Saturday, May 28, 2022

അധ്യാപകൻ

 
നള ദമയന്തി കഥയിൽ നിന്നൊരു ഭാഗം ഞങ്ങൾക്ക് പ്ലസ്‌ടുവിന് പഠിക്കാനുണ്ടായിരുന്നു. നളൻ ദമയന്തിയെ കാട്ടിൽ ഉപേക്ഷിച്ചു പോയ സമയത്ത് ദമയന്തി ഒരു പാമ്പിന്റെ പിടിയിൽ അകപ്പെടുകയും മരണഭയത്താലുള്ള അവളുടെ വിളി കേട്ട് വന്നൊരു കാട്ടാളൻ സ്വന്തം ജീവൻ പണയം വച്ചു ദമയന്തിയെ രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് ശേഷം കാട്ടാളന് ദമയന്തിയോട് പ്രണയം തോന്നുകയും അത് പ്രകടിപ്പിച്ച കാട്ടാളനെ അവൾ ശപിച്ചു ഭസ്മമാക്കുകയും ചെയ്യുന്നതാണ് പാഠഭാഗം.  

ക്രിസ്തുമസ് പരീക്ഷയ്ക്ക് അതിൽ നിന്നൊരു ഉപന്യാസം എഴുതാൻ ചോദിച്ചു. കാര്യമായി പഠിച്ചിട്ടൊന്നുമില്ലായിരുന്നു. മലയാളമല്ലേ എന്തെങ്കിലും ഒക്കെ എഴുതാമെന്ന വിശ്വാസത്തിലായിരുന്നു ഞാൻ. ഉപന്യാസം എഴുതി വന്നപ്പോൾ രണ്ടു പുറം തികയ്ക്കുന്നതിനായി ഞാൻ ആ കഥയെക്കുറിച്ചു സ്വയം ഒരു നിരൂപണമങ്ങു നടത്തി. 
താൻ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷിച്ച ദമയന്തി പതിവൃതയാണെന്നോ നളനെ പിരിഞ്ഞിരിക്കുകയാണെന്നോ അറിയാതെയാണ് കാട്ടാളൻ ദമയന്തിയോട് തന്റെ ഇഷ്ടം അറിയിച്ചതെന്നും ഏതൊരു പുരുഷനും തോന്നുന്ന കാര്യം മാത്രമാണ് കാട്ടാളനും തോന്നിയതെന്നും എന്നാൽ ദമയന്തി പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കാട്ടാളനെ ശപിക്കുകയാണുണ്ടായതെന്നും ഒക്കെ തട്ടി വിട്ടു.

ക്രിസ്തുമസ് വെക്കേഷനൊക്കെ കഴിഞ്ഞു ചെന്നപ്പോൾ എന്റേത്  ഒഴികെ ബാക്കി എല്ലാവരുടെയും പരീക്ഷാ പേപ്പർ അന്ന് മലയാളം പഠിപ്പിച്ചിരുന്ന സിജു സാർ ലീഡർ വശം ക്ലാസ്സിൽ കൊടുത്തു വിട്ടു എന്നിട്ട് എന്നോട് സാറിനെ നേരിൽ കാണാൻ പറഞ്ഞയച്ചു. 
ഞാൻ കരുതി പെട്ട്.. പരീക്ഷാ പേപ്പറിൽ  തോന്ന്യവാസം എഴുതി വച്ചെന്നും പറഞ്ഞു വഴക്ക് പറയുമായിരിക്കും.

സ്റ്റാഫ് റൂമിലേക്ക് ചെന്നപ്പോൾ സാർ വിചാരിച്ച പോലെ നള ദമയന്തി ഉപന്യാസം എടുത്തു. എന്താടോ ഇത് ?

അത് സാർ ഞാൻ..

വളരെ നന്നായിരിക്കുന്നു.

ങേ.

അതെ. നീ നന്നായി എഴുതിയിട്ടുണ്ട്. വായിച്ച കഥകളെക്കുറിച്ചു നീ ചിന്തിക്കുന്നുണ്ട്. ഇതുപോലെ പഠിച്ചാൽ ഫൈനൽ പരീക്ഷയ്ക്ക് തനിക്ക് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങാൻ കഴിയും. പറ്റുമെങ്കിൽ ഇത് കഴിഞ്ഞു ബി എ മലയാളം എടുത്തു പഠിക്കുക.

പേപ്പർ നിറയ്ക്കാൻ എഴുതിയതിനെക്കുറിച്ചു അദ്ദേഹത്തിന്റെ വായിൽ നിന്ന് അങ്ങിനെ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ സ്‌കൂളിലെ എല്ലാ കുട്ടികളും ഒരുപോലെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അപൂർവ്വം അധ്യാപകരിൽ ഒരാളായിരുന്നു സിജു സർ. 

ഞാൻ ശ്രമിക്കാം സാർ എന്ന് മാത്രം പറഞ്ഞു അവിടെ നിന്ന് പോന്നു. ആ വാക്കുകൾ മനസ്സിൽ കിടന്നത് കൊണ്ട് മാത്രം ഫൈനൽ പരീക്ഷയ്ക്ക് മലയാളം നന്നായി പഠിച്ചെഴുതി തൊണ്ണൂറ് ശതമാനം മാർക്ക് നേടി. മാർക്ക് ലിസ്റ്റുമായി അദ്ദേഹത്തിന്റെ അടുത്ത് പോയപ്പോൾ തോളത്തു തട്ടി അഭിനന്ദിച്ചു. ഇപ്പോഴും മായാതെ ആ നിമിഷം ഓർമ്മയിൽ ഉണ്ട്. എന്നാൽ തുടർ പഠനം നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നതിനാൽ ഞാൻ മലയാളം  ഡിഗ്രിക്ക് ചേർന്നില്ല. പക്ഷെ പിന്നീട് ഒരുപാട് കാലം കഴിഞ്ഞു അന്ന് മലയാളം എടുത്തു പഠിക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വീട്ടിലെ പ്രയാസങ്ങളും ബുദ്ധിമുട്ടും അന്നത്തെ എന്റെ പല തീരുമാനങ്ങളെയും സ്വാധീനിച്ചിരുന്നു. എത്രയും വേഗത്തിൽ ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം. അത് നേടി. പക്ഷെ പലതും നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടതിനെ ഓർത്തു ദുഃഖിക്കാനില്ല. കയ്യിൽ കിട്ടിയതൊക്കെ എത്രയോ മനോഹരമാണ്. പുസ്തകദിന ആശംസകൾ. 

No comments:

Post a Comment