Saturday, May 28, 2022

ആര്



ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത്..

പറ ആരെയായിരുന്നു കണ്ടത്?

ബാറിലെ അരണ്ട വെളിച്ചത്തിലിരുന്നു ഒരു അറുപത് അടിച്ചതിന്റെ സുഖത്തിൽ അവൻ ആവേശത്തോടെ ചോദിച്ചു.

അവളെയായിരുന്നു.

ആരെ മുൻ കാമുകിയെയോ?

അല്ല.

പിന്നെ അയലത്തെ സുന്ദരിയോ?

അല്ല

പിന്നെ ആരെടെ പിണങ്ങിപ്പോയിട്ടു തിരികെ വന്ന നിന്റെ ഭാര്യയെയോ? 
അവൻ നിരാശനായി.

അതൊന്നുമല്ലെടെ. പഞ്ചായത്തിൽ നിന്ന് പ്ലാസ്റ്റിക് എടുക്കാൻ വരില്ലേ കുടുംബശ്രീ പ്രവർത്തക. അവളായിരുന്നു.

ഓഹോ. എന്നിട്ട് എന്തായി ആള് സുന്ദരി ആയിരുന്നോ? 
അവനിലെ പ്രതീക്ഷകൾക്ക് വീണ്ടും പച്ച വച്ചു.

എന്നിട്ട് എന്താകാൻ അമ്മ അവളെ കൊണ്ടു പോയി കെട്ടി വച്ചിരിക്കുന്ന പ്ലാസ്റ്റിക് കാണിച്ചു കൊടുത്തു.

ഛെ. കളഞ്ഞു.

എന്തടെ നിനക്കൊരു പുച്ഛം? 
കഴിഞ്ഞ ഒരു വർഷമായി ഞാനും വീട്ടുകാരും അങ്ങിനെ ഒരാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നെടെ.

അതെന്ത്?

പ്ലാസ്റ്റിക് കത്തിക്കുന്നത് മലിനീകരണം ആയതുകൊണ്ട് ഞാൻ അത് ചെയ്യില്ല. വീട്ടുകാർക്കും ഇഷ്ടമില്ല. പക്ഷേ എന്തുചെയ്യാൻ ദിവസവും വാങ്ങുന്ന പാൽ കവർ മുതൽ ബിസ്ക്കറ്റ്, ചോക്ലേറ്റ്, മല്ലിപ്പൊടി, ഉലുവപ്പൊടി എന്ന് വേണ്ട സർവ്വമാന സാധനങ്ങളും പ്ലാസ്റ്റിക് കവറിൽ  പായ്ക്ക് ചെയ്തല്ലേ വരുന്നത്. അത് വാങ്ങാതിരിക്കാൻ പറ്റുമോ?
കവറുകൾ വലിച്ചെറിയാതെ സൂക്ഷിച്ചു വച്ചു. ഇടയ്ക്കിടയ്ക്ക് പത്രത്തില് വരുമല്ലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ അവരെ ഏൽപ്പിച്ചു, ഇവരെ ഏൽപ്പിച്ചു, വീട്ടിൽ വന്ന് എടുത്തോളാം എന്നൊക്കെ.. ആരെങ്കിലും വരുമെന്ന് കരുതി.

ങാ എന്നിട്ട്.

കവറുകൾ കൂടിക്കൂടി ഒരു ചാക്ക് ആയി രണ്ട് ചാക്ക് ആയി. ജ്യോതിയും വന്നില്ല രമണിയും വന്നില്ല. പഞ്ചായത്തിലെ മറ്റ് വാർഡുകളിലൊക്കെ കുടുംബശ്രീയിൽ നിന്ന് വന്നു എടുക്കുന്നുണ്ടെന്നു പറഞ്ഞു കേട്ടു. പക്ഷേ ഞങ്ങളുടെ വീട്ടിലേക്ക് മാത്രം ആരും വന്നില്ല. മഴ വേഴാമ്പലിനെപ്പോലെ ഞങ്ങൾ കാത്തിരുന്നു. ഒടുവിലാണ് അവൾ വന്നത്.
അപ്പോൾ പിന്നെ സന്തോഷം തോന്നാതിരിക്കുമോഡേ?

അങ്ങിനെ ആ പ്രശ്നം പരിഹരിച്ചു അല്ലേ?
 
ഇല്ലെടെ അതിപ്പോഴും അവിടെത്തന്നെ ഉണ്ട്. രണ്ട് വലിയ ചാക്ക് പ്ലാസ്റ്റിക് കണ്ടപ്പോൾ അവളുടെ തലകറങ്ങി. പിന്നീട് വണ്ടി കൊണ്ടുവന്നു എടുത്തോളാം എന്നും പറഞ്ഞു 30 രൂപയുടെ ഒരു രസീത് തന്നിട്ട് പോയി.

 

No comments:

Post a Comment