Sunday, June 5, 2022

സൈക്കിൾ

ചില കാര്യങ്ങൾ ഒരുപാട് ആഗ്രഹിച്ചു കാത്തിരുന്നു കിട്ടുമ്പോൾ ഉള്ള അത്രയും സന്തോഷം അത് ആഗ്രഹിച്ച ഉടനെ കിട്ടിയാൽ തോന്നാറില്ല. എനിക്ക് ആദ്യമായി ഒരു സൈക്കിൾ വാങ്ങുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. കുട്ടിക്കാലത്ത് മൂന്ന് ചക്രമുള്ള സൈക്കിൾ കാണുമ്പോൾ ഒക്കെ അച്ഛനോടും അമ്മയോടും അതുപോലെ ഒന്ന് വാങ്ങിത്തരാൻ പറഞ്ഞു വാശി പിടിച്ചു കുറെ കരഞ്ഞിട്ടുണ്ട് പക്ഷെ കിട്ടിയിട്ടില്ല. അന്ന് ഇന്നത്തെപ്പോലെ അതത്ര സാധാരണവുമായിരുന്നില്ല. ഇന്ന് ബൈക്കുകൾ ഉള്ളത് പോലെ അന്ന് സൈക്കിളുകൾ ആയിരുന്നു നാട്ടിൽ എല്ലാരും ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. 

ഒടുവിൽ പലപ്പോഴായി ഉത്സവത്തിനും മറ്റും കിട്ടിയ കാശ് കൂട്ടി വച്ചിരുന്നതും അമ്മയുടെ ചിലവിലും എന്റെ പേരിലും നടത്തിയ കോഴി വളർത്തൽ, പ്രാവ് വളർത്തൽ എന്നീ ചെറുകിട വ്യവസായങ്ങളിൽ നിന്ന് സംഭരിച്ചതുമായ 600 രൂപ കൊടുത്തു ഞാൻ തന്നെ ഒരു പഴയ bsa സൈക്കിൾ വാങ്ങി. വാങ്ങിയതിന്റെ പിറ്റേന്ന് ഒരു ഹർത്താൽ ആയിരുന്നു. സൈക്കിൾ കിട്ടിയതിന്റെ ആവേശത്തിൽ രാവിലെ തന്നെ അതും എടുത്തു ഒരു പോക്ക് അങ്ങു പോയി. റോഡും കാടും മേടുമെല്ലാം ചുറ്റിത്തിരിഞ്ഞു ഏകദേശം ഒരു പതിനൊന്ന് പന്ത്രണ്ട് മണിയൊക്കെ ആയപ്പോൾ ആണ് തിരികെ വീടിനടുത്തെത്തിയത്. അപ്പോഴേക്കും ഇനി ഒട്ടും ചവിട്ടാൻ വയ്യാത്ത വിധം ക്ഷീണിച്ചിരുന്നു എന്നിട്ടും ഏങ്ങി വലിച്ചു ഒരു കയറ്റം ചവിട്ടുകയായിരുന്നു പെട്ടെന്ന് ബാലൻസ് അങ്ങു പോയി വീഴാതിരിക്കാൻ സ്വാഭാവികമായ റിഫ്ലെക്‌സ് ആക്ഷനോടെ അടുത്തുള്ള മതിലിലേക്ക് കൈ കുത്തി. കുത്തുന്നതിന് തൊട്ട് മുമ്പ് ഒരു മിന്നായം പോലെ കണ്ടു മതിലിന്റെ ആ വശത്തു കുറച്ചു കുപ്പിയോടുകൾ (കുപ്പിച്ചില്ല്) എന്നാൽ കൈ വലിക്കാൻ പറ്റിയില്ല അപ്പോഴേക്കും താമസിച്ചു പോയിരുന്നു. കൈ വിരലും വെള്ളയും ചേരുന്ന ഭാഗത്തു കുപ്പിച്ചില്ല് ആഴ്ന്നിറങ്ങി. കയ്യിൽ നിന്ന് രക്തമൊഴുകി. മുറിവ് പറ്റുന്നതും അത് വീട്ടിൽ പറയാതെ കൊണ്ട് നടക്കുന്നതുമൊക്കെ അക്കാലത്ത് സാധാരണമായിരുന്നതിനാൽ ഞാൻ സൈക്കിളിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കുറച്ചു വെള്ളമെടുത്തു കൈ കഴുകി. എന്നിട്ട് സൈക്കിൾ തള്ളി മുന്നോട്ടു നടന്നു. കുറച്ചു പോയപ്പോൾ തന്നെ കാര്യം അത്ര നിസ്സാരമല്ലെന്നു മനസ്സിലായി. കണ്ണിലാകെ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു. 

