Saturday, May 28, 2022

മിക്കി


അച്ഛന്റെ മരണശേഷം ഞാനും അമ്മയും കൂടി കുടുംബ വീട്ടിൽ താമസിക്കുകയാണ്. 
ഏലി, പാറ്റ, പല്ലി തുടങ്ങി സർവ്വമാന ഭൂമിയുടെ അവകാശികളും കൂടി ഇപ്പോൾ ഞങ്ങളുടെ വീടിന്റെ അവകാശം പറഞ്ഞു വന്നിരിക്കുന്നു. തട്ടിൻ പുറത്തു നിന്നു ഏലികൾ താഴെയിറങ്ങി മുറിയിൽ പലയിടത്തും കാഷ്ഠിച്ചു വച്ചിരിക്കുന്നു. ഇങ്ങിനെ പോയാൽ ഞങ്ങൾക്ക് എലിപ്പനി പിടിക്കും എന്ന പേടിയായി. 

വിഷം വയ്ക്കാം അല്ലാതെ വേറെ നിവൃത്തിയില്ല അമ്മ പറഞ്ഞു.

ഞാൻ പറഞ്ഞു അതു വേണ്ട അത് ക്രൂരമാണ്. നമുക്ക് പ്രകൃതിയുടെ പ്രതിരോധം മതി.

അതെന്താടാ പ്രകൃതിയുടെ പ്രതിരോധം?

നമ്മൾ ഒരു പൂച്ചയെ വളർത്തുന്നു. പല്ലി പാറ്റ ഏലി സർവ്വതിനെയും അവൻ പിടിച്ചു തിന്നോളും.

അതൊന്നും വേണ്ട. അത് അടുക്കളയിൽ വച്ചുണ്ടാക്കി വച്ചിരിക്കുന്നതിൽ ഒക്കെ തലയിടും, മുടി പൊഴിച്ചിടും.

അതൊന്നും ഉണ്ടാകില്ല. നമുക്ക് അതിനെ നല്ല അനുസരണയുള്ള പൂച്ചയായി വളർത്താം.

അതൊക്കെ നടക്കുമോടാ. എന്തായാലും മീൻ ഉണ്ടാക്കി വച്ചാൽ പൂച്ച തലയിടും. ഉറപ്പ്.

അമ്മ നോക്കിക്കോ. ഞാൻ കാണിച്ചു തരാം.
എന്നു വെല്ലു വിളിച്ചു ഞാൻ ഒരു പൂച്ചക്കുട്ടിയെ തപ്പി നടപ്പായി.
ഒടുവിൽ അപ്പച്ചിയുടെ(അച്ഛന്റെ സഹോദരി) വീടിന്റെ പറമ്പിൽ പെറ്റു കിടന്ന പൂച്ചക്കുട്ടികളിൽ ഒന്നിനെ എടുത്തു ഞാൻ വീട്ടിൽ കൊണ്ടു വന്നു.

അമ്മ അതിനെ കണ്ടപ്പോഴേ പറഞ്ഞു.
ടാ അത് തീരെ ചെറിയ കുഞ്ഞാണ്. പാല്‌കുടി മാറിയിട്ടുണ്ടാകില്ല. ചത്തു പോകും.

ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം. 

ഞാൻ അതിനെ ഒരു കാർഡ് ബോഡ് പെട്ടിയിലാക്കി വീടിനുള്ളിൽത്തന്നെ അങ്ങിനെ അധികം ഉപയോഗിക്കാത്ത ഒരു മുറിയിൽ കൊണ്ട് വച്ചു. പുറത്തു വച്ചാൽ രാത്രിയിൽ പട്ടികൾ എങ്ങാനും വന്നു കടിച്ചു കൊന്നാലോ എന്നു പേടിയായിരുന്നു.
പാൽ കാച്ചി കുറേശ്ശേ തുണിയിൽ മുക്കി വായിൽ ഇറ്റിച്ചു കൊടുത്തു. ആദ്യമൊക്കെ എപ്പോഴും കരച്ചിലായിരുന്നു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആശാൻ ഞാനുമായി ഇണങ്ങി. 

പക്ഷെ അവൻ അപ്പി ഇടുന്നതും മുള്ളുന്നതും ഒക്കെ മുറിയിലാണ്. അമ്മ തിരിഞ്ഞു നോക്കില്ല. അതെല്ലാം ഞാൻ നടന്നു കോരി. അപ്പി ഇടാനുള്ള കക്കൂസ് എന്ന രീതിയിൽ ഞാൻ മുറിയിൽ ഒരു മൂലയിൽ കുറച്ചു മണൽ കൊണ്ട് ഇട്ടു. അത് ഒരു വിജയമായിരുന്നു. അവൻ പിന്നെ കൃത്യമായി അവിടെപ്പോയി അപ്പി ഇട്ടിട്ട് മണൽ നീക്കിയിടും. ഞാൻ ആ മണൽ എടുത്തു കളഞ്ഞാൽ മതി. ഇതിനിടയിൽ ഞാനവന് ഒരു പേരും ഇട്ടു മിക്കി. 

