈദ്യുതി ബന്ധങ്ങളൊക്കെ താറുമാറായിരുന്നു. അവ ഇനിയും പുനഃസ്ഥാപിചിട്ടില്ലെന്നു തോന്നുന്നു. ദൂരെയായി ഒരു വെളിച്ചം കണ്ടു അങ്ങോട്ട് നടന്നു. ചെറിയൊരു കടയാണ്. വിളക്ക് കത്തിച്ചു വച്ചിട്ടുണ്ട് പക്ഷെ ആരെയും കാണാനില്ല.
 
പെട്ടെന്ന് കടയുടെ പുറകിൽ നിന്ന് നീണ്ട താടിയുള്ള ഷർട്ട് ഇടാതെ ലുങ്കി മാത്രം ധരിച്ച ഒരു വൃദ്ധൻ മുന്നിലേക്ക് വന്നു.

"ആരാണ്? എന്ത് വേണം?"

"തങ്കപ്പൻ മുതലാളിയുടെ ഒരു ഓടിട്ട വീടില്ലേ ഇവിടെ അടുത്ത്. അങ്ങോട്ടുള്ള വഴി ഒന്ന് പറഞ്ഞു തരാമോ?"

"അവിടെ ആരുമില്ലല്ലോ എന്തിനാ ഇപ്പോൾ അങ്ങോട്ട് പോണെ? "

"ഞാൻ ഇവിടെ  സ്കൂളിൽ പുതുതായി വന്ന മാഷ് ആണ്. ആ വീട് ഞാൻ വാടകയ്ക്ക് എടുത്തു. ഇന്നാണ് ആദ്യമായി താമസിക്കാൻ വരുന്നത്. വഴി അത്ര ഓർമ്മ കിട്ടുന്നില്ല."

"ഓഹോ.. മാഷ് ഒറ്റയ്ക്കാണോ? അങ്ങോട്ടുള്ള വഴി അൽപ്പം ബുദ്ധിമുട്ടാണ്. ഒന്നാമത് കറന്റ് ഇല്ല. ഒരു കാര്യം ചെയ്യാം കട ഞാൻ ഇപ്പോൾ അടയ്ക്കും നമുക്ക് ഒരുമിച്ച് പോകാം ഞാനും ആ വഴിക്കാണ്."

"ഓ .. വളരെ ഉപകാരം"
മാഷിന് ആശ്വാസമായി. 
ഈ ഇരുട്ടത്ത് വഴി തെറ്റി അലയേണ്ടി വരില്ലല്ലോ.

"ഇവിടെ അത്ര നല്ല സ്ഥലമൊന്നുമല്ല മാഷേ. ആൾക്കാരൊക്കെ കുറവാണ്. ആരും അങ്ങിനെ അധികനാൾ ഇവിടെ താമസിക്കില്ല. പിന്നെ മെയിൻ റോഡിന്റെ സൈഡിൽ തന്നെ ഒരു കട ഉള്ളത് കൊണ്ട് എനിക്ക് എങ്ങും പോകാനും വയ്യ."
 
"ദേ .. ആ കാണുന്ന വളവില്ലേ അവിടെ എത്ര അപകടങ്ങൾ ആണ് നടന്നിട്ടുള്ളതെന്ന് അറിയാമോ? കഴിഞ്ഞ 5 വർഷത്തിനിടയ്ക്ക് 18 പേരാണ് അവിടെ മരിച്ചത്. എല്ലാം മൂന്നാർ കാണാൻ വരുന്നവരാ. നാട്ടുകാർക്ക് അറിയാം. അവർ ഇരുട്ടുകാനം എത്തുമ്പോൾ പതുക്കെയെ പോകൂ. "
 
വൃദ്ധൻ കട അടയ്ക്കുന്നതിനിടയിൽ സംസാരിച്ചുകൊണ്ടിരുന്നു.
 
