Saturday, May 28, 2022

വാർദ്ധക്യം

ശാസ്താംകോട്ടയിൽ ജോലി ചെയ്തിരുന്ന സമയത്ത് ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ഒരിക്കൽ ഭവന സന്ദർശനം ഉണ്ടായിരുന്നു. 
ദിവസക്കൂലി തൊഴിലാളികൾ അധികമായി താമസിക്കുന്ന ആ ഭാഗത്ത് നല്ലൊരു ഇരുനില വീട്. വീടിന്റെ മുറ്റത്തു തന്നെ എങ്ങോട്ടോ പോകാൻ വേണ്ടി റെഡിയായി ഒരു എഴുപത് വയസ്സ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ഇരിപ്പുണ്ടായിരുന്നു. 

ആളോട് വെറുതെ കുറച്ചു സംസാരിച്ചു.

റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനാണ്. ആശുപത്രിയിൽ പോകാൻ ഇറങ്ങിയതാണ്. കാലിൽ ഒരു മുറിവ് വന്ന് ഉണങ്ങിയിട്ടില്ല. പ്രെഷറും ഷുഗറും ഉണ്ട്. നടക്കാൻ വയ്യ ആരെങ്കിലും ഒന്ന് താങ്ങാതെ പറ്റില്ല. വീട്ടിൽ അദ്ദേഹവും അറുപത്തെട്ടു വയസ്സായ ഭാര്യയുമാണ് താമസം. ഒരു മകൻ അമേരിക്കയിൽ, മകൾ ചെന്നൈയിൽ രണ്ടുപേർക്കും നല്ല ജോലികൾ. നാട്ടിലേക്ക് വല്ലപ്പോഴും വരും. 

മക്കൾ ദൂരെ ആയതിൽ വിഷമമുണ്ടോ? ഞാൻ ചോദിച്ചു. 
എന്തിന്? ഞാൻ റിട്ടയർ ആകുന്നത് വരെ ഇൻഡ്യയിൽ പല പല സ്ഥലങ്ങളിലും മാറി മാറി ജോലി ചെയ്തിരുന്നയാളാണ് ഇപ്പോഴാണ് നാട്ടിൽ ഉള്ളത്. ഇനിയിപ്പോ ഇവിടെത്തന്നെ. ചോദ്യം വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. ആ മുഖത്ത് മക്കൾ ഉയർന്ന നിലയിൽ ജീവിക്കുന്നതിന്റെ അഭിമാനം.

അപ്പോഴേക്കും അമ്മ അകത്തു നിന്ന് റെഡിയായി ഇറങ്ങി വന്നു. 
ഞാൻ അവരോട് ചോദിച്ചു  എങ്ങിനെ ആശുപത്രിയിൽ പോകും ?

അത് ഞങ്ങൾ രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ചങ്ങു പോകും. 
നല്ല കോണ്ഫിഡൻസ്. 

രാത്രിയിൽ ഒക്കെ എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിക്കാൻ ഉള്ള നമ്പറുകൾ ഒക്കെ എഴുതി വച്ചിട്ടുണ്ടോ? 

ഉണ്ട് മോനെ എല്ലാം എഴുതി വച്ചിട്ടുണ്ട്. പിന്നെ അയൽപക്കത്തെ ഒരു പയ്യൻ ഉണ്ട്. അത്യാവശ്യത്തിന് വിളിച്ചാൽ അവൻ ഓടി വരും. 

ഇതുപോലെ ഒറ്റയ്ക്ക് താമസിക്കുന്ന മറ്റൊരു വൃദ്ധരായ ദമ്പതിമാരെ പിന്നീട് പരിചയപ്പെട്ടു.

രണ്ട് ആണ്മക്കളാണ്. മൂത്തയാൾ പഠിക്കാൻ മിടുക്കനായിരുന്നു. IIT യിൽ എൻജിനീയറിങ് കഴിഞ്ഞു ഇപ്പോൾ ഇൻഡ്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. ഫാമിലി ആയി ഡൽഹിയിൽ താമസിക്കുന്നു. ഇളയ ആൾ പഠിക്കാൻ മോശമായിരുന്നു. ഡിഗ്രി കഴിഞ്ഞു കുറെ ടെസ്റ്റ് ഒക്കെ എഴുതി. ഇപ്പോൾ സഹകരണ ബാങ്കിൽ ക്ലർക്ക് ആണ്. ഇപ്പോൾ ഓർക്കുമ്പോൾ അത് നന്നായി ഞങ്ങൾക്ക് ഒരു സഹായത്തിന് അവനെ ഉള്ളൂ. അടുത്തു തന്നെയാണ് അവൻ താമസിക്കുന്നത്. ഇടയ്ക്കിടെ മക്കളെയും കൊണ്ട് ഇവിടെ വന്നു നിൽക്കും. 

വാർദ്ധക്യം രണ്ടാം കുട്ടിക്കാലം ആണെന്ന് പറയാറുണ്ട്. നിയന്ത്രണങ്ങളിൽ കുരുങ്ങിയുള്ള ജീവിതം. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാതെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന കാലം. എന്നാൽ കുട്ടിക്കാലത്ത് നമുക്ക് ആരോഗ്യമുണ്ട്. ആപത്തു വന്നാൽ സഹായിക്കാൻ മാതാപിതാക്കൾ ഉണ്ട്. വാർദ്ധക്യത്തിൽ ഇത് രണ്ടും മിക്കവർക്കും ഉണ്ടാകില്ല. കുട്ടിക്കാലത്ത് മുതിർന്നവർ ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റാതെ വരുമ്പോൾ എത്രയും വേഗം വലുതായെങ്കിലെന്നാണ് ആഗ്രഹിക്കുക വാർദ്ധക്യത്തിൽ എത്രയും വേഗം മരിക്കാനും.

#FreedomFight : Old Age Home 

No comments:

Post a Comment