Thursday, April 19, 2012

അഗസ്ത്യാര്‍കൂടം യാത്ര - പാര്‍ട്ട് 2


രാവിലെ അഞ്ചരയ്ക്ക്  കൂട്ടത്തിലൊരാള്‍ എല്ലാവരെയും വിളിച്ചുണര്‍ത്തി... പല്ല് തേയ്ക്കാനും മറ്റും പുറത്തിറങ്ങിയപ്പോള്‍ നല്ല  തണുപ്പും, കാറ്റും. കാന്റീനില്‍ നിന്ന്  പൂരിയും   കടലക്കറിയും കിട്ടി  അത് കഴിച്ചു  ഏതാണ്ട് ഏഴരയോടു കൂടി ഞങ്ങള്‍ മല കയറ്റം തുടങ്ങി ....   
കനത്ത  മൂടല്‍ മഞ്ഞു ഉണ്ടായിരുന്നു.  വഴിയോട് ചേര്‍ന്ന്  വലിയ വലിയ പാറകള്‍ കണ്ടു , അതിന്‍റെ  മുകളില്‍ കേറി ഫോട്ടോ എടുപ്പും മറ്റുമായി കുറെ ദൂരം ഞങള്‍ കയറ്റം അറിഞ്ഞില്ല . 
മഞ്ഞു കാരണം തൊട്ടു അടുത്ത് ഉള്ളവരെ പോലും കാണാതായപ്പോള്‍ ഞങ്ങള്‍ കുറച്ചു വിശ്രമിച്ചു . 

ഭംഗിയുള്ള വയലറ്റ് പൂക്കള്‍ വഴിക്കരികില്‍ വിരിഞ്ഞു നിന്നിരുന്നു .  മഞ്ഞ് കാറ്റടിച്ചു  മാറുമ്പോള്‍ നല്ല കാഴ്ചകള്‍ ആയിരുന്നു .  
പൊക്കം കുറഞ്ഞ മരങ്ങളും, പാറക്കെട്ടുകളും താഴെ മരത്തലപ്പുകളും,വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടു വഴികളും, ഏതൊരു പ്രകൃതി സ്നേഹിയുടെയും മനസ്സ്  നിറയ്ക്കുന്ന കാഴ്ചകള്‍.
പൊങ്കാല പാറ എന്നൊരു പാറയുണ്ടിവിടെ. ആണുങ്ങള്‍ പൊങ്കാല ഇടുന്ന സ്ഥലം . മഞ്ഞിലും കാറ്റത്തും പൊങ്കാല ഇടുക അത്ര എളുപ്പമല്ല .. വിറക് ചുമന്നു കൊണ്ട് വരികയും വേണം

ഈ മഞ്ഞില്‍ സ്വറ്റെറും തൊപ്പിയും വളരെ ഉപയോഗപ്പെടും . ചില  കീഴ്ക്കാം തൂക്കായ  പാറകളില്‍ പിടിച്ചു കേറുവാന്‍  ഇരുമ്പ് വടങ്ങളും കയറുകളും ഇട്ടിട്ടുണ്ട്. കയറുന്ന വഴിക്ക് താഴേക്കു നോക്കിയാല്‍ തല കറങ്ങും . 
ഔഷധ സസ്യങ്ങളാണ് അഗസ്ത്യ മലയില്‍ മുഴുവന്‍, അവയെ തഴുകി വരുന്ന കാറ്റിനു ഒരു പ്രത്യേക സുഗന്ധം ഉണ്ടായിരുന്നു. വളരെ കുറച്ചു സമയത്തെ വിശ്രമം കൊണ്ട് തന്നെ വീണ്ടും കയറുവാനുള്ള ഊര്‍ജ്ജം അത് ഞങ്ങള്‍ക്ക് തന്നു . 