മരണം രാത്രി ഇരുട്ട് .. കൂടുതൽ അറിയാൻ ബാലൻ മാഷിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് വിഷയം മാറ്റാനായി മാഷ് ഒരു ചോദ്യമെറിഞ്ഞു. 
"ഇവിടുന്ന് സ്കൂളിലേക്ക് എപ്പോഴാ ബസ്?"
 
"സ്കൂളിലേക്ക് ബസോ? 
ഹാ.. രാവിലെ 8 മണിക്ക് ഒരെണ്ണമുണ്ട് അത് കഴിഞ്ഞാൽ പിന്നെ 8.45ന് അതിൽ 8.45ന് പോയ ബസ് ഇടിച്ചായിരുന്നു 6 മാസം മുൻപ് ഡ്യൂക്കിൽ വന്ന ഒരു പയ്യനും പെണ്കുട്ടിയും മരിച്ചത്. കല്യാണം കഴിഞ്ഞു പുതുമോടി ആയിരുന്നെന്ന് ആരോ പറയണ കേട്ടു."

വൃദ്ധൻ വീണ്ടും അതിലേക്കു തന്നെ തിരിച്ചെത്തുന്നത് കണ്ടു ബാലൻ മാഷ് പിന്നെ ഒന്നും ചോദിച്ചില്ല. അപ്പോഴേക്കും കട കുറ്റിയിട്ടു ടോർച്ചുമെടുത്തു അയാൾ ഇറങ്ങിയിരുന്നു. 
 
"വരൂ മാഷേ നമുക്ക് പോകാം."
 
വൃദ്ധൻ മുന്നിലും മാഷ് പുറകെയുമായി നടന്നു.

ചെമ്മണ്ണ് നിറഞ്ഞ ഒരു പാതയാണിത്. ടാർ ഇട്ടിട്ടില്ല. രണ്ടു വശങ്ങളിലും വേലി പടർപ്പുകൾ. അതിൽ നിന്ന് ചെടികളും ശിഖരങ്ങളും വഴിയിലേക്ക് നീണ്ടുകിടക്കുന്നു. കുറെ ദൂരം നടന്ന ശേഷമാണ് രണ്ടു വീടുകൾ കണ്ടത്. ചിമ്മിനി വിളക്കുകൾ കത്തിച്ച് മുൻവശത്ത് വച്ചിരിക്കുന്നു. മൂന്നാമതൊരു വീടെത്തിയപ്പോൾ വൃദ്ധൻ നിന്നു. 
 
"മാഷേ ഇതാണ് എൻറെ വീട് ഈ വഴി നേരെ ഒരു 50 മീറ്റർ കൂടി നടന്നാൽ വലത്തേക്ക് ഒരു ഇടവഴി കാണാം അത് ചെന്ന് കയറുന്നത് നിങ്ങളുടെ വാടക വീട്ടിലേക്കാണ് നേരെ പൊയ്ക്കോ. വെളിച്ചത്തിന് ചൂട്ട് വല്ലതും കത്തിച്ചു തരണോ?" 
 
"വേണ്ട ചേട്ടാ. വളരെ നന്ദി. എന്റെ മൊബൈലിൽ ടോർച്ചുണ്ട്."
 അതും പറഞ്ഞു മാഷ് നടന്നു. 
 
നല്ല തണുപ്പുണ്ട്. ചെറിയ കാറ്റും വീശുന്നുണ്ട്. തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു.അങ്ങകലെയായി പുക മഞ്ഞിൽ കുളിച്ചു മലകൾ അവ്യക്തമായി കാണാം. മറ്റൊരു അവസരത്തിൽ ആയിരുന്നെങ്കിൽ അയാൾ ഇതെല്ലം ആസ്വദിച്ചേനെ പക്ഷെ യാത്രയുടെ ക്ഷീണവും തോളിലെ അത്യാവശ്യം കനമുള്ള ബാഗും വീട് കണ്ടെത്താനുള്ള തന്ത്രപ്പാടുമൊക്കെ മാഷിന്റെ കണ്ണിൽ നിന്ന് ആ പ്രകൃതി സൗന്ദര്യത്തെ മറച്ചു പിടിച്ചു.

