Saturday, May 28, 2022

പങ്കാളി

ഇന്ന് ISL ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ന്റെ കളി ഉള്ളതാണ് വീട്ടിലെത്തി ഒരു കുളി കഴിഞ്ഞാൽ ചായയും കുടിച്ചിരുന്നു അത് കാണണം മനസ്സിൽ ഇത് ഓർത്തുകൊണ്ടാണ് ശ്രീജു  ഓഫീസിൽ നിന്ന് വന്നത്. 

 പ്രീതിയെ താഴെ കണ്ടില്ല. മുകളിൽ കുഞ്ഞിനെ ഉറക്കുകയാകും. ബെഡ്റൂമിൽ നോക്കി കുഞ്ഞു തൊട്ടിലിൽ ഉറങ്ങുന്നു അവൾ എവിടെപ്പോയി ഒന്നും പറഞ്ഞിരുന്നില്ലല്ലോ എന്നാലോചിച്ചു തിരിഞ്ഞപ്പോൾ ആണ് മേശപ്പുറത്ത് ഒരു ബ്രൗണ് എൻവലപ്പ് കണ്ടത്. 
'ശ്രീജുവിന്' എന്നു മാത്രം കവറിന് പുറത്ത് എഴുതിയിരുന്നു. 
 
ശ്രീജു അത് എടുത്തു തുറന്നു. അകത്തുണ്ടായിരുന്ന മൂന്നായി മടക്കിയ A4 ഷീറ്റ് പേപ്പർ കൈ വെള്ളയിലേക്ക് വന്നു. 
എന്താണിത്? 
അയാൾ ഒന്നും പിടികിട്ടാതെ അത് എടുത്തു മടക്കു നിവർത്തി.
പ്രീതയുടെ വടിവൊത്ത ഉരുണ്ട അക്ഷരങ്ങൾ.

പ്രിയപ്പെട്ട ശ്രീജു അറിയുന്നതിന്,

നമ്മൾ ആറു വർഷം ഒരുമിച്ച് പഠിച്ചു അതിൽ മൂന്ന് വർഷം പ്രണയിച്ചു നടന്നു. വളരെ മനോഹരമായിരുന്നു ആ കാലം. ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോഴുള്ള ആദ്യത്തെ വളവിൽ നീ ബൈക്കുമായി എന്നെ കാത്തു നിൽക്കും. സിനിമ, പാർക്ക്, ബീച്ച് അങ്ങിനെ പോകാൻ ഇടങ്ങൾ തേടി നാം നടന്നു. അന്നൊക്കെ ഞാൻ വേണ്ടെന്ന് പറഞ്ഞാലും നിനക്കായിരുന്നു എന്നെ സന്തോഷിപ്പിക്കാൻ ആവേശം കൂടുതൽ. 

എന്നാൽ ഇപ്പോൾ ഞാൻ എന്നൊരാൾ വീട്ടിൽ ഉണ്ടെന്ന് പോലും നീ അറിയുന്നില്ല.
എന്നാണ് നമ്മൾ അവസാനമായി ഒരുമിച്ചൊരു സിനിമയ്ക്ക് പോയത് ? എന്നാണ് ബീച്ചിൽ പോയി തിരകൾ എണ്ണി ഇരുന്നത്? 
പോട്ടെ എന്നാണ് അവസാനമായി നീ എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തന്നത്?
ഓർമ്മ കിട്ടുന്നില്ല അല്ലേ?

പ്രണയിച്ചു നടന്നപ്പോൾ എന്തൊക്കെയായിരുന്നു നമ്മൾ പ്ലാൻ ചെയ്തത്. വിവാഹം കഴിഞ്ഞാൽ എല്ലാം പരസ്പരം ഷെയർ ചെയ്യും വീട്ടിലെ ജോലികൾ ഒരുമിച്ചു ചെയ്യും എന്നിട്ടിപ്പോൾ എന്താണ് ഇവിടെ നടക്കുന്നത്. നീ വലിയ സോഫ്റ്റ്‌വെയർ എൻജിനീയർ ഞാൻ വെറും ഹൗസ് വൈഫ്. 

നീയും ഞാനും പഠിച്ചത് എൻജിനീയറിങ് ആയിരുന്നു നിന്നെക്കാൾ അൽപ്പം കൂടുതൽ മാർക്ക് വാങ്ങിയാണ് ഞാൻ അത് പാസ്സ് ആയത്. ക്യാമ്പസ്‌ ഇന്റർവ്യൂ വഴി ഞാൻ ജോലിയിൽ കയറിയാൽ എന്നെ വീട്ടിൽ നിന്ന് ഉടൻ കെട്ടിച്ചു വിടുമെന്നും അതുകൊണ്ട് PG കൂടി ചെയ്യാനും ഉപദേശിച്ചത് നീയായിരുന്നു. അതിൽ കാര്യമുണ്ടെന്നു തോന്നിയത് കൊണ്ട് ഞാനും അന്നതനുസരിച്ചു. നീ ജോലിയിൽ കയറി. നമ്മുടെ വിവാഹവും കഴിഞ്ഞു.
എനിക്കും കൂടി ജോലി ആയിട്ട് മതി കുഞ്ഞുങ്ങൾ എന്ന് അന്ന് നാം പ്ലാൻ ചെയ്തതാണ്. എന്നിട്ട് നിന്റെ അമ്മ കരയുന്നു. അമ്മയ്ക്ക് പേടി ആകുന്നു കുഞ്ഞിക്കാൽ കാണാതെ മുകളിലോട്ട് എടുക്കും, കൂട്ടുകാർ നിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്യുന്നു എന്നൊക്കെപ്പറഞ്ഞു വർഷം ഒന്ന് തികയുന്ന മുന്നേ ആ പ്ലാൻ നീ പൊളിച്ചു. 