ഒരാള്‍ക്ക്‌ മാത്രം പോകാനാകുന്നത് ആണ് വഴി . മുട്ട് നെഞ്ചിനോളം പൊക്കിയാണ് പല കയറ്റങ്ങളും കേറിയത് .  അത്ഭുതം  എന്ത് എന്ന് പറഞ്ഞാല്‍  അറുപതിന് മേല്‍ പ്രായമുള്ള പലരും ഇവയൊക്കെ താണ്ടി അഗസ്ത്യനെ കണ്ടു തിരിച്ചു പോകുന്നത് ഞങ്ങള്‍ കണ്ടു . അവരുടെ  നിശ്ചയദാര്‍ഡ്യത്തിനു മുന്‍പില്‍ ഇതൊന്നും ഒരു പ്രശ്നമല്ല .
പകല്‍ വെളിച്ചം കടന്നു വരാതെ മരങ്ങള്‍  വഴിയെ മൂടിയിരുന്നു . വടം കെട്ടിയ മറ്റൊരു പാറ കൂടി അള്ളിപ്പിടിച്ചു കേറി ഞങ്ങള്‍ എത്തിയത് അഗസ്ത്യാര്‍ കൂടത്തിന്‍റെ നെറുകയില്‍ ആയിരുന്നു . ലോകം കീഴടക്കിയ സന്തോഷം . സമയം 10.30 ആയിരുന്നു . 3 മണിക്കൂര്‍ എടുത്തു ആറു കിലോമീറ്റര്‍ കയറ്റം പിന്നിടാന്‍. ഒട്ടേറെ കഷ്ടപ്പെട്ട് പലപ്പോഴും പിന്തിരിയാന്‍ തോന്നിപ്പിച്ചു അതൊന്നും വകവയ്ക്കാതെ ഒന്ന് നേടുമ്പോള്‍ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്‌ . 
മല മുകളില്‍ ഭീകരമായ  കാറ്റായിരുന്നു . സൂക്ഷിച്ചു നിന്നില്ലെങ്കില്‍ കാറ്റ് നമ്മളെ തള്ളിയിടും . അഗസ്ത്യ മുനിയുടെ വിഗ്രഹം വെച്ച് പൂജ ചെയ്യുന്നുണ്ടായിരുന്നു. അഗസ്ത്യമല ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്.  കാറ്റത്ത്‌ വിളക്ക് കത്തിക്കുവാന്‍ കഴിയുകയില്ല കര്‍പ്പൂരം കത്തിച്ചു ആരതി ഉഴിയുകയാണ് ഭക്തര്‍ ചെയ്യുക. മല കയറുന്ന ഭക്തര്‍ തന്നെയാണ് ഊഴമിട്ട് അവിടെ പൂജ നടത്തുന്നത്. പൂജ കഴിഞ്ഞു അവര്‍ തന്ന അവിലും മലരും ഞങ്ങള്‍ വാങ്ങി കഴിച്ചു . 
വിഗ്രഹത്തിന്‍റെ അടുത്തുകൂടി പൊന്തക്കാടുകള്‍ക്കുള്ളിലൂടെ ഒരു വഴി പോകുന്നുണ്ട് അതിലൂടെ പോയാല്‍ മലയുടെ മറ്റൊരു ഭാഗത്ത്‌ നിന്നുള്ള കാഴ്ച ആസ്വദിക്കാം . കോട മഞ്ഞു അപ്പോഴും ഉണ്ടായിരുന്നു . മഞ്ഞു മാറുന്ന നേരത്തു പേപ്പാറ ഡാമിന്‍റെ  ഒരു മനോഹര ദൃശ്യം ഞങ്ങള്‍ കണ്ടു. അഗസ്ത്യ മലയുടെ മറുഭാഗം തമിഴ്‌ നാടാണ്. കേരളത്തില്‍ രണ്ടാമത്തെ പൊക്കം കൂടിയ മലയാണ് അഗസ്ത്യാര്‍ കൂടം. സമുദ്ര നിരപ്പില്‍ നിന്നും  1890 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ആണ് അഗസ്ത്യാര്‍ കൂടം സ്ഥിതി ചെയ്യുന്നത് .

 
ഏതാണ്ട് അര മണിക്കൂര്‍ അവിടെ ചിലവഴിച്ചിട്ട് ഞങ്ങള്‍ മലയിറങ്ങി. അപ്പോഴേക്കും വെയില്‍ മൂത്ത് തുടങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും അധികം കനക്കുന്നതിനു മുന്‍പ്  തുറസ്സായ സ്ഥലങ്ങള്‍ പിന്നിട്ടു ഞങ്ങള്‍ മരക്കൂട്ടങ്ങളിലേക്ക് കേറി. രണ്ടു മണിയോടെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. വീണ്ടും അമൃതിനു സമാനമായ ചോറും സാമ്പാറും കറികളും കഴിച്ചു അല്‍പനേരം വിശ്രമിച്ചു

  അന്നും കൂടി ബജി  മിസ്സ്‌ ആക്കാന്‍ വയ്യാത്തത് കൊണ്ട് വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാകാം കുളി എന്ന് തീരുമാനിച്ചിരുന്നു. എല്ലാം ഭംഗിയായി നടന്നു. രാത്രി സുഖമായി ഉറങ്ങി . പിറ്റേന്ന് രാവിലെ പൂരിയും കടലക്കറിയും പാര്‍സല്‍ വാങ്ങി ബേസ് ക്യാംപിനോട് വിട പറഞ്ഞു .
പുല്‍മേടുകളില്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സമയം ആയിരുന്നു . പുല്‍മേടുകള്‍ക്ക്  കാവല്‍ക്കാരായ മലനിരകള്‍ക്കു പുറകില്‍ നിന്ന് സൂര്യന്‍ ഉദിച്ചുയരുന്നുണ്ടായിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉള്ള പുല്ലുകള്‍, അവയെ തഴുകി തണുത്തു സുഖകരമായ കാറ്റ് . അതൊരു സ്വര്‍ഗ്ഗം തന്നെയാണ്.
പ്രകൃതിയുടെ മടിത്തട്ട് , ശുദ്ധമായ വായു,   ഒരിക്കലും അവിടം വിട്ടു പോരാന്‍ തോന്നുകയില്ല .
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോട് കൂടി ഫോറെസ്റ്റ്  പിക്കറ്റ് സ്റ്റേഷനില്‍  എത്തി . അവിടെ ഒപ്പ് വെച്ച് കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചു . 
തിരുവനന്തപുരത്തേക്കുള്ള ബസ്‌ പിടിക്കാന്‍  വീണ്ടും രണ്ടു കിലോമീറ്റര്‍ നടക്കണം.
ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്  അടുത്ത വര്ഷം വീണ്ടും പോകാമെന്ന പ്രതീക്ഷയില്‍ ..!