ഞാൻ സൈക്കിൾ പതിയെ സൈഡാക്കി റോഡ് സൈഡിൽ ഇരുന്നു. അപ്പോഴാണ് പരിചയമുള്ള  ഒരു ചേട്ടൻ അതുവഴി വന്നത്. കൈ പിടിച്ചു നോക്കി. പിന്നെ എന്നെയും പൊക്കി അതുവഴി വന്ന ഒരു ഓട്ടോയിലിട്ട് ആശുപത്രിയിലേക്ക്. ചെന്ന ഉടനെ കൈ ഒക്കെ നോക്കിയ ശേഷം ഡോക്ടർ പറഞ്ഞു തയ്യൽ ഇടണം ആഴത്തിൽ ഉള്ള മുറിവാണ്. അയ്യോ ..ആദ്യമായിട്ടാണ് തയ്യൽ ഇടുന്നത് കരഞ്ഞു വിളിച്ചാലോ വേണ്ട ഞാൻ ഇപ്പൊ കൊച്ചു പയ്യൻ ഒന്നുമല്ലല്ലൊ ഒരു സൈക്കിൾ ഒക്കെ സ്വന്തമായുള്ള.. നാണക്കേട്. കിടത്തിയിരുന്ന സ്ട്രെച്ചറിന്റെ ഒരു വശത്ത് മറ്റേ കൈ കൊണ്ട് ഇറുക്കിയങ്ങു പിടിച്ചു ഒരുവിധം കരയാതെ പിടിച്ചു നിന്നു. എല്ലാം കഴിഞ്ഞ് കയ്യിൽ ഒരു വലിയ കെട്ടൊക്കെ ആയി വീട്ടിൽ ചെന്ന് കയറിയപ്പോൾ വീട്ടുകാരൊക്കെ പേടിച്ചു. ഞാനോ ഇതൊക്കെ എന്ത് എന്ന മട്ടിൽ അകത്തേക്ക് കയറി കട്ടിലിൽ കേറിക്കിടന്നു. കയ്യിൽ മുറിവ് പറ്റിയതിനേക്കാൾ സങ്കടം കുറച്ചു ദിവസത്തേക്ക് ഇനി സൈക്കിൾ ചവിട്ടാൻ പറ്റില്ലല്ലോ എന്നോർത്തായിരുന്നു.

ആമിക്ക് നാലാം പിറന്നാൾ പ്രമാണിച്ചു ഒരു സൈക്കിൾ വാങ്ങി. അപ്പോഴാണ് ഈ പഴയ കാര്യങ്ങളെക്കുറിച്ചു വീണ്ടും ഓർമ്മ വന്നത്. അല്ലെങ്കിലും നമ്മുടെ കുട്ടികൾ ഇടയ്ക്കിടെ നമ്മുടെ കുട്ടിക്കാലം ഓർമ്മിപ്പിക്കുമെന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്. നമ്മുടെ കുസൃതികൾ നമ്മുടെ കുട്ടികളിൽ നിന്ന് തിരിച്ചു അനുഭവിക്കേണ്ടി വരുന്നത് എന്റമ്പോ വല്ലാത്ത ശിക്ഷ തന്നെ.

No comments:

Post a Comment