Sunday, July 17, 2011

മരണാനന്തരം

ജനിക്കുന്ന എല്ലാവരും മരിക്കുന്നു. ഓരോ വ്യക്തിയും അവരുടെതായ ഒരു ജീവിതം നയിക്കുന്നു.
ഒരു മനുഷ്യന്‍ എന്നാല്‍ അയാളുടെ ശരീരം മാത്രമാണോ ?
ഒരുപോലെ ചിന്തിക്കുന്ന ഒരുപോലെ പ്രവര്‍ത്തിക്കുന്ന രണ്ടു വ്യക്തികള്‍ ഉണ്ടോ ഈ ലോകത്ത്‌ ?

എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല ?
മനസ്സ് അല്ലെങ്കില്‍ ആത്മാവ് എന്നൊന്ന് എല്ലാ ശരീരത്തിലും കുടികൊള്ളുന്നു. ആത്മാവിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ഒരു ഉപകരണം മാത്രമായി ശരീരം നിലനില്‍ക്കുന്നു. അതുകൊണ്ടാണ് ഓരോ വ്യക്തിയും അവരുടേത് മാത്രമായ ഒരു ജീവിതം നയിക്കുന്നത് . മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായത് . ഒരാള്‍ പത്തോ നാല്പതോ എഴുപതോ വര്‍ഷങ്ങള്‍ ജീവിക്കുന്നു എന്ന് വിചാരിക്കുക. ഒരാള്‍ക്കും മറ്റൊരാളുടെ ഒരു ദിവസം അപ്പാടെ അനുകരിക്കുവാന്‍ സാധ്യമല്ല.

ജനനം മുതല്‍ മരണം വരെ ഒരു യാത്രയാണ്, ഭൂമിയിലെ ഓരോ വ്യക്തിയും സാഹചര്യങ്ങള്‍ക്കനുസരിച്ച്  അവരുടേത് മാത്രമായ ഒരു പാത തിരഞ്ഞെടുക്കുന്നു അല്ലെങ്കില്‍ ഒരു പാതയിലേക്ക് എത്തിപ്പെടുന്നു.ആ പാത എപ്പോള്‍ അവസാനിക്കും എന്നവനു അറിയില്ല.. അനന്തമായി തോന്നിപ്പിക്കുന്ന ആ വഴിയിലൂടെ അവന്‍ നടക്കുന്നു, ആ യാത്ര ആസ്വദിക്കുന്നു. എന്നാല്‍ അത് അനന്തമല്ല അവന്‍ ചിലപ്പോള്‍ സ്വയം ആ യാത്ര അവസാനിപ്പിക്കുന്നു അല്ലെങ്കില്‍ അവന്‍ അറിയാതെ അത് അവസാനിക്കുന്നു. പാതയുടെ അവസാനം എന്നാല്‍ അവന്റെ ആത്മാവ് കുടികൊള്ളുന്ന ശരീരത്തിന്റെ നാശമാണ്. അവിടെ ശരീരത്തിന്റെ യാത്ര അവസാനിക്കുന്നു. ആത്മാവിന്റെയോ ?

അത് ഒരു ഉത്തരം കിട്ടാത്ത പ്രഹേളികയായി അവശേഷിക്കുന്നു. യുക്തിവാദികളില്‍ ചിലര്‍ അതോടെ എല്ലാം അവസാനിച്ചു എന്ന് കരുതുന്നു. മറ്റു ചിലര്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ മരണാനന്തര ജീവിതത്തിലേക്ക് ഗവേഷണം നടത്തുന്നു.

ദൈവ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഇങ്ങനെ സംശയങ്ങള്‍ ഒന്നുമില്ല മരണത്തിന് ശേഷം ദേഹി ദേഹം വിട്ടു ദൈവ രാജ്യത്തിലേക്ക് പോകുന്നു. ഭൂമിയില്‍ ചെയ്ത പാപങ്ങള്‍ക്കും പുണ്യ പ്രവര്‍ത്തികള്‍ക്കും പ്രതിഫലം ഏറ്റു വാങ്ങുന്നു. ചിലര്‍ പുനര്‍ജനിക്കുന്നു


മരണാനന്തര ജീവിതത്തെക്കുറിച്ച് ഒട്ടേറെ ചിന്തിക്കുകയും അന്ന്വേഷണങ്ങള്‍ നടത്തുകയും ചെയ്ത ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യരുടെ  ഒരു പുസ്തകം വായിച്ചു. അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് ശാസ്ത്രത്തിനോ യുക്തിവാദികള്‍ക്കോ നിഷേധിക്കാന്‍ പറ്റാത്ത വിധം തെളിവുകളുടെ പിന്‍ബലത്തോടെ മരണാനന്തര ജീവിതം  എന്ന അറിവ് നിലനില്‍ക്കുന്നു എന്നാണു.

സുപ്രീം കോടതി ജഡ്ജിയായിരുന്ന,ഒരിക്കല്‍ ഒരു തികഞ്ഞ യുക്തിവാദിയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ക്കൂടിയല്ലായിരുന്നെങ്കില്‍ ആ പുസ്തകത്തിലെ പല അനുഭവങ്ങളും വിവരണങ്ങളും ഒരു കെട്ടുകഥ പോലെ തള്ളിക്കളഞേനെ. സുപ്രസിദ്ധ എഴുത്തുകാരനായിരുന്ന ആര്‍. കെ. നാരായണന്റെ ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്.    

1 comment:

  1. ഓരോ കണ്ടെത്തലുകള്‍ എന്നല്ലാതെ എന്തുപറയാന്‍

    ReplyDelete