Sunday, June 5, 2022

ICU



ഞാനും അമ്മയും മെഡിക്കൽ കോളേജ് ക്യാഷ്വാലിറ്റി ഐ.സി.യു വിന്റെ പുറത്തു ബെഞ്ചിൽ ഇരിക്കുകയായിരുന്നു. എന്റെ അച്ഛൻ കഴിഞ്ഞ 3 ദിവസമായി അതിനുള്ളിലാണ്. ആപത്ഘട്ടം ഒക്കെ കഴിഞ്ഞുവെങ്കിലും വാർഡിലേക്ക് മാറ്റാറായിട്ടില്ല. മെഡിക്കൽ ICU വിൽ ബെഡും ഒഴിവില്ല.

പെട്ടെന്ന് ഒരു 108 ആംബുലൻസ് കൊണ്ട് നിർത്തി. അതിൽ നിന്ന് ഏതാണ്ട് മുപ്പതു വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരാളെ സ്ട്രെച്ചറിൽ അകത്തേക്ക് കൊണ്ടു വന്നു. കൂടെ കൈക്കുഞ്ഞുമായി കരഞ്ഞു തളർന്ന കണ്ണുകളോടെ ഒരു സ്ത്രീയും. അയാളെ ICU വിലേക്ക് കയറ്റി. വാതിലിൽ ചെന്ന് അല്പനേരം നോക്കി നിന്ന ശേഷം അവർ ഞങ്ങൾക്കരികിലുള്ള ഒരു ബെഞ്ചിൽ വന്നിരുന്നു. 

സമയം കടന്നു പോയി. അതിനിടെ ഞാൻ അച്ഛന് മരുന്ന് വാങ്ങാനായി ഒന്നു രണ്ടു തവണ പോയി വന്നു.

ആ സ്ത്രീ അവിടെത്തന്നെയുണ്ട്. കുഞ്ഞു കരയുന്നുണ്ട്. സെക്യൂരിറ്റി അവളുടെ അടുത്തേക്ക് വന്നു ബന്ധുക്കളുടെ നമ്പർ ചോദിച്ചു. ബന്ധുക്കൾ അധികമൊന്നും ഇല്ലെന്ന് അവൾ പറയുന്നത് കേട്ടു. ഉള്ളവരുടെ നമ്പർ അവൾക്കറിയില്ലത്രേ.. പിന്നെ ബാഗിനുള്ളിൽ നിന്ന് ഒരു തുണ്ട് പേപ്പറിൽ എഴുതി വച്ചിരുന്ന നമ്പറുകൾ അവൾ അയാളെ കാണിച്ചു. സെക്യൂരിറ്റി ആ നമ്പർ വാങ്ങി തന്റെ മൊബൈലിൽ നിന്ന് ഡയൽ ചെയ്തിട്ട് ഫോണ് അവൾക്ക് കൊടുത്തു. 
തമിഴും മലയാളവും കലർന്ന ഭാഷയിൽ അവൾ സംസാരിച്ചു. സംസാരത്തിൽ നിന്ന് അവൾ ഉദ്ദേശിച്ച ആളല്ല ഫോണ് എടുത്തതെന്നു എനിക്ക് തോന്നി. സെക്യൂരിറ്റി അവളുടെ കയ്യിൽ നിന്ന് ഫോണ് വാങ്ങി അൽപ്പം മാറി നിന്നു സംസാരിക്കുന്നു.

എന്റെ അമ്മ അവളുടെ അടുത്തു പോയി ഇരുന്നു.
രണ്ടു മൂന്ന് ദിവസമായി ഞങ്ങൾ ഇവിടെയുണ്ട്. ICU ന്റെ മുൻപിൽ ഉള്ളവരൊക്കെ ഉറ്റ ബന്ധുക്കളെപ്പോലെയാണ് പെരുമാറുക. കഠിനമായ ദുഃഖവും ഭാവിയെക്കുറിച്ച് യാതൊരു പിടിയുമില്ലാതെയാകുമ്പോൾ മനസ്സിലെ പല മതിലുകളും ഇടിഞ്ഞു വീഴുന്നു. ഇതുവരെ പ്രാധാന്യമുള്ളതെന്ന് കരുതിയിരുന്നതൊക്കെ ഒന്നുമല്ലാതായിത്തീരുകയും പ്രിയപ്പെട്ടവരുടെ ജീവന് വേണ്ടി മാത്രമായി പ്രതീക്ഷകൾ ഒതുങ്ങുകയും ചെയ്യുന്ന സമയമാണത്. ബസിൽ മണിക്കൂറുകൾ അടുത്തിരുന്ന് യാത്ര ചെയ്താൽ ഒരു വാക്ക് സംസാരിക്കാത്തവർ ICU വിന്റെ മുന്പിലെത്തുമ്പോൾ 5 മിനിറ്റ് കൊണ്ട് അടുത്ത കൂട്ടുകാരാകുന്നു. പരസ്പരം എല്ലാം പങ്കിടുന്നു.