വലത്തേക്കുള്ള ഇടവഴി കേറി നടക്കുകയാണ് ഇപ്പോൾ. 
അത്ര വെളിച്ചമില്ലാത്ത വഴിയാണ്. അന്ന് വീട് നോക്കാൻ വന്നപ്പോൾ ഹൌസ് ഓണറിനോട് പറഞ്ഞതാണ് വഴിയൊന്ന് വൃത്തിയാക്കി തരണമെന്ന് അയാൾ ചെയ്ത കോളില്ല. 
കുറെ നടന്നു എന്നിട്ടും വീട് എത്തിയില്ല. വഴി തെറ്റിയോ ? 
ഏയ് അതിന് സാധ്യതയില്ലല്ലോ ഈ വഴി ആ വീട്ടിലേക്ക് മാത്രം ഉള്ളതാണ്. 
മൊബൈൽ ടോർച്ചു കത്തിച്ചു മാഷ് ചുറ്റുപാടും നോക്കി. പട്ടികളുടെ ഓലിയിടൽ കേൾക്കുന്നു ദൂരെയായി. 
തിരിച്ചുപോയി ആ വൃദ്ധനെയും കൂട്ടി വന്നാലോ? 
മാഷ് ചിന്തിച്ചു .

നാശം പിടിക്കാൻ അടിമാലിയിൽ ഒരു റൂം എടുത്തു കിടന്നിട്ട് നാളെ രാവിലെ വന്നാൽ മതിയായിരുന്നു . മാഷ് വീണ്ടും വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കി. ഏതോ പറമ്പിലാണ് നിൽക്കുന്നത്. വീട് അടുത്തെങ്ങും ഉള്ള ലക്ഷണമില്ല. കാൽ എന്തിലോ തട്ടി. ടോർച്ചു തിരിച്ചു താഴേക്ക് നോക്കി. ഒരു ചെറിയ മരക്കുരിശ്.

"ദൈവമേ ആരുടെയോ കല്ലറയാണല്ലോ."
 
മാഷ് ഞെട്ടി പുറകിലേക്ക് മാറി. അവിടെ വേറെയും കുരിശുകൾ നാട്ടിയിരിക്കുന്നത് കണ്ടു. 
മാഷ് വേഗം തിരിഞ്ഞു നടന്നു. എന്നാൽ നടക്കവേ മാഷ് ഒരു കാര്യം തിരിച്ചറിഞ്ഞു. താൻ വന്ന വഴിക്കല്ല തിരിഞ്ഞു നടക്കുന്നത്.വേറെ വഴിയൊന്നും കാണാനുമില്ല. എന്തും വരട്ടെയെന്ന മട്ടിൽ മാഷ് വേഗത്തിൽ നടന്നു. കുറച്ചു നടന്നപ്പോൾ ഒരു വേലി കണ്ടു. അതിനപ്പുറം ടാർ ചെയ്ത റോഡാണ്. താൻ ബസ് ഇറങ്ങിയ റോഡാണോ അത് എന്ന് മാഷിന് സംശയം തോന്നി. അങ്ങിനെ ആണെങ്കിൽ  ഇവിടെ നിന്നാൽ തിരിച്ചു അടിമാലിക്ക് ബസ് കിട്ടിയേക്കും. അല്ലെങ്കിൽ മൂന്നാറിൽ നിന്ന് വരുന്ന ഏതെങ്കിലും വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാം. 
 
വേലി ചാടിക്കടന്നു മാഷ് റോഡിലേക്കിറങ്ങി.
ഇതൊരു വളവാണ്. താൻ ബസ് ഇറങ്ങിയ സ്ഥലമല്ല അതെന്ന് നിലാ വെളിച്ചത്തിൽ മാഷിന് മനസ്സിലായി.
ഇനി ആ വൃദ്ധൻ ചൂണ്ടിക്കാണിച്ച വളവാണോ ഇത് ? 
ചെറിയൊരു വിറയൽ മാഷിന്റെ നട്ടെല്ലിലൂടെ കടന്നു പോയി. 
 
