Saturday, May 28, 2022

ആവർത്തനം


എന്റെ ബാല്യകാലത്തെ പ്രധാന കൂട്ടുകാരൻ (അതോ കൂട്ടുകാരിയോ) ആയിരുന്നു ബാലരമ. അന്നൊക്കെ മാസത്തിൽ രണ്ടു തവണയായിരുന്നു ബാലരമ വന്നിരുന്നത്. വേറെ എന്തൊക്കെ വേണമെന്ന് പറഞ്ഞു കിട്ടിയില്ലെങ്കിലും ബാലരമ അച്ഛൻ മുടങ്ങാതെ വാങ്ങിക്കൊണ്ട് വരുമായിരുന്നു.
സ്‌കൂളിൽ പോകുമ്പോൾ കടയിൽ പുതിയ ലക്കം കണ്ടാൽ അന്ന് തന്നെ അച്ഛനെ ഓർമ്മിപ്പിക്കും. മിക്കപ്പോഴും അതില്ലാതെ തന്നെ അച്ഛൻ കൃത്യമായി വാങ്ങുമായിരുന്നു.

ഈ ശീലം തുടങ്ങാൻ കാരണം ചേച്ചിയാണ്. ഞാൻ അക്ഷരങ്ങൾ വായിക്കാൻ പഠിക്കുന്നതിന് മുൻപേ ചേച്ചി എനിക്ക് ബാലരമയിലെ കഥകൾ വായിച്ചു കേൾപ്പിച്ചിരുന്നു. ഞാൻ അത് ഓർത്തു വച്ചിട്ട് അച്ഛൻ ഡ്യുട്ടി കഴിഞ്ഞു വരുമ്പോൾ ബാലരമയും കൊണ്ട് അടുത്തു പോകും. എന്നിട്ട് അതിൽ നോക്കി വായിക്കുന്നതായി ഭാവിച്ചു ഓർമ്മയിൽ നിന്നെടുത്തു കഥകൾ പറഞ്ഞു കേൾപ്പിക്കും. അച്ഛൻ ഞാൻ വായിച്ചു പറയുന്നതാണെന്നു വിശ്വസിച്ച പോലെ കഥ കേട്ട് കിടക്കും. ഇടയ്ക്ക് ഏതെങ്കിലും വിട്ടു പോയാൽ ചേച്ചിയുടെ അടുത്തേക്ക് ഓടും. ഞാൻ വലിയ ഉത്സാഹത്തോടെ ചെയ്തിരുന്ന ഒരു കള്ളത്തരമായിരുന്നു അത്.

വായിക്കാനൊക്കെ പഠിച്ച ശേഷം ബാലരമ കയ്യിൽ കിട്ടിയാൽ ഉടൻ ചിത്രകഥകൾ മുഴുവൻ വായിച്ചു തീർക്കും. വലിയ കഥകൾ പിന്നത്തേക്ക് മാറ്റി വയ്ക്കും. അപ്പോൾ വായിക്കാൻ താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല. അതിങ്ങനെ മധുര പലഹാരം സൂക്ഷിച്ചു വയ്ക്കുന്നത് പോലെ വച്ചിരുന്നു ഇടയ്ക്കിടെ ഓരോ കഥ വീതം വായിച്ചു വായിച്ചു തീർക്കാനായിരുന്നു എനിക്കിഷ്ടം. ഒരു കയ്യിൽ ബാലരമയും പിടിച്ചു അതിൽ നോക്കി മറുകൈ കൊണ്ട് ചോറ് തിന്നുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചേച്ചി അതിന് കുറെ വഴക്ക് പറഞ്ഞിട്ടും തല്ലിയിട്ടുമൊക്കെയുണ്ട്. എന്നിട്ടും ഞാനത് നിർത്തിയില്ല. ഒരിക്കൽ ചോറ് ഉരുളയാക്കി കറി പാത്രത്തിൽ മുക്കാനായി കൊണ്ട് പോയപ്പോൾ ചേച്ചി പാത്രം എടുത്തു മാറ്റിയിട്ടുണ്ട് ഞാൻ വായനയിൽ ലയിച്ചിരുന്നു തറയിൽ മുക്കി കഴിക്കുമോ എന്നറിയാൻ. 
വരരുചി, പ്രഹ്ലാദൻ,ഘടോൽകചൻ, ദ്രോണർ അങ്ങിനെ പുരാണ കഥാപാത്രങ്ങളെയെല്ലാം ആദ്യമായി ഞാൻ പരിചയപ്പെടുന്നത് ബാലരമ അമർചിത്രകഥയിലൂടെയായിരുന്നു. 

വായിച്ചു കഴിഞ്ഞാൽ എല്ലാം ഞാൻ സൂക്ഷിച്ചു വയ്ക്കും. പുറം ചട്ട പോലും കീറാതെ ചുളുങ്ങാതെയാണ് സൂക്ഷിച്ചു വയ്ക്കുക. ഇപ്പോൾ ആമിക്കുട്ടി കളിക്കുടുക്ക കിട്ടിയ ഉടനെ നാല് പീസ് ആക്കുന്നത് കാണുമ്പോൾ ഞാൻ കൃഷ്ണയെ നോക്കി പറയും എന്റെ സ്വഭാവം അല്ല നിന്റെ ആയിരിക്കും. 
ഓ പിന്നേ എന്റെയുമല്ല പണ്ട് മാവിൽ എറിഞ്ഞ കല്ലു പോലും ഞാൻ സൂക്ഷിച്ചു കിണറ്റിൽ ഇട്ടു വച്ചിട്ടുണ്ടെന്നു കൃഷ്ണ പറയും. 

അവധിക്കാലത്ത്‌ ബന്ധുക്കളായ കുട്ടികൾ വീട്ടിൽ വരുമ്പോൾ എന്റെ ശേഖരത്തിൽ നിന്നെടുത്തു ബാലരമ വായിച്ചിട്ട് ശ്രദ്ധയില്ലാതെ മടക്കി എവിടെയെങ്കിലും ഇട്ടിരിക്കുന്നത് കണ്ടാൽ എനിക്ക് വിഷമം വരും. പുതിയ ബാലരമ വായിച്ചു കഴിഞ്ഞാൽ അടുത്തത് കിട്ടുന്നത് വരെ ഈ പഴയ ലക്കങ്ങൾ ആണ് ആശ്രയം. ഞാൻ ഡിഗ്രിക്ക് പഠിക്കുന്നത് വരെ ചാക്കിൽ കെട്ടിവച്ചിരുന്ന കുറെയെങ്കിലും ബാലരമകൾ നശിച്ചു പോകാതെ ഇരിപ്പുണ്ടായിരുന്നു. ചേച്ചിയുടെ മക്കളും അതിൽ നിന്ന് കുറേ വായിച്ചിട്ടുണ്ട്. വീടൊക്കെ മാറിയ ശേഷം ഇപ്പോൾ അത് എവിടെയെന്നറിയില്ല. പൊടിഞ്ഞു പോയിക്കാണും. 

ഇന്ന് ബാലരമയുടെ അമ്പതാം പിറന്നാൾ. പുസ്തക വായന ഡിജിറ്റൽ വായനയ്ക്ക് വഴി മാറിയെങ്കിലും ഇപ്പോഴും നമ്മുടെ കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി  ബാലരമ ഒപ്പം ഉള്ളതിൽ വലിയ സന്തോഷം.

No comments:

Post a Comment