അവളുടെ കാര്യവും വ്യത്യസ്തമല്ലായിരുന്നു. ഒരുപക്ഷേ സംസാരിക്കാൻ ആരെയെങ്കിലും കിട്ടാൻ കാത്തിരിക്കുകയായിരുന്നുകാണും അവൾ. തമിഴും മലയാളവും ഇടകലർത്തി അവൾ പറഞ്ഞു. 

രണ്ടു വർഷം മുൻപ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് അവർ വിവാഹം കഴിച്ചത്. അയാൾക്ക് മീൻ പിടിത്തം ആണ് തൊഴിൽ. അന്ന് രാവിലെ അവർ കുഞ്ഞിന് വാക്‌സിൻ എടുക്കാൻ പോകാനായി ബസ് സ്റ്റോപ്പിൽ വന്നതാണ്. പെട്ടെന്ന് അയാൾക്ക് തല കറക്കവും നെഞ്ച് വേദനയും വന്നു. ആരൊക്കെയോ ചേർന്ന് 108 വിളിച്ചു ഇവിടെ എത്തിച്ചു. ഇത് പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു. 
അമ്മ പറഞ്ഞു. 
വേഗം സുഖമാകും. ഞങ്ങൾ കാണുന്നതല്ലേ ഇവിടെ എത്തിയല്ലോ ഇനി അവർ നോക്കിക്കൊള്ളും. അവന് ഒരു കുഴപ്പവും വരില്ല. നീ കരയാതിരിക്ക്. കുഞ്ഞിന് പാല് കൊടുക്ക്.

അവൾക്ക് ചെറിയ ആശ്വാസം തോന്നിയതുപോലെ എനിക്ക് തോന്നി. പിന്നെ ഞാൻ നോക്കുമ്പോൾ അവൾ കരച്ചിൽ നിർത്തി കുഞ്ഞിന് പാൽ കൊടുക്കുകയായിരുന്നു.

അമ്മ എന്റെ അടുത്തു വന്നിരുന്നു പതുക്കെ പറഞ്ഞു. അയാൾ മരിച്ചെന്നാണ് തോന്നുന്നത്. ആ സെക്യൂരിറ്റി അങ്ങിനെ ഫോണിൽ പറഞ്ഞതുപോലെ എനിക്ക് തോന്നി.
ഞാൻ ഒന്നും പറഞ്ഞില്ല. എനിക്കത് വിശ്വസിക്കാൻ ഇഷ്ടമല്ലായിരുന്നു. സെക്യൂരിറ്റി അവളുടെ അടുത്തു വന്ന് പറഞ്ഞു.
നീ പോയി ഒരു ചായ കുടിച്ചിട്ട് വാ. കുഞ്ഞിന് ബിസ്കറ്റും വാങ്ങിക്കൊട്.
പക്ഷെ അവൾ പോയില്ല. ചായ വേണ്ടന്ന് പറഞ്ഞു.
 
എനിക്ക് അപ്പോൾ സംശയം തോന്നിത്തുടങ്ങി. സാധാരണ ICU വിൽ ഉള്ള രോഗിയുടെ ആൾക്കാർ എപ്പോഴും പുറത്തുണ്ടാകണം എന്നാണ് അവർ പറയാറുള്ളത്. പക്ഷെ ഇപ്പോൾ അവളോട് ഇങ്ങിനെ പറയണമെങ്കിൽ അത് മോർച്ചറിയിലേക്ക് ശരീരം മറ്റാനായിരിക്കുമോ..
വീട്ടുകാരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി വന്ന ഇവൾ. ഒരു വയസ്സു പോലും തികയാത്ത ഒരു കുഞ്ഞും.. 

അച്ഛനോട് സംസാരിക്കാനായി ഡോക്റ്റർ എന്നെ അകത്തേക്ക് വിളിപ്പിച്ചു. അകത്തു കയറിയപ്പോൾ ആ സ്ത്രീയുടെ ഭർത്താവിന്റെ അനക്കമറ്റ ശരീരം ഞാൻ കണ്ടു. 
അച്ഛൻ പറഞ്ഞു.
എത്തിയ ഉടനെ പോയി.
ഞാൻ പിന്നെ ഒന്നും ഓർത്തില്ല. പുറത്തിറങ്ങിയപ്പോൾ ആ സ്ത്രീയും അവിടെ ഉണ്ടായിരുന്നില്ല.

മൊബൈൽ ശബ്ദിച്ചു.. വീട്ടിൽ നിന്നാണ്. നിങ്ങൾ ഇന്നും വരുന്നില്ലേ? എത്ര ദിവസമായി ആശുപത്രിയിൽ ഇരിക്കുന്നു. ഇവിടെ ഞാൻ ഒരാൾ ഉണ്ടെന്ന് വല്ല വിചാരവുമുണ്ടോ? അവിടെത്തന്നെ ഇരുന്നോ ഇങ്ങോട്ടിനി വരണ്ട..

No comments:

Post a Comment