ബൈക്കപകടത്തിൽ മരണമടഞ്ഞ യുവമിഥുനങ്ങൾ. പെട്ടെന്ന് ഒരു വർഷം മുൻപുള്ള ഒരു സായാഹ്നം മാഷിന്റെ മനസ്സിലേക്കോടിയെത്തി അന്നാണ് രാജേഷും രഞ്ജിനിയും അവരുടെ വിവാഹ ക്ഷണക്കത്തുമായി തന്നെ കാണാൻ വന്നത്. തന്റെ ക്ലാസ്സിൽ സഹപാഠികൾ ആയിരുന്ന അവർ ആറു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. പഠിക്കാൻ മിടുക്കരായ രാജേഷും ഇപ്പോഴും നല്ല പ്രസരിപ്പോടെ എല്ലാരേയും ചിരിപ്പിക്കുന്ന തമാശകൾ പറയുന്ന രഞ്ജിനിയും. വളരെ പക്വതയാർന്ന പ്രണയമായിരുന്നു അവർ തമ്മിൽ, രാജേഷ് നല്ലൊരു ഉദ്യോഗം നേടിയശേഷം രഞ്ജിനിയുടെ വീട്ടുകാരെ സമീപിച്ചു അവർക്ക് വലിയ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. 
അവർ വിവാഹം ക്ഷണിക്കാൻ വന്നതും ഒരു ഡ്യുക്ക് ബൈക്കിൽ ആയിരുന്നല്ലോ. 
ഛെ.. വെറുതെ ചിന്തകൾ കാട് കയറുകയാണ് അവർക്ക് മാത്രമാണോ ഡ്യുക്ക് ഉള്ളത്. 

ഒരു വണ്ടിയും കാണുന്നില്ലല്ലോ വാച്ചിൽ സമയം 11 മണിയോട് അടുക്കുന്നു. റോഡിന്റെ ഒരു വശത്തു കൊക്കയാണ് അങ്ങ് താഴെ ദേവിയാർ കളകള ശബ്ദത്തോടെ പതഞ്ഞൊഴുകുന്നത് നിലാവിൽ തെളിഞ്ഞു കാണാം.പുറകിൽ കൂമ്പൻ മല തലയുയർത്തി നിൽക്കുന്നു. മാഷ് നടന്നു. ബസ് ഇറങ്ങിയ സ്റ്റോപ്പ് കണ്ടെത്തിയാൽ പഴയ വഴിയേ ഒന്നുകൂടി പോയി നോക്കാം. തണുപ്പ് കൂടിക്കൂടി വരുന്നു.
വൈകാതെ വീട് പിടിക്കാനായില്ലെങ്കിൽ താൻ ഈ രാത്രിയിൽ   തണുത്തു വിറച്ചു ചത്ത് പോയേക്കുമെന്ന് അയാൾക്ക് തോന്നി.
കുറച്ചു ചെന്നപ്പോൾ റോഡരുകിൽ ഒരു വെളിച്ചം കണ്ടു. ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചം. അല്ല  ഇത് നേരത്തെ കണ്ട ആ കട തന്നെയല്ലേ ? 
തന്റെ മുന്നിൽ വച്ചാണല്ലോ വൃദ്ധൻ കടയിലെ വിളക്ക് കെടുത്തി കട അടച്ചു തന്നോടൊപ്പം വന്നത്.
മാഷ് അപ്പോഴേക്കും കടയുടെ മുന്നിൽ എത്തിയിരുന്നു.