ഇപ്പോൾ നേരം വെളുത്താൽ കുഞ്ഞിന്റെ അപ്പി ഇട്ട തുണി കഴുകലും നിനക്ക് വച്ചുണ്ടാക്കി തരലും വീട് അടിച്ചു വാരലും അല്ലാതെ എനിക്ക്‌ എന്താണ് പണി? 
ഇതിനാണോ ഞാൻ കഷ്ടപ്പെട്ട് പഠിച്ചത്? 
ഇതിനാണോ ഞാൻ പ്രണയിച്ചു വിവാഹം കഴിച്ചത്? 
 
നീ ഓഫീസിലെ വിശേഷങ്ങൾ വന്ന് പറയുമ്പോൾ എനിക്ക് കൊതിയാകുകയാണ്. പുറത്തിറങ്ങി നാല് പേരോട് സംസാരിക്കാൻ പോലും എനിക്കിപ്പോൾ അവസരമില്ല. 
ആ ദുഃഖം ഓഫീസും ഫ്രണ്ട്സുമായി അടിച്ചു പൊളിച്ചു നടക്കുന്ന നിനക്ക് മനസ്സിലാകില്ല. എത്ര നാളായി പറയുന്നു കുഞ്ഞിനെ നോക്കാൻ ഒരാളെ നിർത്തിയിട്ട് എനിക്കും കൂടി ജോലിക്ക് ശ്രമിക്കണമെന്ന് അപ്പോൾ നീ പറഞ്ഞു കുഞ്ഞിന് ഒരു വയസ്സ് കഴിയട്ടെ ഇപ്പോൾ അവന് അമ്മയുടെ ശ്രദ്ധ വേണം എന്നൊക്കെ. ഒന്ന് കഴിഞ്ഞു ഒന്നരയായി നിനക്ക് അതിനെപ്പറ്റി ഒരു ചിന്തയുമില്ല. എന്തിന് ചിന്തിക്കണം ഞാൻ ഇല്ലേ ഇവിടെ. 

സ്വന്തമായി കാൽ കാശിന് ഗതിയില്ലാതെ വീട്ടിലെ പണിയും, കൊച്ചുങ്ങളുടെ കാര്യവും നോക്കി, ലോകം കാണാതെ കെട്ടിയവന്റെ പരിഹാസവും കേട്ട് കിടക്കുമ്പോൾ മാതൃത്വം, കുടുംബ വിളക്ക് എന്നൊക്കെ ആശ്വസിച്ചു രോമാഞ്ചമണിയാൻ എന്റെ തലമുറയിലെ പെണ്ണുങ്ങളാരും തയ്യാറാകുമെന്നു തോന്നുന്നില്ല ശ്രീജു.

എന്തിനാണ് വലിച്ചു നീട്ടുന്നത്. ഞാൻ പറയാൻ വന്ന കാര്യം പറയാം. എനിക്കൊരു ജോലി ശെരിയായിട്ടുണ്ട്. പ്ലസ്ടുവിന് കൂടെ പഠിച്ച മാധവനെ നിനക്ക് ഓർമ്മയുണ്ടോ? അവൻ ഇപ്പോൾ ബാംഗ്ലൂർ ആണ്. അവന്റെ കമ്പനിയിൽ ആണ് ജോലി. പഠിച്ചിറങ്ങി ഇത്രയും നാൾ കഴിഞ്ഞത് കൊണ്ട് അവൻ വളരെ ബുദ്ധിമുട്ടിയാണ് അത് ശെരിയാക്കിത്തന്നത്. 
നേരത്തെ പറഞ്ഞാൽ നീ അതും ഇതും പറഞ്ഞു അലമ്പാക്കും എന്നറിയാം. എനിക്ക് അതിന് താൽപ്പര്യമില്ല. നിനക്ക് പറയാനുള്ളത് എന്ത് ആയാലും എനിക്ക് ഈ ജോലിക്ക് പോയേ പറ്റൂ. ഞാൻ നാളെ അവിടെ ജോയിൻ ചെയ്യും. കഴിഞ്ഞ പത്തു മാസം വയറ്റിലും പിന്നെ ഒന്നര വർഷം പുറത്തും ആയി നമ്മുടെ മോനെ ഞാൻ നോക്കി ഇനി ഒരു രണ്ടു വർഷം നീ അവനെ നോക്കുക. നീ ആളിനെ വയ്ക്കുകയോ ലോങ് ലീവ് എടുക്കുകയോ ചെയ്യുക. പക്ഷെ എന്റെ അഭിപ്രായത്തിൽ കുഞ്ഞു അച്ഛന്റെ ശ്രദ്ധയിൽ വളരണം എന്നാണ്. ലീവ് എടുക്കുകയാണെങ്കിൽ ഇങ്ങോട്ട് പോരുക. വീട്ടു കാര്യങ്ങളും കുഞ്ഞിനെയും നോക്കി എന്റെ കൂടെ നിൽക്കാം. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും ഒരു നല്ല പങ്കാളി ആകാം.

അപ്പോൾ ഹാപ്പി പാരന്റിംഗ്. ഇത്‌ ഹൗസ് വൈഫ് എന്ന എന്റെ പോസ്റ്റിൽ നിന്നുള്ള റെസിഗ്നേഷൻ ലെറ്റർ ആയി കരുതുക. 

സസ്നേഹം
പ്രീതി

വായിച്ചു തീർന്നപ്പോൾ ശ്രീജുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. എങ്കിലും അവന്റെ ഉള്ളിൽ ഇരുന്നു ആരോ മന്ത്രിച്ചു.. "തളരരുത് രാമൻകുട്ടി തളരരുത്.." 

എഴുതിയത്: കുമാർ എസ്

No comments:

Post a Comment