Friday, September 9, 2011

പ്രതികാരം


ഞാന്‍ മരിച്ചു കഴിഞ്ഞു. എന്റെ തണുത്തു വിറങ്ങലിച്ച ശരീരം ഇന്നലെ ഞാന്‍ വാങ്ങിയ പുതിയ മുണ്ടിന്റെ ബലത്തില്‍ തൂങ്ങിക്കിടക്കുന്നു.
പോലിസ്‌ വന്നിട്ടുണ്ട്. ഒരാള്‍ ഫോട്ടോഗ്രാഫേറെ വിളിക്കുന്നു. എന്റെ ഫോട്ടോ എടുക്കാന്‍ ഇതിനു മുന്‍പ് എന്റെ ഫോട്ടോ എടുത്തത്‌ തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി ആയിരുന്നു.
ഈ തിരുവോണ ദിവസം എന്റെ ഫോട്ടോ എടുക്കാന്‍ വരുന്ന തെണ്ടി എന്റെ തുറിച്ച കണ്ണുകളും പിടച്ച ഞരമ്പുകളും പുറത്തേക്കു തള്ളിയ പകുതി മുറിഞ്ഞ നാക്കും വ്യക്തമായി കാണും. അവന്റെ വിധി അവന്‍ മാത്രമല്ല പുറത്തു കുറെയെണ്ണം നില്‍പ്പുണ്ട് തൂക്കം കാണാന്‍ വന്നവര്‍ വരട്ടെ എല്ലാവരും വന്ന് കാണട്ടെ.

ഞാന്‍ രാവിലെ അടിച്ച പട്ട ചാരായത്തിന്റെ ഗന്ധം ഈ മുറിയില്‍ തങ്ങി നില്‍ക്കുന്നു. ഞാന്‍ താലി കെട്ടി കൊണ്ട് വന്നവള്‍, എന്റെ ഭാര്യ അടുത്ത മുറിയില്‍ ഏങ്ങലടിച്ചു കൊണ്ട് കിടപ്പുണ്ട്..
 ഹും .. അവള്‍ ഓണം ആഘോഷിക്കാന്‍ പോയതാ. അവളും മോളും കൂടി എന്നെ ഇവിടെ ഒറ്റയ്ക്ക് ആക്കിയിട്ട്.


എല്ലാ ഓണത്തിനും ഞാന്‍ അല്പം മദ്യപിക്കും. അല്ല എനിക്കും വേണ്ടേ ഈ ആഘോഷമൊക്കെ?
ഇന്നലെ രാത്രി അല്പം കൂടിപ്പോയി, അവള് ഇന്നത്തേക്ക് സാമാനങ്ങള്‍ വാങ്ങാന്‍ പോയിട്ട് വന്നപ്പോള്‍ ഞാനും ആ ഗോവിന്ദനും കൂടി ഇവിടെയിരുന്നു കഴിക്കുകയായിരുന്നു. അതവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പ്രായമായ പെണ്‍കൊച്ചുള്ള വീടാണ് പോലും...... ത്ഭൂ.....
അതുകേട്ട് ആ ഗോവിന്ദന്‍ പോയി.
ഞാന്‍ ആയിട്ട് വിളിച്ചുകൊണ്ട് വന്നതാ അവനെ.
ഓണം ആയിട്ട് അല്പം ഒന്നു സന്തോഷിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ ഈ വീട്ടില്‍ എനിക്ക് എന്താ വില?
ഞാന്‍ അങ്ങ് അടുക്കളയിലോട്ടു ചെന്ന്, വാങ്ങിക്കൊണ്ടു വച്ചിരുന്നതും വച്ച് വച്ചിരുന്നതും എല്ലാം എടുത്തു വെളിയില്‍ എറിഞ്ഞു. തടുക്കാന്‍ വന്ന അവള്‍ക്കിട്ടു ഒരു ചവിട്ടും കൊടുത്തു. അല്ല ഇവളാരാ എന്നെ ഭരിക്കാന്‍?
ജോലിയെടുത്തു കുറച്ചു പൈസ ഉണ്ടാക്കികൊണ്ട് വരാന്‍ തുടങ്ങിയത് മുതല്‍ അവള്‍ക്കിത്തിരി നെഗളിപ്പ് ആണ്. കരുതി വച്ചിരുന്നതാ കൊടുത്തു നന്നായിട്ട്...

പിന്നെന്താ ..ബാക്കി ഉണ്ടായിരുന്നത് ഗോവിന്ദന്റെ മാടത്തില്‍ കൊണ്ടുവച്ചു അടിച്ചു. രാത്രി എപ്പഴോ വന്ന് കിടന്നു.
രാവിലെ എണീറ്റപ്പോള്‍ തള്ളേം മോളും ഇവിടുണ്ടായിരുന്നു. ഓണം അല്ലേ.. പുതിയ മുണ്ടും ഉടുത്തു കോവിലില്‍ പോയി. തിരിച്ചു വരണ വഴി നമ്മടെ രണ്ടു മൂന്നു ചങ്ങാതികളെക്കിട്ടി അവര് നിര്‍ബന്ധിചിട്ടാ അല്ലേല്‍ സത്യമായിട്ടും ഞാന്‍ ഇന്ന് കുടിക്കില്ലായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നു രാവിലെ ഒന്നും കഴിക്കാതെയാ ഇറങ്ങിയത്.
വാറ്റിനു നല്ല പിടുത്തം , വഴിയില്‍ രണ്ടു മൂന്നിടത്ത് വീണു എങ്കിലും ഞാന്‍ വീട്ടിലെത്തി അപ്പഴല്ലേ രസം അവളും പെണ്ണും ഇവിടില്ലാ.
കതകു ചാരിയിരിക്കുന്നു, അടുപ്പില്‍ തീ പുകഞ്ഞിട്ടില്ല. എനിക്കാണേല്‍ അങ്ങ് പെരുത്ത്‌ കേറി. അവളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍..
ഇല്ലാ..അവള്‍ തള്ളേടെ അടുത്തായിരിക്കും പോയത്. പോയിട്ട് വരട്ടെ. വരുമ്പോള്‍ കാണാന്‍ ഞാന്‍ കണി ഒരുക്കിക്കൊടുക്കാം.

മേശപ്പുറത്ത് വലിഞ്ഞു കേറി ഉടുതുണി അഴിച്ചു ഫാനില്‍ കുടുക്കിട്ടു ഒരറ്റം കഴുത്തിലും. എടുത്തങ്ങു ചാടി വേറെ ഒന്നും ആലോചിച്ചില്ലാ... കുറച്ചൊന്നു പിടഞ്ഞു പിന്നെ നിശ്ചലം

1 comment:

  1. Supeeer blog...., keep writing ..., wish u all the best....

    ReplyDelete