"അല്ല മാഷ് ഇതുവരെ വീട് പിടിച്ചില്ലേ ?"
വൃദ്ധൻ അവിടെത്തന്നെയുണ്ട് നേരത്തെ കണ്ട അതേ വേഷം

അല്ല ഞാൻ മാഷ് ഒന്ന് പരുങ്ങി . എനിക്ക് വഴി തെറ്റിയെന്ന് തോന്നുന്നു.
 അതെന്താ വഴി തെറ്റാൻ. ഞാൻ വീടിന്റെ തൊട്ടപ്പുറം വരെ കൊണ്ടാക്കിയതാണല്ലോ ? മാഷേ ഞാൻ പറഞ്ഞില്ലേ ഈ സ്ഥലം അത്ര ശെരിയല്ല.
അയാളുടെ സ്വരത്തിൽ വന്ന കടുപ്പം മാഷ് ശ്രദ്ധിച്ചു.
അതുകൊണ്ട് തന്നെ കടയടച്ചു വീട്ടിലേക്ക് പോയ അയാൾ എന്തിന് തിരിച്ചു വന്നു എന്ന് ചോദിയ്ക്കാൻ തോന്നിയില്ല.

"ഹാ വരൂ ഏതായാലും ഞാൻ ഒന്നൂടി കൊണ്ടാക്കാം."

"വേണ്ട താങ്കൾ ബുദ്ധിമുട്ടേണ്ട ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം "
 
മാഷ് അങ്ങിനെ പറഞ്ഞെങ്കിലും വൃദ്ധൻ മുൻപേ ഇറങ്ങി നടന്നിരുന്നു.
ഇത്തവണ വീടിന്റെ മുറ്റം വരെ വൃദ്ധൻ കൊണ്ട് വിട്ടു. വീട് കണ്ടപ്പോൾ മാഷിന് ആശ്വാസമായി. 

"മാഷ് ഇനി  രാത്രി പുറത്തിറങ്ങേണ്ട കേട്ടോ. താക്കോൽ ഒക്കെ ഉണ്ടല്ലോ കയ്യിൽ"

ഉണ്ട്. 

വളരെ ഉപകാരം. വൃദ്ധന്റെ കൈ പിടിച്ചു മാഷ് നന്ദി പറഞ്ഞു. മഞ്ഞുപോലെ തണുത്ത വിരലുകൾ. മാഷ് വേഗം കൈ പിൻവലിച്ചു.
വൃദ്ധൻ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
മാഷ് കതക് തുറന്ന് അകത്തേക്ക് കയറി. ബാഗ് ഒരു വശത്തു വച്ച് മാഷ് ബാത്റൂമിൽ കയറി ചെറുതായി ഒന്ന് കുളിച്ചു. വസ്ത്രം മാറി ലൈറ്റണച്ചു കട്ടിലിൽ കയറി കിടന്നു.
നല്ല ക്ഷീണമുണ്ടായിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. പരിചിതമല്ലാത്ത സ്ഥലം. വല്ലാത്ത അനുഭവങ്ങൾ , പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ആദ്യം പതുക്കെയും പിന്നെ ഉച്ചത്തിലും.

ആരാണത് ?

സമയം പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു . വൃദ്ധൻ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. വാതിലിലെ മുട്ട് തുടരുന്നത് കണ്ടു മാഷ് എണീറ്റു വാതിൽ തുറന്നു.
ഇരുട്ടിൽ നിന്ന് ഒരു യുവാവ് മാഷിന്റെ മുന്നിലേക്ക് വന്നു .

"സാറെ ഈ മൊബൈൽ ഒന്ന് ചാർജിന് വയ്ക്കാമോ ?
ഇവിടെ ഞങ്ങളുടെ വീട്ടിലൊന്നും കറണ്ടില്ല. സാറിന്റെ വീട്ടിൽ വേറെ ലൈനാണ്."

ഓഹ് അപ്പോൾ അതാണ് കാര്യം.
ഞാൻ എന്തൊരു പേടിത്തൊണ്ടനാണ്. വെറുതെ ഓരോന്ന് ആലോചിച്ചു.

"അതിനെന്താ തന്നോളൂ. നാളെ രാവിലെ തിരിച്ചു എടുത്താൽ മതിയല്ലോ അല്ലേ ?"

"ഓ മതി സാറെ. ഞാൻ രാവിലെ വന്ന് എടുത്തോളാം."