ചേച്ചിയുടെ മക്കൾ വീട്ടിൽ വരുമ്പോൾ മിക്കിയുടെ കൂടെ കളിക്കും. ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോൾ മിക്കി മുറിക്ക് പുറത്തിറങ്ങി നടന്നു തുടങ്ങി. എങ്ങും പോകില്ല. വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും കാണും. ഇടയ്ക്കിടെ മിക്കി പാറ്റായെ കണ്ടു പുറകെ പോകും. അപ്പോൾ ഞാൻ പറയും നോക്കൂ അമ്മാ അവൻ ഇപ്പോൾ പറ്റായെ പിടിക്കും. 
അമ്മ നോക്കുമ്പോൾ പാറ്റയുടെ ചിറകിൽ തൊട്ടിട്ട് പേടിച്ച് തിരിഞ്ഞു ഓടുന്ന മിക്കി. 
ഞാൻ പറഞ്ഞു അതിപ്പോ അവൻ കുഞ്ഞല്ലേ കുറേക്കൂടി ആവട്ടെ. 
ഉം ഉം കുറേക്കൂടി ആകുമ്പോൾ അടുക്കളയിൽ കയറിയാൽ ഞാൻ അവന്റെ കാൽ അടിച്ചൊടിക്കും.

ഞാൻ പഠിക്കുമ്പോൾ മിക്കി കാലിന്റെ ഇടയിലൂടെ ഉരുമി നടക്കും. ഞാൻ എടുത്തു മടിയിൽ വയ്ക്കുമ്പോൾ വിരലിൽ വേദനിപ്പിക്കാതെ കടിക്കും.

മിക്കി വലുതായി. അവൻ എലികളെ പിടിക്കാൻ തട്ടിൻപുറത്തു കേറാൻ തുടങ്ങി. പാറ്റകളുടെയും പല്ലികളുടെയും പൊടി പോലും കാണാനില്ലാതെയായി. 

അമ്മ പേടിച്ചത് പോലെ അവൻ അടുക്കളയിൽ ഒന്നും കയറിയില്ല. മീൻ വേണമെന്നൊന്നും നിർബന്ധമില്ല. തിന്നാൻ കൊടുക്കുന്നത് കഴിച്ചു എന്റെ അടുത്തോ വീടിന് ചുറ്റുവട്ടത്തോ കാണും. ദേഹമാസകലം നക്കി വൃത്തിയാക്കി ഇളം വെയിൽ കൊണ്ട് മുറ്റത്തു കിടക്കും. മുറ്റത്തു ഒരു കോണിലായി നിറയെ മഞ്ഞ കോളാമ്പി പൂക്കൾ വിരിയുന്ന ഒരു മരമുണ്ടായിരുന്നു. അതിൽ ഉച്ച കഴിഞ്ഞാൽ പീണി കിളികൾ വന്നിരുന്നു ചിലയ്ക്കും. മിക്കി അവയെ പിടിക്കാൻ മരത്തിൽ ഓടി കയറും പരാജയപ്പെട്ട് തിരികെ വരും എന്നിട്ട് അതു മറയ്ക്കാൻ ഞാൻ അവയെ പിടിക്കാൻ പോയതല്ല ഓടിക്കാൻ പോയതാണ് എന്ന മട്ടിൽ എന്റെ കാലിൽ വന്നു ഉരുമി നിക്കും.

ഒരു വർഷം കഴിഞ്ഞു പെട്ടെന്ന് ഒരു ദിവസം മിക്കിക്കു വയ്യാതെയായി. ഒന്ന് രണ്ടു തവണ ഛർദ്ദിച്ചു. ആഹാരം ഒന്നും കഴിച്ചില്ല. അമ്മ ആരോടോ ചോദിച്ചിട്ട് എന്തൊക്കെയോ നാട്ടു മരുന്ന് കൊടുത്തു. എനിക്ക് അപ്പോൾ സെമസ്റ്റർ പരീക്ഷ നടക്കുകയായിരുന്നു. ഞാനും കാര്യമായി അവനെ ശ്രദ്ധിച്ചില്ല. രാത്രി നോക്കിയപ്പോൾ തീരെ വയ്യാതെ കിടക്കുന്നു.

അമ്മ പറഞ്ഞു. 
പൂച്ചകൾക്ക് അങ്ങിനെ അസുഖം ഒന്നും വരില്ലെടാ ഇത് എന്തോ വയറിന് പിടിക്കാത്തതാണ്. നീ കേട്ടിട്ടില്ലേ പൂച്ചയുടെ ജന്മം എന്നൊക്കെ പറയുന്നത്. നല്ല ആയുസ്സാണ് ഇവറ്റകൾക്ക്.

പക്ഷെ അമ്മയുടെ പ്രതീക്ഷ വെറുതെയായി. മിക്കി പിറ്റേന്ന് ചത്തുപോയി. വലിയ ദുഃഖമായിരുന്നു കുറേ ദിവസം. 
അമ്മ അയലത്തുള്ളവരോട് പറഞ്ഞു. അവൻ തീരെ കുഞ്ഞിലെ എടുത്തുകൊണ്ടു വന്നു മുറിയിൽ ഇട്ട് വളർത്തിയതാണ് എന്നിട്ട് നോക്കിക്കേ. ആരും ശ്രദ്ധിക്കാനില്ലാതെ എത്രയോ പൂച്ചകൾ വളരുന്നു അവയ്ക്കൊന്നും ഒരു കുഴപ്പവുമില്ല. 


No comments:

Post a Comment