ചില വിവരങ്ങള്‍

തിരുവനന്തപുരം  ജില്ലയിലാണ് അഗസ്ത്യാര്‍കൂടം.
സീസണ്‍  ജാനുവരിയില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും . പാസ്സ് ഇത്തവണ 350/-  രൂപയായിരുന്നു. പാസ്സ് കിട്ടാന്‍ വല്യ  പാടാണ്, അതിരാവിലെ തിരുവനന്തപുരത്തുള്ള ഫോറെസ്റ്റ് ഓഫീസില്‍ പോയി ക്യൂ നില്‍ക്കണം .
ഓഫ്‌ സീസണില്‍ അഞ്ചു പേര്‍ക്ക് 3000/- രൂപയാണ് ഫീസ്‌ .
സ്ത്രീകള്‍ക്ക് പ്രവേശനമില്ല  എന്നാണ് അറിയാന്‍ കഴിഞ്ഞത് .

തിരുവനന്തപുരത്തു നിന്ന് ബോണക്കാടിലേക്ക്  5.30AM  മുതല്‍ K.S.R.T.C ബസ്‌ ഉണ്ട് .(ഏകദേശം രണ്ടര മണിക്കൂര്‍ യാത്ര) 
രാവിലെ ഒന്‍പതു മണി മുതല്‍ പന്ത്രണ്ടു മണി വരെ മാത്രമേ പിക്കെറ്റ്‌ സ്റ്റേഷനില്‍ നിന്ന് കാടിനുള്ളിലേക്ക് ആളിനെ കടത്തി വിടുകയുള്ളൂ.
 പിക്കെറ്റ്‌ സ്റ്റേഷനില്‍നിന്ന് 14km നടന്നാല്‍ ബേസ് സ്റ്റേഷനില്‍ എത്താം. അന്ന് രാത്രി അവിടെ തങ്ങണം.
ബേസ് സ്റ്റേഷനില്‍ നിന്ന് രാവിലെ ഏഴു മണി കഴിഞ്ഞാല്‍ മല കേറി തുടങ്ങാം വൈകുന്നേരം മൂന്നു മണിക്ക് മുന്‍പ് തിരിച്ചിറങ്ങിയിരിക്കണം.
ആന, കാട്ട് പോത്ത്  തുടങ്ങിയ മൃഗങ്ങള്‍ ധാരാളം  ഉണ്ട്  പക്ഷെ സീസണ്‍ സമയത്ത് അവയെ കാണുക അപൂര്‍വം .
നേരെയുള്ള വഴി വിട്ടു ചില കാട്ട് വഴികളില്‍ കൂടി  പോയാല്‍ മൃഗങ്ങളെ കാണാനാകും പക്ഷെ അത് അപകടമാണ്.

അത്യാവശ്യമായി കൊണ്ട് പോകേണ്ട  ചില വസ്തുക്കള്‍ : ഓറഞ്ച്, ഗ്ലൂക്കോസ്, വാട്ടര്‍ ബോട്ടില്‍, ടോര്‍ച്ച് ലൈറ്റ്, കര്‍പ്പൂരം, ബാം..
മൊബൈല്‍  ഫോണ്‍ കൊണ്ട് വല്യ ഉപയോഗം ഒന്നുമില്ല ടാറ്റ ഡോക്കോമോയ്ക്ക് മാത്രം ചിലയിടങ്ങളില്‍ റേഞ്ച് ഉണ്ട് .
ബാഗിലെ ഭാരം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കുക . 
- ശുഭ  യാത്ര  -

8 comments:

  1. സുന്ദരമായ ഒരു യാത്ര അവസാനിച്ചു അല്ലെ? പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ കൂടി കൊടുത്തപ്പോള്‍ ഉപകാരമായി.

    ReplyDelete
  2. ഉപകാരപ്രദമായ വിവരണം. ഒരിക്കല്‍ പോകണം എന്ന് കരുതുന്നു.

    ReplyDelete
  3. അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി ...

    ReplyDelete
  4. ഭക്ഷണത്തിന്റെ വില അറിഞ്ഞ യാത്ര അല്ലേ ", നന്നായിരിക്കുന്നു:)

    ReplyDelete
    Replies
    1. അതെ അരുണ്‍ ...ശെരിക്കും ..ആ രണ്ടു ദിവസങ്ങള്‍ ആണ് ശെരിക്കും ഈ ഭൂമിയില്‍ ജീവിച്ചതെന്നു തോന്നി

      Delete
  5. യാത്രാ വിവരണം പ്രയോജനപ്പെടും. തീര്‍ച്ചയായും ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്.

    ReplyDelete