അയാൾ പോയി.
മാഷ് വീണ്ടും കതകടച്ചു കിടന്നു. രാത്രി പിന്നെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. സുഖമായി ഉറങ്ങി. പിറ്റേന്ന് 8.45 ആയപ്പോഴാണ് മാഷ് സ്‌കൂളിൽ പോകാനായി ബസ് സ്റ്റോപ്പിൽ എത്തിയത്.
മാഷ് വൃദ്ധന്റെ കടയിലേക്ക് നോക്കി. അത് അടഞ്ഞു കിടക്കുന്നു. അവിടെയൊന്നും ആരെയും കണ്ടില്ല .

സ്‌കൂളിൽ എത്തി ഹാജർ ഒപ്പിട്ടു. കസേരയിൽ ചാരി കിടക്കുകയായിരുന്നു മാഷ് . അആദ്യത്തെ രണ്ടു പീരിയഡ് ക്ലാസ്സില്ല. നാട്ടുകാരനായ വിനയൻ മാഷ് അപ്പോഴാണ് സ്റ്റാഫ് റൂമിലേക്ക് വന്നത്. 
"ആഹാ ബാലൻ മാഷ് നേരത്തെ എത്തിയോ ? എങ്ങിനെയുണ്ട് പുതിയ താമസമൊക്കെ?"

"ഹൊ ഒന്നും പറയണ്ട എന്റെ മാഷേ ഞാൻ ഇന്നലെ രാത്രി ഒന്ന് വട്ടം കറങ്ങി". തുടർന്ന് നടന്ന കാര്യങ്ങളൊക്കെ മാഷ് വിനയൻ മാഷിനോട് പറഞ്ഞു.
 
എല്ലാം കേട്ട് കഴിഞ്ഞു തനിക്ക് പറ്റിയ അമളികൾ ഓർത്തു വിനയൻ മാഷ് ചിരിക്കുമെന്നാണ് കരുതിയത് എന്നാൽ അതുണ്ടായില്ല. അൽപനേരം എന്തോ ആലോചിച്ചിരുന്ന ശേഷം വിനയൻ മാഷ് ചോദിച്ചു. 

"അല്ല മാഷേ താങ്കൾക്ക് വഴി കാണിച്ചുതന്ന  വൃദ്ധൻ ആ കടയിൽ നിന്ന് തന്നെയാണോ ഇറങ്ങി വന്നത് ?"

"അതേന്നെ. അയാൾ കടയിൽ ഒരു ചിമ്മിനി വിളക്കും കത്തിച്ചു വച്ച് ഇരിക്കുകയായിരുന്നു"

"ഓഹോ പക്ഷെ എന്റെ അറിവിൽ ആ കട ഇട്ടിരുന്ന സ്വാമിയണ്ണൻ മരിച്ചിട്ട് ആറുമാസമായി . അന്നവിടെ നടന്ന ബൈക്ക് അപകടത്തിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി കടയുടെ മുന്നിൽ നിന്ന സ്വാമിയണ്ണനും കൊല്ലപ്പെട്ടിരുന്നു."

ഇതും പറഞ്ഞു വിനയൻ മാഷ് സ്റ്റാഫ് റൂമിൽ നിന്നിറങ്ങിപ്പോയി. ബാലൻ മാഷ് അത് കേട്ട് തരിച്ചിരുന്നു.

പുറത്തിറങ്ങിയ വിനയൻ മാഷ്  ഫോൺ എടുത്തു ഏതോ ഒരു നമ്പർ ഡയൽ ചെയ്തു.

"ഹലോ.. കണാരൻ ചേട്ടാ ഒരു കാര്യം പറയാനുണ്ട്. ഒന്നുകിൽ നിങ്ങൾ പാതിരാത്രി സാമിയണ്ണന്റെ കടയിൽ ഇരുന്നുള്ള കഞ്ചാവ് ഡീൽ നിർത്തണം. അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ വന്നിറങ്ങുന്നവരെ സഹായിക്കുന്ന പരിപാടി നിർത്തുക. നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതാണ്"

ഇത്രയും പറഞ്ഞു മാഷ് ഫോൺ കട്ട് ചെയ്തു.

എഴുതിയത്: കുമാർ S